kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, ജൂലൈ 08, 2017

പ്രവാസിയെഴുത്ത്

വർത്തമാനം പത്രം, ഖത്തർ എഡീഷൻ

(ക്യു-മലയാളം നടത്തിയ "സാഹിത്യോത്സവം 2017" ൽ  ഖത്തറിലെ എഴുത്തുകാർക്ക് മുൻഗണന നൽകിക്കൊണ്ട് ജി.സി.സി രാജ്യങ്ങളിലെ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം)

          ആദ്യകാലത്ത് പ്രവാസികൾ എഴുതിത്തുടങ്ങിയത് കത്തുകളായിരുന്നു. വീട്ടിലെ ദാരിദ്ര്യം, സഹോദരിമാരുടെ വിവാഹം, ഇണയെ വേർപിരിഞ്ഞുജീവിക്കുമ്പോഴുണ്ടാവുന്ന പ്രണയവും വിരഹവും... ഇങ്ങനെ ഏറ്റവുമധികം ഹൃദയം തുറന്ന് സംവദിക്കപ്പെട്ട മറ്റൊരെഴുത്ത് ഉണ്ടായിരിക്കുകയില്ല. അവയിൽ കാപട്യങ്ങളുണ്ടായിരുന്നില്ല. മന:പ്പൂർവ്വം ഞങ്ങൾക്കിവിടെ സുഖംതന്നെയെന്ന് എഴുതിയിരുന്നുവെങ്കിലും അല്ലെങ്കിൽ ചില സത്യങ്ങൾ മറച്ചുവച്ചിരുന്നുവെങ്കിലും അത് ഉറ്റവരോടുള്ള സ്നേഹം കൊണ്ടായിരുന്നു. അക്കാലത്തെ പ്രവാസം ഉപജീവനമാർഗ്ഗം തേടിയായിരുന്നു എന്നതുകൊണ്ടുതന്നെ നാട്ടിലുള്ള കുടുംബക്കാരുമായും സുഹൃത്തുക്കളുമായും നടത്തിയിരുന്ന കാത്തിടപാടുകളിൽ ചോദിച്ചാലും പറഞ്ഞാലും തീരാത്തത്ര കാര്യങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച്ചദിവസങ്ങളിൽ ലേബർക്ക്യാമ്പുകളിലെ മുറികളിൽ ലെറ്റർപാഡ് മടിയിൽവച്ച് പേനയും കയ്യിൽ പിടിച്ചിരിക്കുന്ന പ്രവാസികൾ പതിവുകാഴചയായിരുന്നു.  പുതിയകാലത്ത് കുടുംബത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുക എന്നതിന്റെ സ്ഥാനത്ത്  ഉയർന്ന ജോലി നേടുകയെന്നും അതിലൂടെ ജീവിതനിലവാരം ഉയർത്തുകയെന്നുമുള്ള നിലയിലേക്ക് പ്രവാസ സങ്കല്പം മാറി.

          അക്കാലത്ത് കത്തുകൾ പോസ്റ്റുചെയ്യുന്നതോടൊപ്പം ഏതെങ്കിലും പത്രാധിപരുടെ വിലാസത്തിൽ മറ്റൊരു കവർകൂടിയുണ്ടാവും. അങ്ങനെ ഗൾഫിൽ ലഭിക്കാറുണ്ടായിരുന്ന മലയാളപത്രങ്ങളുടെകൂടെ വെള്ളിയാഴ്ച്ചത്തെ സപ്പ്ളിമെന്ററുകളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചുകൊണ്ട് തങ്ങളുടെ രചനകൾ വായനക്കാരിലേക്കെത്തിക്കാനുള്ള അവസരം പ്രവാസികൾക്ക് ലഭിച്ചു. പ്രവാസിസംഘടനകൾ സംഘടിപ്പിക്കാറുണ്ടായിരുന്ന കഥയരങ്ങുകളിലും കവിയരങ്ങുകളിലും മറ്റു സാംസ്കാരികസദസുകളിലും സ്വന്തം രചനകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളുമുണ്ടായി. ഈ അവസരങ്ങളൊക്കെ പക്ഷെ, വളരെ പരിമിതമായ ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നതാണ് സത്യം. 

