kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, ഫെബ്രുവരി 26, 2022

വേഗത മനുഷ്യന്റെ അത്യാഗ്രഹമാണ്.









സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ  വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.

അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും  ശ്രീചിത്രയിലും  ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ. 

ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും  കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.

ഒരു ആയുഷ്കാലം മുഴുവൻ അധ്വാനിച്ച സമ്പാദ്യമാണ് വീട് എന്ന് മാത്രമല്ല, മനുഷ്യർ വീടുവെക്കുന്നത് അല്ലെങ്കിൽ വാങ്ങിക്കുന്നത് മനസ്സിനിണങ്ങിയ പ്രദേശവും സ്ഥലവും നോക്കിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പോലീസുകാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആ വീടുകളിൽ കയറുകയും വീട്ടിനകത്ത് സർവ്വേകുറ്റി സ്ഥാപിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ ഭയപ്പെടും, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാവും, തങ്ങൾ അധ്വാനിച്ച് വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം കവർന്നെടുക്കപ്പെടുകയാണെന്നു തോന്നുമ്പോൾ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുക സ്വാഭാവികമാണ്. 

ഫ്‌ളാറ്റ് ജീവിതം ഇഷ്ടമില്ലാത്തവരോട് നഷ്ടപരിഹാരമായി ഫ്ലാറ്റ് തരാമെന്നു പറയുന്നതും ഇഷ്ടപ്പെട്ട ഭൂമിയിൽ വീടുവച്ചു താമസിക്കുന്നവരോട് പകരം മറ്റൊരു ഭൂമി തരാമെന്ന് പറയുന്നതും എങ്ങിനെയാണ് ജനാധിപത്യമാവുന്നതെന്ന് മനസ്സിലാവുന്നില്ല. അത് രാജഭരണം പോലെ രാജാവ് കൽപ്പിക്കുകയും പ്രജകൾ അനുസരിക്കാൻ ബാധ്യസ്ഥരുമാവുന്ന ഒരു നാടിനെക്കുറിച്ചുള്ള ചിന്തയായി ജനങൾക്ക് തോന്നിപ്പോവുന്നുവങ്കിൽ വികസനം നടപ്പിലാക്കുന്ന രീതിയിൽ കാര്യമായ തകരാറുണ്ട് എന്നുതന്നെയാണ് വിചാരിക്കേണ്ടത്. ഇന്ന് സിൽവർ ലൈനിനുവേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിൽ ഭാവിയിൽ മറ്റൊരു വികസനത്തിന് വേണ്ടി ഇതേ പിടിച്ചെടുക്കൽ നയം തന്നെയായിരിക്കില്ലെ പിന്തുടരുക? ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം ആർക്കോ വേണ്ടി അല്ലെങ്കിൽ ആർക്കും മനസിലാവാത്ത മറ്റെന്തിനോ വേണ്ടി ജനങ്ങളെ നാടുകടത്തുകയാണെന്ന് പറയേണ്ടി വരുമ്പോൾ ആർക്കെങ്കിലും നീരസം തോന്നുന്നുവെങ്കിൽ ക്ഷമിക്കുക.

കാലത്ത് കൃത്യസമയത്ത് എഴുന്നേറ്റ് കൃത്യസമയത്ത് ഓഫീസിലോ സ്കൂളിലോ കോളേജിലോ ജോലിചെയ്യുന്ന സൈറ്റിലോ പാടത്തൊ എത്തേണ്ടവർക്ക്‌ ജീവിതം ഒരു ടൈംടേബിൾ പോലെയായിരിക്കും. ഇവരിൽ എത്രപേർക്ക് സിൽവർ ലൈനിന്റെ വേഗത പ്രയോജനപ്പെടും?. ഇവരിൽ എത്രപേർക്ക് ഇതിന്റെ ആവശ്യമുണ്ട്?  യഥാർത്ഥത്തിൽ പിന്നെയാർക്കാണ് ഇത് പ്രയോജനപ്പെടുക ആർക്കാണ് ഇതാവശ്യമുള്ളത്? ജീവിതത്തിൽ വെട്ടിപ്പിടിക്കാൻ ഇനിയുമെണ്ടെന്ന വിശ്വാസത്തിൽ തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമായിരിക്കും. ഇനി എല്ലാവർക്കും പ്രയോജനപ്പെടുമെന്നാണ് വാദമെങ്കിൽ വാദിക്കുന്നവർ അത് ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടതാണ്. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ടും കുറെ സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഒരു വികസനവും സാധ്യമല്ല എന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെയാണ്  ഈ പദ്ധതിക്ക് ആവശ്യമായ കല്ലും മണലും മണ്ണും എവിടെ നിന്നാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം പരിസ്‌ഥിതിവാദികളിൽനിന്നും ഉയർന്നുവരുന്നതും. ആ ചോദ്യങ്ങൾക്കൊന്നും ഒരു വ്യകതമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നത് ഇതിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. പണ്ട് കമ്പ്യൂട്ടറിനെയും യന്ത്രവൽക്കരണത്തെയും എതിർത്തതിന്റെ പേരുദോഷം മാറ്റിയെടുക്കാൻവേണ്ടിയാണ് ഇങ്ങനെ വാശിപിടിച്ച് ഇത് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ അത് മറ്റൊരു പേരുദോഷത്തിനായിരിക്കും ഇടവരുത്തുക. 
***

Translate