kharaaksharangal.blogspot.com - KHARAAKSHARANGAL

ഞായറാഴ്‌ച, ഒക്‌ടോബർ 06, 2013

ഒരു ദേശത്തിന്റെ സംസ്കാരം എങ്ങനെയാണ് നിർവ്വചിക്കുക?


മനുഷ്യന്റെ സാമൂഹികമായ സമീപനത്തിന്റെയും പ്രവർത്തനങ്ങളുടെയും ആകെ തുകയാണ് സംസ്കാരം. ഒരിക്കലും ഒരിടത്തും ചെന്നവസാനിക്കാത്ത, സമൂഹം മൊത്തത്തിൽ ഭാഗബാക്കാവുന്ന സർഗ്ഗാത്മകമായ ഒഴുക്കാണത്. അതിൽ നമ്മുടെ സ്വഭാവവും, ചിന്തകളുടെയും ആശയങ്ങളുടെയും പ്രകാശനവും പ്രായോഗികശൈലിയും ഉൾപ്പെടുന്നുണ്ട്. എന്നുപറയുമ്പോൾ എഴുത്തും, വായനയും, കലയും, സംഗീതവും, ഭക്ഷണവും, ഉപജീവനത്തിനായി ചെയ്യുന്ന തൊഴിലും, പ്രകൃതിയുടെ ഉപയോഗവും, വാണിജ്യവും, ലൈംഗീകതയും എന്നുവേണ്ട ജീവിക്കാനാവശ്യമായത് എന്തൊക്കെയോ അതെല്ലാം അതിലെ ഘടകങ്ങളാണ്. അങ്ങനെയെങ്കിൽ നമ്മുടെ നാടിന്റെ സംസ്കാരത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? ബസ്സ് യാത്രയിൽ, ട്രെയിൻയാത്രയിൽ, ഓഫീസിൽ, ക്ലാസ്സുമുറിയിൽ, ആശുപത്രിയിൽ, പോലീസ് സ്റ്റേഷനിൽ, കോടതിയിൽ, നിയമസഭയിൽ, കവലയിലെ പൊതുയോഗങ്ങളിൽ, ജനകീയ സമരങ്ങളിൽ, കച്ചവടസ്ഥാപനങ്ങളിൽ  എല്ലാം ഒന്ന് വിലയിരുത്തിനോക്കൂ, നമ്മൾ ഊറ്റംകൊള്ളുന്ന സംസ്കാരം വെറും പൊള്ളയാണെന്ന് ബോധ്യപ്പെടും.

ഭരണകൂടവും അതിനെ താങ്ങിനിർത്തുന്ന മുതലാളിത്തവും ചേർന്ന് സംസ്കാരം ഒരു വിൽപ്പനച്ചരക്കാക്കി. അത് നമ്മുടെ നാടിന്റെമാത്രം പ്രത്യേകതയല്ല. ലോകവ്യാപകമായി നടപ്പിലാക്കിക്കഴിഞ്ഞതാണ്. അത്  ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്‌ ടൂറിസം രംഗത്താണ്. സർക്കാർതന്നെ ഉല്പാദകന്റെയും കച്ചവടക്കാരന്റെയും റോൾ ചെയ്യുന്നു എന്നുമാത്രമല്ല കലയും ആയുർവ്വേദവും പ്രകൃതിചികിത്സയും ഒക്കെ അതിന്റെ ഉപോല്പ്പന്നമായി മാറുകയും കലയില്ലാത്ത കലാരൂപവും ചികിത്സയില്ലാത്ത ആയുർവ്വേദവും  പ്രകൃതിയില്ലാത്ത പ്രകൃതിചികിത്സയും കണ്ട് ടൂറിസ്റ്റുകളായി എത്തുന്നവർ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ കബളിപ്പിക്കൽ എന്ന മലയാളിയുടെ പൊതുസ്വഭാവം സംസ്കാരത്തിന്റെ ഭാഗമാവേണ്ടതല്ലേ? ആദിവാസികളുടെ പട്ടിണി മരണങ്ങളും അധികാരക്കൊതിയുള്ള ജാതിക്കോമരങ്ങളും മതഭ്രാന്തന്മാരും ഉന്നതങ്ങളിൽ സ്വാധീനമുള്ള സെക്സ് മാഫിയകളും യഥേഷ്ടം വിഹരിക്കുന്ന യഥാർത്ഥ്യത്തിന് മേലെയാണ്  ചായം തേച്ചു മിനുക്കിയെടുത്ത പൊള്ളയായ സംസ്കാരം പ്രദർശനത്തിന് വച്ചിരിക്കുന്നത്.  ടൂറിസം വാരാഘോഷമെന്നപേരിൽ താലപ്പൊലിയേന്തിയ സുന്ദരിമാരെ അണിനിരത്തി വിദേശികളെ വരവേൽക്കുന്നത് തരം താണ കച്ചവടതന്ത്രമാണ്.

