വെള്ളിയാഴ്‌ച, മാർച്ച് 08, 2013

വസ്‌ത്രം, നഗ്നത, അശ്ലീലം


     മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ് നഗ്നത മറക്കണമെന്ന ചിന്ത ഉടലെടുക്കുന്നത് എന്ന് തോന്നുന്നു. പിന്നെയും കാലം കുറേ കഴിഞ്ഞിട്ടുണ്ടാവും വസ്‌ത്രം എന്ന ആശയത്തിലെത്താന്‍... അങ്ങനെയാണ് ഇന്ന് നമ്മള്‍ കാണുന്ന സാരിയിലും മുണ്ടിലും ജീന്‍സിലും ചുരിദാറിലും ഒക്കെ എത്തിനില്‍ക്കുന്നത്‌. പൂര്‍ണ്ണമായും അശ്ലീലം മറക്കുന്ന ഒരു വസ്‌ത്രവും ഇല്ലെന്നുതന്നെ പറയാം. വസ്‌ത്രത്തിനകത്തെ സ്‌ത്രീശരീരത്തിന്റെ അശ്ലീലം പുരുഷന്മാര്‍ കാണുന്നതുപോലെ പുരുഷശരീരത്തിന്റെ അശ്ലീലം സ്‌ത്രീകളും കാണുന്നുണ്ടാവും. രഹസ്യങ്ങളുടെ കലവറയാണ് സ്‌ത്രീമനസുകള്‍ . സമൂഹം അവരെയങ്ങനെയാണ് ശീലിപ്പിച്ചുട്ടള്ളത്. അതുകൊണ്ടുതന്നെയാണ് നമുക്കിടയില്‍ പുരുഷശരീരത്തിന്റെ അശ്ലീലം ചര്‍ച്ചയാവാത്തതും.    

ദമയന്തിയും ഹംസവും 
     വസ്‌ത്രധാരണവും അതിനെക്കുറിച്ചുള്ള സങ്കല്‍പ്പവും കാല-ദേശഭേതമനുസരിച്ചും മത-അചാരനുഷ്ടാനഭേതമനുസരിച്ചും കാലാവസ്ഥാഭേതമനുസരിച്ചും വിഭിന്നമാണെന്നത് നമ്മുടെ കണ്മുന്നിലെ പരമാര്‍ത്ഥം. നഗ്നത മറയ്ക്കുക എന്ന ആശയത്തിന് സമാന്തരമായി വസ്‌ത്രധാരണം ആകര്‍ഷിക്കപ്പെടാന്‍കൂടിയുള്ളതാണെന്നു വിശ്വസിച്ചുപോരുന്നുണ്ട് നമ്മുടെ സമൂഹം. അതില്‍ ശരിയുമുണ്ട്. നഗ്നമായ ശരീരത്തേക്കാള്‍ ആകര്‍ഷണം വസ്‌ത്രം ധരിച്ച ശരീരത്തിന് ഉണ്ടാവാറുണ്ട്, ചിലപ്പോഴൊക്കെ. ഉത്തരാധുനികകാലത്ത് വസ്‌ത്രധാരണം ആകര്‍ഷിക്കപ്പെടാന്‍ മാത്രമുള്ളതാണെന്ന വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് വാണിജ്യലോബി. അതിലൂടെ നഗ്നതാപ്രദര്‍ശനം വസ്‌ത്രധാരണത്തിന്റെ ഭാഗമാവുന്നു. ചിലരൊക്കെ ഈ കെണിയില്‍ വീണുപോയിട്ടുമുണ്ട്. അതൊക്കെ സാസ്കാരികരംഗത്ത് കുറെയേറെ ചര്‍ച്ചകള്‍ ചെയ്തുകഴിഞ്ഞതുമാണ്. നിഷ്ഫലമാവുന്ന അത്തരം ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു വിശകലനം മാത്രമാണ്. കാല-ദേശഭേതമനുസരിച്ചോ മത-ആചാരാനുഷ്ടാനഭേതമനുസരിച്ചോ കാലാവസ്ഥാഭേതമനുസരിച്ചോ രൂപപ്പെട്ടുവന്ന വസ്‌ത്രധാരണരീതിയെനോക്കി ഇന്നത്‌ നല്ലതെന്നും ഇന്നത്‌ ചീത്തയെന്നും പറന്നതും  ഈ വസ്‌ത്രങ്ങളാണ് ലൈംഗീക അരാചകത്വം സൃഷ്ടിക്കുന്നതെന്ന് ആരോപിക്കുന്നതും ശരിയായ പ്രവണതയല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം. 

