kharaaksharangal.blogspot.com - KHARAAKSHARANGAL

വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2015

ശരിയായ ഇടതുപക്ഷത്തിന്റെ അഭാവം


   ശരിയായ ഇടതുപക്ഷത്തിന്റെ അഭാവം നമ്മൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഇരുളടഞ്ഞ കാലഘട്ടം തിരിച്ചുവരുകയാണ്. അതിന്റെ മുന്നൊരുക്കമാണ്‌ കന്നട എഴുത്തുകാരൻ  എം.എം കൽബുർഗിയുടെ വധം. അതിനും മുൻപ് തമിൾ സാഹിത്യകാരൻ പെരുമാൾ മുരുകന് എഴുത്ത് നിർത്തേണ്ടിവന്നു. ഇനിയും എത്രയോ പേരുടെ ജീവിതം ഇങ്ങനെ അവസാനിക്കാനിരിക്കുന്നു. സ്വതന്ത്രമായ സർഗ്ഗാത്മക രചനകൾ സാധ്യമാവാത്ത കാലത്തിലേക്ക് നമ്മൾ പോയിക്കൊണ്ടിരിക്കുന്നു. ഏതുസമയത്തും കൽബുർഗിയെപ്പോലെ, നരേന്ദ്ര ദാബൊൽക്കറെപ്പോലെ, ഗോവിന്ദ പൻസാരെയെപൊലെ  മരിച്ചുവീഴാം. എം.എഫ് ഹുസൈനെ പോല നാടുകടത്തപ്പെടാം. യു.ആർ.അനന്തമൂർത്തിക്ക് പാകിസ്ഥാനിലേക്ക് വിമാനടിക്കറ്റ് കൊടുത്തവർ അവരുടെ സങ്കൽപത്തിലെ ഇന്ത്യയിൽ ജീവിക്കാൻ അയോഗ്യരായവരെ തിരഞ്ഞുപിടിച്ചുകൊണ്ടിരിക്കുകയാണ്.

         ഇന്ത്യൻ ജനതയുടെ മനസ്സിൽ ഹൈന്ദവ ഫാസിസം കടന്നുകയറുന്നത് വളരെ തന്ത്രപരമായാണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും രാഷ്ട്രീയവും സാംസ്കാരികവുമായ വ്യത്യാസങ്ങൾക്കനുസരിച്ച് വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചും ഭയപ്പെടുത്തിയും ആ നാട്ടുകാരെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ അവർ വിജയിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് ആവശ്യമുള്ള ഭക്ഷണസാമഗ്രികൾ നൽകാൻ ഉത്തരവാദപ്പെട്ട ഭരണകൂടം ഇഷ്ട്ടപെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു.  തീവ്രദേശീയവികാരം ഉയർത്തിക്കൊണ്ടുവന്നും പാക്കിസ്ഥാൻ വിരുദ്ധ പ്രസ്ഥാവനകളിറക്കിയും ഒരു യുദ്ധം ആസഹ്നമായിരിക്കുന്നു എന്ന തോന്നലുണ്ടാക്കിയും  കഴിഞ്ഞ യുദ്ധത്തിന്റെ വാർഷികം ആഘോഷിച്ചും ഭരണപരാജയത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രവും അതിലൊന്നാണ്. വേണമെങ്കിൽ യുദ്ധം സൃഷ്ടിക്കാനും അവർ മടിക്കില്ല. യുദ്ധങ്ങളും മനുഷ്യക്കുരുതികളും അവരെ ആനന്ദിപ്പിക്കും. അതുകൊണ്ട് തന്നെ അവർ യുദ്ധത്തെക്കുറിച്ച് വാചാലാരായിക്കൊണ്ടിരിക്കും. യുദ്ധങ്ങളെ  മഹത്വവൽക്കരിച്ചുകൊണ്ടേയിരിക്കും. 

             അവരെ സംബന്ദിച്ചിടത്തോളം ശത്രുക്കൾ ഇടതുപക്ഷചിന്താധാരകളിൽ പ്രവർത്തിക്കുന്ന പാർട്ടികകളോ സംഘടനകളോ വ്യക്തികളോ ആണ്. ഇന്ത്യയിൽ ഇടതുപക്ഷം ചിതറിക്കിടക്കുന്ന ഒന്നായതുകൊണ്ട് തന്നെ അത് വളരെ എളുപ്പമായിരുന്നു. കേരളമാണ് അവരുടെ അടുത്ത ലക്ഷ്യമെന്ന് എല്ലാവർക്കുമറിയാം. നവോത്ഥാനകാലഘട്ടംമുതൽ കേരളസമൂഹം വളർത്തിയെടുത്ത സാമൂഹ്യവും സാംസ്കാരികവുമായ അവബോധവും ശക്തമായ ഇടതുപക്ഷ അടിത്തറയുമുള്ള സമൂഹം ആയതുകൊണ്ട് മാത്രമാണ്   അവർക്കതിന് ഇതുവരെ സാധിക്കാതെ പോയത്.

