കണ്ണൂർ ജില്ലയിൽ തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കണ്ടാൽ പരിസരവാസികൾ അന്വേഷിക്കുന്ന പതിവുണ്ടായിരുന്നു. നിങ്ങൾ എവിടെനിന്ന് വരുന്നു? എന്താണ് ആവശ്യം എന്നൊക്കെയാണ് അന്വേഷിക്കുക. അത് മറ്റൊന്നും കൊണ്ടല്ല, ഭയം കൊണ്ടും ഒരു മുൻകരുതൽ എന്ന നിലയിലും ആയിരുന്നു. പ്രത്യക്ഷത്തിൽ അതൊരു നെഗറ്റിവ് സമീപനമായി തോന്നാം. എങ്കിലും അതിനൊരു പോസറ്റിവ് വശം കൂടിയുണ്ട്.
ഇപ്പോൾ ഇത് പറയാൻ കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതുമായ വാർത്തകൾ ഇടക്കിടെ കേൾക്കുന്നതുകൊണ്ടാണ്. ഒരുകാലത്ത് ഒരു പ്രദേശത്തെ കുട്ടികൾ ആ പ്രദേശത്തെ എല്ലാവരുടെയും കുട്ടികളായിരുന്നു. കുട്ടികൾ എവിടെയാണ് പോകുന്നതെന്നോ എവിടെയാണ് കളിക്കുന്നതെന്നോ ഒരു അച്ഛനും അമ്മയും അന്വേഷിക്കാറില്ലായിരുന്നു. അന്ന് അത്തരം ഉൽകണ്ഠയുടെ ആവശ്യമില്ലായിരുന്നു. വീട്ടിൽ എത്താൻ വൈകിപ്പോയാൽ മാത്രമാണ് അച്ചൻറെയോ അമ്മയുടെയോ കൈയിൽ നിന്നും തല്ലൊക്കെ കിട്ടിയിരുന്നത്. അത് ആരെങ്കിലും തട്ടിക്കൊണ്ടുപോവുമെന്നോ ഉപദ്രവിക്കുമെന്നോ ഉള്ള ഭയം കൊണ്ടായിരുന്നില്ല സന്ധ്യയാവുമ്പോൾ വീടണയുക എന്ന അലിഖിതനിയമം സമൂഹത്തിൽ ഉള്ളതുകൊണ്ടായിരുന്നു. ഇപ്പോൾ കാലം മാറി. നാടിന്റെ അവസ്ഥയും മാറി. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറി. എന്റെ കുട്ടി, നിന്റെ കുട്ടി, അവന്റെ / അവളുടെ കുട്ടി എന്ന രീതിയിലേക്ക് മലയാളികളുടെ മനോഭാവവും മാറി. എങ്ങനെയും കാശുണ്ടാക്കുക പെട്ടെന്ന് സമ്പന്നരാവുക, അവന്റെ / അവളുടെ കുട്ടിയേക്കാൾ മിടുക്കനായി / മിടുക്കിയായി എന്റെ കുട്ടിയെ വളർത്തണം എന്നൊക്കെയാണ് ജീവിതലക്‌ഷ്യം തന്നെ.
എന്തുതന്നെയായാലും മലയാളികളുടെ ജീവിതരീതിയിൽ ചില മാറ്റണങ്ങളൊക്കെ ആവശ്യം തന്നെയാണ്. വീടിന്റെ പരിസരത്തൊക്കെ പരിചയമില്ലാത്ത ആളുകളോ വാഹനങ്ങളോ കണ്ടാൽ ഒന്ന് അന്വേഷിക്കുന്നതും ശ്രദ്ധിക്കുന്നതും നല്ലതാണ്. നമ്മൾ അവനവനിലേക്ക് മാത്രം നോക്കാതെ ചുറ്റുപാടുകളിലേക്ക്കൂടി നോക്കണം. എങ്കിൽ മാത്രമേ നമ്മുടെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാവുകയുള്ളു. മിക്കവീടുകളുടെയും മുൻവാതിലുകൾ അടഞ്ഞുകിടക്കുന്നുണ്ടാവും. വീടുകളിൽ ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളു. ഒരാൾ മാത്രമുള്ള വീട് തുറന്നിടുക എന്നതും അത്ര സുരക്ഷിതമല്ല. വാതിലുകൾ അടഞ്ഞുകിടന്നാലും തുറന്നുകിടന്നാലും വീട്ടുമുറ്റത്തുപോലും ആരെങ്കിലും വന്നാൽ അറിയാത്ത അവസ്ഥയിലേക്ക് കേരളസമൂഹത്തിന്റെ ജീവിതം ചുരുങ്ങിപ്പോയിട്ടുണ്ട്. അയല്പക്കത്തെ വീട്ടുമുറ്റത്ത് അപരിചിതരായ ആരെയെങ്കിലും കണ്ടാലും ആരും ഗൗനിക്കാറില്ല.
*****