          എന്നാൽ ബ്ലോഗുകളുടെയും സോഷ്യൽമീഡിയയുടെയും വരവോടുകൂടിയാണ് പ്രവാസികളിൽ അടക്കിനിർത്തിയിരുന്ന എഴുത്തുവാസന അണപൊട്ടിയൊഴുകിത്തുടങ്ങിയത് എന്നുപറയാം. ആ ഒഴുക്ക് ഇപ്പോഴും തുടരുന്നുണ്ട്. കുറച്ചുകാലംമുൻപുവരെ വളരെ സജീവമായിരുന്ന ബ്ലോഗുകളുടെ സ്ഥാനം ഇപ്പോൾ സോഷ്യൽമീഡിയയിലേക്ക് മാറിയിട്ടുണ്ട് എന്നുമാത്രം. തോന്നുന്നതെന്തും എഴുതാനുള്ള സ്വാതന്ത്ര്യവും അത് എഡിറ്റിങ്ങൊന്നുമില്ലാതെ വായനക്കാരിലെത്തിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നതുകൊണ്ടുതന്നെ അക്കാദമിക് നാട്യങ്ങളൊന്നുമില്ലാതെ ആർക്കുവേണമെങ്കിലും എഴുതുവാനും വായിക്കുവാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുമായുള്ള അവസരം ഈ നവമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട്. ഈ അവസരം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പ്രവാസികൾതന്നെയാണ്. വിദ്യാഭ്യാസകാലത്ത് രണ്ടുവരി സാഹിത്യംപോലുമെഴുതാത്തവർ ഇതിലൂടെ എഴുതിത്തുടങ്ങി. അങ്ങനെ അനേകം എഴുത്തുകാരെ മലയാളഭാഷക്ക് ലഭിച്ചു. മുഖ്യധാരാമാധ്യമങ്ങൾ വളർത്തിയതിനേക്കാൾ എഴുത്തുകാർ ബ്ലോഗുകളിലൂടെയും സോഷ്യൽമീഡിയയിലൂടെയും ഓൺലെൻമാഗസിനുകളിലൂടെയും വളർന്നുവന്നു.

           തീഷ്ണമായ അനുഭവങ്ങളും ഭാവനയും അവ രസകരമായി എഴുതാനും സാധിക്കുന്നയാൾക്ക് നല്ലൊരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി ആവാൻ സാധിക്കും. പ്രവാസികൾ അത്തരം അനുഭവങ്ങൾ ഏറെയുള്ളവരാണ്. അനുഭവങ്ങളെന്നുപറയുമ്പോൾ സ്വന്തം അനുഭവങ്ങൾ മാത്രമല്ല. സഹജീവികളുടെ അനുഭവങ്ങൾകൂടിയാണ്. സഹജീവികളുടെ അനുഭങ്ങൾ എന്റേതുകൂടിയാണെന്ന് കരുതുന്ന ഒരാൾക്കേ സാഹിത്യരചന സാധ്യമാവുകയുള്ളൂ. എന്നാൽ പ്രവാസി എഴുത്തുകളിൽ ഏറെയും ഗൃഹാതുരത്വം പേറുന്നവയോ നമ്മുടെ നാടിന്റെ സമകാലീന രാഷ്ട്രീയ-സാമൂഹ്യ സ്വാധീനങ്ങൾ ഉള്ളവയോ ആണെന്ന് പറയാം. പ്രവാസി എഴുതുന്നതും പറയുന്നതും പിന്നിട്ട വഴികളെക്കുറിച്ചാണ്. ജന്മനാടിനെക്കുറിച്ചുള്ള ഓർമ്മകളോ അതിന്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഉള്ള ആകുലതകളോ ആണ്. പ്രവാസഭൂമി താൽക്കാലിക വാസസ്ഥാനം മാത്രമാണെന്നും അവസാനം ചെന്നെത്തേണ്ടത് പിറന്നുവീണ മണ്ണിലേക്കുതന്നെയാണെന്നുമുള്ള ബോധം ഈ ആകുലതകൾ വർദ്ധിപ്പിക്കുന്നു. അത് അക്ഷരങ്ങളായി മാറുന്നു. കുട്ടികാലം, കുടുംബം, പ്രണയം, രാഷ്ട്രീയം തുടങ്ങിയവ പ്രവാസിയെഴുത്തുകാരുടെ ഇഷ്ടവിഷയമായി മാറുന്നു. ഇതിനെ കുറ്റം പറയാനാവില്ല. കാരണം, രാഷ്ട്രീയപ്രബുദ്ധതയുള്ളവരാണ് മലയാളികൾ. നവോത്ഥാനത്തിന്റെ ചരിത്രവും രാഷ്ട്രീയപോരാട്ടങ്ങളുടെ ചരിത്രവും ലോകത്തിന്റെ ഏതുകോണിൽ ജീവിക്കുമ്പോഴും മലയാളിമനസ്സുകളിൽനിന്നും ഉപേക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പ്രവാസിമലയാളി എഴുതുമ്പോൾ കേരളത്തിന്റെ, ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സ്വാധീനം ഒട്ടുമിക്ക എഴുത്തുകാരിലും കാണാനും സാധിക്കുന്നുണ്ട്.  

