കണ്ണൂർ ജില്ലയിൽ തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കണ്ടാൽ പരിസരവാസികൾ അന്വേഷിക്കുന്ന പതിവുണ്ടായിരുന്നു. നിങ്ങൾ എവിടെനിന്ന് വരുന്നു? എന്താണ് ആവശ്യം എന്നൊക്കെയാണ് അന്വേഷിക്കുക. അത് മറ്റൊന്നും കൊണ്ടല്ല, ഭയം കൊണ്ടും ഒരു മുൻകരുതൽ എന്ന നിലയിലും ആയിരുന്നു. പ്രത്യക്ഷത്തിൽ അതൊരു നെഗറ്റിവ് സമീപനമായി തോന്നാം. എങ്കിലും അതിനൊരു പോസറ്റിവ് വശം കൂടിയുണ്ട്.
പേജുകള്
ലേബലുകള്
kharaaksharangal.blogspot.com - KHARAAKSHARANGAL
-
സൗഹൃദമരം - ആ മരത്തിന്റെ തൈ ആരെങ്കിലും നട്ടതാണോ, ഏതെങ്കിലും പക്ഷി ഉപേക്ഷിച്ചു പോയ വിത്തിൽനിന്നും മുളച്ചു വന്നതാണോ എന്നറിയില്ല. ആ തൈ വളർന്നു, വലിയൊരു തണൽ മരമായി. അതി...2 മാസം മുമ്പ്
ചൊവ്വാഴ്ച, നവംബർ 28, 2023
മലയാളികൾ വല്ലാതെ മാറിപ്പോയി
തിങ്കളാഴ്‌ച, ജൂലൈ 10, 2023
ഊദ്, പ്രണയം എന്ന ഉന്മാദാവസ്ഥ
ശനിയാഴ്‌ച, ഫെബ്രുവരി 26, 2022
വേഗത മനുഷ്യന്റെ അത്യാഗ്രഹമാണ്.
ഞായറാഴ്‌ച, ജനുവരി 16, 2022
സിൽവർ ലൈൻ
സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.
അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും ശ്രീചിത്രയിലും ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ.
ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.
***
ശനിയാഴ്‌ച, നവംബർ 06, 2021
ജയ് ഭീം
ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020
പറയാതെ വയ്യ
ഇന്ന് ശ്രീ നാരായണഗുരു ജയന്തിയാണ്. ജാതീയമായ അടിമത്തം ഇല്ലാതാക്കാൻ പരിശ്രമിച്ച മഹാനായ ഗുരുവിന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണമിക്കുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണ ആധിപത്യത്തോടുള്ള പോരാട്ടമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതം. അതിന്റെ ഫലമാണ് ഈഴവ സമുദായത്തിനും അവരെ പ്രതിനിധാനം ചെയ്യുന്ന എസ്.എൻ.ഡിപ്പിക്കും ഇന്ന് ലഭിച്ചിരിക്കുന്ന സാമൂഹ്യപ്രാധാന്യം. ഗുരുവിന്റെ പ്രവർത്തനം ഈഴവസമുദായത്തെ മാത്രമല്ല ഇതരസമുദായങ്ങളെക്കൂടി സ്വാധീനിക്കുന്ന തരത്തിലായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം കേരളത്തിലെ മുഴുവൻ സമൂഹത്തിന്റെയും ഗുരുവായത്. പക്ഷെ, അങ്ങനെ ലഭിച്ചതാണ് ഇന്നനുഭവിക്കുന്ന ജാതീയവും ആരാധനാപരവുമായ സ്വാതന്ത്ര്യമെന്ന് അവരിൽ ചിലരെങ്കിലും മറന്നുപോവുകയോ മനഃപൂർവ്വം ഓർക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. അതിനു കാരണം അവരുടെ അറിവിലും ചിന്തയിലും സവർണ്ണ ഹിന്ദുത്വ ബോധം കടന്നുകൂടിയതാണെന്നു പറയാതെ വയ്യ. സവർണ്ണരോട് ആദരവും ഇന്നും അടിമത്തം അനുഭവിക്കുകയോ മുഖ്യധാരയിലെത്തുകയോ ചെയ്യാത്ത മറ്റുസമുദായങ്ങളോട് അനാദരവും പുച്ഛവും തോന്നുന്നത് ഈ ബോധത്തിൽനിന്നാണ്. ഒരുകാലത്ത് ഞങ്ങൾ അടിമകളായിരുന്നു എന്ന ചരിത്രംതന്നെ അവർ മറന്നുപോവുന്നുണ്ട്. അതുകൊണ്ടാണ് ഗുരുവിന്റെ മാനവികതയെ വിട്ട് സംഘപരിവാറിന്റെ സവർണ്ണ ഹിന്ദുത്വത്തിലൂന്നിയ വംശീയതയെയും തീവ്രദേശീയതയെയുമൊക്കെ നിഷ്കളങ്കമായി പുണരുന്നത്. മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും സങ്കുചിതത്വത്തിൽ ചുരുങ്ങിപ്പോവുന്നത്.
ശനിയാഴ്‌ച, ജൂലൈ 25, 2020
കപ്പേള
***
വെള്ളിയാഴ്‌ച, ജനുവരി 31, 2020
ഒരു വയനാടൻ ഇതിഹാസം
കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും കഥ പറയുന്ന വല്ലിയെന്ന നോവൽ നമുക്ക് പല തലങ്ങളിൽ വായിക്കാം. കുടിയേറ്റക്കാരുടെ പക്ഷത്തുനിന്നും കുടിയിറക്കപ്പെടുന്നവരുടെ പക്ഷത്തുനിന്നും മാത്രമല്ല, പ്രകൃതിയുടെ പക്ഷത്തുനിന്നും കൃഷിക്കാരുടെ പക്ഷത്തുനിന്നും വായിക്കാം. നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ ബൈബിളിന്റെ സ്വാധീനമുള്ളതുകൊണ്ടും ചില മിത്തുകളും ഐതിഹ്യങ്ങളുമൊക്കെ പരാമർശിക്കപ്പെടുന്നതുകൊണ്ടും ആത്മീയതലത്തിലുള്ള വായനക്കും സാധ്യതയുണ്ട്.
