മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതും വിവാദത്തെ തുടർന്ന് മൂന്ന് അദ്ധ്യായം കഴിഞ്ഞപ്പോൾ പിൻവലിക്കേണ്ടിവരികയും ചെയ്ത എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെക്കുറിച്ച് ചിലർ പറയുന്നത്. "എല്ലാ സ്ത്രീകളെക്കുറിച്ചും അങ്ങനെ പറയാൻ പാടില്ലായിരുന്നു. എതെങ്കിലും ഒരു സ്ത്രീയെക്കുറിച്ചാണെങ്കിൽ പ്രശ്നമില്ലായിരുന്നു."
ഇതിനർത്ഥമെന്താ? ഏതെങ്കിലും ഒരു സ്ത്രീയെക്കുറിച്ചാണെങ്കിൽ ഞങ്ങൾ ആസ്വദിക്കുമെന്ന്. അപ്പോൾ ഏതെങ്കിലും ഒരു സ്ത്രീ ആരുടെയെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും കഥാപാത്രത്തിന്റെ ഭാര്യയൊ സഹോദരിയൊ മകളോ ആയിരിക്കും. മറ്റൊരാളുടെ ഭാര്യയെക്കുറിച്ച്, സഹോദരിയെക്കുറിച്ച്, മകളെക്കുറിച്ച് എന്തു പറഞ്ഞാലും, എഴുതിയാലും ഞങ്ങൾ ആസ്വദിക്കും എന്നാണതിനർത്ഥം. നമ്മുടെ ഭാര്യയെയോ സഹോദരിയെയോ മകളെയോ കുറിച്ചെഴുതുകയോ പറയുകയോ ചെയ്യരുതെന്ന് മാത്രം.
പരാശരമഹർഷി മുക്കുവപ്പെണ്ണിനെ ബലാത്സംഗം ചെയ്ത കഥ നമ്മൾ വായിച്ച് ആസ്വദിക്കുന്നു. കാരണം, മുക്കുവപ്പെണ്ണ് നമ്മുടെ ആരുമല്ല. അവൾ വേറെയൊരാളിന്റെ മകളാണ്. അർജുനൻ ദ്രൗപതിയെ വിവാഹം ചെയ്തപ്പോൾ അവളുടെ ദിവസങ്ങള അഞ്ചു പേരും കൂടി വീതിച്ചെടുത്ത കഥ നമ്മൾ വായിച്ചും കേട്ടും പറഞ്ഞും ആസ്വദിക്കുന്നു. കാരണം ദ്രൗപതി നമ്മുടെ ആരുമല്ല. ദ്രൗപതിയെ കൗരവ സഭയിൽ വസ്ത്രാക്ഷേപം ചെയ്യുകയും വേശ്യയെന്ന് വിളിക്കുമ്പോഴും നമ്മൾ രോഷം കൊള്ളുന്നില്ല. അവളുടെ വസ്ത്രാക്ഷേപം നമുക്ക് ചില നേരങ്ങളിൽ തമാശയാണ്. കാരണം അവൾ നമ്മുടെ അരുടെയും ഭാര്യയും സഹോദരിയും മകളുമല്ല.
നമ്മുടെ സ്വീകരണമുറിയിൽ അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് കാണുന്ന സിനിമകളിൽ ജനങ്ങളെ സംരക്ഷിക്കേണ്ട കഥാപാത്രങ്ങളായ രാഷ്ട്രീയ നേതാക്കളും പോലീസുകാരനും പട്ടാളക്കാരനും കൊച്ചു പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെയുള്ളവരെയുള്ളവരെ ലൈംഗീകമായി പീഡിപ്പിക്കുമ്പോൾ മക്കളോടോപ്പം അച്ചനമ്മമാരോടൊപ്പം സഹോദരിമാരോടൊപ്പം നമ്മളും കണ്ടാസ്വാദിക്കുന്നു. കാരണം ആ കഥാപാത്രങ്ങൾ നമ്മളോ നമ്മുടെ സഹോദരിയോ ഭാര്യയോ മകളോ അല്ല. പക്ഷെ, മറ്റേതോ പുരുഷ കഥാപാത്രത്തിന്റെ മകളോ സഹോദരിയോ ഭാര്യയോ ആണ്. ആ കഥാപാത്രങ്ങളുമായി സാമ്യമുള്ള യഥാർത്ഥ മനുഷ്യരുടെ മാനസികാവസ്ഥയെക്കുറിച്ചു നിങ്ങൾ ചിന്തിക്കാറുണ്ടോ?