ഇനി കേരളം വിട്ട് ഭാരതമെന്ന വിശാല അർത്ഥത്തിൽ എടുക്കാം. കെട്ടുറപ്പുള്ള കുടുംബബന്ധങ്ങൾ എന്നാണ് നമ്മൾ ഭാരതീയസംസ്കാരത്തിന്റെ മുഖമുദ്രയായി എടുത്തുപറയുന്നത്‌.. അതാണത്രേ ഭാരതീയസംസ്കാരത്തിന്റെ അടിത്തറ. പക്ഷെ, നമ്മുടെ സ്വീകരണമുറികളിൽ ദൃശ്യമാധ്യമങ്ങൾ വിളമ്പുന്ന വിഭവങ്ങൾ കുടുംബബന്ധങ്ങൾക്ക് എന്ത് കെട്ടുറപ്പാണ് നൽകുന്നത്? ഇതൊക്കെ സംസ്കാരസമ്പന്നതയുടെ അടയാളങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. കുറ്റകൃത്യവാർത്തകൾ എന്നപേരിൽ അവർ കൃത്യമായി അറിയിക്കുന്നുണ്ട്, അച്ഛനും അമ്മയും ചേർന്ന് പ്രായപൂർത്തിയെത്താത്ത മകളെ പലർക്കായി കാഴ്ച്ചവയ്ക്കുന്നതും അച്ഛൻ മകളെ പീഡിപ്പിച്ചതും(ഇതൊക്കെ എത്രത്തോളം വാസ്തവമെന്നും ചിന്തിക്കണം.), കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊന്നതും അങ്ങനെ പലതരം വാർത്തകൾ. എല്ലാം അറിയേണ്ടുന്ന വാർത്തകൾ തന്നെ. പക്ഷെ, അതൊരു പൈങ്കിളി വാർത്തയായി സ്വീകരണമുറിയിൽ നിറയുമ്പോൾ വീടിനകത്ത് അംഗങ്ങൾ പരസ്പര വിശ്വാസമില്ലാതെ ജീവിക്കേണ്ടിവരുന്നുവെങ്കിൽ അല്ലെങ്കിൽ അങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുവെങ്കിൽ ഈ പറയുന്ന നമ്മുടെ സംസ്കാരത്തിന്റെ സ്ഥാനം പട്ടികയിൽ ഏറ്റവും താഴെയാണ് എന്നേ പറയാനാവു. അല്ലെങ്കിൽ കോർപറേറ്റ് സംസ്കാരം നമ്മളെ പൂർണ്ണമായും വരുതിയിലാക്കിക്കഴിഞ്ഞു എന്ന സത്യം തിരിച്ചറിയുകയെങ്കിലും വേണം. വാർത്തകൾ അറിയാനുള്ളതാണെന്ന സങ്കല്പത്തിൽനിന്ന് ആസ്വദിക്കുവാനുള്ളതാണെന്ന സങ്കല്പ്പത്തിലേക്കും അവ ഉല്പ്പന്നങ്ങളാണെന്നും വിറ്റഴിക്കാനുള്ളതാണെന്നുമുള്ള സംസ്കാരത്തിലേക്കും നമ്മളെ അവർ മാറ്റി. സ്‌ത്രീകളെ ഉപയോഗിച്ചുകൊണ്ട് ഒരു ഭരണകൂടത്തെ മൊത്തത്തിൽ തങ്ങളുടെ കൈക്കുമ്പിളിലാക്കാൻ സാധിക്കുമെന്ന് സോളാർ തട്ടിപ്പിലൂടെ മുതലാളിത്തലോബി തെളിയിച്ചു. ഞങ്ങൾ വിചാരിച്ചാൽ അതൊരു വ്യഭിചാരകഥയാക്കിമാറ്റാൻ സാധിക്കുമായിരുന്നു എന്ന് നമ്മുടെ മാധ്യമങ്ങൾ തന്നെ സമ്മതിച്ചിട്ടുണ്ട്. പണ്ട് രാജഭരണകാലം മുതലുള്ള ഒരു രീതിതന്നെയായിരുന്നു ഇത്. നാട്ടുരാജാക്കന്മാരെ വീഴ്ത്താൻ ബ്രിട്ടീഷുകാരും സ്‌ത്രീകളെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, അതൊക്കെ സ്വേഛാധിപാത്യഭരണാധികാരികളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ട്തന്നെയാണ് അക്കാലത്തൊന്നും അതൊരു സാമൂഹ്യപ്രശ്നമായി ഉയർന്നുവരാതിരുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ ഭരണാധികാരികൾ സമൂഹത്തിന്റെ ഭാഗമാവുമ്പോൾ അത് സമൂഹത്തിന്റെ മൊത്തം പ്രശ്നമാണ്. അപ്പോഴത് ദേശത്തിന്റെ സാംസ്കാരിക പ്രശ്നംകൂടിയാണ്.

ഭർത്താവിനോടൊപ്പമോ കാമുകനോടൊപ്പമോ യാത്രചെയ്യുകയോ രാത്രിയിൽ തനിച്ച് ബസ്സ് കാത്തുനിൽക്കുകയൊ ചെയ്യുന്ന സ്‌ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നത് നിത്യസംഭവമാവുന്നത് കമാസക്തിയും സ്‌ത്രീശരീരം ഭോഗിക്കുവാനുള്ളതുമാണെന്ന യാഥാസ്ഥിതിക സാസ്കാരിക ചിന്തയിൽനിന്നുതന്നെയാണ്. നമുക്കവരെ മാനസിക രോഗികളെന്നുപറഞ്ഞ്‌ നിസാരവല്ക്കരിക്കാം അല്ലെങ്കിൽ മദ്യവും മയക്കുമരുന്നുമാണ് ഇതിനുപിന്നിലെന്ന് പറഞ്ഞ് വിഷയം മറ്റൊന്നാക്കാം പക്ഷെ, ഇതൊക്കെ ഒരു സംസ്കാരമായി മാറുന്നത് എങ്ങനെയാണ് വായനക്കാരെ നിങ്ങൾക്ക് തടയാനാവുക? കുറച്ചുനാളുകൾക്ക് മുൻപ് രഹസ്യ അറകളിൽ നിന്ന് തലയുയർത്താൻ ശ്രമിച്ച ഏതുനേരവും ഇനിയും അങ്ങനെ സംഭവിച്ചേക്കാവുന്ന സദാചാരപോലീസ് എന്ന മറ്റൊരു യാഥാസ്ഥികപക്ഷത്തിന്റെ കാൽക്കീഴിൽ അടിയറവയ്ക്കണോ മലയാളികൾ ഊറ്റംകൊള്ളുന്ന സാസ്കാരിക ബോധം?

