kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, മാർച്ച് 31, 2012

മരുഭൂമിയിലെ ഇരുട്ടിന് ഒരു കാവല്ക്കാരന്‍.

തീരുമാനിച്ചുറപ്പിച്ചപോലെ എല്ലാവരും വജ്ബ പെട്രോള്‍ ‍ സ്റ്റേഷന് സമീപം എത്തി. അവിടുന്നു എല്ലാവരും ഒരുമിച്ചു യാത്ര പുറപ്പെട്ടു, ദുഖാനിലേക്ക്. ഞാനും രാജേഷും ഷബീറും നജീംറഹ്മാന്റെ കാറില്‍ ആയിരുന്നു.
ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്ന സൈഫുദീന്‍ എന്നയാളുടെ വില്ലയിലാണ് ഉച്ചഭക്ഷണം. ജുമുഅ നമസ്കാരത്തിന്റെ സമയമായതിനാല്‍ അവിടെയെത്തിയ ഉടന്‍തന്നെ മിക്കവരും പള്ളിയിലേക്ക് പോയി. ബാക്കിയുള്ള ഞങ്ങള്‍ സൈഫുദീനിന്റെ വില്ലയില്‍ കാത്തിരുന്നു. ആരും സംസാരിച്ചു തുടങ്ങുന്നില്ല. എല്ലാവരുടെയും സംഭാഷണം വെറും പരിചയപ്പെടലില്‍ ഒതുങ്ങുന്നു. അപ്പോഴാണ്‌ ഏലിയാസ് അച്ചായന്‍ ഇടപെട്ടത്. വര്‍ഷങ്ങളായി സൗദിയില്‍ ജീവിച്ച ആളാണ്‌. പ്രവാസ ജീവിതത്തിന്റെ വലിയൊരു അനുഭവസമ്പത്തിന്റെ ഉടമ. പഴയകാല പ്രവാസജീവിതത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. മൊബൈല്‍ഫോണുകള്‍ ഇല്ലാതെ, കത്തുകളിലൂടെ മാത്രം നാട്ടിലെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ടിരുന്ന കാലത്തെക്കുറിച്ച്... വെള്ളിയാഴ്ചകളിലെ കത്തെഴുത്തിനെക്കുറിച്ച്... വെള്ളിയാഴ്ചദിവസങ്ങളില് നട്ടുച്ചവെയിലിനെ വകവയ്ക്കാതെ ടെലിഫോണ്‍ ബൂത്തിനുമുന്നില്‍ വരിയില്‍ കാത്തുനിന്നു നാടിലേക്ക് ഫോണ്ചെയ്ത കാലത്തെക്കുറിച്ച്... നാട്ടില്‍ വളരെയകലെയുള്ള ഏതെങ്കിലും ഒരു പണക്കാരന്റെ വീട്ടില്‍ പ്രവാസിയുടെ ഫോണ്കോളിനായി കാത്തുനില്‍ക്കുന്ന വീട്ടുകാരെക്കുറിച്ച്... പള്ളിയില്‍ ജുമുഅ നമസ്കാരത്തിനു പോയവര്‍ തിരിച്ചുവന്നു. അപ്പോഴേക്കും ഭക്ഷണവും എത്തി. പിന്നെയൊട്ടും താമസിച്ചില്ല. എല്ലാവരും സ്വന്തം ഇഷ്ട്ടപ്രകാരം ഭക്ഷണം വിളമ്പിയെടുത്തു കഴിച്ചുതുടങ്ങി. അതിനുശേഷം പാട്ടും ഡാന്‍സും ഒക്കെയായി അല്‍പ്പനേരം. ആ സമയത്താണ് ഇസ്മയില്‍ കുറുമ്പടി   കുറച്ചു കടലാസും പേനയും കൈയില്‍ തന്നിട്ട് എല്ലാവരില്‍ നിന്നും മുപ്പതു റിയാല്‍ വീതം പിരിച്ചെടുക്കാനുള്ള ജോലി എന്നെ ഏല്‍പ്പിക്കുന്നത്. 'Q മലയാള'ത്തിനുവേണ്ടിയും ഖത്തറിലെ ബ്ലോഗ്‌ മീറ്റുകള്‍ക്കും രാപ്പകല്‍ കഷ്ട്ടപ്പെടുന്നവരാണ് ഇസ്മയില്‍ കുറുമ്പടിയും സുനില്‍ പെരുമ്പാവൂരും രാമചന്ദ്രനും. അവര്‍ ചെയ്യുന്നതിന്റെ പോയിന്റ്‌ ഒരു ശദമാനം പോലുമാവില്ല ഈ ജോലിയെന്നറിയാം. എങ്കിലും വളരെ സന്തോഷത്തോടെയാണ് ഞാനത് ഏറ്റെടുത്തത്. എല്ലാവരില്‍ നിന്നും പൈസ പിരിച്ചെടുത്ത് ഇസ്മൈയിലിനെ ഏല്‍പ്പിച്ചു. പിന്നെ ഒരു ഗ്ലാസ് ചായയും കഴിച്ച് സിക്രീത്തിലെ ബീച്ചിലേക്ക്.

