kharaaksharangal.blogspot.com - KHARAAKSHARANGAL

ഞായറാഴ്‌ച, ജൂൺ 10, 2012

പൂര്‍വ്വജന്മത്തിന്റെ ശേഷിപ്പുകള്‍

പ്രവാസവും ഒരു പുനര്‍ജന്മമാണ്. അതുവരെ കൂടെ കൊണ്ടുനടന്ന നല്ലതിനെയും ചീത്തയെയും ഒക്കെ നിര്‍ബന്ധപൂര്‍വ്വം ജീവിതത്തില്‍നിന്നു പറിച്ചെറിയുക എന്ന മരണത്തിലെ അനിവാര്യതപോലെതന്നെയാണ് പ്രവാസത്തിലേക്ക് കുടിയേറുമ്പോഴും സംഭവിക്കുന്നത്‌. പിന്നെയുള്ളത് പൂര്‍വ്വജന്മത്തിലെ ജീവിതം ഒരു സ്വപ്നത്തിലെന്നപോലെ പ്രവാസമെന്ന പരലോകത്തിരുന്ന് നോക്കിക്കാണുകയാണ്. പക്ഷെ, എത്രതന്നെ ശ്രമിച്ചാലും പൂര്‍ണ്ണമായും പറിച്ചുമാറ്റാന്  സാധിക്കാത്തതാണ് ജന്മസിദ്ധമായി ലഭിക്കുന്ന കഴിവുകള്‍. അതിന്റെ ശേഷിപ്പുകള്‍ എവിടെയെങ്കിലും പറ്റിക്കിടക്കും. അങ്ങനെ പറ്റിക്കിടക്കുമ്പോള്‍ വലാത്ത നീറ്റലാണ്‌. ആ നീറ്റല്‍ മറച്ചുപിടിച്ച് ഒരു തടവറയിലെന്നപോലെ വീര്‍പ്പുമുട്ടി കഴിയേണ്ടിവരികയെന്ന അവസ്ഥയെക്കുറിച്ച്മാത്രമായിരിക്കും ഏതൊരു പ്രവാസിക്കും എന്നും പറയാനുണ്ടാവുക. അത്തരം വീര്‍പ്പുമുട്ടലില്‍നിന്ന് ആശ്വാസം ഉണ്ടാവുന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒത്തുചേരലില്  ആ ണ്, മരുഭൂമിയില് പെയ്യുന്ന മഴപോലെ...

പ്രവാസികള്‍‍ക്കിടയില്‍ കൂട്ടായ്മകള്‍‍ പലവിധമാണ്. അതില്‍ മൂണോ നാലോ അംഗങ്ങളുടെത് മുതല്‍ നൂറുകണക്കിന് അംഗങ്ങള്‍‍ വരെയുള്ളതുണ്ട്. അതിന്റെ സ്വഭാവങ്ങളും വ്യത്യസ്തംതന്നെ. മൂണോ നാലോ പേര്‍ ഒത്തുകൂടുമ്പോള്‍‍ ഒരു പക്ഷെ മദ്യത്തിന്റെയും ഭക്ഷണ വിഭവങ്ങളുടെയും പ്രത്യേകതയായിരിക്കും. മേമ്പൊടിയായി പൂര്‍വ്വജന്മത്തിന്റെ ശേഷിപ്പായ സംഗീതവും തമാശയായി തെറിവാക്കുകളും അങ്ങനെ പലതും. ബാച്ചിലര്‍ ഫ്ലാറ്റുകളിലും ലേബര്‍ക്യാമ്പുകളിലും ഇത്തരം ഒത്തുചേരലുകള്‍ സര്‍വ്വസാധാരണമാണ്. അംഗസംഖ്യ കൂടുന്നതിനനുസരിച്ചു വിഭവങ്ങളും സ്വഭാവവും മാറുന്നു. വന്‍തുക ടിക്കറ്റ് നിരക്കില്‍ സ്പോണ്‍സേര്‍ഡ് പര്പാടികള്‍വരെ സംഘടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രവാസി വെറുമൊരു ഉപഭോക്താവ് മാത്രമാണവിടെ.
എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ വരവോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൂട്ടായ്മകളിലും സൌഹൃദങ്ങളിലും മാറ്റങ്ങള്‍‍ സംഭവിക്കുന്നു. തൊട്ടടുത്ത ഫ്ലാറ്റില്‍ ആര് താമസിക്കുന്നു എന്നന്വേഷിക്കാതെ ദൂരെയുള്ള ആളുമായി സൗഹൃദം പങ്കിടുന്നു എന്നൊരു ദൂഷ്യവശം ഉണ്ടെങ്കിലും കലാ-സാംസ്കാരിക രംഗങ്ങളിലും രാഷ്ട്രീയ രംഗങ്ങളിലും ഒരേ ചിന്താധാരയിലുള്ളവരുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നതില്‍ ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍‍ സഹായകരമാവുന്നുണ്ട് എന്ന നല്ല വശം അംഗീകരിക്കുക തന്നെ വേണം. അത്തരം ഒരു കൂട്ടായ്മയാണ് ഖത്തറിലെ 'Q മലയാളം'. രാഷ്ട്രീയത്തിനും മതത്തിനും അതീതമായ, എന്നാല്‍ ആരുടെയും വിശ്വാസങ്ങള്‍ക്ക് തടസം നില്‍ക്കാത്ത ഒരു കൂട്ടായ്മ.