ഈ ലേഖനം തുടങ്ങിയിടത്തേക്ക്തന്നെ നമുക്ക് തിരിച്ചുപോകാം. എങ്ങനെയാണ് സവർണ്ണജീവിതവും സവർണ്ണകലയുംമാത്രം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായത്? ദളിതന്റെ കലയും ജീവിതവും ദേശത്തിന്റെ സംസ്കാരത്തിൽനിന്നു അടർത്തിമാറ്റപ്പെടുന്നത് എന്തുകൊണ്ടാണ്? സവർണ്ണന്റത് വാഴ്ത്തപ്പെടേണ്ടതും അവർണ്ണന്റേത് ഇല്ലാതാവേണ്ടതുമാണെന്ന ചിന്ത സവർണ്ണബോധത്തിൽനിന്ന് ഉടലെടുത്തതല്ലെന്ന് പറയാനാവില്ല. പത്തായപ്പുരകളും നാലുകെട്ടും രാജകൊട്ടരങ്ങളും സംസ്കാരത്തിന്റെ അകത്തും കർഷകത്തൊഴിലാളികളും രാജകൊട്ടരങ്ങൾ പണിഞ്ഞ ശില്പികളും ദളിതന്റെ കുടിലും അതിനു പുറത്തും ആയത് എങ്ങനെയെന്നു ചിന്തിക്കുക തന്നെ വേണം. സവർണ്ണ സ്ത്രീകളുടെ ചാരിത്ര്യവും അവിഹിതബന്ധവും സാഹിത്യത്തിലും സിനിമയിലും വിഷയമായപ്പോൾ തമ്പ്രാന്റെ കുഞ്ഞിനെ പെറ്റ് പോറ്റെണ്ടിവന്ന അടിയാത്തിപ്പെണ്ണിന്റെ ജീവിതം ആർക്കും വേണ്ടായിരുന്നു. പി.വത്സലയെപോലുള്ള വളരെ ചുരുക്കം പേരെ മാറ്റി നിർത്താം. ഒരു ദേശത്തിന്റെ സംസ്കാരം എന്നുപറയുന്നത് അവിടെത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ദളിതന്റെയും ജീവിതത്തെകൂടി അടിസ്ഥാനമാക്കിയാണ്. താജ്മഹാളും കഥകളിയും താലപ്പൊലിയും സവർണ്ണബോധത്തിന്റെ ചില ചിഹ്നങ്ങൾ മാത്രമാണ്. അതിനെ ഒരു ദേശത്തിന്റെ മൊത്തം സംസ്കാരമായി ഉയർത്തിക്കാണിക്കുമ്പോൾ വിനയപൂർവ്വം വിയോജിക്കേണ്ടിവരുന്നു.
***

വെള്ളിയാഴ്‌ച, മാർച്ച് 08, 2013

വസ്‌ത്രം, നഗ്നത, അശ്ലീലം


     മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ് നഗ്നത മറക്കണമെന്ന ചിന്ത ഉടലെടുക്കുന്നത് എന്ന് തോന്നുന്നു. പിന്നെയും കാലം കുറേ കഴിഞ്ഞിട്ടുണ്ടാവും വസ്‌ത്രം എന്ന ആശയത്തിലെത്താന്‍... അങ്ങനെയാണ് ഇന്ന് നമ്മള്‍ കാണുന്ന സാരിയിലും മുണ്ടിലും ജീന്‍സിലും ചുരിദാറിലും ഒക്കെ എത്തിനില്‍ക്കുന്നത്‌. പൂര്‍ണ്ണമായും അശ്ലീലം മറക്കുന്ന ഒരു വസ്‌ത്രവും ഇല്ലെന്നുതന്നെ പറയാം. വസ്‌ത്രത്തിനകത്തെ സ്‌ത്രീശരീരത്തിന്റെ അശ്ലീലം പുരുഷന്മാര്‍ കാണുന്നതുപോലെ പുരുഷശരീരത്തിന്റെ അശ്ലീലം സ്‌ത്രീകളും കാണുന്നുണ്ടാവും. രഹസ്യങ്ങളുടെ കലവറയാണ് സ്‌ത്രീമനസുകള്‍ . സമൂഹം അവരെയങ്ങനെയാണ് ശീലിപ്പിച്ചുട്ടള്ളത്. അതുകൊണ്ടുതന്നെയാണ് നമുക്കിടയില്‍ പുരുഷശരീരത്തിന്റെ അശ്ലീലം ചര്‍ച്ചയാവാത്തതും.    