മെയിന്‍റോഡില്‍നിന്ന് കിലോമീറ്ററുകളോളം ദൂരെയാണ് ബീച്ച്. പോകുന്ന വഴിയിലാണ് ഫിലിംസിറ്റി. അതിനെപ്പറ്റി വഴിയെ പറയാം. ഇരുഭാഗങ്ങളിലും കൊച്ചു മണല്‍ക്കുന്നുകള്‍ കാവല്‍നില്‍ക്കുന്ന നിരപ്പല്ലാത്ത പാതയിലൂടെയാണ് യാത്ര. വഴികാട്ടിയായി സൈഫുദ്ദീന്‍ വണ്ടി എക്സ്പ്രസ്സ്‌ ഹൈവെയിലെന്നപോലെ വളരെവേഗത്തിലാണ് ഓടിച്ചത്. അയാളോടൊപ്പമെത്താന്‍ നജീം ഭായിയും വേഗത്തില്‍ തന്നെ ഡ്രൈവ് ചെയ്തു. പിന്നിലെ വണ്ടികളൊക്കെ പതുക്കെ വരുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് നിര്‍ത്തി അവരെ കാത്തുനിന്നു. ജനവാസമില്ലാത്ത മരുഭൂമിയുടെ ഭീകരത മനസിലാവുക ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇന്നത്തെ ജനസംഖ്യയുടെ കാല്‍ഭാഗം പോലുമില്ലാത്ത കാലത്ത് അറബികള്‍ മണലാരണ്യത്തിലൂടെ ഒട്ടകവുമായ് സഞ്ചരിക്കുന്നത് ഞാനൊന്ന് മനസ്സില്‍ സങ്കല്പ്പിച്ചുനോക്കി. കടുത്ത സൂര്യതാപവും രോമക്കുഴികളിലൂടെ തുളഞ്ഞിറങ്ങുന്ന തണുപ്പും ഏറ്റുവാങ്ങി ഈന്തപ്പഴം തിന്നു വിശപ്പുമാറ്റിയ ഒരു സമൂഹം. മതവിശ്വാസത്തിലധിഷ്ട്ടിതമായ ഐക്ക്യവും ജീവിതരീതിയും പാലിച്ചിരുന്നില്ലെങ്കില്‍ ഈ നാട്ടുകാരുടെ ജീവിതം എന്താകുമായിരുന്നു! ഇതിനകത്ത് എന്തുസംഭവിച്ചാലും ചുറ്റിലും കാവല്നിക്കുന്ന മണല്ക്കുന്നുകള്‍ക്ക് കീഴെ ഒറ്റപ്പെട്ടുനില്‍ക്കുന്ന കുറ്റിച്ചെടികള്പോലും അറിയില്ല.‍
പിന്നാലെ വന്ന വാഹനങ്ങള്‍ അടുത്തെത്തിയപ്പോള്‍ വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചുകൂടി സഞ്ചരിച്ചപ്പോള്‍ ഫിലിംസിറ്റിയെത്തി. വായനക്കാര്‍ ഒന്ന് സങ്കല്പ്പിച്ചുനോക്കൂ. കേരളത്തിലെ മൂന്നോ നാലോ ഗ്രാമപഞ്ചായത്തുകളുടെ വിസ്തീര്‍ണത്തില്‍ ഒരു മരുഭൂമി... അങ്ങിങ്ങായി പതുങ്ങിയിരുന്നു എത്തിനോക്കുന്ന കൊച്ചുകുന്നുകള്‍... മരുഭൂമിയില്മാത്രം വളരുന്ന കുറ്റിച്ചെടികള്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ടു തളര്‍ന്നുറങ്ങുന്നു...അതിന്റെ നടുവിലാണ് ആള്‍ താമസമില്ലാത്ത വീടുപോലെ വളരെ പുരാതനമെന്നു തോന്നിക്കുന്ന ഒരു കൊട്ടാരം... അതാണ്‌ ഫിലിംസിറ്റി. ഞങ്ങള്‍ അതിനു മുന്നില്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ പരമ്പരാഗത തൂവെള്ളഅറബി വസ്‌ത്രം ധരിച്ച കറുപ്പ് നിറമുള്ള ഒരു മനുഷ്യന്‍ വന്നു സൈഫുദ്ദീനിന്റെ കൈ പിടിച്ചു കുലുക്കി. അറബി ഭാഷയില്‍ കുശലാന്വേഷണം നടത്തി. അയാളാണ് ഫിലിംസിറ്റിയുടെ കാവല്‍ക്കാരന്‍. അറബി ഭാഷ മാത്രമേ അയാള്‍ക്കറിയൂ. സുഡാനിയാണ്. അദ്ദേഹത്തിനു പിന്നാലെ ഞങ്ങളും അതിനകത്തേക്ക് കയറി. തനിച്ചും കൂട്ടമായും അതിന്റെ ഉള്‍ഭാഗം ചുറ്റിക്കണ്ടു. ഞങ്ങളെക്കൂടാതെ വേറെയും കുറച്ചു സന്ദര്‍ശകര്‍ അവിടെയുണ്ടായിരുന്നു. കുട്ടികള്‍ ഉത്സാഹത്തോടെ അതിനകത്ത് ഓടിനടന്നു. അതിന്റെ നടുമുറ്റത്തുനില്ക്കുമ്പോള്‍ കേരളത്തിലെ ഏതോ നാലുകെട്ടിന്റെ മുറ്റത്ത് നില്‍ക്കുന്നത് പോലെ തോന്നും. കേരളത്തിലെയും അറേബ്യന്‍ നാടുകളിലെയും വാസ്തുവിദ്യകള്‍ക്ക് സാദൃശ്യമുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ ഒരു വാരികയില്‍ വായിച്ചിരുന്നു.  അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ദുബായിലെ അബ്രയുടെ തീരത്ത് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന 'അല മക്തും ഹൌസ്' ആണ്. ഈയടുത്തകാലത്ത് നിര്‍മ്മിച്ച കെട്ടിടമാണ് അതെന്നു കൂട്ടത്തിലുള്ള ആരോ പറഞ്ഞു. ഒരു ഹോളിവുഡ് സിനിമ അവിടെ ഷൂട്ട്‌ ചെയ്തിരുന്നുവെന്നും. പക്ഷെ, കണ്ടാല്‍ വളരെ പഴയത് എന്നെ തോന്നുന്നുള്ളൂ. അങ്ങനെയാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. അവിടെ നിന്ന് പുറത്തിറങ്ങി. അതിനു മുന്നില്‍ ഒരു ഉദ്യാനമുണ്ട്. അതില്‍ ശിശിരകാലം ഇലകള്‍ പൊഴിച്ച് വിവസ്‌ത്രയാക്കിയ കുറെ ചെറിയ മരങ്ങള്‍ ലജ്ജയില്ലാതെ നില്‍ക്കുന്നു. അതിനകത്തും കുറച്ചുനേരം ചിലവഴിച്ചതിനു ശേഷമാണ് ഞങ്ങള്‍ ബീച്ചിലേക്ക്‍ യാത്ര തുടര്‍ന്നത്.

