kharaaksharangal.blogspot.com - KHARAAKSHARANGAL

ബുധനാഴ്‌ച, മേയ് 30, 2018

ഒരു ചക്കക്കഥ





         2017 ഒക്ടോബർ അവസാനം മുതൽ 2018 മാർച്ച് അവസാനം വരെ ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. കൃത്യമായി അഞ്ചുമാസം. ഗൾഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി തൊഴിലിനേയും ബാധിച്ചു. ഉർവ്വശീശാപം ഉപകാരമായി എന്നുപറയുന്നതുപോലെ കുറെ വർഷത്തെ പ്രവാസത്തിനുശേഷം അവിചാരിതമായി വീണുകിട്ടിയ സന്ദർഭമായിരുന്നു. (അഞ്ചുവർഷങ്ങൾക്കുമുൻപ് പുതിയ വീട് പണി തുടങ്ങിയപ്പോൾ ആറുമാസത്തെ അവധി കിട്ടിയിരുന്നുവെങ്കിലും ഇത്തവണത്തെപോലെ ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.) ഖത്തറിലേക്ക് തിരിച്ചുവരുമ്പോൾ ചക്കകൾ വണ്ണം വച്ചുതുടങ്ങിയതേയുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ചക്ക തിന്നാൻ സാധിക്കാത്തതിന്റെ നിരാശയുമുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന വിസ ക്യാൻസിൽ ചെയ്ത് പുതിയ വിസയിൽ ജോലിയിൽ പ്രവേശിക്കാനായി ഒരുമാസത്തിനുശേഷം വീണ്ടും നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു. ഒരാഴ്ചത്തേക്കാണ് പോയതെങ്കിലും രണ്ടാഴ്ച്ച നാട്ടിൽ നിന്നു. ചക്കളൊക്കെ മൂത്ത് പഴുത്ത് നിൽക്കുന്നു. നിരാശ മാറി. ഇപ്പോൾ താമസിക്കുന്ന വീട്ടുവളപ്പിൽ ചക്കയില്ലെങ്കിലും എവിടുന്നൊക്കെയോ സുലഭമായി ലഭിച്ചുതുടങ്ങി. മിക്കദിവസങ്ങളിലും ഉച്ചയ്ക്കായാലും രാത്രിയായാലും ചക്ക ഭക്ഷണത്തിന്റെ ഭാഗമായി. 

         ഒരു ദിവസം കണ്ണൂർ നഗരത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് മഹാത്മമന്ദിരത്തിന്റെ മുറ്റത്ത് മാതൃഭൂമിയുടെ പുസ്തകപ്രദർശനം കാണുന്നത്. അവിടെ കയറി വിക്ടർ ഹ്യുഗോയുടെ പാവങ്ങളും വി.ആർ.സുധീഷിന്റെ ശ്രീകൃഷ്ണനും ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നും വാങ്ങി. പ്ലാവ് എന്ന പേരുള്ള ഈ പുസ്തകം കണ്ടപ്പോൾ വെറുതെ ഒന്ന് മറിച്ചുനോക്കി. അപ്പോൾ തോന്നിയ കൗതുകത്തിന് ഇതും വാങ്ങി. പണ്ടുകാലത്ത് ദരിദ്രരുടെ  ഭക്ഷണമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പുതിയ കാലത്ത് ദരിദ്രർക്കും ആവശ്യമില്ലാത്ത ഫലമാണ് ചക്ക. പ്ലാവ് എന്ന മരം പക്ഷെ, കച്ചവടക്കാർ കുറഞ്ഞവിലയ്ക്ക് ചുളുവിൽ തട്ടിയെടുക്കാൻ ശ്രമിക്കും. മുതലാളിത്തം ഇപ്പോൾ പ്ലാവിലേക്കും ചക്കയിലേക്കും കണ്ണുവച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

          ഈ എഴുത്തിലെ കാര്യമതൊന്നുമല്ല. ചക്ക ഒരേ സമയം ഭക്ഷണവും വായനയും ചിന്തയും ആയതിലെ കൗതുകം കൊണ്ട്  എഴുതിപ്പോകുന്നതാണ്. ഗ്രന്ഥകർത്താവായ  കെ.ആർ.ജയൻ എന്നയാളോടുള്ള  ആദരവ്, സ്നേഹം ഒക്കെയാണ്. ഭൂമിയിലെ ജീവജാലങ്ങൾ ജീവൻ നിലനിർത്താൻവേണ്ടിമാത്രമായി ശ്വസിക്കുന്ന വായുവിന്, കുടിക്കുന്ന വെള്ളത്തിന്,  കഴിക്കുന്ന  ആഹാരത്തിന് ഒക്കെ വിലപേശുന്ന ആൾക്കൂട്ടത്തിൽ അതിൽനിന്നെല്ലാം വ്യത്യസ്തനായ ഒരാളെക്കുറിച്ചറിയുമ്പോൾ തോന്നുന്ന കൗതുകം. അത് സംഭവിക്കുന്നത് ഒരു ചക്കക്കാലത്തിലായതുകൊണ്ട്. മണലാരണ്യത്തിലെ പ്രവാസത്തിൽ ലഭിക്കാത്ത ചക്കക്കാഴ്ചകളുടെ, ചക്കരുചികളുടെ, ചക്കമണത്തിന്റെ  ലഹരിയിൽതന്നെ അത് മറ്റുള്ളവരോട് പങ്കുവയ്ക്കണമെന്ന തോന്നൽ. അത്രയേയുള്ളൂ.

