kharaaksharangal.blogspot.com - KHARAAKSHARANGAL

വെള്ളിയാഴ്‌ച, ജൂലൈ 29, 2011

സൂപര്‍ താരങ്ങളുടെ പേരിലുള്ള കേസ് എന്തായി?

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും വീടുകളില്‍ നടന്ന റെയ്ഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് നമ്മള്‍ കേട്ടില്ല. എന്തുപറ്റി? ഒതുക്കിതീര്‍ത്തോ? കിട്ടുന്നതെല്ലാം, മല്‍സരിച്ച് ദിവസങ്ങളോളം വാര്‍ത്തയാക്കുന്ന ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് എന്താണ് മൌനം? മോഹന്‍ലാലിന്‍റെ വീട്ടിലെ ആനക്കൊമ്പും പുരാവസ്തു ശേഖരവും നിയപ്രകാരമുള്ളതാണോ? നിയമപ്രകാരമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച ബ്രിഗേഡിയര്‍ പദവി തിരിച്ചുവാങ്ങേണ്ടത് പ്രതിരോധമന്ത്രിയായ എ.കെ.ആന്‍റണിയുടെ ഉത്തരവാദിത്വമല്ലേ? മമ്മൂട്ടി വാങ്ങിക്കൂട്ടിയെന്നുപറയപ്പെടുന്ന ഭൂമി നിയപ്രകാരമാണോ? ഇരുവരും കുറ്റക്കാരാണെങ്കില്‍ കേസിന്‍റെ അവസ്ഥ എന്താണ്? ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതികള്‍ കണ്ടുപിടിക്കാന്‍ ഒളിക്ക്യാമറയുമായ് മത്സരിച്ച് ഓടിനടക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് സൂപര്‍താരങ്ങളുടെ കേസുകളോട് മാത്രം താല്‍പ്പര്യക്കുറവുണ്ടാവുന്നതിന്‍റെ കാരണമെന്താണ്? സിനിമാതാരങ്ങള്‍ ഇല്ലെങ്കില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്ന പരമാര്‍ത്ഥമായിരിക്കാം അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഘടകം. ഇതൊക്കെ മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകരെന്ന കാര്യം മാദ്ധ്യമങ്ങള്‍ മറക്കാതിരിക്കുന്നത് നന്ന്.

ഇത്തരം പക്ഷപാതപരമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മാദ്ധ്യമസിണ്ടിക്കറ്റ് പോലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത്. അങ്ങനെ ആരെങ്കിലും ആരോപിച്ചാല്‍ അവരെ വേട്ടയാടുന്നതിലും മാദ്ധ്യമങ്ങള്‍ ഒട്ടും പിന്നിലല്ലല്ലോ.

ഇന്ത്യന്‍ജനാധിപത്യത്തിന്‍റെ വികസനത്തിന്‌ മാദ്ധ്യമങ്ങള്‍ക്ക് കുറെയേറെ ചെയ്യാനാവും. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ അവരില്‍തന്നെയാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം ഗൌരവമായ കാര്യങ്ങളില്‍ പക്ഷപാതം കാട്ടുമ്പോള്‍ അതിന്‍റെ ഫലം ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ദോഷമായിരിക്കും.

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

ആഘോഷിക്കപ്പെടുന്ന ലൈംഗികത

ഇത് ലൈംഗികത ആഘോഷിക്കപ്പെടുന്ന കാലം. ഒപ്പം വികലമാക്കപ്പെടുന്നതും. ആരാണ് ഇത്രയധികം ആഘോഷിക്കുന്നതും വികലമാക്കുന്നതും? സമൂഹമാണോ? അങ്ങനെയെങ്കില്‍ സമൂഹം മാത്രമാണോ അതിനുത്തരവാദി? ഇത് എന്നെപ്പോലുള്ള ലക്ഷക്കണക്കിന്‌ പ്രവാസികളുടെ ചോദ്യമാണ്.