ബീച്ചിനടുത്ത് എത്താറായപ്പോള്‍ വീണ്ടും ഇറങ്ങി. നേരത്തെ പറഞ്ഞതുപോലെ തന്നെ ചെറിയ കുന്നുകള്‍ കാവല്‍ നില്‍ക്കുന്ന മൈതാനം പോലെ ഒരിടം. കുറച്ചു കൂടെ പടിഞ്ഞാറോട്ട് പോയാല്‍ കടല്‍. ബാക്കി മൂന്നുഭാഗങ്ങളില്‍ കിലോമീറ്ററുകള്‍ വിസ്തീര്‍ണ്ണത്തില്‍ മരുഭൂമി. മരുഭൂമിയുടെ ഭീകരമായ സൗന്ദര്യവും മൂകമായ ഏകാന്തതയും ശരിക്കും അനുഭവിച്ചറിയാന്‍ കഴിയുന്നത്‌ ഇവിടെയാണ്. മണല്ക്കുന്നുകള്‍ക്ക് മുകളില്‍ കാവല്‍ക്കാരെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന, പ്രകൃതിയുടെ ശില്പവൈദഗ്ധ്യം ബോധ്യപ്പെടുത്തുന്ന വലിയ പാറക്കല്ലുകള്‍ ആകര്‍ഷകമായ കാഴ്ചയാണ്. അതിനു മുകളില്‍ മനുഷ്യന്റെതായി ചെറിയ കലാസൃഷ്ട്ടികളും നടന്നിട്ടുണ്ട്. അപ്പോഴാണ്‌ ഇന്ത്യന്‍ റെയില്‍വേയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌  ഉഴുന്നുവടയുമായി രാമചന്ദ്രന്റെ നടത്തം. ചായ ഒരു കാറിന്റെ ഡിക്കിയില്‍ വച്ചിട്ടുണ്ടായിരുന്നു. ചായയും ഉഴുന്നുവടയും പരിപ്പുവടയും കഴിച്ചു അല്‍പനേരം വിനോദപരിപാടിയില്‍ മുഴുകി കടല്‍തീരത്തേക്ക് പോയി. അത്രയും ദൂരം നടക്കെണ്ടെന്നു കരുതി വാഹനങ്ങളില്‍ തന്നെയാണ് പോയത്.

