kharaaksharangal.blogspot.com - KHARAAKSHARANGAL

വ്യാഴാഴ്‌ച, ഒക്‌ടോബർ 16, 2014

സൈബർലോകത്തെ പുരോഗമനവാദം

പുരോഗമനവും പരിഷ്കാരവും വ്യത്യസ്ഥ ലക്ഷ്യങ്ങളിലേക്കുള്ള വ്യത്യസ്ഥ മാർഗ്ഗങ്ങളാണെന്നും പരിഷ്കാരത്തിന്റെ ഓരങ്ങളിൽ നവമുതലാളിത്തം അവരുടെ കമ്പോളങ്ങൾ തീർത്തിട്ടുണ്ടെന്നുമുള്ള തിരച്ചറിവ് ഒരു പുരോഗമനവാദിക്കുണ്ടായിരിക്കണം. അത്തരം തിരിച്ചറിവുകളാണ്  പുരോഗമനവാദിക്ക് ചരിത്രനിർമ്മാണത്തിൽ തന്റെ പങ്ക് നിർവ്വഹിക്കാൻ സാദ്ധ്യമാക്കുന്നത്. വസ്ത്രധാരണമായാലും ലൈംഗീകതയായാലും വിശ്വാസങ്ങളായാലും താൻ വിളിച്ചുപറയുന്നതും എഴുതുന്നതും പുരോഗമനമാണോ പരിഷ്കാരമാണോ എന്നതും നിലവിലുള്ള പൊതുബോധത്തെ മൊത്തത്തിൽ പൊളിച്ചുപണിയലല്ല പുരോഗമനമെന്നും ഉള്ള ധാരണക്കുറവ്  സൈബറിടങ്ങളില പുരോഗമനവാദികളായ ചിലരിലെങ്കിലും   ഉണ്ടാവുന്നുണ്ട് എന്നത് നിരാശാജനകമാണ്. 

വീണ്ടും വീണ്ടും വസ്ത്രധാരണത്തെക്കുറിച്ച് തന്നെ എഴുതേണ്ടിവരുന്നത് അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. ഒരു ജനാധിപത്യസമൂഹത്തിൽ എങ്ങനെയുള്ള വസ്ത്രവും ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ അതിന്റെ അപാകതകൾ ചൂണ്ടിക്കാട്ടാനുമുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഇല്ലെങ്കിൽ ഉണ്ടായിരിക്കണം. ആ വസ്ത്രധാരണവും അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുരോഗമാനമാവുന്നതും അല്ലാതാവുന്നതും ഇരുവിഭാഗവും മുന്നോട്ട് വയ്ക്കുന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്.

വർഷങ്ങൾക്കുമുൻപ് ആഗോളവൽക്കരണത്തിന്റെ തുടക്കത്തിൽ സൗന്ദര്യമത്സരം എന്ന പുത്തൻ ഉല്പ്പന്നം കേരളത്തിൽ ഇറക്കുമതിചെയ്യപ്പെടുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചതും തടയാൻ ശ്രമിച്ചതും പുരോഗമനവനിതാസംഘടനകളും വ്യക്തികളുമായിരുന്നു. ആ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വസ്ത്രധാരണസംസ്കാരവും സൗന്ദര്യവർദ്ധകവസ്തുക്കളുടെ ഉപയോഗവും ഇന്ന് നമ്മൾ കാണുന്ന അവസ്ഥയിലേക്ക് മാറുന്നത്  ആഗോള കച്ചവട ലോബി വളരെ തന്ത്രപൂർവ്വം നമ്മുടെ മസ്തിഷ്ക്കത്തിനകത്ത്  കയറിക്കൂടി നമ്മുടെ  സൗന്ദര്യബോധത്തെ നിയന്ത്രിക്കുന്നതിൽ വിജയിച്ചതുകൊണ്ടാണ്. അതിന്റെ ഫലമാണ് നമ്മുടെ ചിന്തകളെയും  വസ്ത്രസങ്കല്പങ്ങളെയും ഭക്ഷണസങ്കല്പങ്ങളെയും പ്രാദേശികമായ ആചാര-അനുഷ്ടാനങ്ങൾപോലും ആഗോള കച്ചവട ലോബിയുടെ പൂർണ്ണ നിയന്ത്രണത്തിലേക്ക് മാറ്റിയെടുക്കാൻ അവർക്ക് സാധിച്ചതും  പുരോഗമനവാദികളടക്കമുള്ള മനുഷ്യർ വെറുമൊരു റോബോട്ടുകളെപ്പോലെ അവരുടെ ഉല്പ്പന്നങ്ങളുടെ മഹത്വം പാടിപ്പുകഴ്ത്ത്തുന്ന തരത്തിലേക്ക് നിലവാരമില്ലാത്തവരായിപ്പോയതും  എന്ന് പറയാതെ വയ്യ.