         കെ.ആർ.ജയന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ  ജനിച്ചുവീണത് പ്ലാവിന്റെ പലകകൊണ്ടു നിർമ്മിച്ച കൊട്ടപ്പെട്ടിയുടെ മുകളിൽ. പ്ലാവിന്റെ മുകളിൽകയറി പ്ലാവിലകൾ വെട്ടിയെടുത്ത് വീട്ടിൽ വളർത്തുന്ന ആടുകൾക്ക് ഇട്ടുകൊടുത്തിരുന്ന കുട്ടിക്കാലം. വീട്ടിലെ ദാരിദ്ര്യം കാരണം ചക്ക തിന്നാണ് വിശപ്പടക്കിയത്. സ്‌കൂളിൽ പഠിക്കുന്ന കാലംമുതലേ പ്ലാവിൻതൈകൾ വച്ചുപിടിപ്പിക്കുന്ന ശീലം ഉണ്ടായിരുന്നതുകൊണ്ട്  സഹപാഠികൾക്ക് പ്ലാവുജയനായി. പ്രവാസം നൽകിയ തരക്കേടില്ലാത്ത ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കേരളത്തിലെ പുറമ്പോക്കുഭൂമികൾ കണ്ടെത്തി പ്ലാവുകൾ വച്ചുപിടിപ്പിക്കാനായി ജീവിതം മാറ്റിവച്ചു. അങ്ങനെ ഭൂമിയിലെ  എല്ലാ ജീവജാലങ്ങൾക്കും വേണ്ടപ്പെട്ട ഒരാളായി. വിവിധതരം പ്ലാവുകളുടെയും ചക്കകളുടെയും വിവരശേഖരണമാണ്  മരണശേഷം തന്റെ ചിത പ്ലാവിൻചുവട്ടിൽതന്നെ എരിഞ്ഞുതീരണമെന്ന്  ആഗ്രഹിക്കുന്ന ഈ മനുഷ്യൻ. പ്ലാവുകൾക്കിടയിലെ ജീവിതം. അതെ, ഈ ഭൂമിയിൽ ഇങ്ങനെയും ഒരാൾ! 
***         

ചൊവ്വാഴ്ച, മേയ് 29, 2018

ജാതീയതയുടെ വേരുകൾ

ഇന്ത്യൻ സാഹചര്യത്തിൽ ജാതി ഒരു യാഥാർത്ഥ്യമാണ്. അത് അംഗീകരിക്കാതിരിക്കാനാവില്ല. ഉയർന്ന ജാതി താഴ്ന്ന ജാതി എന്നുള്ള മനോഭാവമെങ്കിലും മാറ്റിയെടുക്കാനാവണം.  അത്ര പെട്ടെന്ന് ഇല്ലാതാകാൻ സാധിക്കുന്ന ഒന്നല്ല അത്. ജാതിചിന്തകൾ എത്രകണ്ട് വേരുറച്ചുപോയ സമൂഹമാണ് ഇന്ത്യയിലേതെന്ന് ചിന്തിക്കുമ്പോൾ ലോകത്തിനുമുന്നിൽ നാണംകെട്ട് തലതാഴ്ത്തേണ്ടി വരുകയാണ്. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിവാഹം, ഗൃഹപ്രവേശനം, മരണാനന്തര ചടങ്ങുകൾ, കൊച്ചുകുട്ടികൾക്ക് പേരിടൽ, ഭക്ഷണശീലം തുടങ്ങിയവയിലൊക്കെ ജാതീയതയുടെ അംശമുണ്ട്. പേരിനൊപ്പം ജാതിവാലുണ്ടായാലും ഇല്ലെങ്കിലും. മിശ്രവിവാഹമാണെങ്കിലും അല്ലെങ്കിലും. ജോലിസ്ഥലങ്ങളിൽ, ക്ളാസുമുറികളിൽ, അയൽപക്കബന്ധങ്ങളിൽ, വിവാഹക്ഷണങ്ങളിൽ... എന്തിനേറെ പറയുന്നു  സോഷ്യൽമീഡിയയിലെ സൗഹൃദങ്ങളിൽവരെ ജാതീയത കണ്ടെത്താൻ സാധിക്കും. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോരോ ആചാരങ്ങളിലൂടെ ജാതീയതയുടെ വേരുകൾ മനുഷ്യരുടെ മനസ്സിലേക്കു ആഴ്ന്നിറങ്ങുകയാണ്. കാലങ്ങളായുള്ള വികലമായ ചിന്തയിലൂടെയും പവൃത്തിയിലൂടെയും ഒരിക്കലും പിഴുതുകളയാനാവാത്ത ഒരു വൻമരമായി അത് വളർന്നുകഴിഞ്ഞിരിക്കുന്നു.  ജാതിയില്ലെന്ന് അവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും സവർണ്ണരിൽ മുൻതലമുറയിൽനിന്നും പകർന്നുകിട്ടിയ  ദുരഭിമാനവും അവർണ്ണരിൽ അപകർഷതാബോധവും ചില സന്ദർഭങ്ങളിലെങ്കിലും അറിയാതെ വെളിപ്പെട്ടുപോവാറുണ്ട്. ഹൈന്ദവക്ഷേത്രങ്ങളിലെ നിയമങ്ങളും ചിട്ടകളും ജാതീയമായ തരംതിരിവുകൾക്കനുസരിച്ചാണ്. ഓരോ ഉത്സവത്തോടനുബന്ധിച്ചുമുണ്ടാവുന്ന ചടങ്ങുകൾ ഓരോ  ജാതിയിലും പെട്ടവർ ചെയ്യേണ്ടതാണ്. ജാതീയതക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് അവിടെയാണ്. 
***

Translate