കടല്‍ ശാന്തമായിരുന്നു.നമ്മുടെ കേരളത്തിന്റെ തീരത്ത് തിരമാലകള്‍ ആര്ത്തലക്കുന്നതുപോലെയുള്ള കടല്‍ ആയിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ മുകളില്‍ മൂകമായ കടല്‍ എന്ന് വിശേഷിപ്പിച്ചത്‌. കുറച്ചുപേര്‍ കടലിലിറങ്ങി കുളി ആരംഭിച്ചു. സുനില്‍ പെരുമ്പാവൂരാണ് പറഞ്ഞത്, വെള്ളത്തിനു നല്ല തണുപ്പുണ്ടെന്ന്. ഞാന്‍‍ കൈകൊണ്ട് കോരി നോക്കി. ശരിയാണ് നല്ലതണുത്ത വെള്ളം. ശൈത്യം പൂര്‍ണമായും വിട്ടുമാറാത്തതുകൊണ്ടായിരിക്കാം ഇത്രയധികം തണുപ്പ്. പോരാത്തതിന് തണുത്ത കാറ്റ് കടലില്‍നിന്ന് മരുഭൂമിയിലേക്ക് വീശുന്നുമുണ്ട്‌. അപ്പോള്‍ സൂര്യന്‍ കുങ്കുമപ്പോട്ടായി രൂപം പ്രാപിച്ച് പതുക്കെ താഴോട്ടു ഇഴഞ്ഞിറങ്ങിത്തുടങ്ങിയിരുന്നു. പിന്നില്‍ മരുഭൂമിക്കുമുകളില്‍ പകല്‍വെളിച്ചം മായുകയാണ്.. തിരിച്ചുപോകാന്‍ സമയമായിരിക്കുന്നു. കടലില്‍ കുളിച്ചുകൊണ്ടിരുന്നവര്‍ കരയ്ക്ക്‌കയറി. എല്ലാവരും കാറിനടുത്തേക്ക് നടന്നു. വന്ന അതേ കാറില്‍ തന്നെ മടക്കയാത്ര. കുറച്ചുദൂരം പിന്നിടുമ്പോഴേക്കും അവിടമാകെ ഒന്നും തിരിച്ചറിയാന്‍ പറ്റാത്തവിധം ഇരുട്ട് വ്യാപിച്ചുകഴിഞ്ഞു.

നേരത്തെ സന്ദര്‍ശിച്ച ഫിലിം സിറ്റിയുടെ അടുത്തെത്തിയപ്പോള്‍ അതിന്റെ കവാടത്തില്‍ വൈദ്യുതിവിളക്കുകള്‍ പ്രകാശിക്കുന്നത് കണ്ടു. "അവിടെയിപ്പോള്‍ കാവല്‍ക്കാരന്‍ മാത്രമായിരിക്കും" - രാജേഷ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തെക്കുറിച്ചുള്ള സംസാരം പ്രവാസജീവിതത്തിന്റെ വഴിവക്കില്‍ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഇറക്കിവച്ച ആട്ജീവിതങ്ങളെക്കുറിച്ചുള്ള നൊമ്പരമായി. ഒച്ചയും അനക്കവുമില്ലത്ത മരുഭൂമിക്കുനടുവില്‍ ആ സുഡാനി കാവല്‍ക്കാരന്റെ ഏകാന്തജീവിതത്തിന്റെ അര്‍ത്ഥശൂന്യത ഞങ്ങളെ നാലുപേരെയും നിരാശപ്പെടുത്തി.

