പുരോഗമനവും പരിഷ്കാരവും വ്യത്യസ്ഥ ലക്ഷ്യങ്ങളിലേക്കുള്ള വ്യത്യസ്ഥ മാർഗ്ഗങ്ങളാണെന്നും പരിഷ്കാരത്തിന്റെ ഓരങ്ങളിൽ നവമുതലാളിത്തം അവരുടെ കമ്പോളങ്ങൾ തീർത്തിട്ടുണ്ടെന്നുമുള്ള തിരച്ചറിവ് ഒരു പുരോഗമനവാദിക്കുണ്ടായിരിക്കണം. അത്തരം തിരിച്ചറിവുകളാണ് പുരോഗമനവാദിക്ക് ചരിത്രനിർമ്മാണത്തിൽ തന്റെ പങ്ക് നിർവ്വഹിക്കാൻ സാദ്ധ്യമാക്കുന്നത്. വസ്ത്രധാരണമായാലും ലൈംഗീകതയായാലും വിശ്വാസങ്ങളായാലും താൻ വിളിച്ചുപറയുന്നതും എഴുതുന്നതും പുരോഗമനമാണോ പരിഷ്കാരമാണോ എന്നതും നിലവിലുള്ള പൊതുബോധത്തെ മൊത്തത്തിൽ പൊളിച്ചുപണിയലല്ല പുരോഗമനമെന്നും ഉള്ള ധാരണക്കുറവ് സൈബറിടങ്ങളില പുരോഗമനവാദികളായ ചിലരിലെങ്കിലും ഉണ്ടാവുന്നുണ്ട് എന്നത് നിരാശാജനകമാണ്.
വീണ്ടും വീണ്ടും വസ്ത്രധാരണത്തെക്കുറിച്ച് തന്നെ എഴുതേണ്ടിവരുന്നത് അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. ഒരു ജനാധിപത്യസമൂഹത്തിൽ എങ്ങനെയുള്ള വസ്ത്രവും ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ അതിന്റെ അപാകതകൾ ചൂണ്ടിക്കാട്ടാനുമുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഇല്ലെങ്കിൽ ഉണ്ടായിരിക്കണം. ആ വസ്ത്രധാരണവും അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുരോഗമാനമാവുന്നതും അല്ലാതാവുന്നതും ഇരുവിഭാഗവും മുന്നോട്ട് വയ്ക്കുന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്.
വർഷങ്ങൾക്കുമുൻപ് ആഗോളവൽക്കരണത്തിന്റെ തുടക്കത്തിൽ സൗന്ദര്യമത്സരം എന്ന പുത്തൻ ഉല്പ്പന്നം കേരളത്തിൽ ഇറക്കുമതിചെയ്യപ്പെടുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചതും തടയാൻ ശ്രമിച്ചതും പുരോഗമനവനിതാസംഘടനകളും വ്യക്തികളുമായിരുന്നു. ആ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വസ്ത്രധാരണസംസ്കാരവും സൗന്ദര്യവർദ്ധകവസ്തുക്കളുടെ ഉപയോഗവും ഇന്ന് നമ്മൾ കാണുന്ന അവസ്ഥയിലേക്ക് മാറുന്നത് ആഗോള കച്ചവട ലോബി വളരെ തന്ത്രപൂർവ്വം നമ്മുടെ മസ്തിഷ്ക്കത്തിനകത്ത് കയറിക്കൂടി നമ്മുടെ സൗന്ദര്യബോധത്തെ നിയന്ത്രിക്കുന്നതിൽ വിജയിച്ചതുകൊണ്ടാണ്. അതിന്റെ ഫലമാണ് നമ്മുടെ ചിന്തകളെയും വസ്ത്രസങ്കല്പങ്ങളെയും ഭക്ഷണസങ്കല്പങ്ങളെയും പ്രാദേശികമായ ആചാര-അനുഷ്ടാനങ്ങൾപോലും ആഗോള കച്ചവട ലോബിയുടെ പൂർണ്ണ നിയന്ത്രണത്തിലേക്ക് മാറ്റിയെടുക്കാൻ അവർക്ക് സാധിച്ചതും പുരോഗമനവാദികളടക്കമുള്ള മനുഷ്യർ വെറുമൊരു റോബോട്ടുകളെപ്പോലെ അവരുടെ ഉല്പ്പന്നങ്ങളുടെ മഹത്വം പാടിപ്പുകഴ്ത്ത്തുന്ന തരത്തിലേക്ക് നിലവാരമില്ലാത്തവരായിപ്പോയതും എന്ന് പറയാതെ വയ്യ.
പതിറ്റാണ്ടുകൾക്ക് മുൻപ് സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് പാടത്ത് ജോലി ചെയ്തു കൊണ്ടിരുന്ന സ്ത്രീകളുടെ മാറിടം നോക്കി രസിക്കുന്ന ജന്മിത്തത്തിനെതിരെ അരിവാൾകൊണ്ട് സ്വന്തം മുലയറുത്ത് പ്രതിഷേധിച്ച പുലയിപ്പെണ്ണിനെ നമുക്ക് മറക്കാനാവില്ല. അന്ന് മാറിടം മറക്കാൻ ആഗ്രഹിച്ചു, സ്ത്രീ സമൂഹം എങ്കിൽ ഇന്നത് ആളുകൾ കണ്ടാൽ എന്താണെന്ന് ചോദിക്കുമ്പോൾ ആ പുലയിപ്പെണ്ണിന്റെ രക്തസാക്ഷിത്വം എന്തിനുവേണ്ടിയായിരുന്നു എന്ന് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
വസ്ത്രം ശരീരം മറക്കാൻവേണ്ടിയാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. അതേസമയം അത് പലയിടങ്ങളിൽ പലരീതിയിൽ ആകർഷിക്കപ്പെടാൻ കൂടിയാണ്. ജോലി സ്ഥലങ്ങളിൽ ക്ളൈന്റിനെ ആകർഷിക്കാൻ (അത് ഏത് രീതിയിൽ ആയിരിക്കണം?), കൂട്ടുകാർക്കിടയിൽ കൂട്ടുക്കാരെ ആകർഷിക്കാൻ, പൊതുരംഗത്ത് സഹപ്രവർത്തകർക്ക് മാതൃകയാവാൻ, പ്രണയിക്കുമ്പോൾ ഇണയെ ആകർഷിക്കാൻ..... പക്ഷെ, എല്ലായിടങ്ങളിലും വസ്ത്രധാരണം വ്യത്യസ്ഥമാണ്. ആ വ്യത്യസ്ഥതതന്നെയാണ് അതിന്റെ ശ്ലീലവും അശ്ലീലവും നിശ്ചയിക്കുന്നത്.
***