kharaaksharangal.blogspot.com - KHARAAKSHARANGAL

ഞായറാഴ്‌ച, ഒക്‌ടോബർ 06, 2013

ഒരു ദേശത്തിന്റെ സംസ്കാരം എങ്ങനെയാണ് നിർവ്വചിക്കുക?


മനുഷ്യന്റെ സാമൂഹികമായ സമീപനത്തിന്റെയും പ്രവർത്തനങ്ങളുടെയും ആകെ തുകയാണ് സംസ്കാരം. ഒരിക്കലും ഒരിടത്തും ചെന്നവസാനിക്കാത്ത, സമൂഹം മൊത്തത്തിൽ ഭാഗബാക്കാവുന്ന സർഗ്ഗാത്മകമായ ഒഴുക്കാണത്. അതിൽ നമ്മുടെ സ്വഭാവവും, ചിന്തകളുടെയും ആശയങ്ങളുടെയും പ്രകാശനവും പ്രായോഗികശൈലിയും ഉൾപ്പെടുന്നുണ്ട്. എന്നുപറയുമ്പോൾ എഴുത്തും, വായനയും, കലയും, സംഗീതവും, ഭക്ഷണവും, ഉപജീവനത്തിനായി ചെയ്യുന്ന തൊഴിലും, പ്രകൃതിയുടെ ഉപയോഗവും, വാണിജ്യവും, ലൈംഗീകതയും എന്നുവേണ്ട ജീവിക്കാനാവശ്യമായത് എന്തൊക്കെയോ അതെല്ലാം അതിലെ ഘടകങ്ങളാണ്. അങ്ങനെയെങ്കിൽ നമ്മുടെ നാടിന്റെ സംസ്കാരത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? ബസ്സ് യാത്രയിൽ, ട്രെയിൻയാത്രയിൽ, ഓഫീസിൽ, ക്ലാസ്സുമുറിയിൽ, ആശുപത്രിയിൽ, പോലീസ് സ്റ്റേഷനിൽ, കോടതിയിൽ, നിയമസഭയിൽ, കവലയിലെ പൊതുയോഗങ്ങളിൽ, ജനകീയ സമരങ്ങളിൽ, കച്ചവടസ്ഥാപനങ്ങളിൽ  എല്ലാം ഒന്ന് വിലയിരുത്തിനോക്കൂ, നമ്മൾ ഊറ്റംകൊള്ളുന്ന സംസ്കാരം വെറും പൊള്ളയാണെന്ന് ബോധ്യപ്പെടും.

ഭരണകൂടവും അതിനെ താങ്ങിനിർത്തുന്ന മുതലാളിത്തവും ചേർന്ന് സംസ്കാരം ഒരു വിൽപ്പനച്ചരക്കാക്കി. അത് നമ്മുടെ നാടിന്റെമാത്രം പ്രത്യേകതയല്ല. ലോകവ്യാപകമായി നടപ്പിലാക്കിക്കഴിഞ്ഞതാണ്. അത്  ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്‌ ടൂറിസം രംഗത്താണ്. സർക്കാർതന്നെ ഉല്പാദകന്റെയും കച്ചവടക്കാരന്റെയും റോൾ ചെയ്യുന്നു എന്നുമാത്രമല്ല കലയും ആയുർവ്വേദവും പ്രകൃതിചികിത്സയും ഒക്കെ അതിന്റെ ഉപോല്പ്പന്നമായി മാറുകയും കലയില്ലാത്ത കലാരൂപവും ചികിത്സയില്ലാത്ത ആയുർവ്വേദവും  പ്രകൃതിയില്ലാത്ത പ്രകൃതിചികിത്സയും കണ്ട് ടൂറിസ്റ്റുകളായി എത്തുന്നവർ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ കബളിപ്പിക്കൽ എന്ന മലയാളിയുടെ പൊതുസ്വഭാവം സംസ്കാരത്തിന്റെ ഭാഗമാവേണ്ടതല്ലേ? ആദിവാസികളുടെ പട്ടിണി മരണങ്ങളും അധികാരക്കൊതിയുള്ള ജാതിക്കോമരങ്ങളും മതഭ്രാന്തന്മാരും ഉന്നതങ്ങളിൽ സ്വാധീനമുള്ള സെക്സ് മാഫിയകളും യഥേഷ്ടം വിഹരിക്കുന്ന യഥാർത്ഥ്യത്തിന് മേലെയാണ്  ചായം തേച്ചു മിനുക്കിയെടുത്ത പൊള്ളയായ സംസ്കാരം പ്രദർശനത്തിന് വച്ചിരിക്കുന്നത്.  ടൂറിസം വാരാഘോഷമെന്നപേരിൽ താലപ്പൊലിയേന്തിയ സുന്ദരിമാരെ അണിനിരത്തി വിദേശികളെ വരവേൽക്കുന്നത് തരം താണ കച്ചവടതന്ത്രമാണ്.

