kharaaksharangal.blogspot.com - KHARAAKSHARANGAL

ആദരാഞ്ജലികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആദരാഞ്ജലികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2015

വിജയൻ പെരുവണ്ണാൻ

വിജയൻ ചാത്തമ്പള്ളി വിഷണ്ട്ഠൻ തെയ്യമായപ്പോൾ  (2012ലെ അവധിക്കാലത്ത്‌ എടുത്ത ഫോട്ടോ)

എത്ര അപ്രതീക്ഷിതമായാണ് മരണം നമ്മളെ തേടിയെത്തുന്നത്!
ചായം തേച്ച് അണിഞ്ഞൊരുങ്ങിയ ഈ രൂപത്തിനകത്ത് പച്ചയായ ഒരു മനുഷ്യനുണ്ട്. ആത്മീയമായി തെയ്യം ദൈവത്തിന്റെ പ്രതിരൂപവും ഭൗതികമായി കലാരൂപവുമാണ്.
എന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലുണ്ട് വിജയന്. എന്നാലും പേര് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഒരുമിച്ച് കളിച്ചും തല്ലുകൂടിയും വളർന്നു. ആശയപരമായി വേർപിരിഞ്ഞപ്പോൾ രാഷ്ട്രീയം പറഞ്ഞു തർക്കിച്ചു. അവിചാരിതമായി ഒരിക്കൽ വിജയൻ അദ്ധ്യാപകനും ഞാൻ വിദ്യാർഥിയുമായി. സർക്കാർ ജോലി ഉപേക്ഷിക്കാതെതന്നെ ഒരു കലാകാരന്റെ ആത്മാർത്ഥതയോടെ ഉത്തരമലബാറിലെ കാവുകളിൽ തെയ്യമായി ഉറഞ്ഞാടി.
സംസാരിക്കാൻ തുടങ്ങിയാൽ ഷെല്ലിയും ഷെയിസ്ക്പീയറും ബർണാഡ് ഷായും തുടങ്ങി മാർക്സ് മുതൽ ഗോർബച്ചേവ് വരെയും കൃഷ്ണപ്പിള്ളമുതൽ എം.വി.രാഘവൻ വരെയും വേദവ്യാസനും വാല്മീകിയും മുതൽ കരിവെള്ളൂർ മുരളിവരെയും പരാമർശിക്കുമായിരുന്നു ഈ ഇംഗ്ലീഷ് ബിരുദധാരി.
ആത്മീയതയും വിപ്ലവവും ഒരേസമയം സ്വീകരിക്കുക എന്നത് ഉത്തരമാലബാറുകാരുടെ പ്രത്യേകതയാണ്. വിജയനും അതിൽ നിന്നും വ്യത്യസ്ഥനായില്ല. 1940കളിലെ കമ്മ്യുണിസ്റ്റ് സഹയാത്രികനായിരുന്ന കൃഷ്ണൻ പെരുവണ്ണാന്റെ കൊച്ചുമകന് വളരെ എളുപ്പമായിരുന്നു ഇത് രണ്ടും ഒരേസമയം ജീവിതത്തിൽ പകർത്താൻ. തെയ്യം കെട്ടിയാൽ പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിച്ചിരുന്നില്ല മുൻതലമുറ. പഴയ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നുതന്നെ അതിനർത്ഥം. തെയ്യമെന്ന ദൈവത്തിന്റെ പ്രതിരൂപം ആവുന്നതിനുമുന്പ് സമ്പ്രദായങ്ങൾ തെറ്റിച്ച് പ്രതിഫലവും അവകാശവും ഒരു കലാകാരന്റെയോ തൊഴിലാളിയുടെയോ വിപ്ലവകാരിയുടെയോ സാമർഥ്യത്തോടെ പറഞ്ഞുറപ്പിച്ചു. അതുകൊണ്ട് സഹപ്രവർത്തകരിൽനിന്ന്തന്നെ വിമർശനങ്ങളും ഏറ്റുവാങ്ങി. ചായം തേച്ച് വേഷം മാറിയാൽ എല്ലാവരും കൈകൂപ്പി നിൽക്കുന്ന ദെവത്തിന്റെ പ്രതിരൂപമായി. അല്ലാത്തപ്പോൾ വിജയൻപെരുവണ്ണാൻ എന്ന സാധാരണ മനുഷ്യനായി.
ഏറ്റവും അവസാനം ഇതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആഗസ്ത് പതിഞ്ചാം തിയ്യതി  ഈ ലോകത്തുനിന്നുതന്നെ യാത്ര പറഞ്ഞിരിക്കുന്നു.
കടപ്പാട്:S r i Y e s h  (facebook)

തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2012

ദൈവം അനുഗ്രഹിച്ച ധിക്കാരി


കലയുടെ മര്‍മ്മം അറിയുന്നയാളാണ് ഉത്തമ കലാകാരന്‍ . സ്വന്തം നിലപാടുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ തന്റേടത്തോടെ അവതരിപ്പിക്കുന്നയാളാണ്  ഉത്തമ പുരുഷന്‍ . തിലകന്‍ ഇത് രണ്ടുമായിരുന്നു.

