kharaaksharangal.blogspot.com - KHARAAKSHARANGAL

വെള്ളിയാഴ്‌ച, ജനുവരി 31, 2020

ഒരു വയനാടൻ ഇതിഹാസം


കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും കഥ പറയുന്ന വല്ലിയെന്ന നോവൽ നമുക്ക് പല തലങ്ങളിൽ വായിക്കാം. കുടിയേറ്റക്കാരുടെ പക്ഷത്തുനിന്നും കുടിയിറക്കപ്പെടുന്നവരുടെ പക്ഷത്തുനിന്നും മാത്രമല്ല, പ്രകൃതിയുടെ പക്ഷത്തുനിന്നും കൃഷിക്കാരുടെ പക്ഷത്തുനിന്നും വായിക്കാം. നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ ബൈബിളിന്റെ സ്വാധീനമുള്ളതുകൊണ്ടും ചില മിത്തുകളും ഐതിഹ്യങ്ങളുമൊക്കെ പരാമർശിക്കപ്പെടുന്നതുകൊണ്ടും ആത്മീയതലത്തിലുള്ള വായനക്കും സാധ്യതയുണ്ട്.

വല്ലി എന്നത് ജന്മിത്തത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കൂലിവ്യവസ്ഥയുടെ പേരായിരുന്നു. അത് വയനാട്ടിൽ മാത്രം ഉണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നില്ല, മലബാറിന്റെ മറ്റുഭാഗങ്ങളിലും ഇതുപോലുള്ള കൂലി സമ്പ്രദായങ്ങൾ നിലനിന്നിരുന്നു എന്നാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. മലബാറിന്റെ മറ്റുഭാഗങ്ങളിൽ കർഷക സമരങ്ങളുടെ ഭാഗമായി ഇത്തരം ചൂഷണരീതികളൊക്കെ ഇല്ലാതായപ്പോഴും വയനാട്ടിൽ മാത്രം മാറ്റമില്ലാതെ തുടർന്നു. 

നക്സൽ നേതാവ് വർഗ്ഗീസിനെ ഓർക്കാതെ വയനാടിനെകുറിച്ച് പറയാനാവില്ല. വയനാട് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അക്കാലത്ത് സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാക്കമ്മിറ്റി ഓഫീസ് സിക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന വർഗ്ഗീസിനെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി വയനാട്ടിലേക്ക് അയച്ചതാണ്, അവിടെവച്ച് വർഗ്ഗീസ് രക്തസാക്ഷിയാവുന്നു. നോവലിന്റെ ആദ്യത്തെ അധ്യായങ്ങളിൽതന്നെ നക്സലിസത്തെയും വർഗ്ഗീസിനെയും  പരാമർശിക്കുന്നുണ്ട്.

നോവലിൽ നായികയായ ടെസക്ക് തൊമ്മിച്ചൻ എഴുതുന്ന കത്തിലെ വരികൾ ഇങ്ങനെയാണ്. "നമ്മുടെ ആദിവാസികളും പ്രകൃതിയുടെ കാവൽക്കാരായിരുന്നു. മീൻ പിടിക്കാനായി ഒരിക്കലുമവർ ആറ്റിൽ നഞ്ചുകലക്കിയില്ല. തേൻ മുഴുവനും എടുക്കാതെ തേനീച്ചക്കുള്ളത് അവർ ബാക്കിവച്ചു. കാട് നശിക്കുമ്പോൾ ഇല്ലാതാവുന്നത് ഒരു ദേവാലയമാണ്. അനേകശതം ജീവികളുടെ അഭയസ്ഥാനവും." നമ്മൾ പരിഷ്കാരികൾ അങ്ങനെയല്ല. തേനായാലും വെള്ളമായാലും എന്തുതന്നെയായാലും മറ്റുജീവികൾക്കുവേണ്ടിയോ വരുംതലമുറകൾക്കുവേണ്ടിയോ  പ്രകൃതിയിൽ ഒന്നും ബാക്കിവെക്കാതെ  മുഴുവൻ ഊറ്റിയെടുക്കും. അഭ്യസ്തവിദ്യരും പരിഷ്കാരികളുമായ നമ്മളും വിദ്യാഭ്യാസമില്ലാത്ത അപരിഷ്കൃതരായ ആദിവാസികളും തമ്മിലുള്ള വ്യത്യാസം അതാണ്. അവരുടെ മനസിന്റെ നന്മ, അല്ലെങ്കിൽ നിഷ്കളങ്കത. ഇനിയും ഇനിയും വേണമെന്ന ആർത്തിയിൽ നമുക്ക് നഷ്ടപ്പെട്ടുപോയത് ആ ഗുണമാണ്.