ഇനി കേരളം വിട്ട് ഭാരതമെന്ന വിശാല അർത്ഥത്തിൽ എടുക്കാം. കെട്ടുറപ്പുള്ള കുടുംബബന്ധങ്ങൾ എന്നാണ് നമ്മൾ ഭാരതീയസംസ്കാരത്തിന്റെ മുഖമുദ്രയായി എടുത്തുപറയുന്നത്‌.. അതാണത്രേ ഭാരതീയസംസ്കാരത്തിന്റെ അടിത്തറ. പക്ഷെ, നമ്മുടെ സ്വീകരണമുറികളിൽ ദൃശ്യമാധ്യമങ്ങൾ വിളമ്പുന്ന വിഭവങ്ങൾ കുടുംബബന്ധങ്ങൾക്ക് എന്ത് കെട്ടുറപ്പാണ് നൽകുന്നത്? ഇതൊക്കെ സംസ്കാരസമ്പന്നതയുടെ അടയാളങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. കുറ്റകൃത്യവാർത്തകൾ എന്നപേരിൽ അവർ കൃത്യമായി അറിയിക്കുന്നുണ്ട്, അച്ഛനും അമ്മയും ചേർന്ന് പ്രായപൂർത്തിയെത്താത്ത മകളെ പലർക്കായി കാഴ്ച്ചവയ്ക്കുന്നതും അച്ഛൻ മകളെ പീഡിപ്പിച്ചതും(ഇതൊക്കെ എത്രത്തോളം വാസ്തവമെന്നും ചിന്തിക്കണം.), കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊന്നതും അങ്ങനെ പലതരം വാർത്തകൾ. എല്ലാം അറിയേണ്ടുന്ന വാർത്തകൾ തന്നെ. പക്ഷെ, അതൊരു പൈങ്കിളി വാർത്തയായി സ്വീകരണമുറിയിൽ നിറയുമ്പോൾ വീടിനകത്ത് അംഗങ്ങൾ പരസ്പര വിശ്വാസമില്ലാതെ ജീവിക്കേണ്ടിവരുന്നുവെങ്കിൽ അല്ലെങ്കിൽ അങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുവെങ്കിൽ ഈ പറയുന്ന നമ്മുടെ സംസ്കാരത്തിന്റെ സ്ഥാനം പട്ടികയിൽ ഏറ്റവും താഴെയാണ് എന്നേ പറയാനാവു. അല്ലെങ്കിൽ കോർപറേറ്റ് സംസ്കാരം നമ്മളെ പൂർണ്ണമായും വരുതിയിലാക്കിക്കഴിഞ്ഞു എന്ന സത്യം തിരിച്ചറിയുകയെങ്കിലും വേണം. വാർത്തകൾ അറിയാനുള്ളതാണെന്ന സങ്കല്പത്തിൽനിന്ന് ആസ്വദിക്കുവാനുള്ളതാണെന്ന സങ്കല്പ്പത്തിലേക്കും അവ ഉല്പ്പന്നങ്ങളാണെന്നും വിറ്റഴിക്കാനുള്ളതാണെന്നുമുള്ള സംസ്കാരത്തിലേക്കും നമ്മളെ അവർ മാറ്റി. സ്‌ത്രീകളെ ഉപയോഗിച്ചുകൊണ്ട് ഒരു ഭരണകൂടത്തെ മൊത്തത്തിൽ തങ്ങളുടെ കൈക്കുമ്പിളിലാക്കാൻ സാധിക്കുമെന്ന് സോളാർ തട്ടിപ്പിലൂടെ മുതലാളിത്തലോബി തെളിയിച്ചു. ഞങ്ങൾ വിചാരിച്ചാൽ അതൊരു വ്യഭിചാരകഥയാക്കിമാറ്റാൻ സാധിക്കുമായിരുന്നു എന്ന് നമ്മുടെ മാധ്യമങ്ങൾ തന്നെ സമ്മതിച്ചിട്ടുണ്ട്. പണ്ട് രാജഭരണകാലം മുതലുള്ള ഒരു രീതിതന്നെയായിരുന്നു ഇത്. നാട്ടുരാജാക്കന്മാരെ വീഴ്ത്താൻ ബ്രിട്ടീഷുകാരും സ്‌ത്രീകളെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, അതൊക്കെ സ്വേഛാധിപാത്യഭരണാധികാരികളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ട്തന്നെയാണ് അക്കാലത്തൊന്നും അതൊരു സാമൂഹ്യപ്രശ്നമായി ഉയർന്നുവരാതിരുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ ഭരണാധികാരികൾ സമൂഹത്തിന്റെ ഭാഗമാവുമ്പോൾ അത് സമൂഹത്തിന്റെ മൊത്തം പ്രശ്നമാണ്. അപ്പോഴത് ദേശത്തിന്റെ സാംസ്കാരിക പ്രശ്നംകൂടിയാണ്.

