kharaaksharangal.blogspot.com - KHARAAKSHARANGAL

ചൊവ്വാഴ്ച, നവംബർ 15, 2011

ഹരിതശോഭയില്‍ ഒരു പെരുന്നാള്‍ അവധി

കണ്ടല്‍ക്കാട് കാണാന്‍ ഖത്തറിലെ ഇന്റര്‍നെറ്റ്‌ സുഹൃത്തുക്കള്‍

നവംബര്‍ ആറാം തീയതി വലിയ പെരുന്നാള്‍ കഴിഞ്ഞു. എട്ടാം തിയ്യതിവരെ അവധിയാണ്. പറഞ്ഞുറപ്പിച്ചപോലെ ഏഴാം തീയതി ഖത്തറിലെ ബ്ലോഗെഴുത്തുകാരും ഫേസ്ബുക്ക് സുഹൃത്തുക്കളും ചേര്‍ന്ന് അല്‍ഖോറിലെ അല്‍തക്കിറ എന്ന സ്ഥലത്തെ ഹരിതാഭമായ കണ്ടല്‍ക്കാട് കാണാന്‍ പോകാന്‍ തയ്യാറായി നിന്നു. കാലത്ത് പതിനൊന്നു മണിക്ക് മുന്‍പേ എല്ലാവരും ദോഹയിലെ ഹോട്ടല്‍ റമദയ്ക്ക് സമീപത്തു സുനില്‍ പെരുമ്പാവൂരിന്റെ താമസ സ്ഥലത്ത് എത്തിയിരുന്നു. ബാക്കി ഒന്ന് രണ്ടുപേര്‍ അല്‍ഖോറില്‍ എത്തിക്കോളാമെന്നു ഏറ്റിട്ടുണ്ടായിരുന്നു. സുനില്‍ തന്നെയാണ് ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന് അടുത്ത് കാറുമായ്‌വന്ന് എന്നെയും കൂട്ടി ഹോട്ടല്‍ റമദയുടെ അടുത്ത് വരെ എത്തിച്ചത്. അപ്പോള്‍ അയാളുടെ  കാറില്‍ കവി സുദര്‍ശനന്‍മാഷും ഹിന്ദിയിലും മറാട്ടിയിലും മലയാളത്തിലും കഥയെഴുതുന്ന രാജേഷ് കുമാറും ഉണ്ടായിരുന്നു. രാജന്‍ജോസഫ് താമസിക്കുന്നിടത്ത്‌ പോയി അദ്ദേഹത്തെയും കൂട്ടിയാണ് ഹോട്ടല്‍ റമദയുടെ അടുത്ത് എത്തുന്നത്. അവിടെനിന്നു സുനിലിന്റെ നേതൃത്വത്തില്‍ മൂന്നു കാറുകളിലായി അല്‍ഖോറിലേക്ക് യാത്ര തിരിച്ചു. ഞാന്‍ കയറിയിരുന്നത് കവിയായ രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കാറിലായിരുന്നു. കൂടെ നാമൂസ്, രാജന്‍ജോസഫ്, സുദര്‍ശനന്‍ മാഷ്‌.

ഞാന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍:


 

രാജന്‍ജോസഫും നാമൂസും രാമചന്ദ്രനും ചര്‍ച്ചകളിലായിരുന്നു. ഇടയ്ക്ക് സുദര്‍ശനന്‍മാഷും അവരോടൊപ്പം ചേര്‍ന്നു. ഞാന്‍ ആദ്യമേ മുന്‍‌കൂര്‍ജാമ്യം എടുത്തിരുന്നു. 'ഞാനൊരു മിതഭാഷിയാണ്. ഞാന്‍ നിങ്ങളെപ്പോലെ സംസാരിച്ചുകൊണ്ടിരിക്കില്ല.' രാജന്‍ജോസഫ് ഇടയ്ക്കിടെ എന്നെ തട്ടിയും മുട്ടിയും സംസാരിക്കാന്‍ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസവും ഭഗവത്ഗീതയും ഖുര്‍ആനും ബൈബിളും നാട്ടിലെ ആനുകാലിക രാഷ്ട്രീയ-സാംസ്കാരിക സംഭവങ്ങളും വരെ പരാമര്‍ശിക്കപ്പെട്ട ഒരു ചര്‍ച്ചയായിരുന്നു അത്. അങ്ങനെ  ചര്‍ച്ചകള്‍ ചെയ്തും ചര്‍ച്ചകള്‍ കേട്ടും നമ്മള്‍ അല്‍ഖോറിലെത്തി. അവിടെ ഒരു റസ്റ്റോറന്റില്‍ കയറി ബിരിയാണി കഴിച്ചു (ചിലവു വഹിച്ച സുനില്‍ പെരുമ്പാവൂരിനും ഇസ്മയില്‍ കുറുംപടിക്കും നമൂസിനും  നജീംറഹമാനും നന്ദി.)  വീണ്ടും യാത്ര. അല്‍ഖോറില്‍ എത്താം എന്ന് ഏറ്റിരുന്നവര്‍ അവിടെ എത്തിയിരുന്നു. സുദര്‍ശനന്‍മാഷ്‌ അവരുടെ കാറിലേക്ക് മാറി. അല്‍പസമയം കൂടി യാത്ര ചെയ്തപ്പോള്‍ നമ്മള്‍ അവിടെ ലക്ഷ്യ സ്ഥാനത്ത് എത്തി. മരുഭൂമിയുടെ ഒരറ്റത്ത് അറബിക്കടലിന്റെ ഓരം ചേര്‍ന്ന് ഹരിതാഭാമായൊരു ചതുപ്പ് പ്രദേശം.

