kharaaksharangal.blogspot.com - KHARAAKSHARANGAL

വ്യാഴാഴ്‌ച, ഏപ്രിൽ 08, 2010

പ്രവാസത്തിലേക്ക്‌

ഒന്‍പതര വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അതായത്‌ 2000 ജൂണ്‍ എട്ടാംതിയ്യതി ദുബായിലേക്ക്‌ വരുമ്പോള്‍, ചെറുപ്പം മുതല്‍ കൌതുകത്തോടെ കേട്ടറിഞ്ഞതും കണാന്‍ സാധിച്ചിരുന്നെങ്കിലെന്ന്‌ ആഗ്രഹിച്ചുപോവുകയും ചെയ്തിരുന്ന ഒരു നാടിലെത്തിപ്പെടുകയാണെന്ന കുതൂഹലതയായിരുന്നു. അതിനു തൊട്ട്‌ ഒരുമാസം മുന്നെ വരെ ഞാന്‍ വിശ്വസിച്ചിരുന്നു, മലബാര്‍ എന്ന കൊച്ചു പ്രദേശത്തിന്റെ അതിരുകള്‍ക്കപ്പുറം എനിക്കൊരിക്കലും എത്തിപ്പെടാന്‍ കഴിയില്ലെന്ന്‌. ചെറുപ്പകാലത്തിലെ ജീവിതസാഹചര്യം എന്റെയുള്ളില്‍ തീര്‍ത്ത അപകര്‍ഷതാബോധവും ആത്മവിശ്വാസക്കുറവുമായിരിക്കാം എന്നില്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കിയത്‌.

ദുബായിക്ക്‌ മുന്നെ ഞാനാദ്യം കാണുന്ന മഹാനഗരം മുംബെ (അന്ന്‌ ബൊംബെ)യായിരുന്നു. ദുബായിലേക്ക്‌ വരുന്നതിനും ഒരുമാസം മുന്പ്‌ അതിനുവേണ്ടിയുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായിരുന്നു അന്ന്‌ അവിടെ പോയത്‌.
അന്നെന്നെ മുംബെ നഗരം വല്ലാതെ അമ്പരപ്പിച്ചിരുന്നു. മലബാറിലെ കണ്ണൂരും കോഴിക്കോടും പിന്നെ ചെറിയ നഗരങ്ങളും മാത്രം കണ്ടു പരിചയിച്ച എന്നെ എങ്ങനെയാണ്‌ മുംബെ പോലുള്ള മഹാനഗരം അമ്പരപ്പിക്കാതിരിക്കൂക? മുംബെയെക്കുറിച്ച്‌ നല്ലതും ചീത്തയുമായി കുറേ കാര്യങ്ങള്‍ കേട്ടും വയിച്ചുമറിഞ്ഞിരുന്നു. അതൊക്കെ സത്യമാണോയെന്നറിയാനുള്ള അടക്കാനാവാത്ത മോഹവും ഉണ്ടായിരുന്നു. ഗള്‍ഫിലേക്കൂള്ള ഇന്റര്‍വ്യൂ ആയതിനാലാവാം ചെറുപ്രായത്തില്‍ അയല്‍പക്കത്തെ കല്ലിയാണിഏച്ചിയുടെ വീട്ടിലെ ടെലിവിഷനില്‍ കണ്ട 'വിസ' എന്ന സിനിമയുടെ ഓര്‍മ്മ എന്നില്‍ ചെറിയൊരു ഉല്‍ക്കണ്ഠ ഉളവാക്കിയത്‌. അതിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. ഗള്‍ഫ്‌ സ്വപ്നവുമായി മുംബെയിലെത്തി ഏജന്റിനാല്‍ വഞ്ചിക്കപ്പെട്ട്‌ അവസാനം മുംബെയിലെ കടല്‍തീരങ്ങളില്‍ ഇളന്നീര്‍ വിറ്റ്‌ നടന്ന്‌ തന്റെ സ്വപ്നത്തോടൊപ്പം ജീവിതവും ബലികഴിക്കേണ്ടിവന്ന മമ്മൂട്ടിയുടെ കഥാപത്രം. മുംബെയില്‍ ഇളന്നീര്‍ കച്ചവടക്കാര്‍ ഒരുപാടുണ്ടായിരുന്നു. അവരൊക്കെ മമ്മൂട്ടിയെ പോലെ എത്തിപ്പെട്ടവരായിരിക്കുമൊ?
ഞങ്ങള്‍ നാലുപേരുണ്ടായിരുന്നു. ഒരാള്‍ എന്റെ ഇളയച്ഛന്‍(ഇളയച്ഛന്റെ പേര് വേലായുധന്‍), പിന്നെ കൂടെ ജോലി ചെയ്തിരുന്ന ബാലകൃഷ്‌നെട്ടനും ജയേട്ടനും. ബാലകൃഷ്‌നെട്ടന്‍ കൂടെയുണ്ടായിരുന്നതിനാല്‍ ഭാഷ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. രണ്ടു വര്‍ഷത്തോളം ഷാര്‍ജയില്‍ ജോലിചെയ്തതിനാല്‍ അദ്ദേഹത്തിന്‌ കുറേശെ ഹിന്ദി സംസാരിക്കാന്‍ അറിയുമായിരുന്നു. നമുക്ക്‌ മൂന്നുപേര്‍ക്കും ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞുകൂട. ജയേട്ടനും ഒന്നൊന്നര വര്‍ഷം ദുബായിലുണ്ടായിരുന്നെങ്കിലും അയാള്‍ ഹിന്ദിയൊ മറ്റേതെങ്കിലും ഭാഷയോ പഠിച്ചിരുന്നില്ല.