ദമയന്തിയും ഹംസവും 
     വസ്‌ത്രധാരണവും അതിനെക്കുറിച്ചുള്ള സങ്കല്‍പ്പവും കാല-ദേശഭേതമനുസരിച്ചും മത-അചാരനുഷ്ടാനഭേതമനുസരിച്ചും കാലാവസ്ഥാഭേതമനുസരിച്ചും വിഭിന്നമാണെന്നത് നമ്മുടെ കണ്മുന്നിലെ പരമാര്‍ത്ഥം. നഗ്നത മറയ്ക്കുക എന്ന ആശയത്തിന് സമാന്തരമായി വസ്‌ത്രധാരണം ആകര്‍ഷിക്കപ്പെടാന്‍കൂടിയുള്ളതാണെന്നു വിശ്വസിച്ചുപോരുന്നുണ്ട് നമ്മുടെ സമൂഹം. അതില്‍ ശരിയുമുണ്ട്. നഗ്നമായ ശരീരത്തേക്കാള്‍ ആകര്‍ഷണം വസ്‌ത്രം ധരിച്ച ശരീരത്തിന് ഉണ്ടാവാറുണ്ട്, ചിലപ്പോഴൊക്കെ. ഉത്തരാധുനികകാലത്ത് വസ്‌ത്രധാരണം ആകര്‍ഷിക്കപ്പെടാന്‍ മാത്രമുള്ളതാണെന്ന വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് വാണിജ്യലോബി. അതിലൂടെ നഗ്നതാപ്രദര്‍ശനം വസ്‌ത്രധാരണത്തിന്റെ ഭാഗമാവുന്നു. ചിലരൊക്കെ ഈ കെണിയില്‍ വീണുപോയിട്ടുമുണ്ട്. അതൊക്കെ സാസ്കാരികരംഗത്ത് കുറെയേറെ ചര്‍ച്ചകള്‍ ചെയ്തുകഴിഞ്ഞതുമാണ്. നിഷ്ഫലമാവുന്ന അത്തരം ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു വിശകലനം മാത്രമാണ്. കാല-ദേശഭേതമനുസരിച്ചോ മത-ആചാരാനുഷ്ടാനഭേതമനുസരിച്ചോ കാലാവസ്ഥാഭേതമനുസരിച്ചോ രൂപപ്പെട്ടുവന്ന വസ്‌ത്രധാരണരീതിയെനോക്കി ഇന്നത്‌ നല്ലതെന്നും ഇന്നത്‌ ചീത്തയെന്നും പറന്നതും  ഈ വസ്‌ത്രങ്ങളാണ് ലൈംഗീക അരാചകത്വം സൃഷ്ടിക്കുന്നതെന്ന് ആരോപിക്കുന്നതും ശരിയായ പ്രവണതയല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം. 

     വസ്‌ത്രധാരണത്തെ വിശകലനം ചെയ്യുമ്പോള്‍ ആദിമനുഷ്യന്റെ കാലംമുതല്‍ തുടങ്ങേണ്ടിയിരിക്കുന്നു. മനുഷ്യന്‍ പരിപൂര്‍ണ്ണനഗ്നനായി ജീവിച്ചിരുന്ന കാലത്തില്‍നിന്ന്. ആദമിന്റെയും ഹവ്വയുടെയും കാലത്തില്‍നിന്ന്. അവരുടെ നഗ്നതയിലേക്ക്‌ ചൂണ്ടി ഇത് അശ്ലീലമാണെന്ന് പറയുന്നത് മണ്ടത്തരമല്ലാതെ മറ്റെന്താണ്? കാലങ്ങള്‍ കഴിയുന്നതിനനുസരിച്ച് മനുഷ്യമനസുകളില്‍ അശ്ലീലചിന്തകള്‍ കൂടിവരുന്നതിനനുസരിച്ച് നഗ്നത മറക്കണമെന്നമെന്നും ക്രമേണ വസ്‌ത്രമെന്ന ആശയത്തിലേക്കും എത്തിച്ചേര്‍ന്നു എന്നുമാത്രമേ കരുതാനാവൂ. ഓരോ കാലഘട്ടത്തെയും വിശകലനം ചെയ്യുമ്പോള്‍ അതാതു കാലത്ത് രചിക്കപ്പെട്ട ഐതിഹ്യങ്ങളും കഥകളും ചിത്രങ്ങളും മതഗ്രന്ഥങ്ങളും പരിശോധിക്കുന്നത് നന്നായിരിക്കും. രവിവര്‍മ്മയുടെ എല്ലാ  ചിത്രങ്ങളും നോക്കി കാലഘട്ടത്തെ വിശകലനം ചെയ്യുക സാധ്യമല്ല. നള-ദമയന്തിമാരുടെ ചിത്രം നോക്കൂ. നളന്‍ പ്രാചീനപുരുഷനെപ്പോലെ അര്‍ദ്ധനഗ്നനാനെങ്കില്‍ ദമയന്തി ആധുനികവനിതയെപ്പോലെയാണ്. പുലിത്തോല്‍ ധരിച്ച ശിവന്റെ അരികില്‍  ഇരിക്കുന്നത് സാരിയും ബ്ലൗസും ധരിച്ച പാര്‍വ്വതി. ഈ ചിത്രങ്ങളെല്ലാം കാലഘട്ടത്തോട് നീതിപുലര്‍ത്തുന്നവയാണെന്ന് പറയാനാവില്ല. രവിവര്‍മ്മ ഇവയൊക്കെ വരയ്ക്കുന്ന ക്കാലത്ത് നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍ ഈ വസ്‌ത്രങ്ങളൊന്നും ധരിച്ചുതുടങ്ങിയിരുന്നില്ല. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും അദ്ദേഹം വരച്ചിട്ടുണ്ട് എന്ന സത്യത്തെ നിഷേധിക്കുന്നുമില്ല. 
രവിവര്‍മ ചിത്രം