പതിറ്റാണ്ടുകൾക്ക്‌ മുൻപ് സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് പാടത്ത് ജോലി ചെയ്തു കൊണ്ടിരുന്ന സ്ത്രീകളുടെ മാറിടം  നോക്കി രസിക്കുന്ന ജന്മിത്തത്തിനെതിരെ അരിവാൾകൊണ്ട് സ്വന്തം മുലയറുത്ത് പ്രതിഷേധിച്ച പുലയിപ്പെണ്ണിനെ നമുക്ക് മറക്കാനാവില്ല. അന്ന് മാറിടം മറക്കാൻ ആഗ്രഹിച്ചു, സ്ത്രീ സമൂഹം എങ്കിൽ ഇന്നത്‌ ആളുകൾ കണ്ടാൽ എന്താണെന്ന് ചോദിക്കുമ്പോൾ  ആ പുലയിപ്പെണ്ണിന്റെ രക്തസാക്ഷിത്വം എന്തിനുവേണ്ടിയായിരുന്നു എന്ന് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. 

വസ്ത്രം ശരീരം മറക്കാൻവേണ്ടിയാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. അതേസമയം അത് പലയിടങ്ങളിൽ പലരീതിയിൽ ആകർഷിക്കപ്പെടാൻ കൂടിയാണ്. ജോലി സ്ഥലങ്ങളിൽ ക്ളൈന്റിനെ ആകർഷിക്കാൻ (അത് ഏത് രീതിയിൽ  ആയിരിക്കണം?), കൂട്ടുകാർക്കിടയിൽ കൂട്ടുക്കാരെ ആകർഷിക്കാൻ, പൊതുരംഗത്ത്‌ സഹപ്രവർത്തകർക്ക് മാതൃകയാവാൻ,  പ്രണയിക്കുമ്പോൾ ഇണയെ ആകർഷിക്കാൻ..... പക്ഷെ, എല്ലായിടങ്ങളിലും വസ്ത്രധാരണം വ്യത്യസ്ഥമാണ്.   ആ വ്യത്യസ്ഥതതന്നെയാണ് അതിന്റെ ശ്ലീലവും അശ്ലീലവും നിശ്ചയിക്കുന്നത്.  
***

10 അഭിപ്രായങ്ങൾ:

 1. അന്ന് മാറിടം മറക്കാൻ ആഗ്രഹിച്ചു, സ്ത്രീ സമൂഹം എങ്കിൽ ഇന്നത്‌ ആളുകൾ കണ്ടാൽ എന്താണെന്ന് ചോദിക്കുമ്പോൾ ആ പുലയിപ്പെണ്ണിന്റെ രക്തസാക്ഷിത്വം എന്തിനുവേണ്ടിയായിരുന്നു എന്ന് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. Chinthippicha post ketto.
  Njan ezhuthendiyirunnathu ennu thonni. Post nannayathu thanne athinulla karanam.

  മറുപടിഇല്ലാതാക്കൂ
 3. ആ പുലയിപ്പെണ്ണിന്റെ രക്തസാക്ഷിത്വം എന്തിനുവേണ്ടിയായിരുന്നു എന്ന് ചോദിച്ചാൽ അത് പാശ്ചാത്യ വസ്ത്രധാരണ സങ്കൽപങ്ങൾ നമ്മുടെ സംസ്കാരത്തിൽ കടന്നുകൂടിയതിന്റെ ഫലമാണെന്നു പറയാം. ജാതിസ്പർദ്ധ വളർത്തി ഭിന്നിപ്പിക്കുന്നതിന്‌ വിദേശീയർ ഈ പ്രചരണത്തെ നന്നായി ഉപയോഗിച്ചു. അക്കാലം മുതൽ ഇവിടെയും സ്ത്രീശരീരം വെറും ഉപഭോഗവസ്തുവായി. ഉപഭോഗത്തിനല്ലെങ്കിൽ മറച്ചുവയ്ക്കണമെന്നസ്ഥിതിയുമായി.

  അതിനുമുൻപുള്ള നമ്മുടെ വസ്ത്രധാരണരീതി ഇങ്ങനെയായിരുന്നു.
  http://kurinjionline.blogspot.in/2013/01/blog-post.html
  ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ പുരുഷന്മാരെപ്പോലെ സ്ത്രീകളെയും മാറുമറയ്ക്കുന്നതിൽ നിന്നും വിലക്കിയാൽ സദാചാരപരമായ പ്രശ്നമൊന്നുമില്ലല്ലോ.