     വസ്‌ത്രധാരണത്തെ വിശകലനം ചെയ്യുമ്പോള്‍ ആദിമനുഷ്യന്റെ കാലംമുതല്‍ തുടങ്ങേണ്ടിയിരിക്കുന്നു. മനുഷ്യന്‍ പരിപൂര്‍ണ്ണനഗ്നനായി ജീവിച്ചിരുന്ന കാലത്തില്‍നിന്ന്. ആദമിന്റെയും ഹവ്വയുടെയും കാലത്തില്‍നിന്ന്. അവരുടെ നഗ്നതയിലേക്ക്‌ ചൂണ്ടി ഇത് അശ്ലീലമാണെന്ന് പറയുന്നത് മണ്ടത്തരമല്ലാതെ മറ്റെന്താണ്? കാലങ്ങള്‍ കഴിയുന്നതിനനുസരിച്ച് മനുഷ്യമനസുകളില്‍ അശ്ലീലചിന്തകള്‍ കൂടിവരുന്നതിനനുസരിച്ച് നഗ്നത മറക്കണമെന്നമെന്നും ക്രമേണ വസ്‌ത്രമെന്ന ആശയത്തിലേക്കും എത്തിച്ചേര്‍ന്നു എന്നുമാത്രമേ കരുതാനാവൂ. ഓരോ കാലഘട്ടത്തെയും വിശകലനം ചെയ്യുമ്പോള്‍ അതാതു കാലത്ത് രചിക്കപ്പെട്ട ഐതിഹ്യങ്ങളും കഥകളും ചിത്രങ്ങളും മതഗ്രന്ഥങ്ങളും പരിശോധിക്കുന്നത് നന്നായിരിക്കും. രവിവര്‍മ്മയുടെ എല്ലാ  ചിത്രങ്ങളും നോക്കി കാലഘട്ടത്തെ വിശകലനം ചെയ്യുക സാധ്യമല്ല. നള-ദമയന്തിമാരുടെ ചിത്രം നോക്കൂ. നളന്‍ പ്രാചീനപുരുഷനെപ്പോലെ അര്‍ദ്ധനഗ്നനാനെങ്കില്‍ ദമയന്തി ആധുനികവനിതയെപ്പോലെയാണ്. പുലിത്തോല്‍ ധരിച്ച ശിവന്റെ അരികില്‍  ഇരിക്കുന്നത് സാരിയും ബ്ലൗസും ധരിച്ച പാര്‍വ്വതി. ഈ ചിത്രങ്ങളെല്ലാം കാലഘട്ടത്തോട് നീതിപുലര്‍ത്തുന്നവയാണെന്ന് പറയാനാവില്ല. രവിവര്‍മ്മ ഇവയൊക്കെ വരയ്ക്കുന്ന ക്കാലത്ത് നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍ ഈ വസ്‌ത്രങ്ങളൊന്നും ധരിച്ചുതുടങ്ങിയിരുന്നില്ല. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും അദ്ദേഹം വരച്ചിട്ടുണ്ട് എന്ന സത്യത്തെ നിഷേധിക്കുന്നുമില്ല. 
രവിവര്‍മ ചിത്രം