മഹാനടന്‍ എന്ന് സ്വയം ഉല്‍ഘോഷിച്ച് അഭിനയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തിക്കഴിഞ്ഞവരും ഇനി നടത്താന്‍ പോകുന്നവരും തിലകനില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്.
കലാസ്നേഹികളെ നോക്കി നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നും എനിക്ക് സ്വന്തമായി രാഷ്ട്രീയ നിലപാടുകളോ ഇല്ലെന്നും പറയുന്ന സിനിമക്കാരുടെ കൂട്ടത്തില്‍ അല്ല തിലകന്റെ സ്ഥാനം. ദൈവം തന്നെയേല്പ്പിച്ച ഉത്തരവാദിത്തക്കുറിച്ച് തികച്ചും ബോധവാനായിരുന്നു അദ്ദേഹം. തന്റെ നിലപാടുകള്‍ കലാസ്വാദകരുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ കണ്ട ധിക്കാരവും ഗര്‍വ്വും ദൈവം അനുഗ്രഹിച്ച് നല്കിയതുതന്നെയായിരുന്നു. തിലകനെപ്പോലുള്ള ഉത്തമ കലാകാരന്മാര്‍ക്ക് മാത്രമേ ഇങ്ങനെ ധിക്കാരവും ഗര്‍വ്വും കാട്ടാനാവൂ. അതില്‍ ക്ഷോഭിക്കുകയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വ്യാമോഹിക്കുകയും ചെയ്തവര്‍ക്കറിയില്ലായിരുന്നു തിലകനിലെ നടന്റെ വലുപ്പം. കേരളത്തിലെ കലാരംഗത്ത് അദ്ദേഹത്തിനുള്ള സ്ഥാനം. ആരാധകര്‍ക്കിടയില്‍ പൊങ്ങച്ചഭാണ്ഠങ്ങളുടെ കെട്ടഴിക്കുന്ന അനേകം നടന്മാര്‍ക്കിടയില്‍  ഭാണ്ഠങ്ങളൊന്നുമില്ലാതെ അഭിനിയിക്കാതെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍ വല്ലപ്പോഴും അവതരിക്കും, തിലകനെപ്പോലെ.
***

വെള്ളിയാഴ്‌ച, ജൂൺ 10, 2011

എം. എഫ്. ഹുസൈന്‍

ങ്ങനെ എം. എഫ്. ഹുസൈന്‍ ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നു. ചിത്രങ്ങളിലൂടെ ലോകത്തോട്, കലഹിച്ച് കലഹിച്ച്, താന്‍ ഏറ്റവും അധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത സ്വന്തം നാട്ടുകാരെ കാണാനാവാതെ. 
ന്ത്യയുടെ പാബ്ലോ പിക്കാസോ എന്ന വിശേഷണം മാതൃഭൂമിയുടെ ഓണ്‍ലൈനില്‍ വായിച്ചപ്പോള്‍ ഞാനാശിച്ചുപോയി, ഇന്ത്യയില്‍ വച്ച് മരിച്ചിരുന്നു എങ്കില്‍. അവസാനനാളുകള്‍  ഇന്ത്യയില്‍ ജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു എങ്കില്‍ എന്ന്.

മ്മളെപ്പോലെ അദ്ദേഹവും ഭാരത്തെ അമ്മയായി കണ്ടു (മദര്‍ ഇന്ത്യ). പക്ഷെ ചിത്രത്തിലെ ഭാരതമാതാവിനു നഗ്നത ആരോപിക്കപ്പെട്ട് രാജ്യഭ്രഷ്ടനാകേണ്ടിവന്നു. അപ്പോഴും അദ്ദേഹം ഇന്ത്യയെയോ ഇന്ത്യക്കാരെയോ വെറുത്തില്ല.  അദ്ദേഹമാണോ അദ്ദേഹത്തിന്‍റെ വിമര്‍ശകരാണോ ശരി എന്ന് കാലം തെളിയിക്കട്ടെ. ആരൊക്കെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും അദ്ദേഹത്തിന്‍റെ മനസ് എന്നും ഇന്ത്യക്കാര്‍ക്കൊപ്പമായിരുന്നു. ഇന്ത്യയില്‍ത്തന്നെ അവസാന നിമിഷം അദ്ദേഹം ജീവിച്ചിരുന്നു എങ്കില്‍ 'മക്ബൂല്‍ ഫിദ ഹുസൈന്‍' എന്ന മഹാനായ ചിത്രകാരന്‍റെ അവകാശി ഇന്ത്യ മാത്രമാകുമായിരുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു ആയിരം രൂപ വിലയുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ ചിത്രത്തിന്‍റെ ഒരു മില്ലിമീറ്റര്‍ ഭാഗത്തിനു അയ്യായിരം രൂപയായിരുന്നു വിലയെന്നത് മാത്രം മതി അദ്ദേഹത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍. 


ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

എം. എഫ്. ഹുസൈന്‍ (പാശ്ചാത്തലത്തില്‍ അദ്ദേഹം കണ്ട ഭാരതം)


ഹുസൈന്‍ ഏറ്റവും ആരാധിച്ച ഭാരതീയ സൗന്ദര്യം: മാധുരി ദീക്ഷിത്ത്.




















എം. എഫ്. ഹുസൈന്‍




ഹുസൈന്‍റെ സ്ത്രീ സങ്കല്പം  



'മദര്‍ ഇന്ത്യ' എന്ന ചിത്രം: ഹുസൈന്‍ സ്വപ്നം കണ്ട ഭാരതം

Translate