ഏതെങ്കിലും ഒരു ചാനല്‍ നമ്മുടെ രാഷ്ട്രീയനേതാക്കളുടെ റിയാലിറ്റി ഷോ സംഘടിപ്പിക്കുകയാണെങ്കില്‍ എസ്. എം. എസിന്റെ കാര്യത്തില്‍ വി.എസ് തന്നെയായിരിക്കും മുന്നില്‍. ജഡ്ജിംഗ് പാനലിന്റെ മാര്‍ക്ക് സമാസമേ വരൂ. എസ്. എം. എസ് അയക്കുന്നത് ആസ്വാദകര്‍ മാത്രമായതുകൊണ്ട് സൈദ്ധാന്തികമൊ പ്രായോഗികമോ ആയ കാര്യങ്ങള്‍ ഒരു വിഷയമാകുന്നില്ല. നവരസപ്രധാനമായിരിക്കണം എന്നേയുള്ളു. ആസ്വാദകര്‍ക്കിടയില്‍ സി.പി.എം കേഡര്‍മാര്‍ ഉണ്ടാവില്ലെന്നും പൊതുജനങ്ങള്‍ മാത്രമേയുള്ളുവെന്നും വി.എസിനും കാരാട്ട് സഖാവിനും പിണറായി സഖാവിനും നന്നായറിയാം. പക്ഷെ, നല്ലൊരു വോട്ടുബാങ്ക് ആണ് വി.എസ്. പാര്‍ട്ടികേഡര്‍മാരുടെ വോട്ടുകള്‍ മാത്രം കിട്ടിയാല്‍ ബൂര്‍ഷ്വാജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് അയക്കുന്നവരുടെ എണ്ണം കുറയും. പൊതുയോഗങ്ങളും സമ്മേളനങ്ങളും സമരങ്ങളും നടത്താന്‍ അനുഭാവികളില്ലെങ്കില് എന്ത് ചെയ്യും? അവിടെയാണ് വി.എസ്സിന്റെ വിജയം. അതുകണ്ടാണ് കാരാട്ടുസഖാവും പിണറായിസഖാവും പകച്ചുനില്‍ക്കുന്നത്.
വി.എസ്സിന് ഇത്രയധികം പിന്തുണ എങ്ങിനെ അനുഭാവികളുടെ പക്ഷത്തുനിന്നുണ്ടായിയെന്ന് പിണറായി സഖാവിനും കാരാട്ട്സഖാവിനും നന്നായിയറിയാം. പാര്‍ട്ടി വളര്‍ത്തി നേതാവായി വളര്‍ന്ന വി.എസ്സിനേക്കാള്‍ കേമന്മാരല്ല ഞങ്ങളെന്ന് വളര്‍ന്ന പാര്‍ട്ടിയുടെ നേതാക്കളായി വളര്‍ന്ന അവര്‍ക്ക് നല്ല ബോധ്യമുണ്ട്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മുതിര്‍ന്നവരെ ബഹുമാനിക്കുക എന്ന പഴഞ്ചന്‍ രീതി കുറച്ചെങ്കിലും ഇല്ലാതിരിക്കില്ലല്ലോ. ഒന്നുമില്ലെങ്കിലും നമ്മളെല്ലാം ഇന്ത്യക്കാരല്ലേ.
പണ്ട് ജാതിരാഷ്ട്രീയം കളിക്കാന്‍ കേമനായിരുന്നു വി.എസ് എന്ന് പണ്ടുമുതലേ അദ്ദേഹത്തോട് വിരോധമുള്ളവര്‍ പറയാറുണ്ട്. അത് മതിയായപ്പോഴാണ് വെട്ടിനിരത്തല്‍ തുടങ്ങിയത്. പാര്‍ട്ടിയില്‍ തനിക്കു ഭീഷണിയായിരിക്കുന്ന പലരെയും വെട്ടിനിരത്തി. കുട്ടനാട്ടിലെ വാഴത്തൈകളും തെങ്ങിന്‍തൈകളും വെട്ടിമ്മാറ്റി. അന്ന് പിണറായിസഖാവ് ശിഷ്യനായി കൂടെത്തന്നെയുണ്ടായിരുന്നു. എപ്പോഴാണ് വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തെക്കുറിച്ച് രണ്ടുപേരിലും വൈരുദ്ധ്യം സംഭവിച്ചതെന്നറിയില്ല. അല്ലാതെ മാദ്ധ്യമങ്ങള്‍ പറയുമ്പോലെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യമൊന്നുമല്ല. രണ്ടു തലമുറകള്‍ തമ്മിലുള്ള ആശയവൈരുധ്യമാണ്. മാദ്ധ്യമങ്ങളെല്ലാംകൂടി കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് നശിപ്പിച്ചു. അങ്ങനെ വര്‍ഗ്ഗസമരം(?) നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മതികെട്ടാന്‍മല കയറിയത്. അതായിരുന്നു ആദ്യത്തെ റിയാലിറ്റി ഷോ. പക്ഷെ, അതില്‍ ആത്മാര്‍ത്തതയും സത്യസന്തതയും ഉണ്ടായിരുന്നു. മലകയറിക്കഴിഞ്ഞപ്പോഴാണ് ഇത് ഇത്രയൊക്കെയേ ഉള്ളുവെന്ന് മനസിലായത്. പിന്നീടങ്ങോട്ട് എന്തെല്ലാമായിരുന്നു! ഒരു ബക്കറ്റു വെള്ളം എന്ന കവിത, എത്ര തിന്നാലും മതിവരാത്ത കോഴിക്കോടന്‍ ഐസ്ക്രീം, പകുതിക്കു വച്ച് നിര്‍ത്തിയ കൂടംകുളം യാത്ര, പോട്ടിത്തകരാന് പോകുന്ന മുല്ലപ്പെരിയാര്‍ ഡാം ...എന്തൊരു ആഘോഷമായിരുന്നു മാധ്യമങ്ങളില്‍... മതികെട്ടാന്മലയുടെയത്ര നന്നായില്ല. എല്ലാം വെറുമൊരു സ്പോണ്സേര്ഡു മസാലപരിപാടിപോലെയായിപ്പോയി.