     കേരളസത്രീകളുടെ ദേശിയവസ്‌ത്രം എന്ന് മുദ്രചാര്‍ത്തപ്പെട്ട സാരി(ചേല) എന്നുമുതലാണ് കേരളത്തിലെ സത്രീകള്‍ ധരിച്ചുതുടങ്ങിയത്? ഏതാണ്ട് എഴുപത്തിയഞ്ച്വര്‍ഷം മുന്‍പുവരെ കേരളത്തിലെ സ്‌ത്രീകളുടെ വസ്‌ത്രം എന്തായിരുന്നു? സവര്‍ണ്ണസമുദായത്തില്‍പെട്ട സ്‌ത്രീകള്‍മാത്രം മുണ്ടും മേല്‍മുണ്ടും ധരിച്ചിരുന്നു. അവര്‍ണ്ണസത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നിഷേധിച്ചിരുന്നു, സവര്‍ണ്ണഭരണകൂടം. മാറുമയ്ക്കാത്ത സ്‌ത്രീകളുടെ ചിത്രം കാണുന്ന പുതിയ തലമുറയ്ക്ക് അത് അശ്ലീലമായി തോന്നുന്നത് കാലഘട്ടത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതുകൊണ്ടാണ്. ഇന്ത്യയിലെ ആദിവാസിമേഖലകളിലേക്ക് ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കുന്നത് അല്പവസ്‌ത്രധാരികളെയാണ്.  അവര്‍ക്ക് ശ്ലീലവും അശ്ലീലവും തമ്മിലുള്ള വ്യത്യാസമറിയില്ല. ആധുനികവസ്‌ത്രധാരണത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത നിഷ്കളങ്കര്‍ . അവരുടെ നഗ്നതയെയും അറിവില്ലായ്മയെയും പരിഷ്കാരസമൂഹം ചൂഷണം ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി അവിഹിതഗര്‍ഭം പേറി ജീവിക്കേണ്ടി വരുന്നു, അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തേണ്ടിവരുന്നു. അവിടെ യാഥാര്‍ത്ഥത്തില്‍  അശ്ലീലം എന്നത് പരിഷ്കൃതസമൂഹത്തിന്റെ ചൂഷണമാണ്. ആഫ്രിക്കയിലെ അപരിഷ്കൃതസമൂഹത്തിന്റെ സ്ഥിതിയും വ്യത്യസ്ത്തമല്ല. അവരുടെ വസ്‌ത്രധാരണം നമ്മിലെ അശ്ലീലതയെ ഉണര്‍ത്തുന്നുവെങ്കില്‍ കുഴപ്പം നമ്മുടെയുള്ളിലാണ്. 

    നമ്മള്‍ ഇന്ന് കാണുന്നതും കേള്‍ക്കുന്നതും അശ്ലീലമാണ്, കൂടുതലും. പിഞ്ചുകുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും അച്ഛന്‍ മകളെ പീഡിപ്പിച്ചതും ദൃശ്യമാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം ആഘോഷമാവുമ്പോള്‍ അച്ഛനും മകളും അമ്മയും മകനും സഹോദരനും സഹോദരിയും സ്വീകരണമുറിയില്‍ പരസ്പരം മുഖത്ത് നോക്കാനാവാതെ തലതാഴ്ത്തിയിരിക്കേണ്ടിവരുന്നു എന്ന അശ്ലീലം നമ്മുടെ വീടുകളിലും സംഭവിക്കുന്നു. പ്രേംനസീറും ഷീലയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗങ്ങളും വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ കുടുംബസമേതം ഇരുകൈയ്യുംനീട്ടി സ്വീകരിച്ചവരായിരുന്നു, പഴയതലമുറ. അതിലെ വേഷവിധാനങ്ങളോ ചലനങ്ങളോ അന്നത്തെ തലമുറയ്ക്ക് അശ്ലീലമായിരുന്നില്ല. പക്ഷെ, പുതിയ തലമുറയ്ക്ക് അതൊക്കെ അശ്ലീലമാകുന്നത് അതിലെ വസ്‌ത്രധാരണവും പ്രണയവും അവര്‍ക്ക് അപരിചിതമായതുകൊണ്ടാണ്. അതേസമയം സ്‌ത്രീയുടെ മേനിയഴകിന് മാത്രം പ്രാധാന്യമുള്ള ഐറ്റംഡാന്‍സ്  എന്ന അശ്ലീലം അന്നത്തെപ്പോലെതന്നെ കാര്യമായ മാറ്റമൊന്നുമില്ലാതെ ഇന്നും ആര്‍ക്കും പരാതിയൊന്നുമില്ലാതെ തുടര്‍ന്നുപോകുന്നുമുണ്ട്. അക്കാലത്ത് തെരുവില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നില്ല. സ്‌ത്രീകള്‍ ധരിച്ച വസ്‌ത്രം പുരുഷന്മാരെ കാമാസക്തരാക്കിയിരുന്നില്ല. ഇപ്പോള്‍ എല്ലാം മൂടിപ്പൊതിഞ്ഞിട്ടും സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നറിയുമ്പോള്‍ എവിടെയാണ് കുഴപ്പം സംഭവിച്ചതെന്നു കണ്ടെത്തുകതന്നെ വേണം, പരിഹാരവും ആവശ്യമാണ്‌.    
ഗോമതേശ്വരന്‍ 

     ഇനി മതപരമായും ആചാരനുഷ്ടാനപരവുമായ വസ്‌ത്രധാരത്തെക്കുറിച്ചാണെങ്കില്‍ പശ്ചിമേഷ്യയില്‍നിന്ന് തുടങ്ങാം. അവിടെ രൂപം കൊണ്ട രണ്ട്‌ പ്രധാനമതങ്ങളാണ് ഇസ്ലാം മതവും ക്രിസ്തുമതവും. സ്‌ത്രീകള്‍ അവരുടെ ശരീരം അന്യപുരുഷന്‍മാര്‍ക്ക് കാണാതിരിക്കാന്‍ മറച്ചിരിക്കണമെന്ന ശരിഅത്ത് നിയമം രൂപപ്പെടുത്തിയതാണ് പര്‍ദയെന്ന വസ്‌ത്രം. അത് ഇസ്ലാമിന്റെ ഔദ്യോഗിക വസ്‌ത്രമായത് ആ മതത്തിന്റെ ആരംഭകാലം മുതല്‍തന്നെയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. പക്ഷെ, ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക്മുന്‍പുവരെ കേരളത്തിലെ മുസ്ലീം സ്‌ത്രീകളില്‍ ഭൂരിഭാഗംപേരും അത് ധരിച്ചിരുന്നില്ലയെന്നത് മറ്റൊരു വസ്തുതയാണ്. എന്തായാലും ഇസ്ലാംവിശ്വാസികള്‍ക്ക് വസ്‌ത്രം മതാനുഷ്ടാനമാവുമ്പോള്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് മതാനുഷ്ടാനത്തിന്റെ ഭാഗമേയാവുന്നില്ല. പൗരോഹിത്യത്തിന്റെ ഭാഗമായി ജീവിക്കുന്നവര്‍ക്ക് മാത്രമേ വസ്‌ത്രം ഒരനുഷ്ടാനമാവുന്നുള്ളൂ. അതേസമയം മറ്റൊരു നാട്ടിലും ഇല്ലാത്ത ചട്ടയും മുണ്ടും ഒരു വിഭാഗം ക്രൈസ്തവര്‍ ധരിക്കുന്നുണ്ടെങ്കിലും ഒരു പ്രാദേശികവസ്‌ത്രമായിവേണം അതിനെ കണക്കാക്കാന്‍..