ഭർത്താവിനോടൊപ്പമോ കാമുകനോടൊപ്പമോ യാത്രചെയ്യുകയോ രാത്രിയിൽ തനിച്ച് ബസ്സ് കാത്തുനിൽക്കുകയൊ ചെയ്യുന്ന സ്‌ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നത് നിത്യസംഭവമാവുന്നത് കമാസക്തിയും സ്‌ത്രീശരീരം ഭോഗിക്കുവാനുള്ളതുമാണെന്ന യാഥാസ്ഥിതിക സാസ്കാരിക ചിന്തയിൽനിന്നുതന്നെയാണ്. നമുക്കവരെ മാനസിക രോഗികളെന്നുപറഞ്ഞ്‌ നിസാരവല്ക്കരിക്കാം അല്ലെങ്കിൽ മദ്യവും മയക്കുമരുന്നുമാണ് ഇതിനുപിന്നിലെന്ന് പറഞ്ഞ് വിഷയം മറ്റൊന്നാക്കാം പക്ഷെ, ഇതൊക്കെ ഒരു സംസ്കാരമായി മാറുന്നത് എങ്ങനെയാണ് വായനക്കാരെ നിങ്ങൾക്ക് തടയാനാവുക? കുറച്ചുനാളുകൾക്ക് മുൻപ് രഹസ്യ അറകളിൽ നിന്ന് തലയുയർത്താൻ ശ്രമിച്ച ഏതുനേരവും ഇനിയും അങ്ങനെ സംഭവിച്ചേക്കാവുന്ന സദാചാരപോലീസ് എന്ന മറ്റൊരു യാഥാസ്ഥികപക്ഷത്തിന്റെ കാൽക്കീഴിൽ അടിയറവയ്ക്കണോ മലയാളികൾ ഊറ്റംകൊള്ളുന്ന സാസ്കാരിക ബോധം?

ഈ ലേഖനം തുടങ്ങിയിടത്തേക്ക്തന്നെ നമുക്ക് തിരിച്ചുപോകാം. എങ്ങനെയാണ് സവർണ്ണജീവിതവും സവർണ്ണകലയുംമാത്രം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായത്? ദളിതന്റെ കലയും ജീവിതവും ദേശത്തിന്റെ സംസ്കാരത്തിൽനിന്നു അടർത്തിമാറ്റപ്പെടുന്നത് എന്തുകൊണ്ടാണ്? സവർണ്ണന്റത് വാഴ്ത്തപ്പെടേണ്ടതും അവർണ്ണന്റേത് ഇല്ലാതാവേണ്ടതുമാണെന്ന ചിന്ത സവർണ്ണബോധത്തിൽനിന്ന് ഉടലെടുത്തതല്ലെന്ന് പറയാനാവില്ല. പത്തായപ്പുരകളും നാലുകെട്ടും രാജകൊട്ടരങ്ങളും സംസ്കാരത്തിന്റെ അകത്തും കർഷകത്തൊഴിലാളികളും രാജകൊട്ടരങ്ങൾ പണിഞ്ഞ ശില്പികളും ദളിതന്റെ കുടിലും അതിനു പുറത്തും ആയത് എങ്ങനെയെന്നു ചിന്തിക്കുക തന്നെ വേണം. സവർണ്ണ സ്ത്രീകളുടെ ചാരിത്ര്യവും അവിഹിതബന്ധവും സാഹിത്യത്തിലും സിനിമയിലും വിഷയമായപ്പോൾ തമ്പ്രാന്റെ കുഞ്ഞിനെ പെറ്റ് പോറ്റെണ്ടിവന്ന അടിയാത്തിപ്പെണ്ണിന്റെ ജീവിതം ആർക്കും വേണ്ടായിരുന്നു. പി.വത്സലയെപോലുള്ള വളരെ ചുരുക്കം പേരെ മാറ്റി നിർത്താം. ഒരു ദേശത്തിന്റെ സംസ്കാരം എന്നുപറയുന്നത് അവിടെത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ദളിതന്റെയും ജീവിതത്തെകൂടി അടിസ്ഥാനമാക്കിയാണ്. താജ്മഹാളും കഥകളിയും താലപ്പൊലിയും സവർണ്ണബോധത്തിന്റെ ചില ചിഹ്നങ്ങൾ മാത്രമാണ്. അതിനെ ഒരു ദേശത്തിന്റെ മൊത്തം സംസ്കാരമായി ഉയർത്തിക്കാണിക്കുമ്പോൾ വിനയപൂർവ്വം വിയോജിക്കേണ്ടിവരുന്നു.
***