പക്ഷെ, അങ്ങനെയൊരു പിന്തുണയുണ്ടാക്കാന് പഴയ തീവ്രകമ്മ്യുണിസ്റ്റായ പിണറായിസഖാവിന് സാധിക്കുന്നില്ല. എങ്ങിനെ സാധിക്കാനാണ്? ലാവ്ലിന് എന്നൊരു വാല് ഹനുമാന്റെ വാലുപോലെ വഴിമുടക്കി കിടക്കുകയല്ലേ? ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ അതെടുത്ത് പൊക്കിക്കാണിക്കാനും ശ്രമിക്കുന്നു. പക്ഷെ, അതൊട്ട് പൊങ്ങുന്നുമില്ല വഴിയില്നിന്നുമാറുന്നുമില്ല. എന്ത് ചെയ്യും? ഇതൊക്കെ കാണുമ്പോള്‍ വി.എസിനെ സ്നേഹിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. ഈ പറയുന്ന ലാവ്ലിന് അഴിമതി പിണറായി നടത്തിയിട്ടുണ്ടെങ്കില്‍ എന്തിനാണ് കേസ്സ് പാര്‍ട്ടി എറ്റെടുത്തതെന്നു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോള്‍ കാശുമുഴുവന്‍ പാര്‍ട്ടിയുടെ ഭണ്ഠാരപ്പെട്ടിയിലാണോ പിണറായി സഖാവ് കൊണ്ടിട്ടത്? വി.എസ് കൂടെയുള്‍പ്പെടുന്ന പോളിറ്റ്ബ്യൂറോയാണ് ഈ തീരുമാനമെടുത്തത്. അപ്പോള്‍ വി.എസിന് എങ്ങനെയാണ് അതിന്റെ ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവുക? ഒരു പക്ഷെ, സത്യസന്ധനായ(?) അദ്ദേഹത്തിന്റെ മനസ്സില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നുണ്ടാവണം. അത് തുറന്നുപറയാന്‍ ഒരു റിയാലിറ്റി ഷോ എന്നെങ്കിലും ഒരിക്കല്‍ ഏതെങ്കിലും ഒരു ചാനല്‍ ഒരുക്കാതിരിക്കില്ല. അന്നദ്ദേഹം പറയുമായിരിക്കാം. പക്ഷെ, അങ്ങനെയൊരു ഷോ നടത്താന്‍ ഒരു പാര്‍ട്ടി തട്ടിക്കൂട്ടുകയെങ്കിലും വേണം. അല്ലെങ്കില്‍ പിന്നീട് തെറ്റ്പറ്റിപ്പോയെന്ന് കുറ്റസമ്മതം നടത്തേണ്ടിവരും. അങ്ങനെയാണല്ലോ പതിവ്. ഇപ്പോള്‍ തെരുവില്‍ കാണുന്ന അനുഭാവികളെക്കൊണ്ട് പാര്‍ട്ടി തട്ടിക്കൂട്ടിയാല്‍ അത് എട്ടുനിലയില്‍ പൊട്ടും. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ കേഡര്‍മാര്‍ തന്നെ വേണം. വോട്ടല്ലല്ലോ പ്രധാനം പ്രവര്‍ത്തനമല്ലേ. ആര്.എം.പിക്കാര്‍ കാത്തിരിക്കുകയാണ് ഇന്നുവരും നാളെ വരും എന്നും പ്രതീക്ഷിച്ച്. അവര്ക്കാണെങ്കില് സി.പി. എമ്മിനെക്കാള്‍ കേഡര്സ്വഭാവമുണ്ടെന്നു വി.എസ്സിന് നേരിട്ട് ബോധ്യമായ കാര്യവുമാണ്.
എന്തായാലും റിയാലിറ്റി ഷോ കളിക്കുമ്പോള്‍ ഒരു കാര്യം മറക്കാതിരിക്കുന്നത് എല്ലാ സഖാക്കള്‍ക്കും നന്നായിരിക്കും. വി.എസും കൂട്ടരും പുന്നപ്രയിലും വയലാറിലും സമരം നടത്തിയ കാലമല്ലിത്. പിണറായിയും കൂട്ടരും അതിജീവിച്ച അടിയതരാവസ്തക്കാലത്തെ ക്ഷുഭിതയൗവനവും ഇക്കാലത്തില്ല. കാലം മാറിപ്പോയി സഖാക്കളെ....
***