നോവലിൽ നായികയായ ടെസക്ക് തൊമ്മിച്ചൻ എഴുതുന്ന കത്തിലെ വരികൾ ഇങ്ങനെയാണ്. "നമ്മുടെ ആദിവാസികളും പ്രകൃതിയുടെ കാവൽക്കാരായിരുന്നു. മീൻ പിടിക്കാനായി ഒരിക്കലുമവർ ആറ്റിൽ നഞ്ചുകലക്കിയില്ല. തേൻ മുഴുവനും എടുക്കാതെ തേനീച്ചക്കുള്ളത് അവർ ബാക്കിവച്ചു. കാട് നശിക്കുമ്പോൾ ഇല്ലാതാവുന്നത് ഒരു ദേവാലയമാണ്. അനേകശതം ജീവികളുടെ അഭയസ്ഥാനവും." നമ്മൾ പരിഷ്കാരികൾ അങ്ങനെയല്ല. തേനായാലും വെള്ളമായാലും എന്തുതന്നെയായാലും മറ്റുജീവികൾക്കുവേണ്ടിയോ വരുംതലമുറകൾക്കുവേണ്ടിയോ പ്രകൃതിയിൽ ഒന്നും ബാക്കിവെക്കാതെ മുഴുവൻ ഊറ്റിയെടുക്കും. അഭ്യസ്തവിദ്യരും പരിഷ്കാരികളുമായ നമ്മളും വിദ്യാഭ്യാസമില്ലാത്ത അപരിഷ്കൃതരായ ആദിവാസികളും തമ്മിലുള്ള വ്യത്യാസം അതാണ്. അവരുടെ മനസിന്റെ നന്മ, അല്ലെങ്കിൽ നിഷ്കളങ്കത. ഇനിയും ഇനിയും വേണമെന്ന ആർത്തിയിൽ നമുക്ക് നഷ്ടപ്പെട്ടുപോയത് ആ ഗുണമാണ്.
കൊടുങ്ങല്ലൂർ മുതൽ മംഗലാപുരം വരെ അല്ലെങ്കിൽ കൊടക് വരെ വ്യാപിച്ചുകിടന്നിരുന്ന സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു വയനാട് അഥവാ ബയൽനാട്. ആ സംസ്കാരത്തിന്റെ ശേഷിപ്പായി നോവലിൽ പറയുന്ന ശ്രീകൂറുമ്പ എന്ന ദേവതാസങ്കല്പം ഇന്നും ഈ പ്രദേശങ്ങളിലെല്ലാം ആരാധിക്കപ്പെടുന്നുണ്ട്. അതുപോലെ 'ചക്കിക്കൊച്ചമ്മേ ചക്കയ്ക്കുപ്പുണ്ടോ?' എന്ന വിഷുപാട്ടിന്റെ വരി നോവലിൽ പരാമർശിക്കുന്നുണ്ട്. വിഷു എന്ന ആഘോഷത്തെക്കുറിച്ച് നോവലിൽ ഒന്നും പറയുന്നില്ലെങ്കിലും ആ വരികൾ വിഷു ആഘോഷവും ഗോത്രസംസ്കാരവും തമ്മിലുള്ള ബന്ധത്തിലേക്കുള്ള സൂചനയായി വായിക്കാവുന്നതാണ്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളെയും പക്ഷികളെയും കാട്ടുപഴങ്ങളും ഭക്ഷിച്ച് ജീവിച്ച മനുഷ്യർ കൃഷി ചെയ്തുജീവിക്കാൻ തുടങ്ങിയതിന്റെ ആഘോഷമാണല്ലോ വിഷു.
ഈ നോവലിലെ ഗ്രാമീണ പശ്ചാത്തലം എഴുപതുകൾ മുതലുള്ള ഏതൊരു കേരളീയഗ്രാമം പോലെതന്നെയാണ്. ഒരു ചായക്കടയും അപ്പേട്ടൻ എന്ന ചായക്കടക്കാരനും. ആ ചായക്കടയിൽ ചായ കുടിക്കാനും പത്രം വായിക്കാനും ചർച്ച ചെയ്യാനും വരുന്നവർ. ഏതൊരു ഗ്രാമത്തിലെയും കാഴ്ചയായിരുന്നു. ഗ്രാമത്തിലൊരു നാരദനുണ്ടാവും. വാർത്തകൾ കൊണ്ടുവരികയും ഗ്രാമത്തിൽ പ്രചരിപ്പിക്കുകയും ഏഷണി പറയുകയും ഒക്കെ ചെയ്യുന്നത് അയാളുടെ ജോലിയാണ്. അങ്ങനെയൊരാളാണ് ഉണ്ടക്കണ്ണൻ കുമാരൻ. നാട്ടുവൈദ്യനായ കുട്ടൻ വൈദ്യർ, താറാവ് കൃഷി ചെയ്യുന്ന ഉമ്മിണിത്താറ (അവർ ഒരു ധീര വനിതയാണ്), ബഡായിപ്പറയുന്ന സലോമിയും കരടി പോക്കറും, ജിദേന്ദ്രൻ എന്ന മന്ത്രവാദി, ചാരായം വാറ്റുന്ന കല്യാണി, അവർക്കൊക്കെ ഇടയിൽ വിപ്ലവകാരിയായ പത്മനാഭൻമാഷ്, ജെയിമ്സ് , തൊമ്മിച്ചൻ, സാറ ഇവരൊക്കെ ഉൾപ്പെടുന്ന ഒരു സമൂഹമാണ് കല്ലുവയൽ ഗ്രാമത്തിലേത്. കാളി എന്ന കഥാപാത്രത്തെ നൊമ്പരത്തോടുകൂടിയെ ഓർക്കാനാവു. പിന്നെ ബസവൻ, രുക്കു, മാര... ഇവരൊക്കെ ഉൾപ്പെടുന്ന ഗോത്രസമൂഹവും.
ആഞ്ഞിലിക്കുന്ന് തറവാട്ടിലെ ക്രൂരനായ ഐവാച്ചൻ യുവാവായ കാലത്ത് ഒരു നല്ല മനുഷ്യനായിരുന്നു. ജീവിതത്തിലെ ഏതോ വഴിത്തിരിവിൽവച്ച് അദ്ദേഹം ക്രൂരനായി മാറി. അദ്ദേഹത്തേക്കാൾ ക്രൂരനായി ജീവിക്കുന്ന മകൻ ലൂക്ക, രണ്ടാമത്തെ മകൻ പീറ്റർ നേരെ വിപരീത സ്വഭാവമാണ്. പിന്നെ കന്യാസ്ത്രീയാവാൻ പോയി തിരിച്ചു വീട്ടിലേക്കുതന്നെ വന്ന മകൾ ഇസബെല്ലയും അവരുടെ എല്ലാവരുടെയും അമ്മയും ഐവാച്ചന്റെ ഭാര്യയുമായ അന്നംക്കുട്ടി. ഒരു വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും വ്യത്യസ്ഥ സ്വഭാവക്കാരാണ്. ഇവരുടെയെല്ലാം കഥയാണ് ഈ നോവൽ. ഏതെങ്കിലും ഒരാളുടെ ജീവിതമല്ല. എല്ലാവരുടെയും ജീവിതമാണ്.
മനുഷ്യർ മാത്രമല്ല, ധാരാളം മരങ്ങളുടെ പേരുകൾ, മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകൾ, പൂക്കളും പൂമ്പാറ്റകളും വിവിധ തരത്തിലുള്ള കൃഷികൾ... കുടിയിറങ്ങുന്നത് മനുഷ്യർ മാത്രമല്ല, കാട് കൊള്ളയടിക്കപ്പെടുന്നതോടെ മൃഗങ്ങളും ,പക്ഷി കളും കൂടിയാണ്.