     കേരളസത്രീകളുടെ ദേശിയവസ്‌ത്രം എന്ന് മുദ്രചാര്‍ത്തപ്പെട്ട സാരി(ചേല) എന്നുമുതലാണ് കേരളത്തിലെ സത്രീകള്‍ ധരിച്ചുതുടങ്ങിയത്? ഏതാണ്ട് എഴുപത്തിയഞ്ച്വര്‍ഷം മുന്‍പുവരെ കേരളത്തിലെ സ്‌ത്രീകളുടെ വസ്‌ത്രം എന്തായിരുന്നു? സവര്‍ണ്ണസമുദായത്തില്‍പെട്ട സ്‌ത്രീകള്‍മാത്രം മുണ്ടും മേല്‍മുണ്ടും ധരിച്ചിരുന്നു. അവര്‍ണ്ണസത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നിഷേധിച്ചിരുന്നു, സവര്‍ണ്ണഭരണകൂടം. മാറുമയ്ക്കാത്ത സ്‌ത്രീകളുടെ ചിത്രം കാണുന്ന പുതിയ തലമുറയ്ക്ക് അത് അശ്ലീലമായി തോന്നുന്നത് കാലഘട്ടത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതുകൊണ്ടാണ്. ഇന്ത്യയിലെ ആദിവാസിമേഖലകളിലേക്ക് ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കുന്നത് അല്പവസ്‌ത്രധാരികളെയാണ്.  അവര്‍ക്ക് ശ്ലീലവും അശ്ലീലവും തമ്മിലുള്ള വ്യത്യാസമറിയില്ല. ആധുനികവസ്‌ത്രധാരണത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത നിഷ്കളങ്കര്‍ . അവരുടെ നഗ്നതയെയും അറിവില്ലായ്മയെയും പരിഷ്കാരസമൂഹം ചൂഷണം ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി അവിഹിതഗര്‍ഭം പേറി ജീവിക്കേണ്ടി വരുന്നു, അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തേണ്ടിവരുന്നു. അവിടെ യാഥാര്‍ത്ഥത്തില്‍  അശ്ലീലം എന്നത് പരിഷ്കൃതസമൂഹത്തിന്റെ ചൂഷണമാണ്. ആഫ്രിക്കയിലെ അപരിഷ്കൃതസമൂഹത്തിന്റെ സ്ഥിതിയും വ്യത്യസ്ത്തമല്ല. അവരുടെ വസ്‌ത്രധാരണം നമ്മിലെ അശ്ലീലതയെ ഉണര്‍ത്തുന്നുവെങ്കില്‍ കുഴപ്പം നമ്മുടെയുള്ളിലാണ്. 

    നമ്മള്‍ ഇന്ന് കാണുന്നതും കേള്‍ക്കുന്നതും അശ്ലീലമാണ്, കൂടുതലും. പിഞ്ചുകുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും അച്ഛന്‍ മകളെ പീഡിപ്പിച്ചതും ദൃശ്യമാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം ആഘോഷമാവുമ്പോള്‍ അച്ഛനും മകളും അമ്മയും മകനും സഹോദരനും സഹോദരിയും സ്വീകരണമുറിയില്‍ പരസ്പരം മുഖത്ത് നോക്കാനാവാതെ തലതാഴ്ത്തിയിരിക്കേണ്ടിവരുന്നു എന്ന അശ്ലീലം നമ്മുടെ വീടുകളിലും സംഭവിക്കുന്നു. പ്രേംനസീറും ഷീലയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗങ്ങളും വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ കുടുംബസമേതം ഇരുകൈയ്യുംനീട്ടി സ്വീകരിച്ചവരായിരുന്നു, പഴയതലമുറ. അതിലെ വേഷവിധാനങ്ങളോ ചലനങ്ങളോ അന്നത്തെ തലമുറയ്ക്ക് അശ്ലീലമായിരുന്നില്ല. പക്ഷെ, പുതിയ തലമുറയ്ക്ക് അതൊക്കെ അശ്ലീലമാകുന്നത് അതിലെ വസ്‌ത്രധാരണവും പ്രണയവും അവര്‍ക്ക് അപരിചിതമായതുകൊണ്ടാണ്. അതേസമയം സ്‌ത്രീയുടെ മേനിയഴകിന് മാത്രം പ്രാധാന്യമുള്ള ഐറ്റംഡാന്‍സ്  എന്ന അശ്ലീലം അന്നത്തെപ്പോലെതന്നെ കാര്യമായ മാറ്റമൊന്നുമില്ലാതെ ഇന്നും ആര്‍ക്കും പരാതിയൊന്നുമില്ലാതെ തുടര്‍ന്നുപോകുന്നുമുണ്ട്. അക്കാലത്ത് തെരുവില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നില്ല. സ്‌ത്രീകള്‍ ധരിച്ച വസ്‌ത്രം പുരുഷന്മാരെ കാമാസക്തരാക്കിയിരുന്നില്ല. ഇപ്പോള്‍ എല്ലാം മൂടിപ്പൊതിഞ്ഞിട്ടും സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നറിയുമ്പോള്‍ എവിടെയാണ് കുഴപ്പം സംഭവിച്ചതെന്നു കണ്ടെത്തുകതന്നെ വേണം, പരിഹാരവും ആവശ്യമാണ്‌.    
ഗോമതേശ്വരന്‍ 