ഇക്കഴിഞ്ഞ ജൂണ്‍ ഒന്നാം തീയ്യതി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ 'Qമലയാളത്തിന്റെ' ആഭിമുഖ്യത്തില്‍ നടന്ന 'സര്ഗ്ഗസായാഹ്നം' മലയാളികളുടെ നെറ്റ് വര്‍ക്ക് കൂട്ടായ്മയിലെ ആദ്യത്തെ സംഭവമായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അതിനു മുന്‍പ് സൈബര്മീറ്റ് എന്നും ബ്ലോഗ്‌ മീറ്റ്‌ എന്നും പേരുകളില്‍ ഒത്തുകൂടി പരിചയപ്പെടല്‍ എന്നതിലുപരി ഒരു സാംസ്കാരിക സദസ് നടന്നതായി അറിവില്ല. ഫേസ്ബുക്ക്  കൂട്ടായ്മയാ  'Qമലയാളം' ഗ്രൂപ്പിലെ മെമ്പര്‍മാര്‍ ഒരുമാസക്കാലം ജോലിക്ക് ശേഷം പാതിരാവോളം ഗ്രൂപ്പിനകത്ത് ചര്‍ച്ച ചെയ്ത് തീരുമാനിച്ച ഒരു പരിപാടി.

കവികള്‍ കവിതകള്‍‍ ചൊല്ലിയും കഥാകൃത്തുകള്‍ കഥകള്‍‍ പറഞ്ഞും ഗായകര്‍ ഗാനമാലപിച്ചും നര്‍ത്തകികള്‍ ചടുലതാളത്തില്‍ നൃത്തച്ചുവടുകളോടെ നവരസങ്ങളുണര്ത്തിയും പിന്നെ അഭിനയപാടവം തെളിയിച്ചുകൊണ്ട് മോണോ ആക്ടും നാടകവും. അങ്ങനെ സര്‍വ്വകലകളും സംഗമിച്ച ഒരു സായാഹ്നമായിരുന്നു അത്. വീര്‍പ്പുമുട്ടലോടെ അടക്കിപ്പിടിച്ച പൂര്‍വ്വജന്മത്തിന്റെ ശേഷിപ്പുകള്‍  പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പൊട്ടിയൊഴുകിയ ആറ് മണിക്കൂര്‍.
***     ‍  
.
.
.
.
.
.
ഫോട്ടോകള്‍:
രാമചന്ദ്രന്‍ വെട്ടിക്കാട്,
സിറാജ് ബിന്‍ കുഞ്ഞിബാവ,
ഫയസ്‌ അബ്ദുള്‍ റഹ്മാന്‍.   

Translate