ഗോത്രഭാഷയെ നോവലിൽ എഴുതിച്ചേർത്തത് പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്. ഏതാനും വർഷങ്ങൾകൂടി കഴിയുമ്പോൾ ഈ ലിപിയില്ലാത്ത ഭാഷ ഭൂമിയിൽനിന്നും അപ്രത്യക്ഷമാവും. പിന്നെ ചരിത്രകാരൻമാർ പ്രാചീന ലിപികൾ വായിക്കുന്നതുപോലെ ചരിത്രഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടി മാത്രമായിരിക്കും വായിക്കപ്പെടുക.അതുപോലെതന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് നാട്ടുഭാഷയും. നാട്ടുഭാഷയും നമ്മുടെ സമൂഹത്തിൽനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചേറ്റിപെറുക്കുക, മോന്തി, മണ്ടൂസ് തുടങ്ങിയ പണ്ട് കേട്ടുമറന്നുപോയ ഗ്രാമീണ പദങ്ങൾ ഈ നോവൽവായന ഓർമ്മപ്പെടുത്തി.
ബ്രിട്ടീഷുകാർക്ക് വഴികാണിച്ചുകൊടുത്ത കരിന്തണ്ടൻ സത്യമായാലും മിഥ്യയായാലും സത്യമെന്നുതന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. കുമ്പളരാജകുമാരന്റെയും വേടരാജകുമാരിയുടെയും പ്രണയകഥയിലൂടെ ആദിവാസികൾ എങ്ങനെ കാട്ടുവാസികളായി എന്ന് വളരെ ഭംഗിയായി എല്ലാവർക്കും മനസിലാവുന്നതരത്തിൽ വിവരിച്ചിട്ടുണ്ട്. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വായനയും ഈ നോവലിലുണ്ട്. അങ്ങനെയൊരു വാചകമാണ്, "നിഷ്ക്കളങ്കമായി നമ്മിലേക്ക് കടന്നുവരുന്ന പലതും നമ്മളെ അടിമയാക്കും. അത് ആചാരമായാലും ശീലങ്ങളായാലും. "മറ്റൊരു വാചകമാണ്, "അമ്മമാരെല്ലാം ഒന്നാണ്. മനുഷ്യരാണ് വെവ്വേറെ പള്ളികളും അമ്പലങ്ങളും ഉണ്ടാക്കിയത്." കോവിലിലും പള്ളിയിലും ഒരേ അമ്മയാണെന്ന് തിരിച്ചറിയാത്തവരാണ് അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അറിയാത്തപോലെ ഭാവിക്കുന്നവരാണ് ആധുനികമനുഷ്യരെന്ന് പറയാതെപറയുന്നു നോവലിസ്റ്റ്.
വിമർശനമായി പറയാനുള്ളത് ഒന്നാമത്തേത്, വയനാടിനെക്കുറിച്ചും ഗോത്രമനുഷ്യരെക്കുറിച്ചും പറയുന്ന നോവലിൽ സികെ.ജാനു എന്ന പേര് എവിടെയും കണ്ടില്ല. വർഗീസ് എന്നതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന പേരാണ് സി.കെ.ജാനു. സവർണ്ണ ബോധം പേറുന്ന പൊതുസമൂഹത്തിന്റെ പരിഹാസങ്ങളും നിന്ദയും സഹിച്ച് തന്റെ വർഗത്തിനുവേണ്ടി പോരാടി നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്ന ഗോത്രനേതാവാണ്.
രണ്ടാമത്തെ വിമർശനം, നോവലിന്റെ അവസാനഭാഗം ദുർബലമായിപ്പോയി എന്നാണ് . യഥാർത്ഥത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും അപകത്തിൽ പെടുന്നതും മരണപ്പെടുന്നതും പാവപ്പെട്ടവരും നിഷ്കളങ്കരുമായ മനുഷ്യരാണ്. പ്രകൃതിയെ വിറ്റും കൊള്ളയടിച്ചും സമ്പന്നരായവർ മറ്റൊരിടത്ത് സുരക്ഷിതരായി ജീവിക്കുകയായിരുന്നു. പക്ഷെ, നോവലിൽ ടെസ കല്ലുവയലിൽനിന്നും പോയതിനുശേഷമാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത്. നോവലിസ്റ്റ് ടെസയെ മനപ്പൂർവ്വം രക്ഷപ്പെടുത്തുകയാണോ എന്ന് തോന്നിപ്പോകുന്നുണ്ട്. പിന്നെ പുഴയോരവീടിനും മനസ്സിൽ നന്മയുള്ളവർക്കും അപകടമൊന്നും സംഭവിക്കുന്നില്ല. നോവലിസ്റ്റാണ് എന്നതു മറന്ന് ഒരു ബൈബിൾ വിശ്വാസിയായി ഷീലടോമി മാറിപ്പോകുന്നുണ്ട് വായന അവസാനിക്കുമ്പോൾ.
***
തിങ്കളാഴ്‌ച, ജനുവരി 20, 2020
വല്ലി
ഞായറാഴ്‌ച, ഡിസംബർ 08, 2019
"അൻഡ്രോയ്ഡ് കുഞ്ഞപ്പൻ. വേർഷൻ 5.25"
***
***
തിങ്കളാഴ്‌ച, ജൂലൈ 29, 2019
ഗുഡ്‌മോർണിംഗ്...
***
ശനിയാഴ്‌ച, ജൂൺ 01, 2019
നവകേരളനിർമ്മാണത്തെക്കുറിച്ച്
ബ്യുറോക്രസിയും രാഷ്ട്രീയ നേതൃത്വവും മാത്രം തീരുമാനിക്കുന്ന വിധത്തിലാവരുത് പുതിയ കേരളം. ഓരോ പദ്ധതികളും ആസൂത്രണം ചെയ്യുമ്പോഴും നടപ്പിൽ വരുത്തുമ്പോഴും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. അവരോടുകൂടി അഭിപ്രായമാരാഞ്ഞുകൊണ്ട് അവരുടെ ആവശ്യങ്ങൾ സാധ്യമാകുന്ന താരത്തിലായിരിക്കണം. നവകേരളത്തിന്റെ രൂപരേഖയായി എന്നാണ് അറിയുന്നത്. ആദ്യം നടപ്പിലാക്കേണ്ടത് നീതിപൂർവകമായ പുനരധിവാസവും അടിസ്ഥാനസൗകര്യവികസനവുമായിരിക്കണം. ചുവപ്പുനാടയിൽ കുരുങ്ങാതെ ഇത് നടപ്പിൽ വരുത്തുവാൻ സർക്കാരിന് സാധ്യമാവട്ടെയെന്ന് പ്രത്യാശിക്കുന്നു.
പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകളും അതിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവവൈവിധ്യങ്ങളും ജലസ്രോതസ്സുകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളും ഒക്കെ കണക്കിലെടുത്തതുകൊണ്ട് കഴിയുന്നതും ആ മേഖലയെ ഒഴിവാക്കിക്കൊണ്ടായിരിക്കണം പുനർനിർമ്മാണം നടക്കേണ്ടത്.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുണ്ട്, തൊഴിലിടവും തൊഴിൽസാമഗ്രികളും നഷ്ടപ്പെട്ടവരുണ്ട്, ഉപജീവനത്തിനുവേണ്ടി പോറ്റിയിരുന്ന കന്നുകാലികളെ നഷ്ടപ്പെട്ടവരുണ്ട്, കൃഷിയിടം നഷ്ടപ്പെട്ടവരുണ്ട്. ഇവരുടെയൊക്കെ ജീവിതനിലവാരം എങ്ങിനെയാണ് പഴയ അവസ്ഥയിലേക്ക് വീണ്ടെടുത്തുനൽകുക എന്നൊരു ചോദ്യമാണ് പ്രധാനമായും പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്. നഷ്ടപ്പെട്ട വീടുകളിൽ സമ്പന്നരുടെ വീടുകളുണ്ട്, ഇടത്തട്ടുകാരുടെ വീടുകളുണ്ട്, ദരിദ്രരുടെ കുടിലുകളുണ്ട്. ഇതിൽ മുൻഗണന നൽകേണ്ടത് ദരിദ്രർക്കായിരിക്കണം. രണ്ടാമതായി ഇടത്തട്ടുകാർക്കും അവസാനം സമ്പന്നർക്കുമായിരിക്കണം. സമ്പന്നരെ സംബന്ധിച്ച് സർക്കാരിന്റെ സാമ്പത്തികസഹായം അത്യാവശ്യമുള്ളവരായിരിക്കില്ല. അങ്ങനെയുള്ളവർക്ക് സർക്കാരിൽനിന്നുള്ള സഹായം സ്വീകരിക്കാതെ അവർതന്നെ നിർദ്ദേശിക്കുന്ന കുടുംബത്തിനോ പ്രദേശത്തിനോ നൽകുകയാണെങ്കിൽ വളരെനല്ലൊരു കാര്യമാവുമെന്ന് കരുതുന്നു.
വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനാണ് പ്രയാസമേറെയുണ്ടാവുക. അത്രയധികം ഭൂമി സർക്കാരിന്റെ കൈവശമില്ല. ഉള്ള സ്ഥലങ്ങളിൽ ചുരുങ്ങിയ ചിലവിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് അവരെ പുനരധിവസിപ്പിക്കണം. കൃഷിയിടങ്ങളിൽ യാതൊരു വിധത്തിലുള്ള കെട്ടിടങ്ങളോ വേറെയേതെങ്കിലും തരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളോ അനുവദിക്കാതിരിക്കാൻ ഇനിയുള്ള കാലം സർക്കാരിന്റെ ഭാഗത്തുനിന്നും ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന ഇടങ്ങളിലൊക്കെ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.അതിനു തയ്യാറായി മുന്നോട്ടു വരുന്നവർക്ക് നിശ്ചിത കാലത്തേക്ക് കൃഷിയിടം സൗജന്യമായോ ചെറിയ തുകയുടെ പാട്ടത്തിനോ നൽകി കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കണം. അതിന് കുടുംബശ്രീ കൂട്ടായ്മകളെയും പുരുഷ കൂട്ടായ്മകളെയും മുൻനിർത്തിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. കൂടുതൽ യുവാക്കളെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്ന വിധത്തിലായിരിക്കണം ആ പദ്ധതി. അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്ന കീടനാശിനികൾ തളിച്ച ഭക്ഷ്യവസ്തുക്കൾക്കു പകരം പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ കൃഷിചെയ്യുന്നതിന് വളർന്നുവരുന്ന തലമുറയെ പ്രാപ്തരാക്കണം. പ്രൈമറി സ്കൂൾ മുതൽ ഹയർസെക്കണ്ടറി വരെ കാർഷികവൃത്തിയും പരിസ്ഥിതിയും ഒരു പാഠ്യവിഷയമാവണം.
കേരളത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചകളിൽ വീടുവയ്ക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നൊരു നിർദ്ദേശം വായിക്കാനിടയായി. വീട്ടിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ വീടിന്റെ ചുറ്റളവിന്റെ പരിധി നിയന്ത്രിക്കുവാനുള്ള ഈ നിർദ്ദേശം സ്വാഗതാർഹമാണ്.
വികസനം ആസൂത്രണം ചെയ്യുന്നത് താഴെത്തട്ടിലുള്ള ജനങ്ങളായിരിക്കണം. അതായത് ഗ്രാമസഭകളിലായിരിക്കണം നിർദ്ദേശങ്ങൾ ഉയർന്നുവരേണ്ടതും തീരുമാനങ്ങൾ നടപ്പിലാവേണ്ടതും. ഓരോ പ്രദേശത്തും ആവശ്യമുള്ള പദ്ധതികളായിരിക്കണം അതാതിടങ്ങളിൽ നടപ്പിലാക്കേണ്ടത്. ശക്തമായ കാലാവർഷത്തിനു പുറമെ ഡാം മാനേജ്‌മെന്റിലെ പിഴവുകളും പ്രളയത്തിന്റെ ഒരുകാരണമായി ആരോപണമുയർന്നിട്ടുണ്ട്. വൻകിട ഡാമുകൾക്കുപകരം ചെറുകിട ഡാമുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങേണ്ട സമയമായിരിക്കുന്നു. നാല്പത്തിനാലുനദികളുള്ള കേരളത്തിൽ ഇത് പ്രായോഗികമാണെന്ന് തോന്നുന്നു. മറ്റൊന്ന് നമ്മുടെ പ്രകൃതി വിഭവങ്ങൾ ആഗോള കുത്തകകൾക്ക് കൊള്ളയടിക്കാൻ അനുവദിക്കാതെ അതിന്റെ ഉത്പാദകരും വിനിമയക്കാരും ഉപഭോക്താക്കളും നമ്മൾതന്നെയായിരിക്കണം.
വിദേശികൾ കേരളത്തിലേക്ക് വരുന്നത് അവർ കേട്ടറിഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതയും നമ്മുടെ നാടിന്റെ സാംസ്കാരിക വൈവിദ്ധ്യവും നേരില് കാണാനാണ്. അങ്ങനെ വരുന്നവർക്ക് നമ്മൾ കാണിച്ചുകൊടുക്കേണ്ടത് ആകാശം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളോ കൃത്രിമമായി നിർമ്മിച്ചെടുത്ത കേരളത്തെയുമല്ല. പ്രകൃതിതന്നെ രൂപപ്പെടുത്തിയ കേരളത്തെയാണ്. വനഭൂമികൾ നശിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചുനിരപ്പാക്കിയും താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് ഉയർത്തിയും നിർമ്മിക്കുന്ന റിസോർട്ടുകളും മറ്റും പരിസ്ഥിക്ക് ആഘാതമുണ്ടാക്കുന്നവയാണ്. ഇങ്ങനെയുള്ള ടൂറിസ്റ്റ് നയം തിരുത്തി പകരം ഇക്കോ ടൂറിസമാണ് നടപ്പിലാക്കേണ്ടത്.