     ഇനി മതപരമായും ആചാരനുഷ്ടാനപരവുമായ വസ്‌ത്രധാരത്തെക്കുറിച്ചാണെങ്കില്‍ പശ്ചിമേഷ്യയില്‍നിന്ന് തുടങ്ങാം. അവിടെ രൂപം കൊണ്ട രണ്ട്‌ പ്രധാനമതങ്ങളാണ് ഇസ്ലാം മതവും ക്രിസ്തുമതവും. സ്‌ത്രീകള്‍ അവരുടെ ശരീരം അന്യപുരുഷന്‍മാര്‍ക്ക് കാണാതിരിക്കാന്‍ മറച്ചിരിക്കണമെന്ന ശരിഅത്ത് നിയമം രൂപപ്പെടുത്തിയതാണ് പര്‍ദയെന്ന വസ്‌ത്രം. അത് ഇസ്ലാമിന്റെ ഔദ്യോഗിക വസ്‌ത്രമായത് ആ മതത്തിന്റെ ആരംഭകാലം മുതല്‍തന്നെയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. പക്ഷെ, ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക്മുന്‍പുവരെ കേരളത്തിലെ മുസ്ലീം സ്‌ത്രീകളില്‍ ഭൂരിഭാഗംപേരും അത് ധരിച്ചിരുന്നില്ലയെന്നത് മറ്റൊരു വസ്തുതയാണ്. എന്തായാലും ഇസ്ലാംവിശ്വാസികള്‍ക്ക് വസ്‌ത്രം മതാനുഷ്ടാനമാവുമ്പോള്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് മതാനുഷ്ടാനത്തിന്റെ ഭാഗമേയാവുന്നില്ല. പൗരോഹിത്യത്തിന്റെ ഭാഗമായി ജീവിക്കുന്നവര്‍ക്ക് മാത്രമേ വസ്‌ത്രം ഒരനുഷ്ടാനമാവുന്നുള്ളൂ. അതേസമയം മറ്റൊരു നാട്ടിലും ഇല്ലാത്ത ചട്ടയും മുണ്ടും ഒരു വിഭാഗം ക്രൈസ്തവര്‍ ധരിക്കുന്നുണ്ടെങ്കിലും ഒരു പ്രാദേശികവസ്‌ത്രമായിവേണം അതിനെ കണക്കാക്കാന്‍..

     ഇന്ത്യയില്‍ രൂപം കൊണ്ട നാലുമതങ്ങളിലും വസ്‌ത്രധാരണം ചിലപ്പോഴൊക്കെ ശ്ലീലവും അശ്ലീലവും ആവാറുണ്ട്. ചില ഹൈന്ദവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ ചുറ്റമ്പലത്തിനകത്ത് കയറാന്‍ പുരുഷന്മാര്‍ ഷര്‍ട്ട്‌ അഴിക്കണമെന്ന് നിര്‍ബന്ധമാണ്‌.. പാന്റ്സ്, ചുരിദാര്‍ , തുടങ്ങി ആധുനിക വസ്‌ത്രങ്ങള്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമാണ്. (അതിന്റെ യുക്തിയും യുക്തിയില്ലായ്മയും വിശകലനം ചെയ്യാന്‍ മറ്റൊരു ലേഖനം വേണ്ടിവരും.) മരണാനന്തരചടങ്ങുകള്‍ കുളികഴിഞ്ഞ് ഈറന്‍മാറാതെയാണ് ചെയ്യേണ്ടത്. അവിടെ നഗ്നത അശ്ലീലമേയാവുന്നില്ല. ഒറീസയില്‍ കന്യകകളെ പൂജിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്ന് മുന്‍പൊരിക്കല്‍ വായിച്ചിട്ടുണ്ട്. അവിടെ യോനിപൂജ പ്രധാനപ്പെട്ട ചടങ്ങാണ്. അതിന് പ്രത്യേകമായി പ്രതിഷ്ട്ടതന്നെയുണ്ടത്രെ. 
മേനിയഴകിന്റെ വാണിജ്യം 