കാലത്തുമുതല്‍ വൈകീട്ട് വരെ മേല്‍ജീവനക്കാരന്‍റെ വഴക്ക് കേട്ട്, സഹപ്രവര്‍ത്തകരോട് കലഹിച്ച്, കീഴ്ജീവനക്കാരന്‍റെ ശാപങ്ങള്‍ ഏറ്റുവാങ്ങി സംഘര്‍ഷം നിറഞ്ഞ മനസോടെ മുറിയില്‍ തിരിച്ചെത്തുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നത് ടെലിവിഷന്‍ പരിപാടികള്‍ തന്നെയാണ്. ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലായിരിക്കും ടെലിവിഷനിലേക്ക് എത്തിനോക്കുന്നത്. ജനിച്ചുവളര്‍ന്ന നാട്ടിലെ വിവരങ്ങള്‍ ഒന്നറിയാനുള്ള ആഗ്രഹം കൊണ്ട് അല്‍പനേരം വാര്‍ത്ത കേള്‍ക്കാമെന്ന് വിചാരിച്ചു ടെലിവിഷന് മുന്നില്‍ പോയിരുന്നാല്‍ കേള്‍ക്കുന്നത് പെണ്‍വാണിഭങ്ങളുടെ വാര്‍ത്തകള്‍. സ്ത്രീകളെ വീഴ്ത്താന്‍ വലവിരിച്ചിരിക്കുന്ന സെക്സ് റാക്കറ്റുകള്‍, കൌമാരപ്രായക്കാരിയായ സ്വന്തം മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന അച്ഛന്‍, അച്ഛന്‍റെ(സ്വന്തം അച്ഛന്‍?) ലൈംഗീക പീഠനത്തിന് വിധേയയാകേണ്ടിവന്ന മകള്‍.... വിദ്യാലയങ്ങളിലും, തീവണ്ടിയിലുംവരെ പീഠനങ്ങള്‍. പിന്നെയും കുറെ അവിഹിത ബന്ധങ്ങളുടെ വാര്‍ത്തകള്‍.

ഏകാന്തതയുടെ വിരസതയകറ്റാന്‍ മോഹിച്ച്‌ പ്രിയപ്പെട്ട നാടും നാട്ടുകാരെയും കാണാന്‍ മോഹിച്ച്‌ ടെലിവിഷന്‍ ഓണ്‍ ചെയ്‌താല്‍ കാണുന്നതും കേള്‍ക്കുന്നതും ഇത്തരം വാര്‍ത്തകള്‍ ആവുമ്പോള്‍ പ്രവാസികളുടെ മാനസികപിരിമുറുക്കം കൂടുകയേയുള്ളൂ. നാട്ടില്‍ ഉപേക്ഷിച്ചുവന്ന ഭാര്യയുടെയും മക്കളുടെയും സഹോദരിമാരുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉറക്കത്തിലും വേട്ടയാടുന്നു. പണ്ട് പെണ്‍മക്കളെക്കുറിച്ചായിരുന്നു എങ്കില്‍ ആണ്‍മക്കളെക്കുറിച്ചും ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. പതിമൂന്നോ പതിനാലോ വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടികള്‍ ലൈംഗികക്കേസ്സുകളില്‍ പ്രതിയാകുന്നു! വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങള്‍ക്ക് ആ പ്രായത്തില്‍ പെണ്‍കുട്ടികളോട് തോന്നിയിരുന്നത് നിഷ്ക്കളങ്കമായ പ്രേമമോ അവരുടെ പൂര്‍ണതയിലെത്തുന്ന സൗന്ദര്യത്തോടുള്ള കൌതുകമോ മാത്രമായിരുന്നു. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലൈംഗീകതയെക്കുറിച്ചുള്ള ബോധം ഉണ്ടാവുന്നത്.