ഞായറാഴ്‌ച, ജൂലൈ 22, 2018
മീശയും മലയാളികളും
***
ബുധനാഴ്‌ച, മേയ് 30, 2018
ഒരു ചക്കക്കഥ
2017 ഒക്ടോബർ അവസാനം മുതൽ 2018 മാർച്ച് അവസാനം വരെ ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. കൃത്യമായി അഞ്ചുമാസം. ഗൾഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി തൊഴിലിനേയും ബാധിച്ചു. ഉർവ്വശീശാപം ഉപകാരമായി എന്നുപറയുന്നതുപോലെ കുറെ വർഷത്തെ പ്രവാസത്തിനുശേഷം അവിചാരിതമായി വീണുകിട്ടിയ സന്ദർഭമായിരുന്നു. (അഞ്ചുവർഷങ്ങൾക്കുമുൻപ് പുതിയ വീട് പണി തുടങ്ങിയപ്പോൾ ആറുമാസത്തെ അവധി കിട്ടിയിരുന്നുവെങ്കിലും ഇത്തവണത്തെപോലെ ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.) ഖത്തറിലേക്ക് തിരിച്ചുവരുമ്പോൾ ചക്കകൾ വണ്ണം വച്ചുതുടങ്ങിയതേയുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ചക്ക തിന്നാൻ സാധിക്കാത്തതിന്റെ നിരാശയുമുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന വിസ ക്യാൻസിൽ ചെയ്ത് പുതിയ വിസയിൽ ജോലിയിൽ പ്രവേശിക്കാനായി ഒരുമാസത്തിനുശേഷം വീണ്ടും നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു. ഒരാഴ്ചത്തേക്കാണ് പോയതെങ്കിലും രണ്ടാഴ്ച്ച നാട്ടിൽ നിന്നു. ചക്കകളൊക്കെ മൂത്ത് പഴുത്ത് നിൽക്കുന്നു. നിരാശ മാറി. ഇപ്പോൾ താമസിക്കുന്ന വീട്ടുവളപ്പിൽ ചക്കയില്ലെങ്കിലും എവിടുന്നൊക്കെയോ സുലഭമായി ലഭിച്ചുതുടങ്ങി. മിക്കദിവസങ്ങളിലും ഉച്ചയ്ക്കായാലും രാത്രിയായാലും ചക്ക ഭക്ഷണത്തിന്റെ ഭാഗമായി.
ഈ എഴുത്തിലെ കാര്യമതൊന്നുമല്ല. ചക്ക ഒരേ സമയം ഭക്ഷണവും വായനയും ചിന്തയും ആയതിലെ കൗതുകം കൊണ്ട് എഴുതിപ്പോകുന്നതാണ്. ഗ്രന്ഥകർത്താവായ കെ.ആർ.ജയൻ എന്നയാളോടുള്ള ആദരവ്, സ്നേഹം ഒക്കെയാണ്. ഭൂമിയിലെ ജീവജാലങ്ങൾ ജീവൻ നിലനിർത്താൻവേണ്ടിമാത്രമായി ശ്വസിക്കുന്ന വായുവിന്, കുടിക്കുന്ന വെള്ളത്തിന്, കഴിക്കുന്ന ആഹാരത്തിന് ഒക്കെ വിലപേശുന്ന ആൾക്കൂട്ടത്തിൽ അതിൽനിന്നെല്ലാം വ്യത്യസ്തനായ ഒരാളെക്കുറിച്ചറിയുമ്പോൾ തോന്നുന്ന കൗതുകം. അത് സംഭവിക്കുന്നത് ഒരു ചക്കക്കാലത്തിലായതുകൊണ്ട്. മണലാരണ്യത്തിലെ പ്രവാസത്തിൽ ലഭിക്കാത്ത ചക്കക്കാഴ്ചകളുടെ, ചക്കരുചികളുടെ, ചക്കമണത്തിന്റെ ലഹരിയിൽതന്നെ അത് മറ്റുള്ളവരോട് പങ്കുവയ്ക്കണമെന്ന തോന്നൽ. അത്രയേയുള്ളൂ.
ചൊവ്വാഴ്ച, മേയ് 29, 2018
ജാതീയതയുടെ വേരുകൾ
***
ശനിയാഴ്‌ച, ജൂലൈ 08, 2017
പ്രവാസിയെഴുത്ത്
![]() |
| വർത്തമാനം പത്രം, ഖത്തർ എഡീഷൻ |
(ക്യു-മലയാളം നടത്തിയ "സാഹിത്യോത്സവം 2017" ൽ ഖത്തറിലെ എഴുത്തുകാർക്ക് മുൻഗണന നൽകിക്കൊണ്ട് ജി.സി.സി രാജ്യങ്ങളിലെ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം)
ആദ്യകാലത്ത് പ്രവാസികൾ എഴുതിത്തുടങ്ങിയത് കത്തുകളായിരുന്നു. വീട്ടിലെ ദാരിദ്ര്യം, സഹോദരിമാരുടെ വിവാഹം, ഇണയെ വേർപിരിഞ്ഞുജീവിക്കുമ്പോഴുണ്ടാവുന്ന പ്രണയവും വിരഹവും... ഇങ്ങനെ ഏറ്റവുമധികം ഹൃദയം തുറന്ന് സംവദിക്കപ്പെട്ട മറ്റൊരെഴുത്ത് ഉണ്ടായിരിക്കുകയില്ല. അവയിൽ കാപട്യങ്ങളുണ്ടായിരുന്നില്ല. മന:പ്പൂർവ്വം ഞങ്ങൾക്കിവിടെ സുഖംതന്നെയെന്ന് എഴുതിയിരുന്നുവെങ്കിലും അല്ലെങ്കിൽ ചില സത്യങ്ങൾ മറച്ചുവച്ചിരുന്നുവെങ്കിലും അത് ഉറ്റവരോടുള്ള സ്നേഹം കൊണ്ടായിരുന്നു. അക്കാലത്തെ പ്രവാസം ഉപജീവനമാർഗ്ഗം തേടിയായിരുന്നു എന്നതുകൊണ്ടുതന്നെ നാട്ടിലുള്ള കുടുംബക്കാരുമായും സുഹൃത്തുക്കളുമായും നടത്തിയിരുന്ന കാത്തിടപാടുകളിൽ ചോദിച്ചാലും പറഞ്ഞാലും തീരാത്തത്ര കാര്യങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച്ചദിവസങ്ങളിൽ ലേബർക്ക്യാമ്പുകളിലെ മുറികളിൽ ലെറ്റർപാഡ് മടിയിൽവച്ച് പേനയും കയ്യിൽ പിടിച്ചിരിക്കുന്ന പ്രവാസികൾ പതിവുകാഴചയായിരുന്നു. പുതിയകാലത്ത് കുടുംബത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുക എന്നതിന്റെ സ്ഥാനത്ത് ഉയർന്ന ജോലി നേടുകയെന്നും അതിലൂടെ ജീവിതനിലവാരം ഉയർത്തുകയെന്നുമുള്ള നിലയിലേക്ക് പ്രവാസ സങ്കല്പം മാറി.