കൊടുങ്ങല്ലൂർ മുതൽ മംഗലാപുരം വരെ അല്ലെങ്കിൽ കൊടക് വരെ വ്യാപിച്ചുകിടന്നിരുന്ന സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു വയനാട് അഥവാ ബയൽനാട്. ആ സംസ്കാരത്തിന്റെ ശേഷിപ്പായി നോവലിൽ പറയുന്ന ശ്രീകൂറുമ്പ എന്ന ദേവതാസങ്കല്പം ഇന്നും ഈ പ്രദേശങ്ങളിലെല്ലാം  ആരാധിക്കപ്പെടുന്നുണ്ട്. അതുപോലെ 'ചക്കിക്കൊച്ചമ്മേ ചക്കയ്ക്കുപ്പുണ്ടോ?' എന്ന വിഷുപാട്ടിന്റെ വരി നോവലിൽ പരാമർശിക്കുന്നുണ്ട്. വിഷു എന്ന ആഘോഷത്തെക്കുറിച്ച് നോവലിൽ ഒന്നും പറയുന്നില്ലെങ്കിലും ആ വരികൾ വിഷു ആഘോഷവും ഗോത്രസംസ്കാരവും തമ്മിലുള്ള ബന്ധത്തിലേക്കുള്ള സൂചനയായി വായിക്കാവുന്നതാണ്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളെയും പക്ഷികളെയും കാട്ടുപഴങ്ങളും ഭക്ഷിച്ച് ജീവിച്ച മനുഷ്യർ കൃഷി ചെയ്തുജീവിക്കാൻ തുടങ്ങിയതിന്റെ ആഘോഷമാണല്ലോ വിഷു.

ഈ നോവലിലെ ഗ്രാമീണ പശ്ചാത്തലം എഴുപതുകൾ മുതലുള്ള ഏതൊരു കേരളീയഗ്രാമം പോലെതന്നെയാണ്.  ഒരു ചായക്കടയും അപ്പേട്ടൻ എന്ന ചായക്കടക്കാരനും. ആ ചായക്കടയിൽ ചായ കുടിക്കാനും പത്രം വായിക്കാനും ചർച്ച ചെയ്യാനും വരുന്നവർ. ഏതൊരു ഗ്രാമത്തിലെയും കാഴ്ചയായിരുന്നു. ഗ്രാമത്തിലൊരു നാരദനുണ്ടാവും. വാർത്തകൾ കൊണ്ടുവരികയും ഗ്രാമത്തിൽ പ്രചരിപ്പിക്കുകയും ഏഷണി പറയുകയും ഒക്കെ ചെയ്യുന്നത് അയാളുടെ ജോലിയാണ്. അങ്ങനെയൊരാളാണ് ഉണ്ടക്കണ്ണൻ കുമാരൻ. നാട്ടുവൈദ്യനായ കുട്ടൻ വൈദ്യർ, താറാവ് കൃഷി ചെയ്യുന്ന ഉമ്മിണിത്താറ (അവർ ഒരു ധീര വനിതയാണ്), ബഡായിപ്പറയുന്ന സലോമിയും കരടി പോക്കറും, ജിദേന്ദ്രൻ എന്ന മന്ത്രവാദി, ചാരായം വാറ്റുന്ന കല്യാണി, അവർക്കൊക്കെ ഇടയിൽ വിപ്ലവകാരിയായ പത്മനാഭൻമാഷ്, ജെയിമ്സ് , തൊമ്മിച്ചൻ, സാറ  ഇവരൊക്കെ ഉൾപ്പെടുന്ന ഒരു സമൂഹമാണ് കല്ലുവയൽ ഗ്രാമത്തിലേത്. കാളി എന്ന കഥാപാത്രത്തെ നൊമ്പരത്തോടുകൂടിയെ ഓർക്കാനാവു. പിന്നെ ബസവൻ, രുക്കു, മാര...  ഇവരൊക്കെ ഉൾപ്പെടുന്ന ഗോത്രസമൂഹവും.