  കുറെ DOs & DON'Ts. ഇതല്ല ഒരു സംസ്കാരവും. പാരമ്പര്യമെന്നത് രണ്ടോ മൂന്നോ നാലോ മാത്രം തലമുറപിന്നിൽ നിന്നും തുടങ്ങുന്നതല്ല. പാരമ്പര്യവാദത്തിനപ്പുറമുള്ള സത്യങ്ങളും ഭൗതികവാദത്തിനപ്പുറമുള്ള സത്യങ്ങളും കണ്ടെത്തണം.

  ചിന്തിപ്പിക്കുന്ന ലേഖനം. ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം. ഈ വസ്ത്രധാരണരീതിയെക്കുറിച്ച് താങ്കൾ തന്നെ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ടല്ലോ. പ്രശ്നം എവിടെയാണെന്ന് അതിൽ വിലയിരുത്താൻ നന്നായി ശ്രമിച്ചിട്ടുമുണ്ട്.
  http://kkanakambaran.blogspot.in/2013/03/blog-post.html
  ഇതുകൂടെ ചേർത്തുവായിച്ചാലേ പുരോഗമനവാദത്തെക്കുറിച്ചുള്ള പോസ്റ്റ് പൂർണ്ണമാകൂ.

  മറുപടിഇല്ലാതാക്കൂ
 5. വേണ്ടത് വേണ്ടപ്പോള്‍ കാണിക്കേം..കാണിക്കാതിരിക്കേം ചെയ്യുന്നിടത്താണ്"... ഇന്ന്"..വസ്ത്രത്തിന്‍ പുരോഗമനം!..rr

  മറുപടിഇല്ലാതാക്കൂ
 6. വസ്ത്രധാരണം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. എന്നാൽ, അതിലൂടെ സ്വന്തം സംസ്ക്കാരവും പ്രകടമാകുന്നുവെന്ന് തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ പുരോഗമനം.... !

  നല്ല ലേഖനം...

  മറുപടിഇല്ലാതാക്കൂ
 7. "അന്ന് മാറിടം മറക്കാൻ ആഗ്രഹിച്ചു, സ്ത്രീ സമൂഹം എങ്കിൽ ഇന്നത്‌ ആളുകൾ കണ്ടാൽ എന്താണെന്ന് ചോദിക്കുമ്പോൾ ആ പുലയിപ്പെണ്ണിന്റെ രക്തസാക്ഷിത്വം എന്തിനുവേണ്ടിയായിരുന്നു എന്ന് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു."

  ഇവിടെയാണ്‌ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതും ചിന്തിക്കേണ്ടതും. അന്ന് മറയ്ക്കാനും ഇന്ന് തുറക്കാനും എന്ന് വരുമ്പോള്‍ അതിലെ പൊരുത്തക്കേടിനെക്കുറിച്ച് ആണ് ചിന്തിക്കേണ്ടത്. തുറന്നിരുന്നതിനെ മറച്ചപ്പോള്‍ എന്തോ സംഭവിച്ചിരിക്കുന്നു എന്നല്ലേ? ആ സംഭവിച്ചു എന്നതിനെ നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. തുറന്നിതിനെ മറച്ചപ്പോള്‍ അതുവരെ മനുഷ്യനില്‍ ഇല്ലാതിരുന്ന കാണാത്തതിനെ കാണണം എന്ന ഒരു പുതിയ വികാരം സൃഷ്ടിക്കപ്പെടുകയായിരുന്നില്ലേ? മറയ്ക്കാതിരുന്നപ്പോള്‍ അത്തരം ഒരു വികാരം ഇല്ലായിരുന്നു എന്നുമല്ലേ അതിനര്‍ത്ഥം? ചുരുക്കത്തില്‍ ഓരോ പരിണാമങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ നല്ല വശം മാത്രം നമുക്ക് ബോധ്യമാകുകയും അതോടൊപ്പം അതിലെ കാണാവിചാരങ്ങള്‍ അന്നുമുതല്‍ നമ്മില്‍ നാമറിയാതെ കയറിക്കൂടുകയും ചെയ്യുന്നു. തുണി കണ്ടുപിടിച്ച അന്നത്തെ കാലഘട്ടത്തില്‍ അതപ്പോഴത്തെ സംസ്ക്കാരത്തിനു ഒരു മുതല്‍കൂട്ട് ആയിത്തീരുകയും ഒപ്പം ഇത്തരം ആകാംക്ഷ മനുഷ്യനില്‍ കുറേശ്ശെ കിനുക്കാന്‍ തുടങ്ങുകയും ചെയ്തുകൊണ്ടിരുന്നു. മറയ്ക്കുക എന്നത് ആ കാലഘട്ടത്തില്‍ ശരിയും തുറക്കുക എന്നത് ഈ കാലഘട്ടത്തില്‍ ശരിയും ആയിക്കൊണ്ടിരിക്കുന്നു എന്നതല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്? ഒരു മനുഷ്യായുസ്സിനിടക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം നാം ചിന്തിക്കുമ്പോള്‍ നാളത്തെ പല ശരികളേയും നമുക്കിന്നു എതിര്‍ക്കേണ്ടി വരുന്നു. കാരണം നമ്മുടെ ശീലങ്ങള്‍ നമ്മളില്‍ അത്രയും ആഴത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നു.