അക്കാലത്ത് കത്തുകൾ പോസ്റ്റുചെയ്യുന്നതോടൊപ്പം ഏതെങ്കിലും പത്രാധിപരുടെ വിലാസത്തിൽ മറ്റൊരു കവർകൂടിയുണ്ടാവും. അങ്ങനെ ഗൾഫിൽ ലഭിക്കാറുണ്ടായിരുന്ന മലയാളപത്രങ്ങളുടെകൂടെ വെള്ളിയാഴ്ച്ചത്തെ സപ്പ്ളിമെന്ററുകളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചുകൊണ്ട് തങ്ങളുടെ രചനകൾ വായനക്കാരിലേക്കെത്തിക്കാനുള്ള അവസരം പ്രവാസികൾക്ക് ലഭിച്ചു. പ്രവാസിസംഘടനകൾ സംഘടിപ്പിക്കാറുണ്ടായിരുന്ന കഥയരങ്ങുകളിലും കവിയരങ്ങുകളിലും മറ്റു സാംസ്കാരികസദസുകളിലും സ്വന്തം രചനകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളുമുണ്ടായി. ഈ അവസരങ്ങളൊക്കെ പക്ഷെ, വളരെ പരിമിതമായ ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നതാണ് സത്യം.
എന്നാൽ ബ്ലോഗുകളുടെയും സോഷ്യൽമീഡിയയുടെയും വരവോടുകൂടിയാണ് പ്രവാസികളിൽ അടക്കിനിർത്തിയിരുന്ന എഴുത്തുവാസന അണപൊട്ടിയൊഴുകിത്തുടങ്ങിയത് എന്നുപറയാം. ആ ഒഴുക്ക് ഇപ്പോഴും തുടരുന്നുണ്ട്. കുറച്ചുകാലംമുൻപുവരെ വളരെ സജീവമായിരുന്ന ബ്ലോഗുകളുടെ സ്ഥാനം ഇപ്പോൾ സോഷ്യൽമീഡിയയിലേക്ക് മാറിയിട്ടുണ്ട് എന്നുമാത്രം. തോന്നുന്നതെന്തും എഴുതാനുള്ള സ്വാതന്ത്ര്യവും അത് എഡിറ്റിങ്ങൊന്നുമില്ലാതെ വായനക്കാരിലെത്തിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നതുകൊണ്ടുതന്നെ അക്കാദമിക് നാട്യങ്ങളൊന്നുമില്ലാതെ ആർക്കുവേണമെങ്കിലും എഴുതുവാനും വായിക്കുവാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുമായുള്ള അവസരം ഈ നവമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട്. ഈ അവസരം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പ്രവാസികൾതന്നെയാണ്. വിദ്യാഭ്യാസകാലത്ത് രണ്ടുവരി സാഹിത്യംപോലുമെഴുതാത്തവർ ഇതിലൂടെ എഴുതിത്തുടങ്ങി. അങ്ങനെ അനേകം എഴുത്തുകാരെ മലയാളഭാഷക്ക് ലഭിച്ചു. മുഖ്യധാരാമാധ്യമങ്ങൾ വളർത്തിയതിനേക്കാൾ എഴുത്തുകാർ ബ്ലോഗുകളിലൂടെയും സോഷ്യൽമീഡിയയിലൂടെയും ഓൺലെൻമാഗസിനുകളിലൂടെയും വളർന്നുവന്നു.
തീഷ്ണമായ അനുഭവങ്ങളും ഭാവനയും അവ രസകരമായി എഴുതാനും സാധിക്കുന്നയാൾക്ക് നല്ലൊരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി ആവാൻ സാധിക്കും. പ്രവാസികൾ അത്തരം അനുഭവങ്ങൾ ഏറെയുള്ളവരാണ്. അനുഭവങ്ങളെന്നുപറയുമ്പോൾ സ്വന്തം അനുഭവങ്ങൾ മാത്രമല്ല. സഹജീവികളുടെ അനുഭവങ്ങൾകൂടിയാണ്. സഹജീവികളുടെ അനുഭങ്ങൾ എന്റേതുകൂടിയാണെന്ന് കരുതുന്ന ഒരാൾക്കേ സാഹിത്യരചന സാധ്യമാവുകയുള്ളൂ. എന്നാൽ പ്രവാസി എഴുത്തുകളിൽ ഏറെയും ഗൃഹാതുരത്വം പേറുന്നവയോ നമ്മുടെ നാടിന്റെ സമകാലീന രാഷ്ട്രീയ-സാമൂഹ്യ സ്വാധീനങ്ങൾ ഉള്ളവയോ ആണെന്ന് പറയാം. പ്രവാസി എഴുതുന്നതും പറയുന്നതും പിന്നിട്ട വഴികളെക്കുറിച്ചാണ്. ജന്മനാടിനെക്കുറിച്ചുള്ള ഓർമ്മകളോ അതിന്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഉള്ള ആകുലതകളോ ആണ്. പ്രവാസഭൂമി താൽക്കാലിക വാസസ്ഥാനം മാത്രമാണെന്നും അവസാനം ചെന്നെത്തേണ്ടത് പിറന്നുവീണ മണ്ണിലേക്കുതന്നെയാണെന്നുമുള്ള ബോധം ഈ ആകുലതകൾ വർദ്ധിപ്പിക്കുന്നു. അത് അക്ഷരങ്ങളായി മാറുന്നു. കുട്ടികാലം, കുടുംബം, പ്രണയം, രാഷ്ട്രീയം തുടങ്ങിയവ പ്രവാസിയെഴുത്തുകാരുടെ ഇഷ്ടവിഷയമായി മാറുന്നു. ഇതിനെ കുറ്റം പറയാനാവില്ല. കാരണം, രാഷ്ട്രീയപ്രബുദ്ധതയുള്ളവരാണ് മലയാളികൾ. നവോത്ഥാനത്തിന്റെ ചരിത്രവും രാഷ്ട്രീയപോരാട്ടങ്ങളുടെ ചരിത്രവും ലോകത്തിന്റെ ഏതുകോണിൽ ജീവിക്കുമ്പോഴും മലയാളിമനസ്സുകളിൽനിന്നും ഉപേക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പ്രവാസിമലയാളി എഴുതുമ്പോൾ കേരളത്തിന്റെ, ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സ്വാധീനം ഒട്ടുമിക്ക എഴുത്തുകാരിലും കാണാനും സാധിക്കുന്നുണ്ട്.