ആഞ്ഞിലിക്കുന്ന് തറവാട്ടിലെ ക്രൂരനായ ഐവാച്ചൻ യുവാവായ കാലത്ത് ഒരു നല്ല മനുഷ്യനായിരുന്നു. ജീവിതത്തിലെ ഏതോ വഴിത്തിരിവിൽവച്ച് അദ്ദേഹം ക്രൂരനായി മാറി. അദ്ദേഹത്തേക്കാൾ ക്രൂരനായി ജീവിക്കുന്ന മകൻ ലൂക്ക, രണ്ടാമത്തെ മകൻ പീറ്റർ നേരെ വിപരീത സ്വഭാവമാണ്. പിന്നെ കന്യാസ്ത്രീയാവാൻ പോയി തിരിച്ചു വീട്ടിലേക്കുതന്നെ വന്ന മകൾ ഇസബെല്ലയും അവരുടെ എല്ലാവരുടെയും അമ്മയും ഐവാച്ചന്റെ ഭാര്യയുമായ അന്നംക്കുട്ടി. ഒരു വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും വ്യത്യസ്ഥ സ്വഭാവക്കാരാണ്. ഇവരുടെയെല്ലാം കഥയാണ് ഈ നോവൽ. ഏതെങ്കിലും ഒരാളുടെ ജീവിതമല്ല. എല്ലാവരുടെയും ജീവിതമാണ്.

മനുഷ്യർ മാത്രമല്ല, ധാരാളം മരങ്ങളുടെ പേരുകൾ, മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകൾ, പൂക്കളും പൂമ്പാറ്റകളും വിവിധ തരത്തിലുള്ള കൃഷികൾ... കുടിയിറങ്ങുന്നത് മനുഷ്യർ മാത്രമല്ല, കാട് കൊള്ളയടിക്കപ്പെടുന്നതോടെ മൃഗങ്ങളും ,പക്ഷി കളും കൂടിയാണ്.

ഗോത്രഭാഷയെ നോവലിൽ എഴുതിച്ചേർത്തത് പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്. ഏതാനും വർഷങ്ങൾകൂടി കഴിയുമ്പോൾ ഈ ലിപിയില്ലാത്ത ഭാഷ ഭൂമിയിൽനിന്നും അപ്രത്യക്ഷമാവും. പിന്നെ ചരിത്രകാരൻമാർ പ്രാചീന ലിപികൾ വായിക്കുന്നതുപോലെ ചരിത്രഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടി മാത്രമായിരിക്കും വായിക്കപ്പെടുക.അതുപോലെതന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് നാട്ടുഭാഷയും. നാട്ടുഭാഷയും നമ്മുടെ സമൂഹത്തിൽനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.  ചേറ്റിപെറുക്കുക, മോന്തി, മണ്ടൂസ് തുടങ്ങിയ പണ്ട് കേട്ടുമറന്നുപോയ  ഗ്രാമീണ പദങ്ങൾ ഈ നോവൽവായന ഓർമ്മപ്പെടുത്തി.

ബ്രിട്ടീഷുകാർക്ക് വഴികാണിച്ചുകൊടുത്ത കരിന്തണ്ടൻ സത്യമായാലും മിഥ്യയായാലും സത്യമെന്നുതന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. കുമ്പളരാജകുമാരന്റെയും വേടരാജകുമാരിയുടെയും പ്രണയകഥയിലൂടെ ആദിവാസികൾ എങ്ങനെ കാട്ടുവാസികളായി എന്ന് വളരെ ഭംഗിയായി എല്ലാവർക്കും മനസിലാവുന്നതരത്തിൽ വിവരിച്ചിട്ടുണ്ട്.  ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വായനയും ഈ നോവലിലുണ്ട്. അങ്ങനെയൊരു വാചകമാണ്, "നിഷ്ക്കളങ്കമായി നമ്മിലേക്ക്‌ കടന്നുവരുന്ന പലതും നമ്മളെ അടിമയാക്കും. അത് ആചാരമായാലും ശീലങ്ങളായാലും. "മറ്റൊരു വാചകമാണ്, "അമ്മമാരെല്ലാം ഒന്നാണ്. മനുഷ്യരാണ് വെവ്വേറെ പള്ളികളും അമ്പലങ്ങളും ഉണ്ടാക്കിയത്." കോവിലിലും പള്ളിയിലും ഒരേ അമ്മയാണെന്ന് തിരിച്ചറിയാത്തവരാണ് അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അറിയാത്തപോലെ ഭാവിക്കുന്നവരാണ് ആധുനികമനുഷ്യരെന്ന് പറയാതെപറയുന്നു നോവലിസ്റ്റ്. 

