kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, ജൂൺ 01, 2019

നവകേരളനിർമ്മാണത്തെക്കുറിച്ച്

ഒരു മഹാപ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനര്നിര്മ്മിക്കേണ്ടത് എങ്ങിനെയാണെന്നത് ഓരോ കേരളീയനും ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതാണെന്നാണ് തോന്നുന്നത്. പ്രളയത്തിൽ ഒഴുകിപ്പോയത് പതിറ്റാണ്ടുകളായി നമ്മൾ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ സമ്പത്ത്ഘടനയാണ്.  ഇതിനുമുൻപ് തൊണ്ണൂറ്റിനാല് വർഷങ്ങൾക്കുമുൻപ് ഉണ്ടായ വെള്ളപ്പൊക്കത്തേക്കാൾ വലിയ ദുരന്തമാണ് നമ്മൾ ഈ വെള്ളപ്പൊക്കത്തിൽ അഭിമുഖീകരിച്ചത്. തൊണ്ണൂറ്റിനാല് വർഷങ്ങൾക്കുമുൻപ് ഇത്രയധികം കെട്ടിടങ്ങളോ റോഡുകളോ അണക്കെട്ടുകളോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ഒരു മുല്ലപ്പെരിയാർ മാത്രമായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി നമ്മുടെ വികലമായ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ പ്രകൃതിയെത്തന്നെ  നശിപ്പിച്ചത് പ്രളയദുരന്തത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. ലാഭക്കൊതികാരണം അതിരുകൾ കടന്ന് പരിസ്ഥിതിയെ ചൂഷണം ചെയ്ത് നമ്മൾ നേടിയെന്ന് അഹങ്കരിച്ചിരുന്ന വികലമായ വികസനം നമ്മുടെതന്നെ നാശത്തിന് കാരണമാകുന്നതായിരുന്നു എന്നൊരു തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവേണ്ടിയിരിക്കുന്നു.

ഇത്രയും കാലം പ്രകൃതിവിരുദ്ധമായ വികസനങ്ങളുടെ ഭാഗമായി നമ്മൾ കൈയടക്കിവച്ചിരുന്ന നദീതീരങ്ങളെല്ലാം ഈ പ്രളയത്തിലൂടെ നദികൾ തിരിച്ചുപിടിച്ചിരിക്കുന്നു. നദികളുടെ ഒഴുക്ക് തടയുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഒന്നുംതന്നെ ഇനിയാവർത്തിക്കാൻ പാടില്ല. കുന്നുകൾ ഇടിക്കുന്നത് പൂർണ്ണമായും നിരോധിക്കണം. പാറകൾ ഖനനം ചെയ്യുന്ന ക്വാറികൾ നിയന്ത്രണവിധേയമാക്കണം.

പാടങ്ങളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തികൊണ്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കണം. കേരളത്തിലെ മിക്കയിടങ്ങളിലും കാണാൻ സാധിക്കുന്ന ഒരു കാഴചയാണ്‌ നെൽപാടത്തിനും തണ്ണീർത്തടത്തിനും നടുവിലൂടെ മണ്ണിട്ട് ഉയർത്തി നിർമ്മിക്കപ്പെട്ട റോഡുകൾ. മഴക്കാലത്ത് റോഡിന്റെ ഒരു ഭാഗത്തുനിന്നും മറ്റേഭാഗത്തേക്ക് വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യമില്ലാത്ത വിധമായിരിക്കും ഇവ നിർമ്മിച്ചിട്ടുള്ളത്. ഫലമോ പാടത്തിന്റെ ഒരു ഭാഗം വെള്ളം ഒഴുകിപ്പോവാതെ കെട്ടിനിന്ന്  കൃഷി നശിച്ചുപോവുകയും മറ്റേഭാഗം ആവശ്യത്തിനുള്ള വെള്ളം എത്താതെ കൃഷിചെയ്യാൻ സാധ്യമാവാതെ തരിശിടങ്ങളായി മാറുകയും ക്രമേണ അവിടെ കെട്ടിടങ്ങൾ പൊങ്ങിവരുന്നതുമായ കാഴചയാണ്‌. ഇതൊക്കെ വ്യക്തമായ ആസൂത്രണമില്ലാതെ സംഭവിക്കുന്നതാണ്. ലാഭത്തിൽമാത്രം കണ്ണും നട്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് ലോബികളുടെ കൗശലം ഇത്തരം പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിൽ കൃത്യമായിത്തന്നെയുണ്ട്. അത് തിരിച്ചറിയാനാവാത്ത ജനങ്ങൾ തങ്ങളുടെ വീടിനടുത്തേക്ക് ഗതാഗതസൗകര്യം ലഭ്യമാവുന്നുവെന്ന ഒറ്റക്കാരണത്തിൽ  ദീർഘവീക്ഷണമില്ലാത്ത ഈ വികസനപ്രവർത്തനത്തിന് സമ്മതം മൂളുന്നു. മുകളിൽ പറഞ്ഞ റിയൽ എസ്റ്റേറ്റ് ലോബികളും രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വവും പരസ്പരം കൈകോർക്കുന്ന അശ്ലീലമായ കാഴ്ചയും നമുക്ക് കാണാൻ സാധിക്കുന്നതാണ്. രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശികനേതൃത്വം അത് തിരിച്ചറിഞ്ഞു പ്രതികരിച്ചുപോയാൽ ഉയർന്ന നേതാക്കൾ കണ്ണുരുട്ടികാണിച്ചുകൊണ്ട് അവരെ നിശ്ശബ്ദരാക്കുന്നു. കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ ഇതിനൊരു ഉദാഹരണമാണ്. ഇത്തരം കാപട്യങ്ങൾ രാഷ്ട്രീയ നേതൃത്വം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്.