പുസ്തകം പ്രസിദ്ധീകരിച്ചവരും പ്രസിദ്ധീകരിക്കാത്തവരുമായി അനേകം പ്രവാസിയെഴുത്തുകാർ ഉണ്ട്. ശക്തവും സുന്ദരവുമായ കഥകളും കവിതകളും വളരെ കുറച്ചുമാത്രം എഴുതി പിന്നീട് മൗനത്തിലേക്ക് മാറിനിന്നവരുമുണ്ട്. കൂടാതെ പ്രതീക്ഷ നൽകിക്കൊണ്ട് കുട്ടികളായ എഴുത്തുകാരുമുണ്ട്. ഒരാളുടെ എഴുത്തിനെ വിലയിരുത്തേണ്ടത് രചനകളുടെ എണ്ണം നോക്കിയല്ല. ധാരാളം എഴുതിയാലും ഏതെങ്കിലും ഒന്നോ രണ്ടോ രചനകളായിരിക്കും കൂടുതൽ വായിക്കപ്പെടുന്നതും കാലത്തെ അതിജീവിക്കുന്നതും.
ഇങ്ങനെ ധാരാളം എഴുത്തുകാരുണ്ടെന്ന് സമ്മതിക്കുമ്പോൾത്തന്നെ പ്രവാസിയെന്ന നിലയിൽ അടയാളപ്പെടുത്താൻ ഇനിയും ഏറെയുണ്ട് എന്നതാണ് സത്യം. ബെന്ന്യാമിന്റെ ആടുജീവിതം സ്പർശിക്കാതെ പ്രവാസികളുടെ സാഹിത്യചർച്ച പൂർണ്ണമാവില്ല. അതേസമയം ആടുജീവിതമെന്ന ഒരു കൃതിയിൽ ഒതുങ്ങുന്നതല്ല പ്രവാസം. പ്രവാസജീവിതത്തിന്റെ വിവിധ തലങ്ങൾ ഇനിയും എഴുതാനിരിക്കുന്നു. ജീവിക്കുന്ന നാടിന്റെ സംസ്കാരവും ആചാരങ്ങളും ശരിയായ രീതിയിൽ കാണാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലായെന്നത് പ്രവാസിയെഴുത്തുകാരുടെ ഒരു വലിയ പരിമിതിയാണ്. അതുപോലെ പ്രവാസികൾ നേരിട്ടനുഭവിക്കുന്ന ആഗോളസാമ്പത്തിക പ്രതിസന്ധി, ഭീകരവാദം, യുദ്ധങ്ങൾ, പലായനം, പ്രവാസഭൂമിയിൽ സംഭവിക്കുന്ന വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ ഇതൊക്കെ നമ്മുടെ എഴുത്തുകളിൽ കടന്നുവരേണ്ടതുണ്ട്. ഈ രീതിയിൽ നമ്മുടെ എഴുത്തിന്റെ മേഖല വിശാലമാവേണ്ടതുണ്ട്. നമ്മൾ ജീവിക്കുന്ന ലോകത്തെക്കുറിച്ച് വായനക്കാർക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. വായനക്കാരുടെ വലിയൊരുകൂട്ടം പ്രവാസികളിൽനിന്നും അങ്ങനെയൊരു സൃഷ്ടിക്കായി കാത്തിരിക്കുകയാണ്.
***
ശനിയാഴ്‌ച, മേയ് 28, 2016
ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016
നമുക്ക് വേണ്ടത് ഇന്നലെയുടെ ഗൃഹാതുരത്വമല്ല
![]() |
| കേരളശബ്ദം, ഖത്തർ സപ്ലിമെൻറ് |
കേരളസമൂഹം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗുരുതരമായ പ്രശ്നമാണ് വർദ്ധിച്ചുവരുന്ന വർഗ്ഗീയധ്രുവീകരണം. ഏതാണ്ട് പതിനഞ്ച്-ഇരുപത് വർഷങ്ങൾക്ക് മുൻപുവരെ ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും സൗഹൃദാന്തരീക്ഷത്തിന് കോട്ടംതട്ടാതെ അവരവരുടെ ആചാരനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ജീവിച്ചിരുന്നു എന്നോർക്കുമ്പോൾ ഒരു സ്വപ്നംപോലെ തോന്നുകയാണ്. ഇങ്ങനെയൊരു കാലമുണ്ടായിരുന്നു എന്ന് പുതിയ തലമുറയെ വിശ്വസിപ്പിക്കാൻ നമുക്ക് പ്രയാസമായിരിക്കും. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയിലാണ് ഈ ധ്രുവീകരണം കാര്യമായി സംഭവിച്ചിട്ടുള്ളത്. ഇരുവിഭാഗങ്ങളുടേയും വിശ്വാസപരമായ ദൗർബല്യങ്ങളെ മുതലെടുത്തുകൊണ്ട് വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതറി ഒരു ജനതയെ ഇരുചേരികളിലേക്ക് വേർതിരിച്ചുനിർത്തുന്നതിൽ ജനാധിപത്യത്തിന്റെ ശത്രുക്കൾ വിജയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ഏതുനിമിഷവും ഫാസിസ്റ്റ് വൽക്കരിക്കപ്പെട്ടേക്കാവുന്നതരത്തിൽ വളർന്നുകഴിഞ്ഞ വർഗ്ഗീയശക്തികൾക്കുമുന്നിൽ നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൂടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ പാരമ്പര്യമാണ്. എന്ത് വിലകൊടുത്തും അത് സംരക്ഷിച്ചുനിർത്താനുള്ള ചരിത്രപരമായ കടമ കേരളസമൂഹത്തിന് നിർവഹിക്കാനുണ്ട്.
അതുപോലെ പരിഹരിക്കപ്പെടേണ്ട ഒരു വിഷയമാണ് പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങൾ. വർഷങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണത്. നഗരങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ബൃഹത്തായ ഒരു പദ്ധതി അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളെ നോക്കി റോഡുകളും ഷോപ്പിങ്ങ് മാളുകളും പണിയാൻ ഉത്സാഹം കാണിക്കുന്ന ഭരണാധികാരികൾക്ക് ഈ രാജ്യങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ മാതൃകയാക്കാൻ സാധിക്കാത്തതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. നമ്മുടെ നാടിന് അത്യാവശ്യമായ ഇത്തരം മാർഗ്ഗങ്ങൾ ആരംഭിക്കാതിരിക്കുകയും കൃഷിഭൂമിയും പാവപ്പെട്ടവന്റെ കിടപ്പാടവും നഷ്ടപ്പെടുത്തുന്ന വൻകിട വികസനപദ്ധതികൾ തുടങ്ങാൻ തിടുക്കം കൂട്ടുകയും ചെയ്യുകയാണ് അധികാരികൾ.