പക്ഷെ, ഇന്നത്തെ കുട്ടികള്‍ കൈയില്‍ കൊണ്ടുനടക്കുന്നത് ഫോട്ടോ എടുക്കാനും വിഡിഒ കാണാനും സാധിക്കുന്ന മൊബൈല്‍ ഫോണുകളാണ്. ലോകത്തിന്‍റെ പുതിയ അവസ്ഥ അറിയാത്ത രക്ഷകര്‍ത്താക്കള്‍ മുന്‍പിന്‍ ചിന്തിക്കാതെ അത് വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വീട്ടിലും പഠിക്കുന്ന സ്ഥാപനത്തിലും കംപ്യുട്ടര്‍ ഉപയോഗിക്കാന്‍ അവസരം അവര്‍ക്ക് ലഭിക്കുന്നു. അതില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടെങ്കില്‍ പറയുകയേ വേണ്ട, നല്ലതും ചീത്തയുമായിട്ടുള്ള എന്തും അതില്‍ സുലഭമാണല്ലോ. കൌമാരപ്രായക്കാര്‍ക്ക് തീര്‍ച്ചയായും തെറ്റുകളോടായിരിക്കും ആകര്‍ഷകത്വം കൂടുതല്‍. രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടാതെ ഇതൊക്കെ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇതിന്‌ തടയിടേണ്ടത്‌ രക്ഷിതാക്കളും അദ്ധ്യാപകരും തന്നെയാണ്. അതിനു സമൂഹത്തെയോ സാങ്കേതികവിദ്യയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏത് ഭാഷയിലുള്ള അശ്ലീല ചിത്രങ്ങളും അശ്ലീലകഥകളും ഇന്റര്നെറ്റിലൂടെ നമ്മുടെ കണ്മുന്നിലെത്തുന്നു. ഇത്തരം സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ കൌമാരെക്കാരെ കുറച്ചെങ്കിലും നമുക്ക് ഇതില്‍നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. അവരില്‍ മാത്രമേ നമുക്ക് പ്രതീക്ഷ നല്‍കാന്‍ പറ്റുകയുള്ളു. സെക്സ് റാക്കറ്റുകള്‍ നടത്തുന്ന വന്‍കിടക്കാര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ ഭരണകൂടത്തിലും ബ്യുറോക്രസ്സിയിലും ഉണ്ടാവുമ്പോള്‍ ഇതിനെ നിയമപരമായി നശിപ്പിക്കുക എളുപ്പമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നേവരെ വിവാദമായിട്ടുള്ള പ്രമുഖര്‍ പ്രതികളായിട്ടുള്ള ഒരു ലൈംഗീക പീഠനക്കേസും തെളിയിക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപെടുകയോ ചെയ്തിട്ടില്ല. മത്സരിച്ച് വാര്‍ത്തകള്‍ പുറത്തുവിടുന്ന മാദ്ധ്യമങ്ങള്‍ ഒരിക്കലും അവയൊന്നും ജനങ്ങള്‍ക്ക്‌ മുന്നില്‍ എത്തിക്കാറുമില്ല. പഴയത് തന്നെ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ആഘോഷമില്ലല്ലോ. അതുകൊണ്ടാവാം മാദ്ധ്യമങ്ങള്‍ എന്നും പഴയതിനെ മറന്ന് പുതുമ തേടിപ്പോകുന്നത്. പ്രതികള്‍ ഇപ്പോഴും മാന്യന്‍മാരായിത്തന്നെ ജീവിക്കുകയും ചെയ്യുന്നു.

എന്തിനും ഏതിനും സമരം ചെയ്യുന്ന സംഘടനകള്‍ അവരുടെ പ്രതിയോഗികള്‍ ഇല്ലാത്ത ലൈംഗീകപീഠനക്കേസുകളില്‍ താല്പര്യം കാട്ടാറുമില്ല. പിന്നെയങ്ങനെ കേസുകള്‍ തെളിയിക്കപ്പെടും? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും?

എഴുതാന്‍ വിട്ടുപോയ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ലൈംഗീകതയ്ക്ക് പ്രാധാന്യമുള്ള പഴയ സിനിമകള്‍ (ഉദാ: രതിനിര്‍വ്വേദം) കൌമാരപ്രായക്കാരിലൂടെ ലഭിക്കുന്ന കാശ് മാത്രം ലക്ഷ്യമിട്ട് ക്ലാസിക്ക് സിനിമയെന്ന ലേബലില്‍ വീണ്ടും നിര്‍മ്മിച്ച്‌ നമുക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ആഭാസത്തരങ്ങള്‍ ലൈംഗീകത എന്ന ഉദാത്തമായ സങ്കല്‍പ്പത്തെ വികലമാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്?

Translate