     ഇന്ത്യയില്‍ രൂപം കൊണ്ട നാലുമതങ്ങളിലും വസ്‌ത്രധാരണം ചിലപ്പോഴൊക്കെ ശ്ലീലവും അശ്ലീലവും ആവാറുണ്ട്. ചില ഹൈന്ദവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ ചുറ്റമ്പലത്തിനകത്ത് കയറാന്‍ പുരുഷന്മാര്‍ ഷര്‍ട്ട്‌ അഴിക്കണമെന്ന് നിര്‍ബന്ധമാണ്‌.. പാന്റ്സ്, ചുരിദാര്‍ , തുടങ്ങി ആധുനിക വസ്‌ത്രങ്ങള്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമാണ്. (അതിന്റെ യുക്തിയും യുക്തിയില്ലായ്മയും വിശകലനം ചെയ്യാന്‍ മറ്റൊരു ലേഖനം വേണ്ടിവരും.) മരണാനന്തരചടങ്ങുകള്‍ കുളികഴിഞ്ഞ് ഈറന്‍മാറാതെയാണ് ചെയ്യേണ്ടത്. അവിടെ നഗ്നത അശ്ലീലമേയാവുന്നില്ല. ഒറീസയില്‍ കന്യകകളെ പൂജിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്ന് മുന്‍പൊരിക്കല്‍ വായിച്ചിട്ടുണ്ട്. അവിടെ യോനിപൂജ പ്രധാനപ്പെട്ട ചടങ്ങാണ്. അതിന് പ്രത്യേകമായി പ്രതിഷ്ട്ടതന്നെയുണ്ടത്രെ. 
മേനിയഴകിന്റെ വാണിജ്യം 

     ബുധമതത്തിലുമുണ്ട് ചില വസ്‌ത്രനിയമങ്ങള്‍ . വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത വിഭാഗത്തിന് വ്യത്യസ്തനിറങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. ബുദ്ധമതം ആര്‍ഭാടകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നില്ല ഭൗതികസുഖങ്ങള്‍ ത്യജിക്കാനാണ് ഉപദേശിക്കുന്നത്. ഒരു ബുദ്ധശിഷ്യന് ഒരാള്‍ ഭംഗിയുള്ള മേലങ്കി സമ്മാനിച്ചപ്പോള്‍ ആ ശിഷ്യന്‍ ആ മേലങ്കി മുപ്പതു കഷ്ണങ്ങളായി കീറി തുന്നിക്കൂട്ടിയ ശേഷം ധരിച്ചു. അതിന്റെ സിംബലാണ് ഇന്നുകാണുന്ന ബുദ്ധ സംന്യാസിമാരുടെ വേഷം. മനോഹരമായ തുണി കഷ്ണങ്ങളായി കീറി തുന്നിക്കൂട്ടുക എന്നത് വിശ്വാസിക്ക് ശ്ലീലവും അവിശ്വാസിക്ക് അശ്ലീലവുമാണ്. ഇതുതന്നെ പുത്തന്‍ കച്ചവടതന്ത്രത്തില്‍ സ്‌ത്രീയുടെ മേനിയഴക് പ്രദര്‍ശിപ്പിക്കാനുള്ള ഉപാധിയുമാവുന്നുവെന്നത് മറ്റൊരു അശ്ലീലം. സിക്ക്മതവിശ്വാസിക്ക് തലപ്പാവ് അവരുടെ മതചിഹ്നമാണ്. പൈജാമയും കുര്‍ത്തയും ഒരു പ്രാദേശിക വസ്‌ത്രധാരണംമാത്രം. തലപ്പാവിന് പകരം ഒരു കഷ്ണം തുണിയെങ്കിലും തലയിലിടാതെ ഗുരുദ്വാറിലേക്ക് പ്രവേശിക്കാന്‍ പാടില്ല എന്നാണ് അവരുടെ വിശ്വാസം. അവസാനമായി ജൈനമതത്തെക്കുറിച്ചാവട്ടെ. ഒരു വിഭാഗം ലളിതമായ വെള്ള വസ്‌ത്രം ധരിക്കാന്‍ ഉപദേശിക്കുമ്പോള്‍ മറ്റൊരു വിഭാഗം വസ്‌ത്രം  പൂര്‍ണ്ണമായും ഉപേക്ഷിക്കാനാണ് ഉപദേശിക്കുന്നത്. കര്‍ണ്ണാടകത്തിലെ ഗോമതേശ്വരപ്രതിമ ഏറെ പ്രസിദ്ധമാണല്ലൊ. ആയിരക്കണക്കിന് സന്ദര്‍ശകരാണ്‌ ആ പ്രതിമ കാണാന്‍ എത്തിച്ചേരുന്നത്. ഇതൊക്കെ എഴുതേണ്ടിവന്നത് ശ്ലീലവും അശ്ലീലവും നമ്മുടെ കാഴ്ചയിലാണോ വിശ്വാസ-വിചാരങ്ങളിലാണോ എന്ന സംശയം ദൂരീകരിക്കാനാണ്. ദൂരീകരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.. 
***