       പക്ഷെ, ആ ഇടതുപക്ഷസമൂഹത്തിൽ ഉണ്ടായിരിക്കുന്ന അകൽച്ച കാണാതെ പോകരുത്. ഈ അകൽച്ച ഇല്ലതാക്കാകുക എന്നത് അത്ര എളുപ്പവുമല്ല. ഇതിനെ ഇടതുപക്ഷത്തിന്റെ തകർച്ച എന്നുതന്നെ പറയുന്നതാവും ശരി. ഈ തകർച്ചയിൽ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടി എന്നനിലയിൽ സി.പി.എമ്മിനുള്ള പങ്ക് ചെറുതൊന്നുമല്ല. അവർ എത്രയൊക്കെ സ്വയം ന്യായീകരിച്ചാലും വാദങ്ങൾ നിരത്തിയാലും മനുഷ്യ മനസുകളിൽ നിന്നും മാഞ്ഞുപോകുന്നതല്ല ആ കറകൾ.  വ്യത്യസ്ഥമായ അഭിപ്രായങ്ങൾ പറയുന്നവരെയും സി.പി.എമ്മിന്റെ തെറ്റുകളെ വിമർശിക്കുന്നവരെയും വർഗശത്രുവെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കാനോ ആയിരുന്നു അവർ ശ്രമിച്ചുകൊണ്ടിരുന്നത്‌. ഇന്നത്‌ അവരിൽ ചിലരെങ്കിലും തിരിച്ചറിയുന്നുണ്ടെന്ന് തോന്നുന്നു. പക്ഷെ, അവരുടെ ചെയ്തികൾ ആ പാര്‍ട്ടിയെ ജനങ്ങളുടെ മനസ്സിൽ സ്ഥാനമില്ലാത്ത ഒരുകൂട്ടം നേതാക്കന്മാർ മാത്രമായി മാറ്റി. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും വി.എസ്. അച്യുതാന്ദന് ശേഷം ജനങ്ങളുടെ മനസ്സിൽ സ്ഥാനമുള്ള ഒരു നേതാവ് ഇല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് മൂന്നാറിൽ സ്ത്രീ തൊഴിലാളികളുടെ സമരത്തിൽ അദ്ദേഹം സ്വീകരിക്കപ്പെട്ടതും മറ്റുള്ള നേതാക്കൾ തിരസ്കരിക്കപ്പെട്ടതും.

  ഹൈന്ദവ ഫാസിസം പിടിമുറുക്കുമ്പോൾ അതിനെ പ്രതിരോധിക്കാനെന്നപേരിൽ മുസ്ലീം തീവ്രവാദവും ശക്തി  പ്രാപിക്കുന്നുണ്ട്‌ എന്ന മറുവശവും കാണാതിരുന്നുകൂട. പഴയകാല മുസ്ലീം ലീഗ് തീവ്രവാദം തടയുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ, ഇന്ന് ആ പാർട്ടിക്ക് അത്തരമൊരു നയം ഉണ്ടോ എന്ന സംശയവും ഉണ്ടാക്കുന്നുണ്ട്. ആ സമുദായത്തിൽ സി.പി.എമ്മിനോ മറ്റേതെങ്കിലും ഇടതുപക്ഷപാർട്ടിക്കോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം അവകാശപ്പെടാൻ സാധിക്കുമോ? ഇ.കെ.ഇമ്പിച്ചിബാവയ്ക്ക് ശേഷം ശക്തനായ ഒരു കമ്മ്യുണിസ്റ്റ് നേതാവ് എന്തുകൊണ്ട് മുസ്ലീം സമുദായത്തിൽനിന്നും ഉയർന്നുവന്നില്ല?

       മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടുമ്പോൾ, രാഷ്ട്രീയ എതിരാളികളുടെ വിമർശനങ്ങളെ ഖണ്ട്ഠിക്കാനാവാതെ വരുമ്പോൾ, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്ന തരത്തിൽ കാര്യങ്ങൾ വിശദീകരിക്കാനാവാതെ വരുമ്പോൾ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വയം ശുദ്ധീകരണം തന്നെയാണ് വേണ്ടത്. അല്ലെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ഇടതുപക്ഷ പ്രസ്ഥാനവും അതിന്റെ നേതാക്കളും വലിച്ചെറിയപ്പെടും എന്നത് ഉറപ്പാണ്.
***

5 അഭിപ്രായങ്ങൾ:

  1. വളരെ ശരിയായ കാര്യം.
    എന്നാല്‍ ഇന്നത്തെ ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തനം കണ്ടാല്‍ അവര്‍ ഫാസിസ്റ്റുകളുടെ ചട്ടുകമായി മാറിയോ എന്ന് തോന്നും. കാരണം ഫാസിസ്റ്റ് ആശയങ്ങളാണ് ഫലത്തില്‍ ശക്തമാകുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. ആശയങ്ങളും,ആദര്‍ശങ്ങളും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതായി ജനങ്ങള്‍ക്ക്‌ തോന്നിതുടങ്ങിയാല്‍.........
    പാര്‍ട്ടികളുടെ അധഃപതനവുമായി.............
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. വളരെ സത്യമായ കാര്യങ്ങള്‍ ..,കൃത്യമായ് പറഞ്ഞു ...

    മറുപടിഇല്ലാതാക്കൂ
  4. സത്യസന്ധമായ ഈ തുറന്നു പറച്ചിലാണ് ഇന്ന് നമുക്കാവശ്യം....
    വ്യവസ്ഥാപിത ഇടതുപക്ഷങ്ങൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ വലത്തോട്ട് ചാഞ്ഞപ്പോൾ അരാജകശക്തികൾക്ക് അഴിഞ്ഞാടാനുള്ള വേദിയാണ് ഇവിടെ ഒരുങ്ങിയത്.....

    മറുപടിഇല്ലാതാക്കൂ
  5. ശരിയാണ്, ശക്തമായ ഇടതുപക്ഷത്തിന്റെ അഭാവം ഉണ്ട്

    മറുപടിഇല്ലാതാക്കൂ

Translate