വിമർശനമായി പറയാനുള്ളത് ഒന്നാമത്തേത്, വയനാടിനെക്കുറിച്ചും ഗോത്രമനുഷ്യരെക്കുറിച്ചും പറയുന്ന നോവലിൽ  സികെ.ജാനു എന്ന പേര് എവിടെയും കണ്ടില്ല. വർഗീസ് എന്നതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന പേരാണ് സി.കെ.ജാനു. സവർണ്ണ ബോധം പേറുന്ന പൊതുസമൂഹത്തിന്റെ പരിഹാസങ്ങളും നിന്ദയും സഹിച്ച് തന്റെ വർഗത്തിനുവേണ്ടി പോരാടി നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്ന ഗോത്രനേതാവാണ്‌.

രണ്ടാമത്തെ വിമർശനം, നോവലിന്റെ അവസാനഭാഗം ദുർബലമായിപ്പോയി എന്നാണ് . യഥാർത്ഥത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും അപകത്തിൽ പെടുന്നതും മരണപ്പെടുന്നതും പാവപ്പെട്ടവരും നിഷ്കളങ്കരുമായ മനുഷ്യരാണ്. പ്രകൃതിയെ വിറ്റും കൊള്ളയടിച്ചും സമ്പന്നരായവർ മറ്റൊരിടത്ത് സുരക്ഷിതരായി ജീവിക്കുകയായിരുന്നു. പക്ഷെ, നോവലിൽ  ടെസ കല്ലുവയലിൽനിന്നും പോയതിനുശേഷമാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത്. നോവലിസ്റ്റ് ടെസയെ മനപ്പൂർവ്വം രക്ഷപ്പെടുത്തുകയാണോ എന്ന് തോന്നിപ്പോകുന്നുണ്ട്. പിന്നെ പുഴയോരവീടിനും മനസ്സിൽ നന്മയുള്ളവർക്കും അപകടമൊന്നും സംഭവിക്കുന്നില്ല. നോവലിസ്റ്റാണ് എന്നതു  മറന്ന് ഒരു ബൈബിൾ വിശ്വാസിയായി ഷീലടോമി മാറിപ്പോകുന്നുണ്ട് വായന അവസാനിക്കുമ്പോൾ.
*** 

തിങ്കളാഴ്‌ച, ജനുവരി 20, 2020

വല്ലി

വയനാടിനെക്കുറിച്ച് ആദ്യം വായിക്കുന്നത് നക്സലൈറ്റ് പ്രസ്ഥാനത്തെ ക്കുറിച്ച് അറിയാനുള്ള ആഗ്രഹത്തിൽ വായിച്ച ചില ലേഖനങ്ങളിലും പത്രക്കുറിപ്പുകളിലുമായിരുന്നുപിന്നീടാണ് കെ.പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക', പി.വത്സലയുടെ 'നെല്ല്', മൈന ഉമൈബാന്റെ വളരെ ചെറിയ പുസ്തകമായ 'ചുവപ്പു പട്ടയം തേടിഎന്നിവയൊക്കെ വായിക്കുന്നത്അപ്പോഴൊക്കെ വയനാടിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംഷയായിരുന്നുഇപ്പോഴിതാ  പുസ്തകങ്ങൾക്കിടയിൽ ഷീല ടോമി എഴുതിയ 'വല്ലിഎന്ന നോവലും സ്ഥാനം പിടിച്ചിരിക്കുന്നുവയനാടിനെക്കുറിച്ച് എത്ര വായിച്ചാലും മതിയാവില്ലഎത്ര അറിഞ്ഞാലും പൂർണ്ണമാവാത്തതാണ് വയനാടിനെക്കുറിച്ചുള്ള അറിവുകൾ.

