kharaaksharangal.blogspot.com - KHARAAKSHARANGAL

ഞായറാഴ്‌ച, ഡിസംബർ 08, 2019

"അൻഡ്രോയ്ഡ് കുഞ്ഞപ്പൻ. വേർഷൻ 5.25"


വാർദ്ധക്യത്തിലെ ഏകാന്തതയിൽ നിന്നും ഒരു മോചനം ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. ആ ഏകാന്തത അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ എങ്ങനെയെന്നറിയാൻ നമ്മളും വൃദ്ധരാവുന്നതുവരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇണയുടെയോ മക്കളുടെയോ സാമീപ്യം കൊതിക്കുന്നവർക്ക് അത് ലഭിക്കാതിരിക്കുമ്പോൾ മറ്റേതെങ്കിലും വ്യക്തിയോടോ വസ്തുവിനോടോ ആകർഷണം തോന്നും. അറിയാതെ ഇഷ്ടപ്പെട്ടുപോവുകയും സ്നേഹിച്ചുപോവുകയും ചെയ്യും. പഴയ വൺവേ പ്രണയം തോന്നിയിരുന്ന സ്ത്രീയോട് വയസുകാലത്ത് വീണ്ടും പ്രണയം തോന്നിപ്പോകുന്നതും റഷ്യയിലെ ഒരു ജാപ്പനീസ് കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുന്ന മകൻ കൊണ്ടുകൊടുക്കുന്ന തന്റെ കമ്പനിയുടെ പ്രൊഡക്ടായ റോബോട്ടിനോട് ഭാസ്കരപ്പൊതുവാളിനു ആദ്യം അകൽച്ചയും പിന്നെ അടുപ്പവും അത് വിട്ടുപിരിയാനാവാത്ത സ്നേഹവുമായി മാറുന്നതിന്റെ കാരണം ഈ ഏകാന്തതയാണ്. തന്നോട് മകനുള്ളതിനേക്കാൾ സ്നേഹം ഈ യന്ത്രത്തിനുണ്ടെന്നു വിശ്വസിക്കുന്നു ഭാസ്കരപൊതുവാൾ.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരും പരിസരവും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണെങ്കിലും ഇത്രയും കാലമായിട്ടും ജാതിചിന്തക്ക് കാര്യമായ മാറ്റമൊന്നും സംഭവിക്കാത്ത ജനതയാണ്. ആ ജനസമൂഹത്തിന്റെ പ്രതിനിധികളാണ് ഭാസ്കരപൊതുവാളും മറ്റു കഥാപാത്രങ്ങളും. ഭാസ്കരപൊതുവാളിലുണ്ടായിരുന്ന ആ ജാതിബോധത്തെയാണ് റോബോട്ട് മാറ്റിയെടുക്കുന്നത്. ടെക്നോളജിയുടെ വളർച്ചയാണ് നാട്ടിൽ നടക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കു കാരണമെന്ന പൊള്ളയായ വാദത്തെ ചില ഉദാഹരണങ്ങളിലൂടെ തകർക്കുന്നുണ്ട് അദ്ദേഹം. ഫേസ്ബുക്കും, ട്വിറ്ററും, ഗൂഗിളും, വാട്സ്ആപ്പും വരുന്നതിനുമുമ്പുണ്ടായിരുന്ന സൂര്യനെല്ലിയിലെ പെൺകുട്ടിയുടെ പീഡനവും ശ്രീകൃഷ്ണനു പതിനാറായിരത്തിയെട്ടു ഭാര്യമാരുണ്ടായതെങ്ങിനെയെന്നും ഭാസ്കരപൊതുവാൾ ചോദിക്കുന്നു.
ഇത് മലയാളികൾ കണ്ടിരിക്കേണ്ട ഒരു നല്ല സിനിമതന്നെയാണ്. നമ്മുടെ ജീവിതത്തിലേക്ക് റോബോട്ടുകൾ കടന്നുവന്നാൽ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന സൂചന തരുന്നുണ്ട് ഈ സിനിമ. നമ്മുടെ കപട മതവിശ്വാസത്തെയും പരിഹസിക്കുന്നു. നിലവാരമുള്ള തമാശകൾ, കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്തെ പ്രാദേശിക ഭാഷയിലുള്ള സംഭാഷണം. സുരാജ് വെഞ്ഞാറമ്മൂടിന്റെ പതിവ് കോമഡി വേഷങ്ങളിൽ നിന്നും വ്യതിചലിച്ചുള്ള ഗൗരവമുള്ള വേഷം വളരെ നന്നായി എന്ന് തന്നെ പറയാം. സൗബിൻ, സൈജു കുറുപ്പ്, മാലാപാർവതി തുടങ്ങി അഭിനയച്ചവരാരും മോശമായില്ല. ജീവിതത്തിലേക്ക് കടന്നുവരാനിരിക്കുന്ന പുത്തൻ ടെക്നോളജിയെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തതിന് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ എന്ന പുതിയ സംവിധായകൻ അഭിനന്ദനമർഹിക്കുന്നു.
പക്ഷെ, റോബോട്ടിനെ കമ്പനിക്ക് തിരിച്ചുകൊണ്ടുകൊടുക്കാൻ റഷ്യയിൽനിന്നും വന്ന മകൻ സുബ്രഹ്മണ്യനും പാതിമലയാളിയായ ജപ്പാൻകാരിയായ കൂട്ടുകാരിയും തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം മറന്നുപ്പോയതുപോലെ തോന്നി സിനിമ അവസാനിക്കുമ്പോൾ.
ടെക്നോളജി ഇനിയും വളരും. മനുഷ്യന്റെ ജീവിതചര്യയെ നിയന്ത്രിക്കുന്ന തലത്തിലേക്ക്. മക്കളെപ്പോലെയോ ഒരു വീട്ടുവേലക്കാരനെപ്പോലെയോ ഹോം നേഴ്സിനെപ്പോലെയോ റോബോട്ടുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കാലം അത്രയൊന്നും വിദൂരമല്ലെന്നു തോന്നിപോകുന്നുണ്ട് സിനിമ കണ്ടിറങ്ങുമ്പോൾ. മക്കളാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെട്ടുപോകുന്ന വാർദ്ധക്യകാലത്ത് വൃദ്ധസദനങ്ങൾ മാത്രമല്ല രണ്ടാമത്തെ കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടമായി റോബോട്ടെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
***
(ഈ സിനിമ കാണാൻ പ്രേരിപ്പിച്ചതിന് സുഹൃത്ത് ഗോപാലകൃഷ്ണന് നന്ദി.)
***

Translate