kharaaksharangal.blogspot.com - KHARAAKSHARANGAL

തിങ്കളാഴ്‌ച, ജൂലൈ 29, 2019

ഗുഡ്‌മോർണിംഗ്...

ഗുഡ്‌മോർണിംഗ് / ഗുഡ്‌നൈറ്റ് പറയുക എന്നത് ഒരു തെറ്റല്ല, നല്ലകാര്യമാണ്. വെള്ളക്കാർക്ക് ഓരോ ദിവസവും അവരുടെ ജീവിതം തുടങ്ങുന്നത് ഗുഡ്‌മോർണിംഗ് പറഞ്ഞുകൊണ്ടും ആ ദിവസം അവസാനിക്കുന്നത് ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ടുമാണ്. ഭാഷ ഓരോ നാട്ടുകാർക്കും ഇംഗ്ലീഷോ ഫ്രഞ്ചോ ജർമ്മനോ ആവാം. കാലത്ത് ഉറങ്ങി എഴുന്നേറ്റാൽ ഭർത്താവ് ഭാര്യയോട്, ഭാര്യ ഭർത്താവിനോട്, അവർ മക്കളോട്, മക്കൾ മാതാപിതാക്കളോട്, പിന്നെ ജോലിസ്ഥലത്തേക്കോ വിദ്യാലയത്തിലേക്കോ പോകുമ്പോൾ സഹയാത്രികരോട്, സഹപ്രവർത്തകരോട്, സഹപാഠികളോട്,.... അങ്ങനെയങ്ങനെ എല്ലാവരോടും. അതവരുടെ ശീലമാണ്.
ഒരിക്കൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കയറിച്ചെല്ലുമ്പോൾ എന്റെ മനസ്സിൽ വേറെയെന്തോക്കെയോ ആയിരുന്നു ചിന്ത. എന്നും കണ്ടുമുട്ടുമ്പോൾ മാനേജരോട് പറയാറുള്ള ഗുഡ്‌മോർണിംഗ് ഞാൻ അന്ന് പറഞ്ഞില്ല. പക്ഷെ, ബൾഗേറിയകാരനായ അദ്ദേഹം എന്നോട് ഗുഡ്‌മോർണിങ് പറഞ്ഞു. സത്യത്തിൽ ഞാനയാളുടെ ഗുഡ്‌മോർണിംഗ് കേട്ടിരുന്നില്ല. പറഞ്ഞല്ലോ, മനസിൽ മറ്റെന്തൊക്കെയോ ചിന്തകളായിരുന്നു എന്ന്. അയാൾ എന്നെ ഉച്ഛത്തിൽ വിളിച്ചു. 'കനാ...' (അങ്ങനെയാണ് എന്നെ വിളിക്കുക മുഴുവൻ പേരുവിളിക്കാൻ അവരുടെ നാക്കിനു ബലം പോര) ഞാൻ തിരിഞ്ഞു നോക്കി. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ലെറ്റ് സേ ഗുഡ്‌മോർണിംഗ്". അപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ തിരിച്ചും പറഞ്ഞു.
അപ്പോൾ പറഞ്ഞുവരുന്നത്, നമ്മൾ മലയാളികളുടെ ഗുഡ്‌മോർണിങ് ശീലത്തെക്കുറിച്ചാണ്. വാട്ടസ്ആപ് / ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഫോട്ടോ ചേർത്ത് ഗുഡ്‌മോർണിംഗ് പറയുന്ന സംസ്കാരത്തെ കുറിച്ചാണ്. അതിനു മുൻപ് നമ്മൾ ഭാര്യയോട് / ഭർത്താവിനോട്, മക്കളോട്, അച്ഛനമ്മമാരോട് ജോലിസ്ഥലത്തെ സഹപ്രവർത്തകരോട്, സഹപാഠികളോട് ഒക്കെ ഗുഡ്‌മോർണിംഗ് പറയാറുണ്ടോ? ഉറങ്ങാൻ പോകുമ്പോൾ വീട്ടുകാരോട് ഗുഡ്‌നൈറ്റ് പറയാറുണ്ടോ? അതിനൊന്നും നമുക്ക് സമയമുണ്ടാവില്ല. ഉറങ്ങി എഴുന്നേൽക്കുന്നതുതന്നെ കാണാമറയത്തെ ഓൺലൈൻ സുഹൃത്തിനു ഗുഡ്‌മോർണിംഗ് മെസ്സേജ് അയച്ചുകൊണ്ടാണ്. ഉറങ്ങാൻ കിടക്കുന്നത് ഗുഡ്‌നൈറ്റ് മെസ്സേജ് അയച്ചുകൊണ്ടാണ്. കളർഫുള്ളായിട്ടുള്ള ഒരു ഫോട്ടോ നമ്മൾ അതിനായി കരുതിവെച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ആരെങ്കിലും അയച്ചുതന്നതിൽ നിന്നും ഇഷ്ടപ്പെട്ട ഒന്നെടുത്ത് അയക്കും. എന്നിട്ട് ഭാര്യയോട് (അല്ലെങ്കിൽ അമ്മയോട്) ദേഷ്യപ്പെട്ടുകൊണ്ട് അല്ലെങ്കിൽ ഒന്നും ഉരിയാടാതെ വീട്ടിൽ നിന്നിറങ്ങിപ്പോകും. വഴിയിൽ കണ്ടുമുട്ടുന്നവരോടൊന്നു മൂളും അല്ലെങ്കിൽ തലയാട്ടും. നമ്മുടെ മനസ്സ് ജീവിക്കാനുള്ള വെപ്രാളത്തിലാണ്. വെപ്രാളപ്പെട്ട് ജീവിക്കാനാണ് നമ്മൾ ശീലിച്ചത്, അല്ലെങ്കിൽ ശീലിപ്പിച്ചത്. അതുകൊണ്ടുതന്നെ നമുക്കതിനുള്ള സമയവും മനസ്സുമില്ല. ഇതാണ് നമ്മൾ മലയാളികളുടെ "ഗുഡ്" മോർണിംഗ്.
ഇത്രയും എഴുതുമ്പോൾ ഞാൻ ആലോചിക്കുന്നത് വാട്സ്ആപ് ഗ്രൂപ്പിലോ ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ഒരു ഗുഡ് മോർണിംഗ് ഫോട്ടോ ഇടുമ്പോൾ കിട്ടുന്ന റിലാക്സേഷനെക്കുറിച്ചാണ്. ആ ഫോട്ടോകളൊന്നും ആരും തുറന്നുപോലും നോക്കാറില്ല എന്നവർക്ക് നന്നായറിയാമെങ്കിലും അവർക്കു ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ചാണ്. അതിന്റെ മനശ്ശാസ്ത്രത്തെകുറിച്ചാണ്.
***

Translate