7 അഭിപ്രായങ്ങൾ:

 1. നമ്മുടെ സംസ്കാരം സിനിമാസെറ്റുകളിലെ തെര്‍മോക്കോള്‍ കൊട്ടാരം പോലെ ആയിരിയ്ക്കുന്നു. വെളിയില്‍ നിന്ന് നോക്കിയാല്‍ കൊട്ടാരം. ഉള്ളില്‍.....?

  മറുപടിഇല്ലാതാക്കൂ
 2. ലേഖനം നന്നായിരിക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
 3. സവർണ്ണ സ്ത്രീകളുടെ ചാരിത്ര്യവും അവിഹിതബന്ധവും സാഹിത്യത്തിലും സിനിമയിലും വിഷയമായപ്പോൾ തമ്പ്രാന്റെ കുഞ്ഞിനെ പെറ്റ് പോറ്റെണ്ടിവന്ന അടിയാത്തിപ്പെണ്ണിന്റെ ജീവിതം ആർക്കും വേണ്ടായിരുന്നു. പി.വത്സലയെപോലുള്ള വളരെ ചുരുക്കം പേരെ മാറ്റി നിർത്താം. ഒരു ദേശത്തിന്റെ സംസ്കാരം എന്നുപറയുന്നത് അവിടെത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ദളിതന്റെയും ജീവിതത്തെകൂടി അടിസ്ഥാനമാക്കിയാണ്. --
  -----------------------------------------
  അധികാരമുള്ളവന്‍ ,ഇല്ലാത്തവന്‍ ,പണ്ഡിതന്‍ പാമരന്‍ , സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ ഇതൊക്കെ ഒരു പ്രകൃതി നിയമം പോലെ പിന്തുടരുന്നത് ആദിമ കാലം മുതല്‍ക്കേ നില നിന്ന് പോന്ന ഒരലിഖിത നിയമം!!!.

  മറുപടിഇല്ലാതാക്കൂ
 4. ഒരു സമൂഹത്തെ മുഖ്യധാരയിൽ നിന്ന് ആട്ടിയോടിച്ച് അവരുടെ ജീവിതമാകെ കൈപ്പിടിയിലൊതുക്കിയവർക്കെതിരെ കീഴാളർ ഉയർത്തിയ പ്രതിഷേധസ്വരത്തിന്റെ അലയൊലികൾ അവർ നിർമ്മിച്ച കലാരൂപങ്ങളിൽ ഉണ്ടായിരുന്നു. സവർണ മേൽക്കോയമയ്കെതിരെ തങ്ങളുടെ കാവുകളിൽ കീഴാളദൈവങ്ങളെ പ്രതിഷ്ഠിച്ച് അവർ വിജയം നേടിയ കഥയും ഈ മണ്ണ് അറിഞ്ഞതാണ്. പക്ഷേ ഇപ്പോൾ കീഴാളദൈവസ്ഥാനങ്ങളേയും, കലാരൂപങ്ങളേയും സംരക്ഷിക്കാനെന്ന മട്ടിൽ ഏറ്റെടുത്ത് സവർണചിഹ്നങ്ങൾ അതിൽ ഒട്ടിച്ചുവെക്കുന്ന സാംസ്കാരിക അധിനിവേശം വിദഗ്ദ്ധമായി നടക്കുന്നുണ്ട്. കാവുകളെ ക്ഷേത്രങ്ങളാക്കുന്നതിനു പിന്നിലും, തിറ യെ തിറമഹോത്സവമാക്കി താലപ്പൊലി അനുബന്ധ ചടങ്ങാക്കുന്നതിനു പിന്നിലുമൊക്കെ സംസ്കാരത്തിന്മേൽ അധീശശക്തികൾ പിടിമുറുക്കുന്നതിന്റെ സൂചനകൾ കാണാം

  ചിന്തോദീപ്തമായ നല്ല ലേഖനം

  മറുപടിഇല്ലാതാക്കൂ
 5. നമ്മുടെ നാടിന്റെ സംസ്കാരത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? ..
  നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ വെച്ച്നോക്കുമ്പോള്‍ അതൊരു ചോദ്യം തന്നാണ് ...!

  നല്ല ലേഖനം ..!

  മറുപടിഇല്ലാതാക്കൂ

Translate