അന്നു വൈകുന്നേരം ഒരു ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. ലോഡ്ജിലെ ജോലിക്കാര്‍ ചിലര്‍ മലയാളികളായിരുന്നു. ലോഡ്ജിന്റെ ജാലകത്തിലൂടെ ഞാന്‍ വെളിയിലേക്ക്‌ നോക്കി. പാതയിലൂടെ തിങ്ങി ഞെരുങ്ങിയൊഴുകുന്ന വാഹന‌ങ‌ങള്‍, എവിടെയും നില്‍ക്കാതെ ആരെയും ശ്രദ്ധിക്കാതെ സ്വന്തം ലകഷ്യത്തിലേക്ക്  ധൃതിയില്‍ നടന്നുപോകുന്ന മനുഷ്യര്‍. അതില്‍ മലയാളികളുണ്ട്‌, തമിഴരുണ്ട്‌, കന്നടക്കാരുണ്ട്‌, മറാത്തികളുണ്ട്‌, ഉത്തരേന്ത്യക്കാരുണ്ട്‌... ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭാഷകളും സംസ്കാരവും ഒന്നായി ഒഴുകുന്ന ഒരു മഹാനദിയായി എനിക്കുതോന്നി. അവരോട്‌ എനിക്ക്‌ അസൂയ തോന്നി. എനിക്ക്‌ അവരിലൊരാളാവാന്‍ കഴിയുന്നില്ലല്ലോയെന്ന അസൂയ. ഒപ്പം എന്റെ ജന്മസിദ്ധമായ നിരാശയും.

 വൈകുന്നേരം മുംബെയിലെത്തിയപ്പോള്‍ തന്നെ ട്രാവല്‍സില്‍ പൊയിരുന്നു. അതിനു ശേഷമാണ്‌ ലോഡ്ജില്‍ മുറിയെടുത്തത്‌. 'ട്രെസ്റ്റ്‌' ട്രാവത്സ്‌ ആണ്‌ ഞങ്ങളുടെ ഇന്റര്‍വ്യൂ ഏര്‍പ്പാടാക്കിയിരുന്നത്‌ അവിടെനിന്ന്‌ പറഞ്ഞു-"നാളെ പത്തുമണിക്കാണ്‌ ഇന്റര്‍വ്യൂ"
"ആരാണ്‌ ഇന്റര്‍വ്യൂ ചെയ്യൂന്നത്‌?"- ഞങ്ങള്‍ ചോദിച്ചു.
അവര്‍ പറഞ്ഞു- "കമ്പനിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ഗോവിന്ദന്‍ വന്നിട്ടുണ്ട്‌."
എന്നില്‍ ചെറിയൊരു ആത്മവിശ്വാസം വന്നതു പോലെ തോന്നി. ദുബായിലെ കമ്പനിയില്‍ എന്റെ മറ്റൊരു ഇളയച്ഛന്‍(നാരായണന്‍) ജോലി ചെയ്യുന്നുണ്ട്‌. അദ്ദേഹം ഞങ്ങളുടെ കാര്യം ഗോവിന്ദന്‍ സാറോട്‌ സൂചിപ്പിച്ചിരുന്നു.
ലോഡ്ജില്‍ നിന്നിറങ്ങി ഒരു മലയാളിഹോട്ടല്‍ കണ്ടുപിടിച്ചു. ഭക്ഷണം കഴിച്ച്‌ അല്‍പനേരം ജനസാന്ദ്രമായ തെരുവിലൂടെ അവരില്‍ ഒരാളായി നടന്നു. പിന്നെ ലോഡ്ജില്‍പോയി കിടന്നുറങ്ങി.

