kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, ജൂലൈ 25, 2020

കപ്പേള


ഫോൺ നമ്പറിലെ ഒരു അക്കം മാറിപ്പോയപ്പോഴാണ് ജെസ്സി (അന്ന ബെൻ) വിഷ്ണുവുമായി (റോഷൻ മാത്യു) പരിചയപ്പെടുന്നത്. ഏതാനും മെസ്സേജുകളിലൂടെ അടുക്കുന്ന നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരി ജെസ്സി താൻ ഇതുവരെ കാണാത്ത വിഷ്ണുവുമായി കടുത്ത പ്രണയത്തിലേക്ക് വഴിമാറുന്നത് വളരെ പെട്ടെന്നാണ്. പക്ഷെ, സിനിമ അവസാനിക്കുന്നതിന് അല്പം മുൻപ് മാത്രമാണ് ഇതുവരെ നടന്നതൊന്നും പ്രണയമായിരുന്നില്ലെന്ന് ജെസ്സിയും പ്രേക്ഷകരും തിരിച്ചറിയുന്നത്.
ഇതുവരെ കാണാത്ത ചെറുപ്പക്കാരുമായി മൊബൈൽ ഫോൺ വഴി പ്രണയത്തിലാവുന്ന ഒരു ജെസ്സി മാത്രമല്ല. ഇതുപോലെയുള്ള പെൺകുട്ടികൾ ധാരാളമുണ്ടാവാം. അവരുടെയൊക്കെ കഥയാണിത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കടൽ കാണണമെന്നത് ജെസ്സിയുടെ ആഗ്രഹമായിരുന്നു. വഞ്ചിക്കപ്പെട്ടുപോയ മാനസിക ആഘാതത്തിലായിരുന്നിട്ടും, തന്റെ രക്ഷകനായി എത്തുന്ന റോയിയോട് (ശ്രീനാഥ് ഭാസി) കടൽ കാണിച്ചുതരുമോ എന്ന ചോദ്യം ഇതുവരെ കടൽ കാണാത്ത പെണ്കുട്ടികളിലൊക്കെ ഉണ്ടായിരിക്കും. ഈയൊരു മോഹവും ജെസ്സി വിഷ്ണുവുമായി പങ്കിടുന്നുണ്ട്. കടൽ കാണിച്ചുതരാമെന്നു വിഷ്ണു ജെസ്സിക്ക് വാക്കുനല്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ പുരുഷന്മാർക്ക് കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും സ്ത്രീകൾക്ക് പരിമിതമായ സ്വാതന്ത്ര്യം മാത്രം അനുവദിക്കപ്പെടുന്ന സമൂഹത്തിൽ അവരെ സംബന്ധിച്ച് ഇതൊരു വലിയ ചോദ്യമാണ്.
ഇതിൽ പ്രണയമുണ്ട്. പ്രണയത്തിലെ ചതിക്കുഴികളുണ്ട്. വാർധക്യത്തിലും കാമുകിക്ക് പ്രണയലേഖനം എഴുതുന്ന ഒരു റിട്ടയേർഡ് അധ്യാപകനെ കാണിക്കുന്നുണ്ട്. ദാക്ഷായണി, കൊയിലാണ്ടി, കോഴിക്കോട് എന്ന മേൽവിലാസത്തിൽ എഴുതുന്ന ആ ഒരേയൊരു കത്ത് എടുക്കാൻ വേണ്ടിയാണ് പോസ്റ്റുമാൻ തപാൽപെട്ടി തുറക്കുന്നത്. നിങ്ങൾക്കൊരു മൊബൈൽ ഫോൺ വാങ്ങിക്കൂടെ മാഷെയെന്നു പറഞ്ഞ് പോസ്റ്റുമാൻ അയാളെ കളിയാക്കുകയും ചെയ്യുന്നുണ്ട്. കാത്തിടപാടുകൾ നടത്തിയ പഴയതലമുറയുടെയും മൊബൈൽ ഫോണിലൂടെ മെസ്സേജുകൾ അയച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറയുടെയും പ്രണയത്തിലെ വ്യത്യാസം ഈ സിനിമ സൂചന നൽകുന്നുണ്ട്. പുതിയ കാലത്തെ സത്യസന്ധമായ പ്രണയമായി പരുക്കൻ സ്വഭാവക്കാരനായ റോയിയുടെയും (ശ്രീനാഥ് ഭാസി) ആനിയുടെയും (തൻവി റാം) പ്രണയവുമുണ്ട്.
സംവിധായകൻ മുഹമ്മദ് മുസ്തഫ നല്ല കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാവരും നന്നായിത്തന്നെ അഭിനയിച്ചു. നാട്ടിൻപുറത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ ക്യാമറാമാനും വിജയിച്ചിരിക്കുന്നു.
***

Translate