എന്നും എവിടെയും സംസ്കാരത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വാചാലരാവുന്ന നമ്മള്‍ കേരളീയര്‍ സംരക്ഷിക്കാതെ വെട്ടിമാറ്റുന്ന കണ്ടല്‍ക്കാടുകള്‍ ഇവിടെ ഈ മരുഭൂമിയില്‍ കമ്പോള സംസ്കൃതിയിലൂടെമാത്രം കടന്നു പോവുന്ന ഒരു സര്‍ക്കാരും ജനതയും എത്ര ശ്രദ്ധയോടെയാണ് സംരക്ഷിക്കുന്നതെന്ന്  അത്ഭുതത്തോടെ ചിന്തിച്ചുപോയി.

ഇസ്മയില്‍ കുറുമ്പടിയില്‍ (http://www.shaisma.com)നിന്ന് കടമെടുത്ത ചിത്രങ്ങള്‍:
  

നടന്നുപോകുന്ന വഴികളിലും കണ്ടല്‍ക്കാടിനു നടുവിലെ വിശാലമായ സമതലത്തിലും സമതലത്തിനു നടുവില്‍ ഒറ്റയാനായി അഹങ്കാരത്തോടെ ചരിഞ്ഞുകിടക്കുന്ന വെളുത്ത നിറമുള്ള വലിയ പാറയിലും മാലയില്‍ കോര്‍ക്കുന്നതുപോലുള്ള ചെറിയ ശംഖുകള്‍ കല്‍ചരലുകള്‍ പോലെ ചിതറിക്കിടന്നിരുന്നു. ഇത് തെളിയിക്കുന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ സ്ഥലവും കടലിനടിയില്‍ ആയിരുന്നു എന്നാണല്ലോ! ശംഖുകള്‍ കൈകൊണ്ട് പെറുക്കിയെടുത്ത് സൂക്ഷിച്ചു നോക്കി. അതെ, പൂര്‍ണ്ണരൂപത്തിലുള്ള ശംഖുതന്നെ. എനിക്കൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ചെറുശംഖുകള്‍ പെറുക്കി അവള്‍ക്കു കൊണ്ടുക്കൊടുക്കാമായിരുന്നു, മാലകോര്‍ക്കാന്‍. പെറുക്കിയെടുത്ത ശംഖുകള്‍ ഭൂമിദേവിക്ക് തന്നെ തിരിച്ചുനല്‍കി.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഷാനവാസ് എളച്ചോല(http://www.facebook.com/shachola)അല്‍പനേരം വട്ടമിട്ടിരുന്ന് പരസ്പരം പരിചയപ്പെടുത്തി. പരിചയപ്പെടുത്തലിനിടയില്‍ സുദര്‍ശനന്‍മാഷും നാമൂസും സ്റ്റീവ് എന്ന കൊച്ചു ബാലനും കവിതകള്‍ ചൊല്ലി. സുനില്‍ പാട്ടുപാടി. പിന്നെ കടല്‍ക്കരയിലേക്ക്‌. കടലിന്റെ തീരത്ത് എല്ലാ തീരത്തെയും പോലെ മണല്‍ ആയിരുന്നില്ല. നേരത്തെ എഴുതിയത് പോലെ ഒരുതരം പാറ. കണ്ടാല്‍ കോണ്ക്രീറ്റ്പോലെ തോന്നും. അപ്പോള്‍ കൂടെയുണ്ടായിരുന്ന അസീസ് മാഷ്‌ പറഞ്ഞു-'ഇതാണ് അവസാതശില.' എല്ലാവരും കടലിലേക്കിറങ്ങി. ഞാനും നിക്കു കേച്ചേരിയും കരയില്‍ നിന്നു. കടല്‍ കടന്നുവരുന്ന കാറ്റ് ഇക്കിളി കൂട്ടുന്ന കണ്ടല്‍ചെടികളുടെ കൊഞ്ചിക്കൊഴയല്‍ കണ്ട്, കരയോട് തോറ്റുപിന്മാറിയ കടലിന്റെ ശാന്തത കണ്ട്...... അങ്ങനെ.https://picasaweb.google.com/102081287394634585754/azwSp

സൂര്യന്‍ അറബിക്കടലിന്റെ അപ്പുറത്ത്  മറയാനായി കുങ്കുമപ്പൊട്ടിന്റെ രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്നു. സമതലത്തില്‍ ചിതറിക്കിടക്കുന്ന കൊച്ചു ശംഖുകള്‍ക്ക് മേലെ വരാനിരിക്കുന്ന സന്ധ്യയുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങി. അപ്പോഴും കണ്ടല്‍ചെടികള്‍ കടലിനോടും കാറ്റിനോടും ഒരേസമയം കിന്നരിക്കുകയും കൊഞ്ചിക്കുഴയുകയും ചെയ്യുന്നു. കണ്ട് കൊതിതീരാതെ വീണ്ടും വീണ്ടും പിന്നോട്ട് തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു മടക്കയാത്ര. ഇസ്മയില്‍ കുറുമ്പടിയുടെ കാറില്‍ ഞാനും സുനിലും സുദര്‍ശനന്‍മാഷും നിക്കു കേച്ചേരിയും, ഒരു പെരുന്നാള്‍ അവധിയുടെ നിത്യ ഹരിത സ്മരണകളുമായി ശാന്തതയോടെ തിക്കും തിരക്കും നിറഞ്ഞ, ശബ്ദമുഖരിതമായ ദോഹ നഗരത്തിലേക്ക്.
***Translate