kharaaksharangal.blogspot.com - KHARAAKSHARANGAL

ചൊവ്വാഴ്ച, നവംബർ 28, 2023

മലയാളികൾ വല്ലാതെ മാറിപ്പോയി

കണ്ണൂർ ജില്ലയിൽ തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കണ്ടാൽ പരിസരവാസികൾ അന്വേഷിക്കുന്ന പതിവുണ്ടായിരുന്നു. നിങ്ങൾ എവിടെനിന്ന് വരുന്നു? എന്താണ് ആവശ്യം എന്നൊക്കെയാണ് അന്വേഷിക്കുക. അത് മറ്റൊന്നും കൊണ്ടല്ല, ഭയം കൊണ്ടും ഒരു മുൻകരുതൽ എന്ന നിലയിലും ആയിരുന്നു. പ്രത്യക്ഷത്തിൽ അതൊരു നെഗറ്റിവ് സമീപനമായി തോന്നാം. എങ്കിലും അതിനൊരു പോസറ്റിവ് വശം കൂടിയുണ്ട്.

ഇപ്പോൾ ഇത് പറയാൻ കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതുമായ വാർത്തകൾ ഇടക്കിടെ കേൾക്കുന്നതുകൊണ്ടാണ്. ഒരുകാലത്ത് ഒരു പ്രദേശത്തെ കുട്ടികൾ ആ പ്രദേശത്തെ എല്ലാവരുടെയും കുട്ടികളായിരുന്നു. കുട്ടികൾ എവിടെയാണ് പോകുന്നതെന്നോ എവിടെയാണ് കളിക്കുന്നതെന്നോ ഒരു അച്ഛനും അമ്മയും അന്വേഷിക്കാറില്ലായിരുന്നു. അന്ന് അത്തരം ഉൽകണ്ഠയുടെ ആവശ്യമില്ലായിരുന്നു. വീട്ടിൽ എത്താൻ വൈകിപ്പോയാൽ മാത്രമാണ് അച്ചൻറെയോ അമ്മയുടെയോ കൈയിൽ നിന്നും തല്ലൊക്കെ കിട്ടിയിരുന്നത്. അത് ആരെങ്കിലും തട്ടിക്കൊണ്ടുപോവുമെന്നോ ഉപദ്രവിക്കുമെന്നോ ഉള്ള ഭയം കൊണ്ടായിരുന്നില്ല സന്ധ്യയാവുമ്പോൾ വീടണയുക എന്ന അലിഖിതനിയമം സമൂഹത്തിൽ ഉള്ളതുകൊണ്ടായിരുന്നു. ഇപ്പോൾ കാലം മാറി. നാടിന്റെ അവസ്ഥയും മാറി. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറി. എന്റെ കുട്ടി, നിന്റെ കുട്ടി, അവന്റെ / അവളുടെ കുട്ടി എന്ന രീതിയിലേക്ക് മലയാളികളുടെ മനോഭാവവും മാറി. എങ്ങനെയും കാശുണ്ടാക്കുക പെട്ടെന്ന് സമ്പന്നരാവുക, അവന്റെ / അവളുടെ കുട്ടിയേക്കാൾ മിടുക്കനായി / മിടുക്കിയായി എന്റെ കുട്ടിയെ വളർത്തണം എന്നൊക്കെയാണ് ജീവിതലക്‌ഷ്യം തന്നെ.
എന്തുതന്നെയായാലും മലയാളികളുടെ ജീവിതരീതിയിൽ ചില മാറ്റണങ്ങളൊക്കെ ആവശ്യം തന്നെയാണ്. വീടിന്റെ പരിസരത്തൊക്കെ പരിചയമില്ലാത്ത ആളുകളോ വാഹനങ്ങളോ കണ്ടാൽ ഒന്ന് അന്വേഷിക്കുന്നതും ശ്രദ്ധിക്കുന്നതും നല്ലതാണ്. നമ്മൾ അവനവനിലേക്ക് മാത്രം നോക്കാതെ ചുറ്റുപാടുകളിലേക്ക്കൂടി നോക്കണം. എങ്കിൽ മാത്രമേ നമ്മുടെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാവുകയുള്ളു. മിക്കവീടുകളുടെയും മുൻവാതിലുകൾ അടഞ്ഞുകിടക്കുന്നുണ്ടാവും. വീടുകളിൽ ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളു. ഒരാൾ മാത്രമുള്ള വീട് തുറന്നിടുക എന്നതും അത്ര സുരക്ഷിതമല്ല. വാതിലുകൾ അടഞ്ഞുകിടന്നാലും തുറന്നുകിടന്നാലും വീട്ടുമുറ്റത്തുപോലും ആരെങ്കിലും വന്നാൽ അറിയാത്ത അവസ്ഥയിലേക്ക് കേരളസമൂഹത്തിന്റെ ജീവിതം ചുരുങ്ങിപ്പോയിട്ടുണ്ട്. അയല്പക്കത്തെ വീട്ടുമുറ്റത്ത് അപരിചിതരായ ആരെയെങ്കിലും കണ്ടാലും ആരും ഗൗനിക്കാറില്ല.
*****