പിറ്റേന്ന്‌ കാലത്തെഴുന്നേറ്റ്‌ പ്രാധമികകാര്യങ്ങള്‍ നിറവേറ്റി തലേദിവസത്തെ അതേ ഹോട്ടലിള്‍ പോയി പ്രാതല്‍ കഴിച്ച്‌ ടാക്സി പിടിച്ച്‌ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി. (സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും പേര് ഓര്‍മയില്ല.) നൂറുകണക്കിന്‌ തൊഴിലന്വേഷകര്‍ അവിടെ എത്തിയുട്ടുണ്ടായിരുന്നു. മൂന്നോ നാലോ ദിവസമാണ്‌ (കൃത്യമായി ഓര്‍മയില്ല) ഇന്റര്‍വ്യൂ നടക്കുന്നത്‌. ഇത്‌ ആദ്യത്തെ ദിവസമാണ്‌. ട്രാവല്‍സില്‍ ഒരു ബയോഡാറ്റ എഴുതിക്കൊടുത്തിട്ടുണ്ടായിരുന്നു. ഞങ്ങലള്‍ പേരു പറഞ്ഞപ്പോള്‍ ട്രാവല്‍സിന്റെ ആള്‍ ഞങ്ങളുടെ ബയോഡാറ്റ എടുത്തുനോക്കി. ഒരു ഹാളിനകത്തേക്ക്‌ കടത്തിവിട്ട്‌ പേരുവിളിക്കുന്നതുവരെ ഇരിക്കാന്‍ പറഞ്ഞു. ഒട്ടും താമസിയാതെ ഞങ്ങളുടെ പേരുവിളിച്ചു. ഇന്റര്‍വ്യൂവില്‍ പാസാവുകയും ചെയ്തു.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ എന്നെപ്പോലുള്ള തൊഴിലന്വേഷകരെകുറിച്ച്‌ പറയാതിരിക്കാന്‍വയ്യ. ഒത്തിരി പ്രതീക്ഷകളോടെയാണ്‌ എല്ലാവരും അവിടെ എത്തിയിട്ടുള്ളത്‌. സമര്‍ത്ഥരായ തൊഴിലാളികള്, തൊഴില്‍ തീരെ അറിയാത്തവര്, ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍, സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍, ഒരിക്കല്‍ ഗള്‍ഫില്‍ പോയി പരാജയപ്പെട്ട്‌ തിരിച്ചു പോരേണ്ടിവന്നവര്‍, അങ്ങനെ പലതരത്തില്‍പെട്ട ചെറുപ്പക്കാര്‍ പിന്നെ ജീവിതത്തിന്റെ ഏറിയ ഭാഗവും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട്‌ സാധിക്കാതെ പോയ മദ്യവയസ്കര്‍.