          പുസ്തകം പ്രസിദ്ധീകരിച്ചവരും പ്രസിദ്ധീകരിക്കാത്തവരുമായി അനേകം പ്രവാസിയെഴുത്തുകാർ ഉണ്ട്.  ശക്തവും സുന്ദരവുമായ കഥകളും കവിതകളും വളരെ കുറച്ചുമാത്രം എഴുതി പിന്നീട് മൗനത്തിലേക്ക് മാറിനിന്നവരുമുണ്ട്. കൂടാതെ പ്രതീക്ഷ നൽകിക്കൊണ്ട് കുട്ടികളായ എഴുത്തുകാരുമുണ്ട്. ഒരാളുടെ എഴുത്തിനെ വിലയിരുത്തേണ്ടത് രചനകളുടെ എണ്ണം നോക്കിയല്ല.  ധാരാളം എഴുതിയാലും ഏതെങ്കിലും ഒന്നോ രണ്ടോ രചനകളായിരിക്കും കൂടുതൽ വായിക്കപ്പെടുന്നതും കാലത്തെ അതിജീവിക്കുന്നതും.

          ഇങ്ങനെ ധാരാളം എഴുത്തുകാരുണ്ടെന്ന് സമ്മതിക്കുമ്പോൾത്തന്നെ പ്രവാസിയെന്ന നിലയിൽ അടയാളപ്പെടുത്താൻ ഇനിയും ഏറെയുണ്ട് എന്നതാണ് സത്യം. ബെന്ന്യാമിന്റെ ആടുജീവിതം സ്പർശിക്കാതെ പ്രവാസികളുടെ സാഹിത്യചർച്ച പൂർണ്ണമാവില്ല. അതേസമയം ആടുജീവിതമെന്ന ഒരു കൃതിയിൽ ഒതുങ്ങുന്നതല്ല പ്രവാസം. പ്രവാസജീവിതത്തിന്റെ വിവിധ തലങ്ങൾ ഇനിയും എഴുതാനിരിക്കുന്നു. ജീവിക്കുന്ന നാടിന്റെ സംസ്കാരവും ആചാരങ്ങളും ശരിയായ രീതിയിൽ കാണാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലായെന്നത് പ്രവാസിയെഴുത്തുകാരുടെ ഒരു വലിയ പരിമിതിയാണ്. അതുപോലെ പ്രവാസികൾ നേരിട്ടനുഭവിക്കുന്ന ആഗോളസാമ്പത്തിക പ്രതിസന്ധി, ഭീകരവാദം, യുദ്ധങ്ങൾ, പലായനം, പ്രവാസഭൂമിയിൽ സംഭവിക്കുന്ന വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ ഇതൊക്കെ നമ്മുടെ എഴുത്തുകളിൽ കടന്നുവരേണ്ടതുണ്ട്. ഈ രീതിയിൽ നമ്മുടെ എഴുത്തിന്റെ മേഖല വിശാലമാവേണ്ടതുണ്ട്. നമ്മൾ ജീവിക്കുന്ന ലോകത്തെക്കുറിച്ച് വായനക്കാർക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. വായനക്കാരുടെ വലിയൊരുകൂട്ടം പ്രവാസികളിൽനിന്നും അങ്ങനെയൊരു സൃഷ്ടിക്കായി കാത്തിരിക്കുകയാണ്.
***

2 അഭിപ്രായങ്ങൾ:

  1. പ്രവാസത്തിലെ എഴുത്തുകൾ, ഇപ്പോഴും ഗൃഹാതുരതയിലും ഭാഷാബദ്ധങ്ങളിലും ഒതുങ്ങി നിൽക്കുന്നു. അല്ലെങ്കിൽ നാട്ടിൽ നിന്നും പ്രശസ്തരായ എഴുത്തുകാർ സന്ദർശനത്തിനു വരുമ്പോൾ കാണുന്ന മുഖംമൂടികളിൽ ....

    ലേഖനത്തിൽ പറയുന്ന പോലെ പ്രവാസത്തിന്റെ എഴുത്ത്, മാറേണ്ടിയിരിക്കുന്നു.... മാറുമെന്ന് പ്രതീക്ഷിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗെഴുതിക്കൊണ്ടിരുന്നവർ ഫേസ്ബുക്ക്‌ വന്നപ്പോൾ അതിലേയ്ക്ക്‌ മാറി.എഴുത്തും തീർന്നു.വാട്സപും കൂടി വന്നപ്പോൾ ബ്ലോഗെഴുത്തുകാരുടെ കഥ കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ

Translate