കാറിന്റെ ഹെഡ് ലൈറ്റിനു മുന്നില്‍ പാതയും പാതയുടെ ഇരുഭാഗങ്ങളും തമ്മില്‍ വലിയ വെത്യാസമൊന്നും തോന്നിയില്ല. വഴിതെറ്റാതിരിക്കാന്‍ എല്ലാ കാറുകളും ഒരുമിച്ചാണ് ഓടിക്കൊണ്ടിരുന്നത്. എന്നിട്ടും ഞങ്ങള്‍ക്ക് വഴിതെറ്റി. വലതു വശത്തെ പാതയിലൂടെ പോകേണ്ടതിനു പകരം ഇടതുവശത്തുകൂടെയാണ് പോയത്. ഞങ്ങളുടെ കാറിനെ പിന്തുടര്‍ന്നു‍ വേറെയും രണ്ടു കാറുകള്‍. ഞങ്ങള്‍ അവിടെ ഇറങ്ങി പിന്നിലേക്ക്‌ നോക്കി. ബാകിയുള്ള കാറുകളൊക്കെ എവിടെ? പത്തുപതിനൊന്നു കാറും ഒരു വാനും ഉണ്ട്. എല്ലാം പോയോ എന്ന് സംശയിച്ചു നജീം ഭായി ആരെയോ ഫോണ്‍ ചെയ്തു. അപ്പോള്‍ ആശ്വാസമായി. അവര്‍ പിന്നില്‍ നിന്ന് വരുന്നതെയുള്ളൂ. അധികം താമസിയാതെ അകലെ ഇരുട്ടിനെ തുളച്ചുകൊണ്ട് വെളിച്ചം തെളിഞ്ഞു. ബാക്കിയുള്ളവര്‍ സാവധാനം വന്നുകൊണ്ടിരിക്കയാണ്. മുന്നില്‍ പോയ സൈഫുദീനെയാണെന്നു തോന്നുന്നു നജീം ഭായി തന്നെ വിളിച്ചു സംശയം തീരത്ത് വലത്തുവശത്തെ പാതയിലേക്ക് കയറി. മരുഭൂമി ആയതിനാല്‍ എതുഭാഗത്തേക്കും വണ്ടിയോടിക്കാന്‍ കഴിയുമെന്നതിനാല്‍ എളുപ്പമായി. പക്ഷെ, കുറച്ചുകൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ അത് അസാധ്യമാകുമായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത് കടലാസിലേക്ക് പകര്‍ത്തിയത്. ഇവിടെ പോസ്റ്റു ചെയ്യുന്ന ഈ നിമിഷംവരെ‍ മരുഭൂമിയും ഇരുട്ടും അതിലെ കാവല്‍ക്കാരനായ സുഡാനിയും മനസില്‍നിന്നു മായാതെ നില്‍ക്കുകയാണ്.
***

14 അഭിപ്രായങ്ങൾ:

  1. അനുഭവങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ചു
    ഈ മടുപ്പിക്കുന്ന പ്രവാസ ജീവിതത്തില്‍ ഇനിയും ഇത്തരം യാത്രകള്‍ ഉണ്ടാവട്ടെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അതില്‍ ശിശിരകാലം ഇലകള്‍ പൊഴിച്ച് വിവസ്‌ത്രയാക്കിയ കുറെ ചെറിയ മരങ്ങള്‍ ലജ്ജയില്ലാതെ നില്‍ക്കുന്നു....aiwa..