ഇന്റര്‍വ്യൂവില്‍ വിജയിച്ചവര്‍ എല്ലാവരും തൊഴില്‍ അറിയുന്നവരായിരുന്നില്ല. പാരാജയപ്പെട്ടവര്‍ എല്ലാവരും തൊഴില്‍ അറിയാത്തവരുമല്ല. പരാജയപ്പെട്ടവര്‍ ചിലര്‍ അകലെ നിരാശയോടെ മാറിനിന്നു. ചിലര്‍ ട്രാവത്സ്‌ ജീവനക്കാരനുമുന്നില്‍ യാജിക്കുന്നുണ്ടായിരുന്നു - "സാര്‍, ഒരു ഹെല്‍പറായിട്ടെങ്കിലും മതി."
ട്രാവത്സ്‌ ജീവനക്കാരന്‍ കൈ മലര്‍ത്തി. പിന്നെ ആശ്വസിപ്പിച്ചു - "നോക്കട്ടെ വൈറ്റിങ്ങ്‌ ലിസ്റ്റില്‍ ഇടാന്‍ പറ്റുമോയെന്ന്‌."
വിജയിച്ചവര്‍ പരസ്പരം ശമ്പളം എത്രയെന്ന്‌ ചോദിച്ചറിഞ്ഞു. കൂടുതല്‍ ശമ്പളം കിട്ടിയ ആളോട്‌ കുറഞ്ഞ ശമ്പളം കിട്ടിയ ആള്‍ക്ക് അസൂയ തോന്നി.

ഇന്റര്‍വ്യൂവിന്‌ ശേഷം ഞങ്ങള്‍ വിജയിച്ചവര്‍ ട്രാവല്‍സിന്റെ ഓഫീസില്‍ പോയി. ട്രാവത്സ്‌ ജീവനക്കാര്‍ പറഞ്ഞു. നാളെ ഒരു ദിവസം കൂടി നിങ്ങളിവിടെ വേണം. നാളെ കാലത്ത്‌ മെഡിക്കലെടുക്കണം. അവര്‍ അതിനുള്ള പേപ്പറുകള്‍ തന്നു. മാഹിം എന്ന സ്ഥലത്താണ്‌ മെഡിക്കല്‍ ടെസ്റ്റ്‌. ചിലരുടെ കൈയില്‍ പൈസ ഉണ്ടായിരുന്നില്ല. അവര്‍ക്ക് ‌ ട്രാവല്‍സില്‍ നിന്ന്‌ പൈസ കൊടുത്തു. പകരം അവരുടെ പാസ്പോര്‍ട്ട് അവിടെ വാങ്ങിവച്ചു. അന്നു വൈകുന്നേരം ഞങ്ങള്‍ വീണ്ടും മുംബെയിലെ ആള്‍കൂട്ടങ്ങളില്‍ ഒരാളായി നടന്നു. പിറ്റേന്ന്‌ കലത്തെഴുന്നേറ്റ്‌ മെഡിക്കല്‍ ടെസ്റ്റിനായി മാഹിമിലേക്ക്‌ പോയി. അവര്‍ രക്തവും മൂത്രവും പരിശോധിച്ചു. എക്സ്രെ എടുത്തു. അവസാനത്തെ ടെസ്റ്റിന്‌ ഒരു മുറിയില്‍ കടന്നു. അവിടെ ഒരു ചെറുപ്പക്കാരന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. അയാള്‍ നഗ്നനായി നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ നഗ്നനായിനിന്നു. ഒന്നു ചുമയ്ക്കാന്‍ പറഞ്ഞു. ഞാന്‍ ചുമച്ചു. അതോടെ മെഡിക്കല്‍ ടെസ്റ്റ്‌ കഴിഞ്ഞു. ട്രാവല്‍സില്‍ തിരിച്ചെത്തി പാസ്പോര്‍ട്ടും അഡ്വാന്സ്‌ തുകയും നല്‍കി. ഒരാള്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു എന്നാണ്‌ എന്റെ ഓര്‍മ്മ. കാരണം, അയാ‌ള്‍ക്ക്  ആസ്ത്മയുടെ തകരാറുണ്ടായിരുന്നു. മുംബെയിലെ പല സ്ഥലങ്ങളും കാണണമെന്നുണ്ടായിരുന്നു. പക്ഷെ മെഡിക്കലും കഴിഞ്ഞ്‌ അഡ്വാന്സ്‌ തുകയും കൊടുക്കുമ്പോഴേക്കും കൈയിലെ കാശൊക്കെ തീര്‍ന്നുപോയിരുന്നു. അന്നു വൈകുന്നേരം തന്നെ ഞങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചു.

