kharaaksharangal.blogspot.com - KHARAAKSHARANGAL

ഞായറാഴ്‌ച, ജനുവരി 16, 2022

സിൽവർ ലൈൻ

 സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ  വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.


അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും  ശ്രീചിത്രയിലും  ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ. 


ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും  കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.

***

1 അഭിപ്രായം:

Translate