ഇന്ത്യൻ സാഹചര്യത്തിൽ ജാതി ഒരു യാഥാർത്ഥ്യമാണ്. അത് അംഗീകരിക്കാതിരിക്കാനാവില്ല. ഉയർന്ന ജാതി താഴ്ന്ന ജാതി എന്നുള്ള മനോഭാവമെങ്കിലും മാറ്റിയെടുക്കാനാവണം. അത്ര പെട്ടെന്ന് ഇല്ലാതാകാൻ സാധിക്കുന്ന ഒന്നല്ല അത്. ജാതിചിന്തകൾ എത്രകണ്ട് വേരുറച്ചുപോയ സമൂഹമാണ് ഇന്ത്യയിലേതെന്ന് ചിന്തിക്കുമ്പോൾ ലോകത്തിനുമുന്നിൽ നാണംകെട്ട് തലതാഴ്ത്തേണ്ടി വരുകയാണ്. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിവാഹം, ഗൃഹപ്രവേശനം, മരണാനന്തര ചടങ്ങുകൾ, കൊച്ചുകുട്ടികൾക്ക് പേരിടൽ, ഭക്ഷണശീലം തുടങ്ങിയവയിലൊക്കെ ജാതീയതയുടെ അംശമുണ്ട്. പേരിനൊപ്പം ജാതിവാലുണ്ടായാലും ഇല്ലെങ്കിലും. മിശ്രവിവാഹമാണെങ്കിലും അല്ലെങ്കിലും. ജോലിസ്ഥലങ്ങളിൽ, ക്ളാസുമുറികളിൽ, അയൽപക്കബന്ധങ്ങളിൽ, വിവാഹക്ഷണങ്ങളിൽ... എന്തിനേറെ പറയുന്നു സോഷ്യൽമീഡിയയിലെ സൗഹൃദങ്ങളിൽവരെ ജാതീയത കണ്ടെത്താൻ സാധിക്കും. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോരോ ആചാരങ്ങളിലൂടെ ജാതീയതയുടെ വേരുകൾ മനുഷ്യരുടെ മനസ്സിലേക്കു ആഴ്ന്നിറങ്ങുകയാണ്. കാലങ്ങളായുള്ള വികലമായ ചിന്തയിലൂടെയും പവൃത്തിയിലൂടെയും ഒരിക്കലും പിഴുതുകളയാനാവാത്ത ഒരു വൻമരമായി അത് വളർന്നുകഴിഞ്ഞിരിക്കുന്നു. ജാതിയില്ലെന്ന് അവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും സവർണ്ണരിൽ മുൻതലമുറയിൽനിന്നും പകർന്നുകിട്ടിയ ദുരഭിമാനവും അവർണ്ണരിൽ അപകർഷതാബോധവും ചില സന്ദർഭങ്ങളിലെങ്കിലും അറിയാതെ വെളിപ്പെട്ടുപോവാറുണ്ട്. ഹൈന്ദവക്ഷേത്രങ്ങളിലെ നിയമങ്ങളും ചിട്ടകളും ജാതീയമായ തരംതിരിവുകൾക്കനുസരിച്ചാണ്. ഓരോ ഉത്സവത്തോടനുബന്ധിച്ചുമുണ്ടാവുന്ന ചടങ്ങുകൾ ഓരോ ജാതിയിലും പെട്ടവർ ചെയ്യേണ്ടതാണ്. ജാതീയതക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് അവിടെയാണ്.
***
***
"ജാത്യാലുള്ളത് തൂത്താൽ പോവില്ല" എന്ന് പണ്ടാരോ എഴുതിവച്ചതും ഇതുകൊണ്ടൊക്കെ ആവാം .
മറുപടിഇല്ലാതാക്കൂഓരോ ഉത്സവത്തോടനുബന്ധിച്ചുമുണ്ടാവുന്ന ചടങ്ങുകൾ ഓരോ ജാതിയിലും പെട്ടവർ ചെയ്യേണ്ടതാണ്. ജാതീയതക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് അവിടെയാണ്.
മറുപടിഇല്ലാതാക്കൂ