നക്സൽ നേതാവ് വർഗീസ് കൊല്ലപ്പെടുന്ന കാലത്താണ് നോവൽ ആരംഭിക്കുന്നത്കുടിയേറ്റത്തിന്റെ കഥയായാണ് തുടക്കമെങ്കിലും അവസാനിക്കുന്നത് കുടിയിറക്കത്തിന്റെ കഥയായിട്ടാണ്. പ്രാചീനകാലത്തെ കാട്ടുവഴികളിലൂടെയും ഇന്നത്തെ സൈബർ യുഗത്തിലെ നഗരപാതകളിലൂടെയും വായനക്കാരെയുംകൊണ്ട് യാത്ര ചെയ്യുകയാണ് എഴുത്തുകാരിലളിതവും അതിലേറെ സുന്ദരവുമായ ഭാഷയിൽ.

എല്ലാം വെട്ടിപ്പിടിക്കാനുള്ള ആർത്തിപൂണ്ടുനടക്കുന്ന ആധുനികമനുഷ്യന്റെ ചൂഷണത്തിന് വിധേയമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗോത്രവർഗത്തിന്റെ ഭാഷയുംസംസ്കാരവുംഅവരുടെ നിഷ്കളങ്കതയും വായിച്ചറിയുകയായിരുന്നില്ലഅനുഭവിക്കുകയായിരുന്നുഭാവിയിൽ ഏതെങ്കിലും മ്യൂസിയത്തിലെ വികാരമൊന്നും തോന്നിപ്പിക്കാത്ത വെറുമൊരു കാഴ്ച്ചയായോ പണ്ഡിതവർഗ്ഗത്തിനുമാത്രം പ്രാപ്യമാവുന്ന ഗവേഷകഗ്രന്ഥങ്ങളിലെ ചുരുക്കം താളുകളായോ മാറിയേക്കാവുന്ന ലിപിയില്ലാത്ത  ഭാഷയുടെ ചെറിയ അംശമെങ്കിലും അതിലുംമുന്നേ സാധാരണക്കാർക്ക് വേണ്ടി നോവലിൽ എഴുതിച്ചേർത്തത് നന്നായി.

എഴുത്തുകാരി ഒരു വയനാട്ടുകാരി ആയതുകൊണ്ടുകൂടിയായിരിക്കാം വയനാടൻ കാടിന്റെ നിഗൂഢതകളിലൂടെയും മുക്കിലും മൂലയിലൂടെയും കുന്നുകയറിയും ഇറങ്ങിയും പാടവും പുഴയും കടന്നും ഇത്രയും സുന്ദരമായ വായനാനുഭവം ഞങ്ങൾക്ക് ലഭിക്കുന്നത്കുന്ന് കയറുകയും ഇറങ്ങുകയുംവളവു തിരിയുകയും ചെയ്യുന്നതുപോലെതന്നെയാണ് നോവലിന്റെ വായനയും സംഭവിക്കുന്നത്കഥ പറഞ്ഞുകൊണ്ടിരിക്കെ ചരിത്രത്തിലേക്കൊരു ഇറക്കംപിന്നെയൊരു തിരിവ് മിത്തിലേക്ക് അല്ലെങ്കിൽ ബൈബിളിലേക്ക്അവിടെ നിന്ന് വീണ്ടുമൊരു കയറ്റം കഥയിലേക്ക്‌ആസ്വാദ്യകരമായ എഴുത്തുരീതി.

വയനാടിന്റെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും ഐതിഹ്യവും മിത്തും എല്ലാം ഉൾക്കലർന്നുകിടക്കുന്ന  നോവൽ വായിച്ചു തീരുമ്പോൾ ഒരു ഇതിഹാസം വായിച്ച അനുഭൂതിയാണ്വല്ലിയെ ഇങ്ങനെയും വിശേഷിപ്പിക്കാംഇത് ബയൽനാടിന്റെ ഇതിഹാസം. 
******
(ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Translate