പണ്ട്‌ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത മഹാഭാരതം സീരിയലില്‍മാത്രം കണ്ട ശിഖണ്ടിയുടെ തലമുറയെ മുംബെയില്‍ വച്ചു നേരില്‍ കണ്ടു. ഹിഝഠകള്‍ കടകള്‍തോറും കയറിയിറങ്ങി പൈസ വാങ്ങുന്നുണ്ടായിരുന്നു. പ്രകൃതി അവരോട്‌ കാട്ടിയ ക്രൂരതയുടെ കാഠിന്ന്യം ഓര്‍ത്തപ്പോള്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. മക്കളുടെ ലിംഗനിര്‍ണ്ണയം നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ മാതാപിതാക്കള്‍ എവിടെയോ ഉപേക്ഷിച്ച്‌ കളഞ്ഞത്‌. എന്നും സ്വാര്‍ഥതമാത്രം കാട്ടാറുള്ള മനുഷ്യന്റെ അവഗണനയില്‍ ജീവിതത്തിന്റെ പുറമ്പോക്കില്‍ വെക്തിത്വം ഉപേക്ഷിക്കേണ്ടിവന്നവര്‍. ശിഖണ്ടിക്ക്‌ വെക്തിത്വം ഉണ്ടായിരുന്നു. ഒരുപക്ഷെ, മഹാഭാരതം രചിക്കപ്പെട്ട കാലത്ത്‌ ഇക്കൂട്ടര്‍ അവഗണിക്കപ്പെട്ടിട്ടുണ്ടാവില്ല. ചിലപ്പോഴൊക്കെ പ്രകൃതി വല്ലാത്ത ക്രൂരയാവുന്നു.-എനിക്ക്‌ തോന്നി.

പിന്നീട്‌ ഒരു മാസം തികയുന്നതിനു മുന്‍പെ ഞങ്ങള്‍ക്ക് ‌ വീണ്ടും ഒരു ടെലഗ്രാം വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ജൂണ്‍ ഏഴിന്‌ ദുബയിലേക്കുള്ള ഫ്ളൈറ്റ്‌. ഉടന്‍ മുംബെയിലെത്തുക. ഏതാണ്ട്‌ ഒരാഴ്ച മുന്‍പാണ്‌ ടെലഗ്രാം കിട്ടിയത്‌. ജൂണ്‍ അഞ്ചാം തിയതി രാവിലെ വീണ്ടും മുംബെയിലേക്ക്‌ വണ്ടികയറി. ആറാംതിയതി രാവിലെ മുംബെയിലെത്തി. അപ്പോള്‍ അറിഞ്ഞു, മറ്റന്നാള്(ജൂണ്‍ എട്ട്‌) രാവിലെ ആറു മണിക്കാണ്‌ ഫ്ളൈറ്റ്‌. ഞങ്ങള്‍ നേരെ മുന്നെ താമസിച്ചിരുന്ന ലോഡ്ജില്‍ പോയി മുറിയെടുത്തു. നല്ല ക്ഷീണമുണ്ടായിരുന്നു. വേഗം മലയാളി ഹോട്ടലില്‍പോയി ഭക്ഷണം കഴിച്ച്‌ മുറിയില്‍ വന്ന്‌ ഉറങ്ങാന്‍ കിടന്നു. അന്നും ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസില്‍ നിറയെ ഉല്‍ഖണ്ഠയായിരുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ അന്യനാട്ടിലേക്ക്‌ പോവുകയാണ്‌. എനിയെപ്പോഴാണ്‌ തിരിച്ചുവരുക എന്ന്‌ കൃത്യമായി പറയാന്‍ കഴിയില്ല. അങ്ങനെ എന്തൊക്കെയോ ആലോചിച്ചുള്ള കിടത്തത്തില്‍ എപ്പോഴോ ഉറങ്ങി. കിടക്കുന്നതിന്‌ മു‌ന്‍പ്‌  അലാറം വച്ചതിനാല്‍ കൃത്യം നാലുമണിക്ക്‌ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ ഒരുവിധം ചെയ്തെന്ന്‌ വരുത്തിത്തീര്‍ത്ത്‌ നേരെ ട്രാവല്‍സിലേക്ക്‌. അവിടെനിന്ന്‌ വിമാനത്താവളത്തിലേക്ക്‌. ആദ്യത്തെ വിമാന യാത്ര.