കേരളം പോലുള്ള ജനസാന്ദ്രതയേറിയതും കാർഷിക അടിത്തറയുള്ളതുമായ ഒരു സംസ്ഥാനത്ത് വൻകിട വ്യവസായപദ്ധതികളാണൊ ചെറുകിട വ്യവസായപദ്ധതികളാണൊ ഉചിതമെന്ന് ചിന്തിക്കണം. കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ വളരെ സജീവമായി പ്രവർത്തിക്കുന്ന നാടാണ് കേരളം. വലുതും ചെറുതുമായ അനേകം സഹകരണസംഘങ്ങളുമുണ്ട്. ഈ പ്രസ്ഥാനങ്ങളെയൊക്കെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ചെറുകിട വ്യവസായ പദ്ധതികൾ ആരംഭിക്കുകയാണെങ്കിൽ കേരളം നേരിടുന്ന തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരമാവും എന്നുമാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാനും സാധിക്കും. അതോടൊപ്പംതന്നെ കൃഷിയും പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. അന്യസംസ്ഥാങ്ങളിൽനിന്നും വരുന്ന കീടനാശിനികൾ തളിച്ച പച്ചക്കറികൾക്ക് പകരം പോഷകമൂല്യമുള്ള ജൈവ പച്ചകൃഷികൾ ഉൽപ്പാതിപ്പിച്ച് ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം. വികസനനയം രൂപപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ പ്രധാന പങ്കുവഹിച്ച പ്രവാസികൾക്ക്കൂടി പ്രയോജനപ്പെടുന്ന തരത്തിലായിരിക്കണം.
വികസനത്തെക്കുറിച്ച് പറയുമ്പോൾ പൊതുവിദ്യാഭ്യാസമേഖലയെ പരാമർശിക്കാതിരിക്കാനാവില്ല. വിദ്യാഭ്യാസം നിലവാരമില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന നിരാശാജനകമായ വാർത്തയാണ് നമ്മൾ കേൾക്കുന്നത്. പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് എഴുതാനും വായിക്കാനും സാധിക്കുന്നില്ലെന്ന് സർക്കാർതന്നെ സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിദ്യാഭ്യാസംവരെ കമ്പോളവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിൽ അതിശയോക്തിയില്ലായെന്നുമാത്രമല്ല കേരളത്തെക്കുറിച്ച് തീരെ അഭിമാനം തോന്നുന്നുമില്ല എന്നുതന്നെയാണ് ഖേദപൂർവ്വം പറയാനുള്ളത്. കുട്ടികൾ വെറും റോബോട്ടുകളേപ്പോലെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്ന് നാം മാറിയേ പറ്റു. അതിന് പൊതുവിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. പണക്കൊഴുപ്പിന്റെ പിൻബലത്തിൽ മനുഷ്യത്വമില്ലാത്ത ഡോക്ടർമാരെയും പരിസ്ഥിതിബോധമില്ലാത്ത എഞ്ചിനിയർമാരെയും പടച്ചുവിടാൻമാത്രമുള്ള വിദ്യാഭ്യാസരീതികൾ മാറണം. വിദ്യാഭ്യാസത്തിന് മുടക്കിയ ലക്ഷങ്ങളും അതിന്റെ പലിശയും പലിശയുടെ പലിശയും ഏതുവിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെമാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും അവർക്ക് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ജനങ്ങളുടെ കഴുത്തറുക്കുന്ന ആശുപത്രികളും നമുക്ക് വേണ്ട.
വികസനമെന്നത് കൃഷിഭൂമിയും വയലുകളും പുഴകളും തോടുകളും നികത്തിയും വനങ്ങൾ വെട്ടിനശിപ്പിച്ച് കുന്നുകൾ ഇടിച്ചുനിരപ്പാക്കിയും (ഇനി നികത്താനും നിരപ്പാക്കാനും ഒന്നും ബാക്കിയില്ലെന്നറിയാം.) നടപ്പാക്കേണ്ടതാണെന്ന കാഴ്ച്ചപ്പാടുകളിൽ മാറ്റം വരണം. നിലവിലുള്ള റോഡുകളിലെ കുണ്ടും കുഴികളും നികത്താതെ മറ്റൊരു റോഡിന്റെ നിർമ്മാണത്തെക്കുറിച്ച് ആലോചിക്കുകയാണ് നമ്മൾ. മഴക്കാലത്ത് മഴയുടെ തോത് കുറയുമ്പോൾമാത്രം മഴയില്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടുന്നു. വേനൽക്കാലത്ത് ഭൂമി വറ്റിവരളുമ്പോൾ മാത്രം വരൾച്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നു. പെയ്യുന്ന മഴവെള്ളം സംഭരിക്കാനൊ അതിന് ജങ്ങളെ ബോധവല്ക്കരിക്കാൻവേണ്ടിയോ ഏതെങ്കിലും തരത്തിലുള്ള നടപടി ഭരിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. നമുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന കുളങ്ങൾ നല്ലൊരു മഴവെള്ളസംഭരണികളായിരുന്നു. അതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പ്രകൃതി നശിച്ചാലും വീടിനകം ശീതീകരിക്കാൻ യന്ത്രങ്ങൾ ലഭ്യമാണെന്ന അറിവും യാത്രചെയ്യാൻ എയർകണ്ടീഷനിങ്ങ് കാറുകളും വിമാനങ്ങളും ഉണ്ടെന്ന അഹങ്കാരവും കൂടിയാവുമ്പോൾ സ്വന്തം നാടിന്റെ നാശം നമ്മുടെതന്നെ കരങ്ങളിലൂടെയാവുന്നു. ഭൂമി നമ്മൾ മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന അബദ്ധധാരണ മനുഷ്യമനസുകളിൽനിന്നും എടുത്തുകളയുകയും അതിന്റെ അവകാശികൾ പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും മത്സ്യങ്ങളും എന്നുവേണ്ടാ സർവ്വജീവജാലങ്ങളുമാണെന്നും മനുഷ്യർ അതിലൊന്നുമാത്രമാണെന്നും നാം തിരിച്ചറിയണം.
നമുക്ക് വേണ്ടത് ഒരിക്കലും തിരിച്ചുകിട്ടാത്ത ഇന്നലെകളുടെ ഗൃഹാതുരത്വമല്ല. ഇന്നിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്.
*****
(2015 കേരളപ്പിറവിദിനം ആഘോഷത്തോടനുബന്ധിച്ച് ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ കലാവിഭാഗമായ 'ഗ്രാമിക' നടത്തിയ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ ലേഖനം.)