     ബുധമതത്തിലുമുണ്ട് ചില വസ്‌ത്രനിയമങ്ങള്‍ . വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത വിഭാഗത്തിന് വ്യത്യസ്തനിറങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. ബുദ്ധമതം ആര്‍ഭാടകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നില്ല ഭൗതികസുഖങ്ങള്‍ ത്യജിക്കാനാണ് ഉപദേശിക്കുന്നത്. ഒരു ബുദ്ധശിഷ്യന് ഒരാള്‍ ഭംഗിയുള്ള മേലങ്കി സമ്മാനിച്ചപ്പോള്‍ ആ ശിഷ്യന്‍ ആ മേലങ്കി മുപ്പതു കഷ്ണങ്ങളായി കീറി തുന്നിക്കൂട്ടിയ ശേഷം ധരിച്ചു. അതിന്റെ സിംബലാണ് ഇന്നുകാണുന്ന ബുദ്ധ സംന്യാസിമാരുടെ വേഷം. മനോഹരമായ തുണി കഷ്ണങ്ങളായി കീറി തുന്നിക്കൂട്ടുക എന്നത് വിശ്വാസിക്ക് ശ്ലീലവും അവിശ്വാസിക്ക് അശ്ലീലവുമാണ്. ഇതുതന്നെ പുത്തന്‍ കച്ചവടതന്ത്രത്തില്‍ സ്‌ത്രീയുടെ മേനിയഴക് പ്രദര്‍ശിപ്പിക്കാനുള്ള ഉപാധിയുമാവുന്നുവെന്നത് മറ്റൊരു അശ്ലീലം. സിക്ക്മതവിശ്വാസിക്ക് തലപ്പാവ് അവരുടെ മതചിഹ്നമാണ്. പൈജാമയും കുര്‍ത്തയും ഒരു പ്രാദേശിക വസ്‌ത്രധാരണംമാത്രം. തലപ്പാവിന് പകരം ഒരു കഷ്ണം തുണിയെങ്കിലും തലയിലിടാതെ ഗുരുദ്വാറിലേക്ക് പ്രവേശിക്കാന്‍ പാടില്ല എന്നാണ് അവരുടെ വിശ്വാസം. അവസാനമായി ജൈനമതത്തെക്കുറിച്ചാവട്ടെ. ഒരു വിഭാഗം ലളിതമായ വെള്ള വസ്‌ത്രം ധരിക്കാന്‍ ഉപദേശിക്കുമ്പോള്‍ മറ്റൊരു വിഭാഗം വസ്‌ത്രം  പൂര്‍ണ്ണമായും ഉപേക്ഷിക്കാനാണ് ഉപദേശിക്കുന്നത്. കര്‍ണ്ണാടകത്തിലെ ഗോമതേശ്വരപ്രതിമ ഏറെ പ്രസിദ്ധമാണല്ലൊ. ആയിരക്കണക്കിന് സന്ദര്‍ശകരാണ്‌ ആ പ്രതിമ കാണാന്‍ എത്തിച്ചേരുന്നത്. ഇതൊക്കെ എഴുതേണ്ടിവന്നത് ശ്ലീലവും അശ്ലീലവും നമ്മുടെ കാഴ്ചയിലാണോ വിശ്വാസ-വിചാരങ്ങളിലാണോ എന്ന സംശയം ദൂരീകരിക്കാനാണ്. ദൂരീകരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.. 
***

ചിത്രങ്ങള്‍ക്ക് കടപ്പാട്:  ഗൂഗിള്‍ 

9 അഭിപ്രായങ്ങൾ:

 1. "മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ് നഗ്നത മറക്കണമെന്ന ചിന്ത ഉടലെടുക്കുന്നത് എന്ന് തോന്നുന്നു. പിന്നെയും കാലം കുറേ കഴിഞ്ഞിട്ടുണ്ടാവും വസ്‌ത്രം എന്ന ആശയത്തിലെത്താന്‍."

  "............ഇന്ത്യയിലെ ആദിവാസിമേഖലകളിലേക്ക് ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കുന്നത് അല്പവസ്‌ത്രധാരികളെയാണ്. അവര്‍ക്ക് ശ്ലീലവും അശ്ലീലവും തമ്മിലുള്ള വ്യത്യാസമറിയില്ല. ആധുനികവസ്‌ത്രധാരണത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത നിഷ്കളങ്കര്‍ . അവരുടെ നഗ്നതയെയും അറിവില്ലായ്മയെയും പരിഷ്കാരസമൂഹം ചൂഷണം ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി അവിഹിതഗര്‍ഭം പേറി ജീവിക്കേണ്ടി വരുന്നു, അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തേണ്ടിവരുന്നു. അവിടെ യാഥാര്‍ത്ഥത്തില്‍ അശ്ലീലം എന്നത് പരിഷ്കൃതസമൂഹത്തിന്റെ ചൂഷണമാണ്............"