ബ്യുറോക്രസിയും രാഷ്ട്രീയ നേതൃത്വവും മാത്രം തീരുമാനിക്കുന്ന വിധത്തിലാവരുത് പുതിയ കേരളം. ഓരോ പദ്ധതികളും ആസൂത്രണം ചെയ്യുമ്പോഴും നടപ്പിൽ വരുത്തുമ്പോഴും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. അവരോടുകൂടി അഭിപ്രായമാരാഞ്ഞുകൊണ്ട് അവരുടെ ആവശ്യങ്ങൾ സാധ്യമാകുന്ന താരത്തിലായിരിക്കണം. നവകേരളത്തിന്റെ രൂപരേഖയായി എന്നാണ് അറിയുന്നത്. ആദ്യം നടപ്പിലാക്കേണ്ടത് നീതിപൂർവകമായ പുനരധിവാസവും അടിസ്ഥാനസൗകര്യവികസനവുമായിരിക്കണം. ചുവപ്പുനാടയിൽ കുരുങ്ങാതെ ഇത് നടപ്പിൽ വരുത്തുവാൻ സർക്കാരിന് സാധ്യമാവട്ടെയെന്ന് പ്രത്യാശിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകളും അതിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവവൈവിധ്യങ്ങളും ജലസ്രോതസ്സുകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളും ഒക്കെ കണക്കിലെടുത്തതുകൊണ്ട്  കഴിയുന്നതും ആ മേഖലയെ ഒഴിവാക്കിക്കൊണ്ടായിരിക്കണം പുനർനിർമ്മാണം നടക്കേണ്ടത്.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുണ്ട്, തൊഴിലിടവും തൊഴിൽസാമഗ്രികളും നഷ്ടപ്പെട്ടവരുണ്ട്, ഉപജീവനത്തിനുവേണ്ടി പോറ്റിയിരുന്ന കന്നുകാലികളെ നഷ്ടപ്പെട്ടവരുണ്ട്, കൃഷിയിടം നഷ്ടപ്പെട്ടവരുണ്ട്. ഇവരുടെയൊക്കെ ജീവിതനിലവാരം എങ്ങിനെയാണ് പഴയ അവസ്ഥയിലേക്ക് വീണ്ടെടുത്തുനൽകുക എന്നൊരു ചോദ്യമാണ് പ്രധാനമായും പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്. നഷ്ടപ്പെട്ട വീടുകളിൽ സമ്പന്നരുടെ വീടുകളുണ്ട്, ഇടത്തട്ടുകാരുടെ വീടുകളുണ്ട്, ദരിദ്രരുടെ കുടിലുകളുണ്ട്. ഇതിൽ മുൻഗണന നൽകേണ്ടത് ദരിദ്രർക്കായിരിക്കണം. രണ്ടാമതായി ഇടത്തട്ടുകാർക്കും അവസാനം സമ്പന്നർക്കുമായിരിക്കണം. സമ്പന്നരെ സംബന്ധിച്ച് സർക്കാരിന്റെ സാമ്പത്തികസഹായം അത്യാവശ്യമുള്ളവരായിരിക്കില്ല. അങ്ങനെയുള്ളവർക്ക് സർക്കാരിൽനിന്നുള്ള സഹായം സ്വീകരിക്കാതെ അവർതന്നെ നിർദ്ദേശിക്കുന്ന കുടുംബത്തിനോ പ്രദേശത്തിനോ നൽകുകയാണെങ്കിൽ വളരെനല്ലൊരു കാര്യമാവുമെന്ന് കരുതുന്നു.

വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനാണ് പ്രയാസമേറെയുണ്ടാവുക. അത്രയധികം ഭൂമി  സർക്കാരിന്റെ കൈവശമില്ല. ഉള്ള സ്ഥലങ്ങളിൽ ചുരുങ്ങിയ ചിലവിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് അവരെ പുനരധിവസിപ്പിക്കണം. കൃഷിയിടങ്ങളിൽ യാതൊരു വിധത്തിലുള്ള കെട്ടിടങ്ങളോ വേറെയേതെങ്കിലും തരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളോ അനുവദിക്കാതിരിക്കാൻ ഇനിയുള്ള കാലം സർക്കാരിന്റെ ഭാഗത്തുനിന്നും ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന ഇടങ്ങളിലൊക്കെ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.അതിനു തയ്യാറായി മുന്നോട്ടു വരുന്നവർക്ക്‌ നിശ്ചിത കാലത്തേക്ക് കൃഷിയിടം സൗജന്യമായോ ചെറിയ തുകയുടെ പാട്ടത്തിനോ നൽകി കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കണം. അതിന് കുടുംബശ്രീ കൂട്ടായ്മകളെയും പുരുഷ കൂട്ടായ്മകളെയും മുൻനിർത്തിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. കൂടുതൽ യുവാക്കളെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്ന വിധത്തിലായിരിക്കണം ആ പദ്ധതി. അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്ന കീടനാശിനികൾ തളിച്ച ഭക്ഷ്യവസ്തുക്കൾക്കു പകരം പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ കൃഷിചെയ്യുന്നതിന് വളർന്നുവരുന്ന തലമുറയെ പ്രാപ്തരാക്കണം. പ്രൈമറി സ്കൂൾ മുതൽ ഹയർസെക്കണ്ടറി വരെ കാർഷികവൃത്തിയും പരിസ്ഥിതിയും ഒരു പാഠ്യവിഷയമാവണം. 

കേരളത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചകളിൽ വീടുവയ്ക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നൊരു നിർദ്ദേശം വായിക്കാനിടയായി. വീട്ടിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ വീടിന്റെ ചുറ്റളവിന്റെ പരിധി നിയന്ത്രിക്കുവാനുള്ള ഈ നിർദ്ദേശം സ്വാഗതാർഹമാണ്. 

വികസനം ആസൂത്രണം ചെയ്യുന്നത് താഴെത്തട്ടിലുള്ള ജനങ്ങളായിരിക്കണം. അതായത് ഗ്രാമസഭകളിലായിരിക്കണം നിർദ്ദേശങ്ങൾ ഉയർന്നുവരേണ്ടതും തീരുമാനങ്ങൾ നടപ്പിലാവേണ്ടതും. ഓരോ പ്രദേശത്തും ആവശ്യമുള്ള പദ്ധതികളായിരിക്കണം അതാതിടങ്ങളിൽ നടപ്പിലാക്കേണ്ടത്. ശക്തമായ കാലാവർഷത്തിനു പുറമെ ഡാം മാനേജ്‌മെന്റിലെ പിഴവുകളും പ്രളയത്തിന്റെ ഒരുകാരണമായി ആരോപണമുയർന്നിട്ടുണ്ട്. വൻകിട ഡാമുകൾക്കുപകരം ചെറുകിട ഡാമുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങേണ്ട സമയമായിരിക്കുന്നു. നാല്പത്തിനാലുനദികളുള്ള കേരളത്തിൽ ഇത് പ്രായോഗികമാണെന്ന് തോന്നുന്നു. മറ്റൊന്ന് നമ്മുടെ പ്രകൃതി വിഭവങ്ങൾ ആഗോള കുത്തകകൾക്ക് കൊള്ളയടിക്കാൻ അനുവദിക്കാതെ അതിന്റെ ഉത്പാദകരും വിനിമയക്കാരും ഉപഭോക്താക്കളും നമ്മൾതന്നെയായിരിക്കണം.

വിദേശികൾ കേരളത്തിലേക്ക് വരുന്നത് അവർ കേട്ടറിഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതയും നമ്മുടെ നാടിന്റെ സാംസ്കാരിക വൈവിദ്ധ്യവും നേരില് കാണാനാണ്. അങ്ങനെ വരുന്നവർക്ക് നമ്മൾ കാണിച്ചുകൊടുക്കേണ്ടത് ആകാശം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളോ കൃത്രിമമായി നിർമ്മിച്ചെടുത്ത കേരളത്തെയുമല്ല. പ്രകൃതിതന്നെ രൂപപ്പെടുത്തിയ കേരളത്തെയാണ്. വനഭൂമികൾ നശിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചുനിരപ്പാക്കിയും താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് ഉയർത്തിയും നിർമ്മിക്കുന്ന റിസോർട്ടുകളും മറ്റും പരിസ്ഥിക്ക് ആഘാതമുണ്ടാക്കുന്നവയാണ്. ഇങ്ങനെയുള്ള ടൂറിസ്റ്റ് നയം തിരുത്തി പകരം ഇക്കോ ടൂറിസമാണ് നടപ്പിലാക്കേണ്ടത്.
***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate