kharaaksharangal.blogspot.com - KHARAAKSHARANGAL

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

നിര്‍വ്വചനങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍

കുറച്ചു കാലമായി ഇന്ത്യയില്‍ ചില പ്രമുഖവ്യക്തികള്‍  അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേവലം ഒരു വിവാദം എന്നതിലപ്പുറം സുപ്രിംകോടതിയിലെ അഭിഭാഷകരുടെ ചേമ്പറില്‍ ഇരിക്കുകയായിരുന്ന പ്രശാന്ത്ഭൂഷണെ കൈയേറ്റം ചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു അത്.

അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക്നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും അക്രമങ്ങള്‍ ഉണ്ടാവുന്നതും രാജ്യസ്നേഹികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ നിന്നാണ്. തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരിക ജനാധിപത്യ സംവിധാനത്തില്‍ സാധാരണമാണ്. പക്ഷെ പ്രശാന്ത്ഭൂഷണ് നേരെയുണ്ടായ അക്രമം പോലുള്ള നടപടികള്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സാധാരണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, അത് രാജ്യസ്നേഹത്തിന്‍റെ പേരിലാണെങ്കില്‍പോലും. 

മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍നിന്നും ഉയര്‍ന്നുവരുന്ന ചില സംശയങ്ങള്‍ ഉണ്ട്.
1. ജനാധിപത്യ വ്യവസ്ഥിതിയില്‍ നിര്‍വ്വചനങ്ങള്‍ (ഏതിനെക്കുറിച്ചാണെങ്കിലും) മതവിശ്വാസം പോലെ അടിച്ചേല്പിക്കേണ്ട ഒന്നാണോ?
2 . ഒരു പ്രത്യേക പ്രദേശത്ത് നടന്നുവരുന്ന തീവ്രവാദപ്രവര്‍ത്തനം നേരിടാന്‍ ആ പ്രദേശത്തെ നിരപരാധികളായ സാധാരണ ജനങ്ങളെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമല്ലേ? അവര്‍ ആ നാട്ടില്‍ ജനിച്ചുപോയി എന്നതുകൊണ്ടും അതേ നാട്ടില്‍തന്നെ ജീവിച്ചുമരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ടും മാനുഷിക പരിഗണന അര്‍ഹിക്കുന്നവരല്ലാതാവുമോ?
3 . രാജ്യസ്നേഹം (സമാനമായ മറ്റു പദങ്ങളും) എന്താണെന്നും എങ്ങനെയാണെന്നും നിര്‍വചിക്കാനുള്ള അധികാരം ഏതെങ്കിലും ഒരു പ്രത്യേക സംഘടനയോ അഞ്ചുവര്‍ഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമോ സ്വയം ഏറ്റെടുക്കുമ്പോള്‍ അത് സ്വേച്ചാധിപത്യമല്ലേ?

കാശ്മീര്‍ എങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായതെന്ന സത്യം നമുക്കെല്ലാവര്‍ക്കുമറിയാം. അവിടുത്തെ ജനങ്ങളുടെ മനസറിയാന്‍ ഹിതപ്പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ട പ്രശാന്ത്ഭൂഷണെ ആക്രമിച്ചത് ജര്‍മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസോളനിയും റഷ്യയില്‍ സ്റ്റാലിനും പിന്തുടര്‍ന്നിരുന്ന സ്വേച്ഛാധിപത്യത്തിന്‍റെ ഇന്ത്യന്‍രൂപമാണ്‌. ഇന്ത്യയിലെ രാഷ്ട്രീയ പ്രശനങ്ങളെക്കുറിച്ചു അഭിപ്രായം പറയാന്‍ ആര്‍ക്കും അനുവാദമില്ല, അത് ചില സംഘടനകള്‍ക്ക് മാത്രമാണെന്ന് ചുരുക്കം. ഈ സ്വേച്ഛാധിപത്യവാദികള്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് എം.എഫ്.ഹുസൈനെ നാടുകടത്തിയത്. കശ്മീരിലെ സാധാരണജനങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍, വിദേശികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോള്‍, തീവ്രവാദികളുടേയും പട്ടാളക്കാരുടെയും തോക്കുകള്‍ക്കിടയില്‍ ജീവനെ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ അതിനെതിരെ പ്രതികരിച്ച അരുന്ധതിറോയ് രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണരുടെ പിന്തുണയോടെ ഭരണകൂടം അധകൃതനുമേല്‍ അധിനിവേശം നടത്തുമ്പോള്‍ തങ്ങളുടെ സത്വം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ തന്നെ ആയുധമാക്കുമ്പോള്‍ അത് തീവ്രവാദാമാകുന്നു. അവരെ സഹജീവികളായിക്കണ്ടതിനാണ് ബിനായക്സെന്‍ എന്ന ഡോക്ടര്‍ ജയിലിലടയ്ക്കപ്പെട്ടത്‌.

സത്വം സംരക്ഷിക്കാന്‍ പോരാടുന്നത് കൊണ്ടാണ് പതിനഞ്ചുവര്‍ഷമായിട്ടും ഈറോംഷര്‍മിളയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയത്. ഭൂരിപക്ഷമായ മദ്ധ്യവര്‍ഗത്തിന്റെ പ്രധിനിധിയായ അന്നഹസാരെയ്ക്ക് നമ്മള്‍ നല്കിയ പ്രാധാന്യം  ന്യൂനപക്ഷത്തിന്റെ പ്രധിനിധിയായ ഈറോംഷര്‍മിളയ്ക്ക് നല്‍കാന്‍ വിട്ടുപോയത്. നമ്മുടെയൊക്കെ മനസ്സില്‍ സത്വബോധമില്ലാത്ത രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതൊക്കെ.
ജന്മനാട്ടില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍, വിശ്വാസങ്ങളും ചിന്തകളും അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍, അത് രാജ്യസ്നേഹത്തിന്റെയോ ജനാധിപത്യത്തിന്റെയോ പേരിലാണെങ്കില്‍പ്പോലും സ്വേച്ഛാധിപത്യം തന്നെയാണ്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശവും. ശക്തമായ ഇന്ത്യന്‍സമൂഹം  ദുര്‍ബലമായ ഇന്ത്യന്‍സമൂഹത്തിനുമേലെ നടത്തുന്ന അധിനിവേശം.
***



ഒരുപക്ഷെ ഇതിന്റെ പേരില്‍ ഞാനും രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടാം.  

Translate