ചിത്രങ്ങള്‍ക്ക് കടപ്പാട്:  ഗൂഗിള്‍ 

വെള്ളിയാഴ്‌ച, ഫെബ്രുവരി 08, 2013

വി.എസ്സിന്റെ റിയാലിറ്റിഷോ


 ഏതെങ്കിലും  ഒരു ചാനല്‍ നമ്മുടെ രാഷ്ട്രീയനേതാക്കളുടെ റിയാലിറ്റി ഷോ സംഘടിപ്പിക്കുകയാണെങ്കില്‍ എസ്. എം. എസിന്റെ കാര്യത്തില്‍ വി.എസ് തന്നെയായിരിക്കും മുന്നില്‍. ജഡ്ജിംഗ് പാനലിന്റെ മാര്‍ക്ക് സമാസമേ വരൂ. എസ്. എം. എസ് അയക്കുന്നത് ആസ്വാദകര്‍ മാത്രമായതുകൊണ്ട് സൈദ്ധാന്തികമൊ പ്രായോഗികമോ ആയ കാര്യങ്ങള്‍ ഒരു വിഷയമാകുന്നില്ല. നവരസപ്രധാനമായിരിക്കണം എന്നേയുള്ളു. ആസ്വാദകര്‍ക്കിടയില്‍ സി.പി.എം കേഡര്‍മാര്‍ ഉണ്ടാവില്ലെന്നും പൊതുജനങ്ങള്‍ മാത്രമേയുള്ളുവെന്നും വി.എസിനും കാരാട്ട് സഖാവിനും പിണറായി സഖാവിനും നന്നായറിയാം. പക്ഷെ, നല്ലൊരു വോട്ടുബാങ്ക് ആണ് വി.എസ്. പാര്‍ട്ടികേഡര്‍മാരുടെ വോട്ടുകള്‍ മാത്രം കിട്ടിയാല്‍ ബൂര്‍ഷ്വാജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് അയക്കുന്നവരുടെ എണ്ണം കുറയും. പൊതുയോഗങ്ങളും സമ്മേളനങ്ങളും സമരങ്ങളും നടത്താന്‍ അനുഭാവികളില്ലെങ്കില്‍ എന്ത് ചെയ്യും? അവിടെയാണ് വി.എസ്സിന്റെ  വിജയം. അതുകണ്ടാണ് കാരാട്ടുസഖാവും പിണറായിസഖാവും പകച്ചുനില്‍ക്കുന്നത്.

 വി.എസ്സിന് ഇത്രയധികം പിന്തുണ എങ്ങിനെ അനുഭാവികളുടെ പക്ഷത്തുനിന്നുണ്ടായിയെന്ന് പിണറായി സഖാവിനും കാരാട്ട്സഖാവിനും നന്നായിയറിയാം. പാര്‍ട്ടി വളര്‍ത്തി നേതാവായി വളര്‍ന്ന വി.എസ്സിനേക്കാള്‍ കേമന്മാരല്ല ഞങ്ങളെന്ന് വളര്‍ന്ന പാര്‍ട്ടിയുടെ നേതാക്കളായി വളര്‍ന്ന അവര്‍ക്ക് നല്ല ബോധ്യമുണ്ട്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മുതിര്‍ന്നവരെ ബഹുമാനിക്കുക എന്ന പഴഞ്ചന്‍ രീതി കുറച്ചെങ്കിലും ഇല്ലാതിരിക്കില്ലല്ലോ. ഒന്നുമില്ലെങ്കിലും നമ്മളെല്ലാം ഇന്ത്യക്കാരല്ലേ.

 പണ്ട് ജാതിരാഷ്ട്രീയം കളിക്കാന്‍ കേമനായിരുന്നു വി.എസ് എന്ന് പണ്ടുമുതലേ അദ്ദേഹത്തോട് വിരോധമുള്ളവര്‍ പറയാറുണ്ട്‌. അത് മതിയായപ്പോഴാണ് വെട്ടിനിരത്തല്‍ തുടങ്ങിയത്. പാര്‍ട്ടിയില്‍ തനിക്കു ഭീഷണിയായിരിക്കുന്ന പലരെയും വെട്ടിനിരത്തി. കുട്ടനാട്ടിലെ വാഴത്തൈകളും തെങ്ങിന്‍തൈകളും വെട്ടിമ്മാറ്റി. അന്ന് പിണറായിസഖാവ് ശിഷ്യനായി കൂടെത്തന്നെയുണ്ടായിരുന്നു. എപ്പോഴാണ് വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തെക്കുറിച്ച് രണ്ടുപേരിലും വൈരുദ്ധ്യം സംഭവിച്ചതെന്നറിയില്ല. അല്ലാതെ മാദ്ധ്യമങ്ങള്‍ പറയുമ്പോലെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യമൊന്നുമല്ല. രണ്ടു തലമുറകള്‍ തമ്മിലുള്ള ആശയവൈരുധ്യമാണ്. മാദ്ധ്യമങ്ങളെല്ലാംകൂടി കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് നശിപ്പിച്ചു. അങ്ങനെ വര്‍ഗ്ഗസമരം(?) നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മതികെട്ടാന്‍മല കയറിയത്. അതായിരുന്നു ആദ്യത്തെ റിയാലിറ്റി ഷോ. പക്ഷെ, അതില്‍ ആത്മാര്‍ത്തതയും സത്യസന്തതയും ഉണ്ടായിരുന്നു. മലകയറിക്കഴിഞ്ഞപ്പോഴാണ് ഇത് ഇത്രയൊക്കെയേ ഉള്ളുവെന്ന് മനസിലായത്. പിന്നീടങ്ങോട്ട് എന്തെല്ലാമായിരുന്നു! ഒരു ബക്കറ്റു വെള്ളം എന്ന കവിത, എത്ര തിന്നാലും മതിവരാത്ത കോഴിക്കോടന്‍ ഐസ്ക്രീം, പകുതിക്കു വച്ച് നിര്‍ത്തിയ കൂടംകുളം യാത്ര, പോട്ടിത്തകരാന്‍ പോകുന്ന മുല്ലപ്പെരിയാര്‍‍ ‍ഡാം ...എന്തൊരു ആഘോഷമായിരുന്നു മാധ്യമങ്ങളില്‍... മതികെട്ടാന്‍മലയുടെയത്ര നന്നായില്ല. എല്ലാം വെറുമൊരു സ്പോണ്‍സേര്‍ഡു മസാലപരിപാടിപോലെയായിപ്പോയി.