  ചൂഷണം എന്നത് ഓരോ കാലഘട്ടത്തിലും അപ്പപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് വേട്ടക്കാര്‍ തക്കം പോലെ ഉപയോഗപ്പെടുത്തിയിരുന്നു. അതിനെതിരെ ശക്തമായ ചെറുത്തുനില്‍പുകളും മനുഷ്യനുണ്ടായ കാലം മുതല്‍ നടക്കുന്നുണ്ട്. ഇപ്പോഴും നടക്കുന്നു. നാളെയും സംഭവിക്കും. അതിന് വസ്ത്രം എന്ന് മാത്രമല്ല എല്ലാം അവര്‍ ഉപയോഗിക്കും. വസ്ത്രം എന്നതില്‍ എനിക്ക് തോന്നിയിട്ടുള്ളത് മനുഷ്യമനസ്സുകളില്‍ പരിണാമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഈ കാണാവിചാരങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയാത്തതാണ് എന്നാണ്.

  പ്രകൃതിയുടെ സ്വാഭാവികയില്‍ മനുഷ്യന്‍ കൈവെച്ചപ്പോള്‍, പ്രകൃതിസൃഷ്ടിയുടെ തനതായ രൂപങ്ങളെ പരിണാമത്തിന് വിധേയമാക്കാന്‍ മനുഷ്യന്‍ തുനിഞ്ഞപ്പോള്‍ അതിലൂടെ മനുഷ്യനില്‍ കയറിക്കൂടുന്ന കാണാവിചാരങ്ങളെ മനുഷ്യന് മുന്‍കൂട്ടി കാണാനായില്ലെന്ന പിഴവാണ് മനുഷ്യന്റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എന്ന് പറയാം. സ്വാഭാവികമായി എല്ലാ മനുഷ്യന്റെയും ഉള്ളില്‍ അവര്‍പോലും അറിയാതെ സംഭവിക്കുന്ന ഈ മാറ്റത്തെ കാണാതിരുന്നുകൊണ്ട് ചിന്തിച്ചാല്‍ തര്‍ക്കങ്ങള്‍ മാത്രമേ ബാക്കി വരൂ എന്ന് തോന്നുന്നു. ഓരോ കാലത്തും അതത് സാഹചര്യം അനുസരിച്ച് ജീവിക്കുമ്പോള്‍ അതിനെ അപ്പോഴത്തെ സംസ്ക്കാരം എന്ന് പറയാം എന്നല്ലാതെ സംസ്ക്കാരം എന്നത് എന്നും ഒന്നുതന്നെയായി നിലനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ ശാശ്വതമായ ഒരു പരിഹാരം എന്നത് മാറ്റങ്ങളിലൂടെ തന്നെ സഞ്ചരിച്ച് ഇനിയും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ മനുഷ്യാകുലാരംഭത്തിന്റെ പുതിയ മുഖത്തേക്ക് എത്തേണ്ടി വരും എന്നെനിക്ക് തോന്നുന്നു. ഇന്ന് അപൂര്‍വ്വമായെങ്കിലും കണ്ടുവരുന്ന, കുറഞ്ഞുവരുന്ന വസ്ത്രത്തിന്റെ തോതും നഗ്നരായി ജീവിക്കാനുള്ള ചിലയിടങ്ങളിലെ ചില കാഴ്ചകളും അങ്ങിനേയും ചിന്തകളെ നയിക്കുന്നതായി എനിക്ക് തോന്നുന്നു.

  ചര്‍ച്ച ചെയ്യപ്പെടേണ്ട നല്ലൊരു വിഷയം ലേഖനത്തിനു തെരഞ്ഞെടുത്തത് കാലാനുസൃതമായി.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 8. തുറന്നതും അടച്ചതുമായ സ്ത്രീവസ്ത്രധാരണശൈലിയുള്ള രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ളവനാണ് ഞാന്‍. വസ്ത്രമല്ല മൂലകാരണം എന്നാണ് എന്റെ അഭിപ്രായം. മനസ്സിലാണ് പ്രശ്നം!!

  മറുപടിഇല്ലാതാക്കൂ
 9. മറയ്ക്കേണ്ടത് മാന്യമായി മറയ്ക്കുകയും അടക്കേണ്ടത് (മനസ്സിലെ അധമ വികാരങ്ങളെ ) അടക്കുകയും ചെയ്യാതെ വരുമ്പോഴാണ് ഈ പ്രശ്നങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ

Translate