നമ്മുടെ മൊബൈൽ ഫോണുകളിൽ വാട്സ്ആപിലൂടെ ലഭിക്കുന്ന ലൈംഗീകചിത്രങ്ങൾ കണ്ടാസ്വദിക്കുകയും സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കയും ആ സ്ത്രീയുടെ അവയവങ്ങളെക്കുറിച്ചു സുഹൃത്തുക്കളുമായി അഭിപ്രായം പങ്കിടുകയും തമാശപറയുകയും ചെയ്യുന്നു. കാരണം ആ സ്ത്രീ നമ്മുടെ ആരുടെയും ഭാര്യയോ സഹോദരിയോ മകളോ അല്ല. പക്ഷെ, മറ്റാരുടെയോ മകളോ സഹോദരിയോ ഭാര്യയൊ ആണ്.
ഈയടുത്തകാലത്ത് ഒരു സിനിമാനടി അക്രമിക്കപ്പെട്ടപ്പോൾ അവളെക്കുറിച്ചായിരുന്നു നമുക്ക് പറയാനുണ്ടായിരുന്ന കഥകൾ ഏറെയും. ആക്രമിച്ചവർ അവളുടെ വീഡിയോ പകർത്തിയിട്ടുണ്ടെന്നറിഞ്ഞ് ആ വീഡിയോ ക്ലിപ്പ് കാണാൻ വാട്സ്ആപ്പും നോക്കി കാത്തുനിന്നവരാണ് മലയാളികൾ. കാരണം അവൾ നമ്മുടെ ആരുടെയെങ്കിലും ഭാര്യയോ സഹോദരിയോ മകളോ ആയിരുന്നില്ല, മറ്റാരുടെയോ ആണ്.
അതുകൊണ്ടുതന്നെ മീശ എന്ന നോവലിൽ രണ്ടുകഥാപാത്രങ്ങളുടെ സംഭാഷണം നമ്മളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ മേൽപ്പറഞ്ഞ ശീലങ്ങൾക്ക് / സ്വഭാവങ്ങൾക്ക് / വിനോദങ്ങൾക്ക് അടിമപ്പെട്ടുപോയ മലയാളിസമൂഹത്തിനേറ്റ ഒരു പ്രഹരമാണത്. അത് നമ്മുടെ സമൂഹത്തിന് ഒരു സാംസ്കാരികമായ തിരിച്ചറിവ് നൽകുന്നുണ്ട് എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല.
എന്റെ അഭിപ്രായത്തിൽ ആ വാചകത്തിൽ ആരോപിക്കാവുന്ന ഒരേയൊരു കാര്യം സ്ത്രീവിരുദ്ധത മാത്രമാണ്. അതാണെങ്കിൽ നോവലിസ്റ്റിന്റെ വീക്ഷണത്തിൽനിന്നും വരുന്നതുമല്ല. രണ്ട് കഥാപാത്രങ്ങളുടെ അല്ലെങ്കിൽ നമുക്കിടയിലെ സ്ത്രീവിരുദ്ധരായ ഏതോ രണ്ടു പുരുഷന്മാരുടെ വീക്ഷണമാണത്. അത് തിരിച്ചറിയാൻ വിവാദം ഉയർത്തിവിട്ടവർക്ക് സാധിക്കാതെപോയി. കഥയെ കഥയായി കാണാൻസാധിക്കുന്നതരത്തിൽ മലയാളി സമൂഹം ഇനിയും സാംസ്കാരികവളർച്ച നേടിയിട്ടില്ല എന്നുകൂടി പറയേണ്ടി വരുന്നു. എഴുത്തുകാരന് നോവലിന്റെ പ്രസിദ്ധീകരണം തുടരാൻ താല്പര്യമില്ലാത്തതിനാൽ അതിനു വേണ്ടി വാദിക്കുന്നതിൽ അർത്ഥമില്ല.
***
***
മലയാളി സമൂഹം ഇനിയും സാംസ്കാരികവളർച്ച നേടിയിട്ടില്ല എന്നുകൂടി പറയേണ്ടി വരുന്നു. എഴുത്തുകാരന് നോവലിന്റെ പ്രസിദ്ധീകരണം തുടരാൻ താല്പര്യമില്ലാത്തതിനാൽ അതിനു വേണ്ടി വാദിക്കുന്നതിൽ അർത്ഥമില്ല.
മറുപടിഇല്ലാതാക്കൂ