 പക്ഷെ, അങ്ങനെയൊരു പിന്തുണയുണ്ടാക്കാന്‍ പഴയ തീവ്രകമ്മ്യുണിസ്റ്റായ പിണറായിസഖാവിന് സാധിക്കുന്നില്ല. എങ്ങിനെ സാധിക്കാനാണ്? ലാവ്ലിന്‍ എന്നൊരു വാല്‍ ഹനുമാന്റെ വാലുപോലെ വഴിമുടക്കി കിടക്കുകയല്ലേ? ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ അതെടുത്ത് പൊക്കിക്കാണിക്കാനും ശ്രമിക്കുന്നു. പക്ഷെ, അതൊട്ട്‌ പൊങ്ങുന്നുമില്ല വഴിയില്‍നിന്നുമാറുന്നുമില്ല. എന്ത് ചെയ്യും? ഇതൊക്കെ കാണുമ്പോള്‍ വി.എസിനെ സ്നേഹിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. ഈ പറയുന്ന ലാവ്‌ലിന്‍ അഴിമതി പിണറായി നടത്തിയിട്ടുണ്ടെങ്കില്‍ എന്തിനാണ് കേസ്സ് പാര്‍ട്ടി എറ്റെടുത്തതെന്നു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോള്‍ കാശുമുഴുവന്‍ പാര്‍ട്ടിയുടെ ഭണ്ഠാരപ്പെട്ടിയിലാണോ പിണറായി സഖാവ് കൊണ്ടിട്ടത്? വി.എസ് കൂടെയുള്‍പ്പെടുന്ന പോളിറ്റ്ബ്യൂറോയാണ് ഈ തീരുമാനമെടുത്തത്. അപ്പോള്‍ വി.എസിന് എങ്ങനെയാണ് അതിന്റെ ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവുക?  ഒരു പക്ഷെ, സത്യസന്ധനായ(?) അദ്ദേഹത്തിന്റെ മനസ്സില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നുണ്ടാവണം. അത് തുറന്നുപറയാന്‍ ഒരു റിയാലിറ്റി ഷോ എന്നെങ്കിലും ഒരിക്കല്‍ ഏതെങ്കിലും ഒരു ചാനല്‍ ഒരുക്കാതിരിക്കില്ല. അന്നദ്ദേഹം പറയുമായിരിക്കാം. പക്ഷെ, അങ്ങനെയൊരു ഷോ നടത്താന്‍ ഒരു പാര്‍ട്ടി തട്ടിക്കൂട്ടുകയെങ്കിലും വേണം. അല്ലെങ്കില്‍ പിന്നീട് തെറ്റ്പറ്റിപ്പോയെന്ന് കുറ്റസമ്മതം നടത്തേണ്ടിവരും. അങ്ങനെയാണല്ലോ പതിവ്. ഇപ്പോള്‍ തെരുവില്‍ കാണുന്ന അനുഭാവികളെക്കൊണ്ട് പാര്‍ട്ടി തട്ടിക്കൂട്ടിയാല്‍ അത് എട്ടുനിലയില്‍ പൊട്ടും. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ  മുന്നോട്ടുകൊണ്ടുപോകാന്‍ കേഡര്‍മാര്‍ തന്നെ വേണം. വോട്ടല്ലല്ലോ പ്രധാനം പ്രവര്‍ത്തനമല്ലേ. ആര്‍.എം.പിക്കാര്‍ കാത്തിരിക്കുകയാണ് ഇന്നുവരും നാളെ വരും എന്നും പ്രതീക്ഷിച്ച്. അവര്‍ക്കാണെങ്കില്‍ സി.പി. എമ്മിനെക്കാള്‍ കേഡര്‍സ്വഭാവമുണ്ടെന്നു വി.എസ്സിന് നേരിട്ട് ബോധ്യമായ കാര്യവുമാണ്.

 എന്തായാലും റിയാലിറ്റി ഷോ കളിക്കുമ്പോള്‍ ഒരു കാര്യം മറക്കാതിരിക്കുന്നത് എല്ലാ സഖാക്കള്‍ക്കും നന്നായിരിക്കും. വി.എസും കൂട്ടരും പുന്നപ്രയിലും വയലാറിലും സമരം നടത്തിയ കാലമല്ലിത്‌. പിണറായിയും കൂട്ടരും അതിജീവിച്ച അടിയതരാവസ്തക്കാലത്തെ ക്ഷുഭിതയൗവനവും ഇക്കാലത്തില്ല. കാലം മാറിപ്പോയി സഖാക്കളെ....

***

 

Translate