വിമാനം പൊങ്ങി. മേഘത്തിന്‌ മുകളിലൂടെ പറക്കുമ്പോള്‍ ആഗ്രഹം തോന്നി, അതിനെ ഒന്നു തൊടാന്‍
കഴിഞ്ഞെങ്കില്‍.... അസാധ്യമായ ചില മോഹങ്ങള്‍ ചിലനേരങ്ങളില്‍ എന്റെ മനസില്‍ തോന്നാറുണ്ട്‌. പിന്നെ ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു ഭൂമിയില്‍ നിന്ന്‌ എത്ര ഉയരത്തിലാണ്‌ ഇപ്പോള്‍! ഈ വിമാനത്തെ താങ്ങി നിര്‍ത്താനുള്ള ശക്തി ഈ മേഖങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍... മേഘത്തിനുമുകളിലൂടെ വിമാനം പറന്നുകൊണ്ടിരിക്കെ ഒരു സുന്ദരിയായ എയര്‍ഹോസ്റ്റസ്‌ ഒരു ട്രേയും തള്ളിക്കൊണ്ടുവന്ന്‌ സീറ്റിനരികില്‍ നിന്നുകൊണ്ടു എന്തോ ചോദിച്ചു. സത്യത്തില്‍ എനിക്കൊന്നും മനസിലായില്ല. ചില വാക്കുകള്‍ മാത്രം മനസിലായി. ഇംഗ്ളീഷിലാണ്‌ ചോദിച്ചത്‌. ട്രേയില്‍ ഭക്ഷണമായിരുന്നതിനാല്‍ ഞാന്‍ ഊഹിച്ചു. കഴിക്കാന്‍ എന്താണ്‌ വേണ്ടത്‌ എന്നാണ്‌ ചോദ്യം. വെജിറ്റബിള്‍ എന്ന വാക്ക്‌ എനിക്ക്‌ മനസിലായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ മറുപടി പറഞ്ഞു-"വെജിറ്റബിള്‍"
 പിന്നീട്‌ വന്ന മറ്റൊരു സുന്ദരി എന്തോ ചോദിച്ചു. എനിക്ക്‌ മനസിലായില്ല.
അവള്‍ വീണ്ടും ആവര്‍ത്തിച്ചു. "ടീ, കൊഫീ, ബീര്‍..."
ഞാന്‍ പറഞ്ഞു-"ടീ"
അവള്‍ ഒഴിച്ചുതന്ന ചായയ്ക്ക്‌ മധുരം ഉണ്ടായിരുന്നില്ല. മുന്പ്‌ തന്ന ഭക്ഷണത്തിന്റെ കൂടെ പഞ്ചസാരയുടെ പേക്കറ്റ്‌ ഉണ്ടായിരുന്നു. അതെനിക്ക്‌ അറിയില്ലായിരുന്നു. ഞാന്‍ പഞ്ചസാര ചേര്‍ക്കാത്ത കട്ടന്‍ചായയുടെ കയ്പ്പ്‌ കുറച്ച്‌ ബുദ്ധിമുട്ടിയാണെങ്കിലും കുടിച്ചിറക്കി. ഏറെ സമയത്തിന്‌ ശേഷം വിമാനം ദുബായ്‌ വിമാനത്താവളത്തില്‍ ഇറങ്ങി.
********* 

(ഇതില്‍ ഒരു തെറ്റ് പറ്റിയിട്ടുണ്ട്. ബോംബെയില്‍ ഇളന്നീര്‍ വിറ്റ്‌ നടന്നത് മമ്മൂട്ടിയല്ല ബഹദൂര്‍ ആയിരുന്നു. ഓര്‍മിച്ചെഴുതിയപ്പോള്‍ പറ്റിയ തെറ്റാണ്. തിരുത്തി വായിക്കണമെന്നപെക്ഷിക്കുന്നു.)

Translate