kharaaksharangal.blogspot.com - KHARAAKSHARANGAL

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2015

വിജയൻ പെരുവണ്ണാൻ

വിജയൻ ചാത്തമ്പള്ളി വിഷണ്ട്ഠൻ തെയ്യമായപ്പോൾ  (2012ലെ അവധിക്കാലത്ത്‌ എടുത്ത ഫോട്ടോ)

എത്ര അപ്രതീക്ഷിതമായാണ് മരണം നമ്മളെ തേടിയെത്തുന്നത്!
ചായം തേച്ച് അണിഞ്ഞൊരുങ്ങിയ ഈ രൂപത്തിനകത്ത് പച്ചയായ ഒരു മനുഷ്യനുണ്ട്. ആത്മീയമായി തെയ്യം ദൈവത്തിന്റെ പ്രതിരൂപവും ഭൗതികമായി കലാരൂപവുമാണ്.
എന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലുണ്ട് വിജയന്. എന്നാലും പേര് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഒരുമിച്ച് കളിച്ചും തല്ലുകൂടിയും വളർന്നു. ആശയപരമായി വേർപിരിഞ്ഞപ്പോൾ രാഷ്ട്രീയം പറഞ്ഞു തർക്കിച്ചു. അവിചാരിതമായി ഒരിക്കൽ വിജയൻ അദ്ധ്യാപകനും ഞാൻ വിദ്യാർഥിയുമായി. സർക്കാർ ജോലി ഉപേക്ഷിക്കാതെതന്നെ ഒരു കലാകാരന്റെ ആത്മാർത്ഥതയോടെ ഉത്തരമലബാറിലെ കാവുകളിൽ തെയ്യമായി ഉറഞ്ഞാടി.
സംസാരിക്കാൻ തുടങ്ങിയാൽ ഷെല്ലിയും ഷെയിസ്ക്പീയറും ബർണാഡ് ഷായും തുടങ്ങി മാർക്സ് മുതൽ ഗോർബച്ചേവ് വരെയും കൃഷ്ണപ്പിള്ളമുതൽ എം.വി.രാഘവൻ വരെയും വേദവ്യാസനും വാല്മീകിയും മുതൽ കരിവെള്ളൂർ മുരളിവരെയും പരാമർശിക്കുമായിരുന്നു ഈ ഇംഗ്ലീഷ് ബിരുദധാരി.
ആത്മീയതയും വിപ്ലവവും ഒരേസമയം സ്വീകരിക്കുക എന്നത് ഉത്തരമാലബാറുകാരുടെ പ്രത്യേകതയാണ്. വിജയനും അതിൽ നിന്നും വ്യത്യസ്ഥനായില്ല. 1940കളിലെ കമ്മ്യുണിസ്റ്റ് സഹയാത്രികനായിരുന്ന കൃഷ്ണൻ പെരുവണ്ണാന്റെ കൊച്ചുമകന് വളരെ എളുപ്പമായിരുന്നു ഇത് രണ്ടും ഒരേസമയം ജീവിതത്തിൽ പകർത്താൻ. തെയ്യം കെട്ടിയാൽ പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിച്ചിരുന്നില്ല മുൻതലമുറ. പഴയ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നുതന്നെ അതിനർത്ഥം. തെയ്യമെന്ന ദൈവത്തിന്റെ പ്രതിരൂപം ആവുന്നതിനുമുന്പ് സമ്പ്രദായങ്ങൾ തെറ്റിച്ച് പ്രതിഫലവും അവകാശവും ഒരു കലാകാരന്റെയോ തൊഴിലാളിയുടെയോ വിപ്ലവകാരിയുടെയോ സാമർഥ്യത്തോടെ പറഞ്ഞുറപ്പിച്ചു. അതുകൊണ്ട് സഹപ്രവർത്തകരിൽനിന്ന്തന്നെ വിമർശനങ്ങളും ഏറ്റുവാങ്ങി. ചായം തേച്ച് വേഷം മാറിയാൽ എല്ലാവരും കൈകൂപ്പി നിൽക്കുന്ന ദെവത്തിന്റെ പ്രതിരൂപമായി. അല്ലാത്തപ്പോൾ വിജയൻപെരുവണ്ണാൻ എന്ന സാധാരണ മനുഷ്യനായി.
ഏറ്റവും അവസാനം ഇതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആഗസ്ത് പതിഞ്ചാം തിയ്യതി  ഈ ലോകത്തുനിന്നുതന്നെ യാത്ര പറഞ്ഞിരിക്കുന്നു.
കടപ്പാട്:S r i Y e s h  (facebook)

1 അഭിപ്രായം:

Translate