  അതെ, സമൂഹം മാറിയിരിക്കുന്നു. തികച്ചും കാലത്തോടൊപ്പമുള്ള മാറ്റം. മനുഷ്യമനസ്സുകൾ വല്ലാതെ അശ്ലീലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. മാറിയ മനുഷ്യന്റെ അശ്ലീലതയ്ക്ക് ഉത്തേജനം നൽകാൻ സാധ്യതയില്ലാത്ത വസ്ത്രധാരണം തെരഞ്ഞെടുക്കുക എന്നതും ഒരു സംരക്ഷണമായി സമൂഹം തെരഞ്ഞെടുക്കേണ്ടതുണ്ട്. പക്ഷേ, വിപണി അവരെ, അല്ലെങ്കിൽ അവരുടെ മനസ്സിനെ സ്വാധീനിച്ച് അതിൽ നിന്നും മാറ്റിക്കളയുന്നു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് സ്വന്തം താല്പര്യങ്ങളെ ബലി കൊടുക്കാൻ മനുഷ്യൻ ശീലിച്ചിരിക്കുന്നു. ചെരിപ്പിനനുസരിച്ച് നാം നമ്മുടെ കാലിന് രൂപമാറ്റം നടത്തിക്കൊണ്ടിരിക്കുന്നു. അഭിപ്രായങ്ങളിൽപോലും.

  മറുപടിഇല്ലാതാക്കൂ
 2. ആദ്യം മാറേണ്ടത് മനോഭാവമാണ് . സാംസ്കാരിക അധപതനത്തിന്റെ സൂചനകളാണ് ഇപ്പോള്‍ നടക്കുന്നതെല്ലാം ..

  മറുപടിഇല്ലാതാക്കൂ
 3. സമൂഹമാണ് മാറേണ്ടത് ..നന്നായി പറഞ്ഞു

  മറുപടിഇല്ലാതാക്കൂ
 4. ശ്ലീലവും അശ്ലീലവും തമ്മിലുള്ള വ്യത്യാസമറിയില്ല. അത് വസ്തുതാപരമല്ല, വ്യക്തിപരമോ സാമൂഹികമോ ആയ കാഴ്ചപ്പാടിൽ നിന്നുമുണ്ടാകുന്നതാണ്. ഈയ്യിടെ കേശാദിപാദം പർദ്ദയിൽ മറച്ചുള്ള ഒരു സ്ത്രീ സംഘം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുകണ്ട് കാഴ്ചക്കാർ പരിഹസിക്കുന്നത് ശ്രദ്ധിച്ചു.ഇവിടെ ആരാണ് പരിഹാസ്യർ

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍25 ജൂലൈ, 2013

  STHREEKAL VASTHRADHARANATHIL SRADHIKKANAM.

  മറുപടിഇല്ലാതാക്കൂ
 6. കാലം ആധുനികവല്‍ക്കരിക്കപ്പെടുമ്പോള്‍ അനിവാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വസ്ത്രധാരണവും അതില്‍ ഒന്ന് മാത്രം, സ്വതന്ത്രമായി വസ്ത്ര ധാരണം നടത്താനുള്ള പൌരാവകാശം ഇന്ത്യയിലെങ്കിലും എല്ലാവര്‍ക്കും ഉണ്ടെന്നാണ് വിശ്വാസം, അതിനെ എതിര്‍ക്കുന്നവര്‍ ചില ഞരമ്പ്‌ രോഗികള്‍ മാത്രമാണ്. സമൂഹത്തെ ഒന്നടങ്കം ഇതില്‍ കുറ്റംപറയാനാകില്ല.
  ലേഖനം ശ്രദ്ധേയമായി. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ

പ്രശംസയല്ല മുഖ്യം, ശരിയായ വിലയിരുത്തലാണ്. വിയോജിപ്പുകള്‍ രേഖപ്പെടുത്തലാണ്‌.

സ്വാഗതം

Translate