ജാതിവിവേചനവും ഗോത്രസമൂഹം നേരിടുന്ന പ്രതിസന്ധികളും അവഗണനകളും തുറന്നുകാട്ടുന്നു 'ജയ് ഭീം'. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് സിനിമക്ക് വിഷയമായത്.
തൊണ്ണൂറ്റിഅഞ്ചു ശതമാനവും സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ജസ്റ്റിസ് കെ. ചന്ദ്രുതന്നെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് സിനിമയാണെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട സിനിമതന്നെയാണ്. നമ്മൾ എത്രതന്നെ പുരോഗമിച്ചു എന്ന് പറയുമ്പോഴും ഓരോ മനുഷ്യന്റെ മനസ്സിലും ജാതിബോധമുണ്ട്. ചില സന്ദർഭങ്ങളിൽ നമ്മുടെ ജാതിബോധം വാക്കിലൂടെയും പ്രവർത്തിയിലൂടെയും സമീപനങ്ങളിലൂടെയുമൊക്കെ വെളിപ്പെട്ടുപോവാറുമുണ്ട്. അംബേദ്ക്കറിസത്തെ മാർക്സിസവുമായി കൂട്ടിയിണക്കുന്നതിന്റെ സാധ്യതയും അതിന്റെ പ്രസക്തിയും പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട് ഈ സിനിമ.
സിനിമയിൽ സൂര്യ അഡ്വക്കറ്റ് ചന്ദ്രു എന്ന നായകവേഷത്തിൽ തിളങ്ങിനിൽക്കുന്നുണ്ടെങ്കിലും മണികണ്ഠന്റെയും ലിജോമോൾ ജോസിന്റെയും അഭിനയം ഗംഭീരമെന്നു പറയാതെ വയ്യ. രാജാക്കണ്ണും സെങ്കണിയും രണ്ടുപേരുടെയും ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായി സിനിമാചരിത്രം രേഖപ്പെടുത്തും. സിനിമയുടെ അവസാനഭാഗത്ത് അഡ്വക്കറ്റ് ചന്ദ്രു പത്രം വായിക്കുമ്പോൾ സമീപത്തിരിക്കുകയായിരുന്ന രാജാക്കണ്ണിന്റെയും സെങ്കണിയുടെയും മകൾ സംശയത്തോടെയും ഭയത്തോടെയും ചന്ദ്രുവിനെ നോക്കിക്കൊണ്ടു പത്രം വായിക്കാനെടുക്കുന്നതും ചന്ദ്രു ഇരുന്നത്പോലെ കാലിന്മേൽ കാൽ വച്ച് ഇരിക്കുന്നതും സ്ത്രീ-പുരുഷ സമത്വമെന്ന ആശയം കൂടി സിനിമയിലുണ്ട്. സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും കൃത്യമായ രാഷ്ട്രീയത്തോടെയും സിനിമയെന്ന മാധ്യമത്തെ പ്രേക്ഷകരിലെത്തിച്ച സംവിധായകൻ ജ്ഞാനവേൽ അഭിനന്ദനം അർഹിക്കുന്നു.