തിങ്കളാഴ്‌ച, ജൂലൈ 10, 2023

ഊദ്, പ്രണയം എന്ന ഉന്മാദാവസ്ഥനോവലെഴുതുക എന്നത് വളരെയധികം ക്ഷമയും മാനസികമായ അധ്വാനവും ആവശ്യമുള്ള ഒരു സംഗതിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വായിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല.
2022 ൽ ഡിസി ബുക്സ് നടത്തിയ നോവൽ രചനാ മത്സരത്തിൽ അവസാന ലിസ്റ്റിൽ ഉൾപ്പെട്ട ഒരു നോവലാണ് ഷാമിന ഹിഷാമിൻറെ 'ഊദ്.' ഡിസി ബുക്ക്സ് തന്നെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വളരെ എളുപ്പത്തിൽ വായനക്കാരുടെ മനസ്സിലേക്ക് പതിയുന്ന രീതിയിലാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. ഊദിന്റെ ഗന്ധമുള്ള ആത്തി എന്ന പെൺകുട്ടിക്ക് ഒരു ചെമ്പോത്തിനെ കണ്ടപ്പോൾ അതിനോട് തോന്നുന്ന ആകർഷണവും ആ ചെമ്പോത്ത് ഒരു ജിന്നാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നതോടെ ആത്തിയും ജിന്നും തമ്മിലുണ്ടാവുന്ന ഗാഢമായ പ്രണയവുമാണ് നോവലിന്റെ ഇതിവൃത്തം. ആത്തിയുടെ ഉപബോധമനസ്സിൽ വല്ലിമ്മ പറഞ്ഞുകൊടുക്കാറുണ്ടായിരുന്ന ജിന്നിന്റെ കഥ ആത്തിയോടൊപ്പം വളരുകയായിരുന്നു. രണ്ടു മനുഷ്യർക്ക് പരസ്പരം തോന്നുന്ന വെറുമൊരു ആകർഷണം മാത്രമല്ല പ്രണയം, അതൊരു ഉന്മാദാവസ്ഥയാണ്. അത്തരം ഒരു അവസ്ഥയിലൂടെ വായനക്കാർ കടന്നുപോവുകയാണ് ഈ നോവലിലൂടെ. എല്ലാ പ്രണയത്തിനും ഉണ്ടാവും ഒരു ഗന്ധം. ഇതിലെ പ്രണയത്തിനു ഊദിന്റെ ഗന്ധമാണ്.
ഇത് ഒരു സ്ത്രീപക്ഷ രചനയാണ് എന്നുമാത്രമല്ല, വായിക്കുന്നത് പുരുഷനായാലും ഒരു പുരുഷപക്ഷ വിലയിരുത്തലിന് ഒട്ടും അനുവദിക്കാത്തവിധത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഞങ്ങൾ പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളുടെ മനസ്സ് ഒരു നിഗൂഢമായ ലോകമാണ്. അതുകൊണ്ടുതന്നെ അവരുടെ മനസ്സിനെ ശരിയായ രീതിയിൽ എഴുതി പ്രതിഫലിപ്പിക്കാൻ സാധികാറില്ല. പുരുഷന്മാർ എഴുതുന്നതെല്ലാം ഭാവനാലോകത്ത് നിന്ന്കൊണ്ട് മാത്രമായിരിക്കും. സ്ത്രീ മനസ്സിനെ ശരിയായ രീതിയിൽ തുറന്നെഴുതാൻ സാധിക്കുക സ്ത്രീകൾക്ക് തന്നെയാണ്. പക്ഷേ പല സ്ത്രീകളും അങ്ങനെ ഒരു തുറന്നെഴുത്തിന് തയ്യാറാവാറില്ല എന്നാണ് എന്റെയൊരു തോന്നൽ. മാധവിക്കുട്ടിയെപ്പോലെ അപൂർവ്വം ചിലരൊക്കെ ഉണ്ടായിരിക്കാം. ഷമിന ഹിഷാം സ്ത്രീമനസ്സിനെ തുറന്നുകാട്ടാൻ മനക്കരുത്തുള്ള എഴുത്തുകാരിയാണ് എന്ന് ഈ നോവൽ വായിക്കുമ്പോൾ ബോധ്യമാവുന്നുണ്ട്.
ആദ്യം വളരെ അലസമായിട്ടാണ് വായിച്ചുതുടങ്ങിയതെങ്കിലും ക്രമേണ കഥയുടെ പിരിമുറുക്കം കൂടിവരുകയാണ്. നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ നോവലിന്റെ പേര് പോലെ തന്നെ ഊദിന്റെ ഗന്ധം നിലനിർത്താൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. പ്രതീക്ഷ നൽകുന്ന ഒരു എഴുത്തുകാരിയാണ് ഷമിന ഹിഷാം. എഴുത്തുകാരിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
***

Translate