    മറുപടിഇല്ലാതാക്കൂ
  3. ഒരാഴ്ചയല്ല, ഓര്‍മ്മ നശിക്കും വരെയും മാഞ്ഞു പോകുന്നതല്ല ആ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും...പിന്നെ സൈഫുക്കാടെ വണ്ടിക്കൊപ്പം "കട്ടക്ക്" നിന്നതും നമ്മുടെ വണ്ടി ആയിരുന്നു..അതിനു പ്രത്യേകം നജീം ഭായിയെ സൈഫുക്ക അഭിനന്ദിക്കുന്നുണ്ടായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  4. കനകാംബര്‍ജീ ...
    ഇതില്‍ ആദ്യ കമന്റ് ഇട്ടതു ഞാനായിരുന്നു..ഉടനെ സ്പാമില്‍ നിന്ന് അതെടുത്ത് ഇവിടെ ഇട്ടില്ലേല്‍ 'ആസ്ഥാന പിരിവുകാരന്‍'എന്ന തസ്തികയില്‍ നിന്ന് താങ്കളെ പിരിച്ചുവിടുന്നതാണ് ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇസ്മൈല്‍ ഭായ് താങ്കളുടെ അഭിപ്രായം സ്പാമില്‍ നിന്ന് മാറ്റി ഇവിടെയിട്ടിട്ടുണ്ട്. അത് എങ്ങനെയാണ് സ്പാമില്‍ ചെന്ന് പെട്ടത് എന്നറിയില്ല.

      ഇല്ലാതാക്കൂ
  5. ഈ യാത്രയുടെ ചരിത്രം പല പോസ്റ്റുകളില്‍ നിന്നായി വായിച്ചു കേട്ടോ. എല്ലാം നന്നായിട്ടുണ്ട്. ഇതും

    മറുപടിഇല്ലാതാക്കൂ
  6. ഒരാഴ്ചയല്ല ഓര്‍മ്മ നശിക്കും വരെയും മാഞ്ഞു പോകുന്നതല്ല ആ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും , വളരെ ലളിതമായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  7. നല്ല വിവരണം കനകാംബര്‍ ജീ. വീണ്ടും ഓര്‍മ്മകളിലൂടെ കുറച്ചു നിമിഷങ്ങള്‍ സന്തോഷം .

    മറുപടിഇല്ലാതാക്കൂ
  8. നല്ല വിവരണം ഇനിയും യാത്ര തുടരാം ...
    ഒരിക്കല്‍ കൂടി സിക്രീത്തില്‍ എത്തിച്ചതിന് നന്ദി,കനകാംബരന്‍
    ഒരു പോസ്റ്റ് ഞാനും ഇതിനെ പറ്റി എഴുതിയിരുന്നു ...

    മറുപടിഇല്ലാതാക്കൂ
  9. ഈ കാവല്കാരനെ കുറിച്ച് ഞാനും ചിന്തിച്ചിരുന്നു.എന്തെങ്കിലും ഒന്ന് സംഭവിച്ചാല്‍ ഒന്ന് വിളിച്ചുകൂവിയാല്‍ പോലും കഥയില്ലാതെ അരങ്ങത് നിന്നും ഒഴിഞ്ഞു പോകേണ്ട ഒരു പ്രവാസി.......പല പ്രവാസികള്‍ക്കും ഈ നൊമ്പരത്തിന്റെ തേങ്ങല്‍ എപ്പോഴെക്കെയോ ഉണ്ടാകാം .....സക്രീത് യാത്ര മറ്റു ചിലത് കൂടി നമ്മളെ ചിന്തിപ്പിച്ചു.ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  10. നല്ല വിവരണം. ഹൃദ്യമായി.

    മറുപടിഇല്ലാതാക്കൂ
  11. നിങ്ങളുടെ ഈ യാത്രാവിവരണം പല പോസ്റ്റുകളില്‍ നിന്നും വായിക്കാന്‍ സാധിച്ചു ട്ടോ ....!
    ഇതും അതേപോലെ നല്ലൊരു വിവരണം തന്നെ ...ഇനിയും ഇതേപോലെ സന്തോഷകരമായ യാത്ര നടത്തി കൂടെ പോരാന്‍ പറ്റാത്ത ബാക്കി ഉള്ള കൂട്ടുകാരെ ഒക്കെയും കൊതിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ഇറക്കുക ട്ടോ ....:)

    മറുപടിഇല്ലാതാക്കൂ
  12. നമ്മുടെ "ക്യൂ" സഹോദരന്മാരില്‍ പലരും എഴുതിയ വിവരണം ആണെങ്കിലും ചില ക്ലാസ്സിക്‌ സിനിമകള്‍ പോലെ എത്ര വായിച്ചാലും മതിവരാത്ത വിഷയം! അടുത്ത യാത്രക്കും വിവരണത്തിനുമായി കാത്തിരിക്കാം!

    മറുപടിഇല്ലാതാക്കൂ

Translate