kharaaksharangal.blogspot.com - KHARAAKSHARANGAL

വ്യാഴാഴ്‌ച, മാർച്ച് 24, 2011

വിരസമാവുന്ന മാദ്ധ്യമദൃശ്യങ്ങള്‍

ചിലപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ നമുക്ക് വല്ലാതെ അരോചകം ആകുന്നു. മറ്റുചിലപ്പോള്‍ ആസ്വാദ്യകരമാവുന്നു. അവസാനം എല്ലാം നീര്‍ക്കുമിളകണക്കെ നമ്മുടെ മനസില്‍നിന്നു മായുമ്പോള്‍ മാദ്ധ്യമങ്ങളുടെ ധര്‍മ്മം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. 

മേല്‍പ്പറഞ്ഞ  അരോചകവും ആസ്വാദനവും പ്രേക്ഷകരുടെ അഭിരുചിയെ ആശ്രയിച്ചാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

സ്ക്രീം സംഭവവുമായി ബന്ധപ്പെട്ട്‌ കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലുകള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ ദിവസങ്ങളോളം ഉത്സവം പോലെ ആഘോഷിച്ചപ്പോള്‍ മലയാളികളില്‍ പകുതിയോളം പേരെങ്കിലും ശരിക്കും ആസ്വദിച്ചിട്ടുണ്ടാവും. എല്ലാ മാദ്ധ്യമങ്ങളും കുഞ്ഞാലിക്കുട്ടിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെയും കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത റൌഫിനെ അതിവിദഗ്ധമായി സംരക്ഷിക്കുകയായിരുന്നു. റൌഫിനു നായകപരിവേഷം കൈവരുന്നതുപോലെ തോന്നിയിരുന്നു, ചിലപ്പോഴൊക്കെ. വിഷയം ഒരു സാമൂഹ്യപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്ന അജിതയെ പോലുള്ളവര്‍ തല്ക്കാലത്തേക്കെങ്കിലും ഉത്സവത്തിന്റെ പെരുമഴയില്‍ അകലെ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.

ഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും വി.എസ്‌.അച്യുതാനന്തന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ വി.എസ് നെ നായകനായും പിണറായിയെ ഒരു വില്ലനായും മൂന്നാംകിട വാണിജ്യ സിനിമപോലെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു. ഒരു യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റിന്റെയും ഒരു ആധുനികകമ്മ്യൂണിസ്റ്റിന്റെയും സ്റ്റാലിനിസ്റ്റ് ചട്ടക്കൂടില്‍ വളര്‍ന്നുവന്ന ആശയങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് ഇതെന്ന പരമാര്‍ത്ഥം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുകയായിരുന്നു. ഇപ്പോഴും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇങ്ങനെ ചെയ്യുന്നതില്‍ രാഷ്ട്രീയ നിരീഷകരെയും മറ്റു നേതാക്കളെയും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. പകരം സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ശരിയായ രീതിയില്‍ വോട്ടവകാശം നിര്‍വ്വഹിക്കാന്‍ ജനങ്ങളെ സഹായിക്കുന്ന ഒരു പരിപാടിയും ദൃശ്യമാദ്ധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയോ മറ്റോ ആണ് ഇതിനു അപവാദമായിട്ടുള്ളത്. അതുതന്നെ ആരെയും സംസാരിക്കാന്‍ അനുവദിക്കാത്ത അപക്വരായ സ്ഥിരം സദസ്യരെ വച്ചാണ്. ഒരു വാണിജ്യസിനിമയുടെ പൊലിമയോടെ അത്തരം പരിപാടികള്‍ സാധ്യമാവില്ല എന്നതും പരസ്യക്കമ്പനികള്‍ അത്തരം പരിപാടികള്‍ക്ക് കാശുമുടക്കില്ല എന്നതുമായ യാഥാര്‍ത്യവും നമുക്ക് മുന്നിലുള്ളത് വിസ്മരിച്ചുകൂടാ. പൊലിമയില്ലാത്ത പരിപാടികള്‍ കാണാന്‍ ഇന്നത്തെ കേരള സമൂഹത്തില്‍ ആളുകള്‍ കുറവാണുതാനും.

ടമലയാര്‍ കേസിന്റെ കോടതിവിധിയെ തുടര്‍ന്ന് ബാലകൃഷ്ണപ്പിള്ളയ്ക്ക് കോടതിയില്‍ കീഴടങ്ങാനും അവിടെ നിന്ന് ജയിലില്‍ എത്തി തടവുപുള്ളിയായി മാറാനും അദ്ദേഹത്തിനു വേണ്ടിവന്നത് അഞ്ചോ ആറോ മണിക്കൂറുകളായിരുന്നു. പക്ഷെ, അതുസമ്പന്ദിച്ച വാര്‍ത്തകള്‍ക്കായി പന്ത്രണ്ടു മണിക്കൂറില്‍ കുടുതല്‍ ഉപയോഗിച്ചു എല്ലാ ദൃശ്യമാദ്ധ്യമങ്ങളും.

കുടുംബവഴക്കിന്റെയോ വ്യക്തിവിധ്വേഷതിന്റെയോ പേരില്‍ നടന്ന കൊലപാതകങ്ങളുടെ ചരിത്രം ചികഞ്ഞെടുത്ത് ദൃശ്യാവിഷ്കാരം നല്‍കി സ്വീകരണമുറിയിലെത്തിക്കുന്ന എഫ്.ഐ.ആര്‍, ക്രൈംസ്റ്റോറി പോലുള്ള പരിപാടികള്‍ ജനങ്ങളുടെ ക്രിമിനല്‍ മനസിനെ പ്രീതിപ്പെടുത്തുക എന്നല്ലാതെ മറ്റെന്താണ് അതിന്റെ പിന്നിലെ ഉദ്ദേശ്യം?

ത്തരം സന്ദര്‍ഭങ്ങളിലാണ് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ചിലത് അരോചകവും മറ്റുചിലത് ആസ്വാദ്യകരവും എന്നതിന്റെ പ്രസക്തി. ഒരേ പരിപാടിതന്നെ ഒരുകൂട്ടരെ ആസ്വദിപ്പിക്കുമ്പോള്‍ മറ്റൊരു കൂട്ടരില്‍ അരോചകം ഉളവാക്കുന്നു. അത്തരം പരിപാടികള്‍ സമൂഹത്തില്‍ ഗുണകരമായ (കുറഞ്ഞപക്ഷം ആസ്വാദകരിലെങ്കിലും) ഒരു മാറ്റവും ഉണ്ടാക്കുന്നുമില്ല. ഇത് വിദ്യാസംഭന്നരെന്നു അഹങ്കരിക്കുന്ന കേരളസമൂഹത്തിന്റെ ദുരന്തം തന്നെയാണ്.  

Translate