വയനാടിനെക്കുറിച്ച് ആദ്യം വായിക്കുന്നത് നക്സലൈറ്റ് പ്രസ്ഥാനത്തെ ക്കുറിച്ച് അറിയാനുള്ള ആഗ്രഹത്തിൽ വായിച്ച ചില ലേഖനങ്ങളിലും പത്രക്കുറിപ്പുകളിലുമായിരുന്നു. പിന്നീടാണ് കെ.പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക', പി.വത്സലയുടെ 'നെല്ല്', മൈന ഉമൈബാന്റെ വളരെ ചെറിയ പുസ്തകമായ 'ചുവപ്പു പട്ടയം തേടി' എന്നിവയൊക്കെ വായിക്കുന്നത്. അപ്പോഴൊക്കെ വയനാടിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംഷയായിരുന്നു. ഇപ്പോഴിതാ ആ പുസ്തകങ്ങൾക്കിടയിൽ ഷീല ടോമി എഴുതിയ 'വല്ലി' എന്ന നോവലും സ്ഥാനം പിടിച്ചിരിക്കുന്നു. വയനാടിനെക്കുറിച്ച് എത്ര വായിച്ചാലും മതിയാവില്ല. എത്ര അറിഞ്ഞാലും പൂർണ്ണമാവാത്തതാണ് വയനാടിനെക്കുറിച്ചുള്ള അറിവുകൾ.
നക്സൽ നേതാവ് വർഗീസ് കൊല്ലപ്പെടുന്ന കാലത്താണ് നോവൽ ആരംഭിക്കുന്നത്. കുടിയേറ്റത്തിന്റെ കഥയായാണ് തുടക്കമെങ്കിലും അവസാനിക്കുന്നത് കുടിയിറക്കത്തിന്റെ കഥയായിട്ടാണ്. പ്രാചീനകാലത്തെ കാട്ടുവഴികളിലൂടെയും ഇന്നത്തെ സൈബർ യുഗത്തിലെ നഗരപാതകളിലൂടെയും വായനക്കാരെയുംകൊണ്ട് യാത്ര ചെയ്യുകയാണ് എഴുത്തുകാരി, ലളിതവും അതിലേറെ സുന്ദരവുമായ ഭാഷയിൽ.
എല്ലാം വെട്ടിപ്പിടിക്കാനുള്ള ആർത്തിപൂണ്ടുനടക്കുന്ന ആധുനികമനുഷ്യന്റെ ചൂഷണത്തിന് വിധേയമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗോത്രവർഗത്തിന്റെ ഭാഷയും, സംസ്കാരവും, അവരുടെ നിഷ്കളങ്കതയും വായിച്ചറിയുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു. ഭാവിയിൽ ഏതെങ്കിലും മ്യൂസിയത്തിലെ വികാരമൊന്നും തോന്നിപ്പിക്കാത്ത വെറുമൊരു കാഴ്ച്ചയായോ പണ്ഡിതവർഗ്ഗത്തിനുമാത്രം പ്രാപ്യമാവുന്ന ഗവേഷകഗ്രന്ഥങ്ങളിലെ ചുരുക്കം താളുകളായോ മാറിയേക്കാവുന്ന ലിപിയില്ലാത്ത ഈ ഭാഷയുടെ ചെറിയ അംശമെങ്കിലും അതിലുംമുന്നേ സാധാരണക്കാർക്ക് വേണ്ടി നോവലിൽ എഴുതിച്ചേർത്തത് നന്നായി.
എഴുത്തുകാരി ഒരു വയനാട്ടുകാരി ആയതുകൊണ്ടുകൂടിയായിരിക്കാം വയനാടൻ കാടിന്റെ നിഗൂഢതകളിലൂടെയും മുക്കിലും മൂലയിലൂടെയും കുന്നുകയറിയും ഇറങ്ങിയും പാടവും പുഴയും കടന്നും ഇത്രയും സുന്ദരമായ വായനാനുഭവം ഞങ്ങൾക്ക് ലഭിക്കുന്നത്. കുന്ന് കയറുകയും ഇറങ്ങുകയും, വളവു തിരിയുകയും ചെയ്യുന്നതുപോലെതന്നെയാണ് നോവലിന്റെ വായനയും സംഭവിക്കുന്നത്. കഥ പറഞ്ഞുകൊണ്ടിരിക്കെ ചരിത്രത്തിലേക്കൊരു ഇറക്കം. പിന്നെയൊരു തിരിവ് മിത്തിലേക്ക് അല്ലെങ്കിൽ ബൈബിളിലേക്ക്. അവിടെ നിന്ന് വീണ്ടുമൊരു കയറ്റം കഥയിലേക്ക്. ആസ്വാദ്യകരമായ എഴുത്തുരീതി.
വയനാടിന്റെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും ഐതിഹ്യവും മിത്തും എല്ലാം ഉൾക്കലർന്നുകിടക്കുന്ന ഈ നോവൽ വായിച്ചു തീരുമ്പോൾ ഒരു ഇതിഹാസം വായിച്ച അനുഭൂതിയാണ്. വല്ലിയെ ഇങ്ങനെയും വിശേഷിപ്പിക്കാം, ഇത് ബയൽനാടിന്റെ ഇതിഹാസം.
******
(ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